നിക്ഷേപകരും വിദേശ ഫണ്ടുകളും ആവേശത്തിൽ; റാലിയിൽ തിരുത്തൽ വരുമാേ എന്ന ആശങ്ക വളരുന്നു; ഏഷ്യൻ വിപണികൾ താഴ്ചയിൽ

വിപണികളിലെ സാന്താക്ലോസ് റാലി നേരത്തേ തുടങ്ങിയതു നേരത്തേ തിരുത്തലിനു കാരണമാകുമോ എന്ന ആശങ്ക പരക്കെ ഉണ്ട്. തുടർച്ചയായ ഏഴ് ആഴ്ച വിപണി ഉയർന്നതും തിരുത്തൽ ഭീതി വളർത്തുന്നു. എന്നാൽ നിക്ഷേപകരുടെ മനോഭാവം ബുള്ളിഷ് ആയി തുടരുന്നു. ഇന്ത്യൻ വിപണിയിലേക്കു വിദേശപണം ഗണ്യമായി ഒഴുകിയെത്തുന്നത് ഇവിടെ ആവേശം പകരുന്നു. വിപണിഗതിയെ കാര്യമായി സ്വാധീനിക്കുന്ന സാമ്പത്തിക കണക്കുകൾ ഈയാഴ്ച പ്രതീക്ഷിക്കുന്നില്ല.

ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ വെള്ളി രാത്രി ഗിഫ്റ്റ് നിഫ്റ്റി 21,474-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 21,486 ലേക്കു കയറി. ഇന്ത്യൻ വിപണി ഇന്നു ചെറിയ നഷ്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നൽകുന്ന സൂചന.

യൂറോപ്യൻ സൂചികകൾ വെള്ളിയാഴ്ച പല ദിശകളിലായി. ഡാക്സ് മാറ്റമില്ലാതെയും ഫുട്സീ ഒരു ശതമാനം താഴ്ന്നും അവസാനിച്ചു. സിഎസിയും സ്റ്റാേക്സും ചെറിയ നേട്ടത്തിൽ ക്ലോസ് ചെയ്തു. ചെങ്കടൽ വഴിയുള്ള കണ്ടെയ്നർ നീക്കം നിർത്തുമെന്ന പ്രഖ്യാപനം മെർസ്ക് കമ്പനിയുടെ ഓഹരിയെ എട്ടു ശതമാനം ഉയർത്തി. ചെങ്കടൽ മേഖലയിൽ കപ്പലുകൾക്കു നേരേ ആക്രമണങ്ങൾ വർധിച്ചതാണു കാരണം.

യു.എസ് വിപണി വെള്ളിയാഴ്ച ചെറിയ നേട്ടത്തിൽ അവസാനിച്ചു. ഡൗ തുടർച്ചയായ ഏഴാമത്തെ ആഴ്ചയും നേട്ടത്തിൽ ക്ലോസ് ചെയ്തു. പ്രതിവാര നേട്ടത്തിൽ 2017 നു ശേഷമുള്ള ഏറ്റവും നീണ്ട നേട്ടമാണ് എസ് ആൻഡ് പിയുടേത്.

ഡൗ ജോൺസ് സൂചിക 56.81 പോയിന്റ് (0.15%) കയറി 37,305.16 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 0.36 പോയിന്റ് (0.01%) താഴ്ന്ന് 4719.19 ൽ അവസാനിച്ചു. നാസ്ഡാക് 52.36 പോയിന്റ് (0.35%) നേട്ടത്തിൽ 14,813.92 ലും അവസാനിച്ചു.

യു.എസ് കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം ഇന്നു രാവിലെ 3.93 ശതമാനത്തിലേക്ക് ഇടിഞ്ഞു. യു.എസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ കയറ്റത്തിലാണ്. ഡൗ 0.15 ഉം എസ് ആൻഡ് പി 0.18 ഉം നാസ്ഡാക് 0.03 ഉം ശതമാനം ഉയർന്നു നിൽക്കുന്നു.

ഏഷ്യൻ വിപണികൾ ഇന്നു താഴ്ചയിലാണ്. ജാപ്പനീസ് വിപണി ഒരു ശതമാനത്തിലധികം താണു. ഓസ്ട്രേലിയൻ, കൊറിയൻ സൂചികകൾ ചെറിയ താഴ്ചയിലാണ്. ചെെനീസ് വിപണി ഉയർന്നു വ്യാപാരം തുടങ്ങി.

ഇന്ത്യൻ വിപണി

വിദേശ നിക്ഷേപകരുടെ ആവേശമാണ് കഴിഞ്ഞ വാരം ഇന്ത്യൻ വിപണിയുടെ കുതിപ്പിലേക്കു നയിച്ചത്. യു.എസ് ഫെഡറൽ റിസർവിന്റെ പലിശ തീരുമാനം വന്നതാടെ ഇന്ത്യൻ വിപണിയിൽ വിദേശികൾ വലിയ നിക്ഷേപത്തിനു മുതിർന്നു. കഴിഞ്ഞ ആഴ്ച 153 കോടി ഡോളറും ഡിസംബറിൽ ഇതുവരെ 470 കോടി ഡോളറും അവർ ഇന്ത്യൻ വിപണിയിൽ നിക്ഷേപിച്ചു. വെള്ളിയാഴ്ച അവർ ക്യാഷ് വിപണിയിൽ 9239 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും കൂടി 3077കോടിയുടെ ഓഹരികൾ വിറ്റു.

വെള്ളിയാഴ്ച രാവിലെ സെൻസെക്സും നിഫ്റ്റിയും റെക്കാേർഡ് നിലയിൽ വ്യാപാരം തുടങ്ങി. വ്യാപാരാന്ത്യത്തിലാണ് വിപണി വലിയ കുതിപ്പ് നടത്തിയത്. സെൻസെക്സ്‌ 71,605.76 ഉം നിഫ്റ്റി 21,492.30 ഉം വരെ കയറി.

ഒടുവിൽ സെൻസെക്സ് 969.55 പോയിന്റ് (1.37%) ഉയർന്ന് 71,483.75 ലും നിഫ്റ്റി 273.95 പോയിന്റ് (1.29%) കയറി 21,456.65ലും വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 411.25 പോയിന്റ് (0.86%) ഉയർന്ന് 48,143.55 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.11 ശതമാനം കയറി 45,586.55 ലും സ്മോൾ ക്യാപ് സൂചിക 0.71 ശതമാനം കയറി 14,885.80 ലും അവസാനിച്ചു.

കഴിഞ്ഞ ആഴ്ച സെൻസെക്സ് 2.4 ഉം നിഫ്റ്റി 2.3 ഉം ശതമാനം കുതിച്ചു. പലിശ നിലവാരം കുറയുന്നതിന്റെ വലിയ നേട്ടം ഐടി കമ്പനികൾക്കാണ്. ആഴ്ചകളായി താഴ്ചയിലായിരുന്ന ടെക് ഓഹരികൾ കഴിഞ്ഞയാഴ്ച വലിയ കുതിപ്പ് നടത്തി. നിഫ്റ്റി ഐടി ഏഴു ശതമാനമാണു കഴിഞ്ഞ വാരം കയറിയത്.

ബി.എസ്.ഇ ലിമിറ്റഡിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം 357.88 ലക്ഷം കോടി രൂപ കടന്നു. എൻഎസ്ഇയുടെ വിപണിമൂല്യം 354.66 ലക്ഷം കോടി രൂപ (4.26 ലക്ഷം കോടി ഡോളർ) കവിഞ്ഞു.

പാശ്ചാത്യ രാജ്യങ്ങളിലെ പ്രധാന സൂചികകളും സാന്താ ക്ലാേസ് റാലിയിലാണ്. വേണ്ടത്ര സാവകാശമെടുത്തല്ല ഇപ്പോഴത്തെ കുതിപ്പ് എന്ന വിമർശനം അവിടെയും ഇവിടെയും ഉയർന്നിട്ടുണ്ട്. ഇന്ത്യൻ ഓഹരികൾ അടുത്ത വർഷത്തേക്കു കണക്കാക്കുന്ന കമ്പനികളുടെ പ്രതി ഓഹരി വരുമാനം (ഇപിഎസ്) യാഥാർഥ്യാധിഷ്ഠിതമല്ല എന്നും വിമർശനമുണ്ട്. എല്ലാ ബുൾ തരംഗങ്ങളും ഇത്തരം വിമർശനങ്ങൾ മറികടന്നാണ് മുന്നേറിയിട്ടുള്ളത് എന്ന വാദമാണു ബുള്ളുകൾക്കുള്ളത്.

വിപണി ബുള്ളിഷ് ആവേശം കൈവിട്ടിട്ടില്ല. തുടർകയറ്റം പ്രതീക്ഷിച്ചാണു നിക്ഷേപകർ നീങ്ങുന്നത്. നിഫ്റ്റിക്ക് ഇന്ന് 21,295 ലും 21,140 ലും പിന്തുണ ഉണ്ട്. 21,490 ഉം 21,655 ഉം തടസങ്ങളാകാം.

ജെ.എസ്.ഡബ്ല്യു ഗ്രൂപ്പിന്റെ ചെയർമാൻ സജ്ജൻ ജീൻഡലിനെതിരേ ഒരു ഹിന്ദി നടി ലൈംഗികാതിക്രമ പരാതി നൽകിയത് ഇന്നു കമ്പനിയുടെ ഓഹരിക്കു ക്ഷീണമാകാൻ ഇടയുണ്ട്.

പഞ്ചസാര മില്ലുകൾക്ക് 17 ലക്ഷം ടൺ പഞ്ചസാരയ്ക്കാവശ്യമായ കരിമ്പിൻ ജ്യൂസ്/മൊളാസസ് എഥനോൾ നിർമാണത്തിന് ഉപയാേഗിക്കാൻ കേന്ദ്രം അനുമതി നൽകി. ഇതു പ്രധാന പഞ്ചസാര ഓഹരികളെ ഉയർത്തും.

ആക്രമണങ്ങൾ വർധിച്ചതിനെ തുടർന്നു ചെങ്കടൽ വഴിയുള്ള കണ്ടെയ്നർ കപ്പലുകളുടെ യാത്ര നിർത്താൻ പ്രമുഖ ഷിപ്പിംഗ് കമ്പനികൾ തീരുമാനിച്ചു. ഇന്ത്യയിൽ നിന്നു യൂറോപ്പിലേക്കുളള ചരക്കു നീക്കത്തിന് 30 ശതമാനം അധികച്ചെലവ് വരും. യാത്രാസമയം രണ്ടാഴ്ച കൂടുതൽ ആകും. കയറ്റുമതി മേഖലയ്ക്കു വലിയ തിരിച്ചടിയാകും ഇത്.

പവൻ ഗോയങ്കയെ സംയുക്ത കമ്പനിയുടെ എംഡി ആക്കുന്നതിനു സോണി കോർപറേഷൻ വെെമുഖ്യം അറിയിച്ചത് സീ എന്റർടെയ്ൻമെന്റ് - സോണി ലയനനീക്കത്തിനു തടസമായി. തന്റെ പദവി അംഗീകരിച്ചാലേ ലയനം ഉള്ളൂ എന്നാണു ഗോയങ്ക പറയുന്നത്.

ക്രൂഡ് ഓയിലും സ്വർണവും

ക്രൂഡ് ഓയിൽ വില നാമമാത്രമായി താഴ്ന്നു. ബ്രെന്റ് ഇനം ക്രൂഡ് ഓയിൽ 76.55 ഡോളറിലും ഡബ്ള്യുടിഐ ഇനം 71.43 ഡോളറിലും ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെന്റ് ഇനം 77.21 ഡോളറിൽ എത്തിയിട്ടു വീണ്ടും താണു. യുഎഇയുടെ മർബൻ ക്രൂഡ് 76.43 ഡോളറിൽ വ്യാപാരം നടക്കുന്നു.

സ്വർണ ബുള്ളുകളുടെ പ്രതീക്ഷ കെടുത്തി സ്വർണവില വെള്ളിയാഴ്ചയും താഴ്ന്നു. സ്വർണം ഔൺസിന് 2019.54 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 2022.86 ഡോളർ ആയി ഉയർന്നു..

കേരളത്തിൽ പവൻവില വെള്ളിയാഴ്ച 80 രൂപ വർധിച്ച് 46,200 രൂപയായി. ശനിയാഴ്ച 360 രൂപ കുറഞ്ഞ് 45,840 രൂപയിൽ എത്തി.

ഡോളർ സൂചിക വെള്ളിയാഴ്ച ഉയർന്നു.101.96 ൽ നിന്ന് 102.59 ലേക്കു കയറി.

ഡോളർ വെള്ളിയാഴ്ച 33 പെെസ കുറഞ്ഞ് 83.00 രൂപയിൽ ക്ലോസ് ചെയ്തു. കഴിഞ്ഞ മാർച്ചിനു ശേഷം രൂപയ്ക്കുണ്ടായ ഏറ്റവും വലിയ ഉയർച്ചയാണിത്. വിദേശ ഓഹരി നിക്ഷേപകരുടെ പണം വരുന്നതടക്കമുള്ള കാര്യങ്ങൾ രൂപയ്ക്കു കരുത്തായി.

ക്രിപ്‌റ്റോ കറൻസികൾ വീണ്ടും താണു. ബിറ്റ്കോയിൻ ഇന്നു രാവിലെ 41,500 ഡോളറിനു താഴെയാണ്.


വിപണിസൂചനകൾ (2023 ഡിസംബർ 15, വെള്ളി)

സെൻസെക്സ്30 71,483.75 +1.37%

നിഫ്റ്റി50 21,456.65 +1.29%

ബാങ്ക് നിഫ്റ്റി 48,143.55 +0.86%

മിഡ് ക്യാപ് 100 45,586.55 +0.11%

സ്മോൾ ക്യാപ് 100 14,885.80 +0.71 -%

ഡൗ ജോൺസ് 30 37,305.20 +0.15%

എസ് ആൻഡ് പി 500 4719.19 -0.01%

നാസ്ഡാക് 14,813.90 +0.35%

ഡോളർ ($) ₹83.00 -₹0.30

ഡോളർ സൂചിക 102.59 +0.64

സ്വർണം (ഔൺസ്) $2019.54 -$17.61

സ്വർണം (പവൻ) ₹45,840 -₹360.00

ക്രൂഡ് (ബ്രെന്റ്) ഓയിൽ $76.55 -$0.05.

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it