Begin typing your search above and press return to search.
ആശ്വാസം പ്രതീക്ഷിച്ച് നിക്ഷേപകര്‍, യുദ്ധഭീതി കുറയുന്നു; ക്രൂഡ് ഓയില്‍ വില താഴോട്ട്; വോഡഫോണ്‍ ഐഡിയ എഫ്.പി.ഒ ഇന്നുമുതല്‍
പല ദിവസങ്ങളിലെ തിരിച്ചടിക്കു ശേഷം ഇന്ത്യന്‍ വിപണി ഇന്നു തിരിച്ചു കയറാന്‍ ശ്രമിക്കുമോ? നിക്ഷേപകര്‍ ആകാംക്ഷയോടെ ചോദിക്കുന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷനിലയില്‍ കുറവു കാണുന്നതും ക്രൂഡ് ഓയില്‍ വില ഇടിയുന്നതും ആശ്വാസം പകരുന്ന കാര്യങ്ങളാണ്. വിദേശനിക്ഷേപകര്‍ വില്‍പന തുടരുന്നുണ്ടെങ്കിലും ആഭ്യന്തര നിക്ഷേപം തുടര്‍ച്ചയായി വരുന്നതും വിപണിയുടെ മുന്നേറ്റത്തിനു സഹായകമാണ്. ഏഷ്യന്‍ വിപണികളിലെ ചിത്രവും അനുകൂലമാണ്.
ഇന്‍ഫോസിസ് ടെക്‌നോളജീസും ബജാജ് ഓട്ടാേയും ഇന്നു റിസല്‍ട്ട് പുറത്തുവിടും.
ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വാഴ്ച രാത്രി 22,187.5ല്‍ ക്ലോസ് ചെയ്തു. ഇന്നലെ 22,112 ആയി. ഇന്നു രാവിലെ 22,152ലേക്കു കയറി. ഇന്ത്യന്‍ വിപണി ഇന്നും താഴ്ന്നു വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നല്‍കുന്ന സൂചന.
വിദേശ വിപണി
യൂറോപ്യന്‍ വിപണികള്‍ ചൊവ്വാഴ്ചയും ബുധനാഴ്ചയും ഉയര്‍ന്നു.
യു.എസ് വിപണി രണ്ടു ദിവസവും ഇടിഞ്ഞു. വലിയ ബാങ്കുകളുടെ റിസല്‍ട്ടും അഡിഡാസിന്റെ വരുമാന പ്രതീക്ഷയും വിപണിയുടെ പ്രതീക്ഷയേക്കാള്‍ മെച്ചമായി. എന്നാല്‍ ടെക്‌നോളജി കമ്പനികളെപ്പറ്റി വിപണിക്ക് ആശങ്ക മാറുന്നില്ല. എന്‍വിഡിയ അടക്കമുള്ള ഓഹരികള്‍ താഴ്ന്നു.
ഇന്നലെ ഡൗ ജോണ്‍സ് സൂചിക 45 .66 പോയിന്റ് (0.12%) താഴ്ന്ന് 37,753.31ല്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി 29.20 പോയിന്റ് (0.58%) കുറഞ്ഞ് 5022.21ല്‍ വ്യാപാരം അവസാനിപ്പിച്ചു. നാസ്ഡാക് 181.88 പോയിന്റ് (1.15%) ഇടിഞ്ഞ് 15,683.37ല്‍ ക്ലോസ് ചെയ്തു.
യു.എസ് ഫ്യൂച്ചേഴ്‌സ് ഇന്നു തുടക്കത്തില്‍ ചെറിയ നേട്ടത്തിലാണ്. ഡൗ 0.06 ശതമാനവും എസ് ആന്‍ഡ് പി 0.14 ശതമാനവും നാസ്ഡാക് 0.24 ശതമാനവും ഉയര്‍ന്നു നില്‍ക്കുന്നു.
യു.എസ് സര്‍ക്കാര്‍ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.59 ശതമാനത്തിലേക്കു താഴ്ന്നു.
ഏഷ്യന്‍ വിപണികള്‍ ഭിന്ന ദിശകളിലാണ്. ജപ്പാനില്‍ നിക്കൈ താഴ്ന്നു. ദക്ഷിണ കൊറിയന്‍ വിപണി ഒന്നര ശതമാനം കയറി.
ഇന്ത്യന്‍ വിപണി
ചൊവ്വാഴ്ചയും ഇന്ത്യന്‍ വിപണി തകര്‍ച്ചയിലായി. സെന്‍സെക്‌സ് 456.10 പോയിന്റ് (0.62%) ഇടിഞ്ഞ് 72,943.68ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 124.60 പോയിന്റ് (0.56%) താഴ്ന്ന് 22,147.90ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 288.45 പോയിന്റ് (0.60%) താണ് 47,484.80ല്‍ ക്ലോസ് ചെയ്തു.
മിഡ് ക്യാപ് സൂചിക 0.09 ശതമാനം താഴ്ന്ന് 49,236.65ല്‍ ക്ലോസ് ചെയ്തു. സ്‌മോള്‍ ക്യാപ് സൂചിക 0.75 ശതമാനം ഉയര്‍ന്ന് 16,332.80 ല്‍ വ്യാപാരം അവസാനിപ്പിച്ചു.
തിങ്കളാഴ്ച വിദേശ നിക്ഷേപകര്‍ ക്യാഷ് വിപണിയില്‍ 4468.09 കോടി രൂപയുടെ ഓഹരികള്‍ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 2040.38 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.
22,200 ന്റെ പിന്തുണ നഷ്ടപ്പെടുത്തിയ നിഫ്റ്റിക്ക് ഇനി 22,000-21,950ലാണു പിന്തുണ പ്രതീക്ഷിക്കാവുന്നത്. നിഫ്റ്റിക്ക് ഇന്ന് 22,095ലും 22,010ലും പിന്തുണയുണ്ട്. 22,160ലും 22,280ലും തടസങ്ങള്‍ പ്രതീക്ഷിക്കുന്നു.
സ്വര്‍ണം താഴുന്നു
ബുധനാഴ്ച സ്വര്‍ണം 2,395 ഡോളര്‍ വരെ കയറിയിട്ടു കുത്തനേ താണു. പശ്ചിമേഷ്യന്‍ സംഘര്‍ഷം ഉടനേ വ്യാപകമാകില്ല എന്ന ധാരണയിലേക്കു വിപണി മാറി. ഒപ്പം പലിശ ഇക്കൊല്ലം കുറയാന്‍ ഇടയില്ലെന്നും കണക്കാക്കുന്നു. ഫെഡ് ചെയര്‍മാന്റെയും മറ്റും പുതിയ പ്രസ്താവനകള്‍ അങ്ങനെയൊരു നിഗമനത്തിലാണ് വിപണിയെ എത്തിച്ചിരിക്കുന്നത്. സ്വര്‍ണം ഔണ്‍സിന് 2361.20 ഡോളറില്‍ ക്ലോസ് ചെയ്തു. എന്നാല്‍ ഇന്നു രാവിലെ ഏഷ്യന്‍ വ്യാപാരത്തില്‍ സ്വര്‍ണം 2,369 ഡോളര്‍ വരെ കയറി.
കേരളത്തില്‍ ചൊവ്വാഴ്ച സ്വര്‍ണം പവന് 720 രൂപ കൂടി 54,360 രൂപ എന്ന റെക്കോര്‍ഡില്‍ എത്തി. ഇന്നലെ ആ വില തുടര്‍ന്നു. ഇന്നു വില അല്‍പം കുറയാം.
റഷ്യയില്‍ നിന്നുള്ള ലോഹങ്ങള്‍ക്ക് അമേരിക്കയും ബ്രിട്ടനും പുതിയ ഉപരോധം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് അവയുടെ വിലക്കയറ്റം തുടരുകയാണ്. അലൂമിനിയം ഇന്നലെ 0.99 ശതമാനം കയറി ടണ്ണിന് 2587.04 ഡോളര്‍ ആയി. ചെമ്പ് 0.61 ശതമാനം ഉയര്‍ന്ന് 9433 ഡോളര്‍ ആയി. സിങ്ക് 3.18 ശതമാനവും ടിന്‍ 1.44 ശതമാനവും നിക്കല്‍ 1.34 ശതമാനവും ഉയര്‍ന്നു.
ഡോളര്‍ സൂചിക ബുധനാഴ്ച താഴ്ന്ന് 105.95ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ഡോളര്‍ സൂചിക 105.92 ലാണ്. സൂചിക ഇനിയും താഴും എന്നാണു സൂചന.
ചൊവ്വാഴ്ച വിദേശനാണ്യ വിപണിയില്‍ രൂപ ഇടിഞ്ഞു. ഡോളര്‍ ഒന്‍പതു പൈസ കയറി 83.54 രൂപയില്‍ ക്ലോസ് ചെയ്തു. ഇതാദ്യമാണ് ഡോളര്‍ 83.50 രൂപയ്ക്കു മുകളിലാകുന്നത്. വിദേശത്ത് ഡോളര്‍ സൂചിക താഴ്ന്നതു രൂപയെ ഇന്നു സഹായിച്ചേക്കാം.
ക്രൂഡ് ഓയില്‍ താഴ്ചയില്‍
ബുധനാഴ്ച ക്രൂഡ് ഓയില്‍ വില മൂന്നു ശതമാനം താഴ്ന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷം വലിയ യുദ്ധത്തിലേക്കു നീങ്ങുകയില്ലെന്ന ആശ്വാസവും ചൈനീസ് ഡിമാന്‍ഡ് കാര്യമായി വര്‍ധിക്കുകയില്ലെന്ന സൂചനയുമാണ് ക്രൂഡ് ഓയിലിനെ 87 ഡോളറിലേക്ക് താഴ്ത്തിയത്. ബ്രെന്റ് ഇനം ക്രൂഡ് ഇന്നു 87.39 ഡോളറിലെത്തി. ഡബ്‌ള്യു.ടി.ഐ ഇനം 82.72ലും യു.എ.ഇയുടെ മര്‍ബന്‍ ക്രൂഡ് 87.56 ഡോളറിലും ആണ്.
പലിശ ഉടനെ കുറയില്ല എന്ന സൂചന ക്രിപ്‌റ്റോ കറന്‍സികളെ വീണ്ടും താഴ്ത്തി. ബിറ്റ് കോയിന്‍ ഖനനത്തിലെ പ്രതിഫലം പകുതിയാക്കുന്നതു നിക്ഷേപം കുറയ്ക്കുമെന്ന ആശങ്ക വളര്‍ത്തിയതും വിലയെ ബാധിച്ചു. ബിറ്റ്‌കോയിന്‍ ഇന്നു രാവിലെ 61,000 ഡോളറിലാണ്.
വോഡഫോണ്‍ ഐഡിയ എഫ്.പി.ഒ ഇന്നു മുതല്‍
വോഡഫോണ്‍ ഐഡിയയുടെ ഫോളോ ഓണ്‍ പബ്ലിക് ഓഫര്‍ (എഫ്പിഒ) ഇന്ന് ആരംഭിക്കും.18,000 കോടി രൂപയാണു സമാഹരിക്കുന്നത്.
ഇന്നലെ ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് കമ്പനി 5400 കോടി രൂപ സ്വീകരിച്ചു. അദാനി ഗ്രൂപ്പിനെ രക്ഷിച്ച ജി.ക്യു.ജി പാര്‍ട്ട്‌നേഴ്‌സ്, ഫിഡെലിറ്റി, ഗോള്‍ഡ്മാന്‍ സാക്‌സ്, സിറ്റി ഗ്രൂപ്പ്, മോര്‍ഗന്‍ സ്റ്റാന്‍ലി, യു.ബി.എസ്, അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അഥോറിറ്റി തുടങ്ങിയവ നിക്ഷേപകരില്‍ പെടുന്നു. 11 രൂപ പ്രകാരമാണ് ഓഹരികള്‍ നല്‍കിയത്. കഴിഞ്ഞ ദിവസത്തെ വിലയില്‍ നിന്ന് 15 ശതമാനം കുറവാണത്.
എഫ്.പി.ഒ വഴി 18,000 കോടി സമാഹരിക്കുന്ന കമ്പനിയില്‍ പ്രൊമോട്ടര്‍മാര്‍ 2,000 കോടി നിക്ഷേപിക്കും. 25,000 കോടി രൂപ ബാങ്കുകളില്‍ നിന്ന് എടുക്കും. ഇങ്ങനെ 45,000 കോടി രൂപ ലഭിക്കുന്നത് 4 ജി, 5 ജി സേവനങ്ങള്‍ വിപുലപ്പെടുത്താന്‍ ഉപയോഗിക്കും. രണ്ടു ലക്ഷം കോടിയിലേറെ രൂപയുടെ കടബാധ്യതയുഉള്ള കമ്പനി സര്‍ക്കാരിനു നല്‍കാനുളള കുടിശിക ഓഹരിയാക്കി മാറ്റാന്‍ സമ്മര്‍ദ്ദം ചെലുത്തി വരികയാണ്
വിപണി സൂചനകള്‍
(2024 ഏപ്രില്‍ 16, ചൊവ്വ)
സെന്‍സെക്‌സ്30 72,943.68 -0.62%
നിഫ്റ്റി50 22,147.90 -0.56%
ബാങ്ക് നിഫ്റ്റി 47,484.80 -0.60%
മിഡ് ക്യാപ് 100 49,236.65 -0.09%
സ്‌മോള്‍ ക്യാപ് 100 16,332.80 +0.75%
ഡൗ ജോണ്‍സ് 30 37,799.00 +0.17%
എസ് ആന്‍ഡ് പി 500 5051.41 -0.21%
നാസ്ഡാക് 15,865.20 -0.12%
ഡോളര്‍ ($) ₹83.54 +₹0.09
ഡോളര്‍ സൂചിക 106.26 +0.05
സ്വര്‍ണം (ഔണ്‍സ്) $2383.20 +$00.20
സ്വര്‍ണം (പവന്‍) ₹54,360 +₹720.00
ക്രൂഡ് (ബ്രെന്റ്) ഓയില്‍ $90.09 -$00.൦൧
(2024 ഏപ്രില്‍ 16, ചൊവ്വ)
ഡൗ ജോണ്‍സ് 30 37,753.31 -0.12%
എസ് ആന്‍ഡ് പി 500 5022.21 -0.58%
നാസ്ഡാക് 15,683.37 -1.15%
ഡോളര്‍ സൂചിക 105.95 -0.31
സ്വര്‍ണം (ഔണ്‍സ്) $2361.20 -$22.00
സ്വര്‍ണം (പവന്‍) ₹54,360₹00.00
ക്രൂഡ് (ബ്രെന്റ്) ഓയില്‍ $87.29 -$02.80
Next Story
Videos