വിപണികളിൽ വിൽപനസമ്മർദം; വിലക്കയറ്റം തടയാൻ കേന്ദ്രനീക്കം; ബിറ്റ്‌കോയിന്‍ ഇടിവിൽ
യു.എസ് പലിശഭീഷണിയും ചെെനയുടെ ക്ഷീണവും എല്ലാ കമ്പോളങ്ങളെയും ചോരപ്പുഴയിലാക്കി. ഇന്നു രാവിലെ ഏഷ്യൻ വിപണികൾ കനത്ത നഷ്ടത്തിലാണ്. ഈ കാറ്റ് ഇന്ത്യൻ വിപണിയെയും ബാധിക്കാം. വിലക്കയറ്റം പിടിച്ചു നിർത്താനായി തീവ്ര നടപടികൾക്കു കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായി ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തതും വിപണിയെ സ്വാധീനിക്കാം. എങ്കിലും വിൽപന സമ്മർദമാകും വിപണിയെ കൂടുതൽ ബാധിക്കുക.
ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി വ്യാഴം രാത്രി 19,283 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 19,272 ലേക്കു താണിട്ടു 19,300 - ലേക്കു കയറി. ഇന്നും താഴ്ന്ന തുടക്കമാകും ഇന്ത്യൻ വിപണിയുടേത് എന്ന സൂചനയാണു ഡെറിവേറ്റീവ് വിപണി നൽകുന്നത്.
യൂറോപ്യൻ സൂചികകൾ വ്യാഴാഴ്ച കനത്ത നഷ്ടത്തിൽ അവസാനിച്ചു. യുഎസ് ഫെഡിന്റെ പലിശവർധന മുന്നറിയിപ്പ് യുറോപ്പിലും ആലാതമായി. പ്രധാന സൂചികകൾ ഒരു ശതമാനത്തോളം തായന്നു.
യുഎസ് വിപണികൾ തുടർച്ചയായ മൂന്നാമത്തെ ദിവസവും ഇടിഞ്ഞു. ഡൗ ജോൺസ് 50 ദിവസ മൂവിംഗ് ശരാശരിക്കു താഴെയായി. ഇതൊരു ബെയറിഷ് സൂചനയാണ്. എസ് ആൻഡ് പി യും നാസ്ഡാകും നേരത്തേതന്നെ ബെയറിഷ് മേഖലയിലാണ്. മൂന്നു സൂചികകളും ഈയാഴ്ച നഷ്ടത്തിൽ അവസാനിക്കും എന്നാണു സൂചന.
ഡൗ ജോൺസ് 290.91 പോയിന്റ് (0.84%) ഇടിഞ്ഞ് 34,474.83 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 33.97 പോയിന്റ് (0.77%) താഴ്ന്ന് 4370.36 ൽ അവസാനിച്ചു.
നാസ്ഡാക് 157.70 പോയിന്റ് (1.17%) വീണ് 13,316.93 ൽ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നും താഴ്ചയിലാണ്. ഡൗ 0.09 ഉം എസ് ആൻഡ് പി 0.12 ഉം നാസ്ഡാക് 0.18 ഉം ശതമാനം താണു.
ചൈന ഒഴികെ ഏഷ്യൻ വിപണികൾ ഇന്നലെ തകർച്ചയിലായിരുന്നു. ചൈനീസ് വളർച്ച ലക്ഷ്യത്തിൽ എത്തിക്കുമെന്ന പ്രധാനമന്ത്രി ലി ചിയാങ്ങിന്റെ പ്രസ്താവനയെ തുടർന്നാണു ചെെനീസ് ഓഹരികൾ കയറിയത്. ഇന്നു ചെെനീസ് വിപണിയും താഴ്ന്നു തുടക്കമിച്ചു. ജപ്പാനിലടക്കം വിപണി സൂചികകൾ ഒരു ശതമാനത്തോളം താഴ്ന്നാണു തുടങ്ങിയത്.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണി വ്യാഴാഴ്ച രാവിലെ നഷ്ടത്തിൽ തുടങ്ങി അവസാനം വരെ താഴ്ച തുടർന്നു. സെൻസെക്സ് 388 4 പോയിന്റ് (0.59%) ഇടിഞ്ഞ് 65,151.02ലും നിഫ്റ്റി 99.75 പോയിന്റ് (0.51%) താഴ്ന്ന് 19,365.25 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.25 ശതമാനം ഉയർന്ന് 37,895.5 ൽ ക്ലോസ് ചെയ്തപ്പാേൾ സ്മോൾ ക്യാപ് സൂചിക 0.14 ശതമാനം കയറി 11,745.3ൽ ക്ലോസ് ചെയ്തു.
വിദേശനിക്ഷേപകരും സ്വദേശി ഫണ്ടുകളും ഇന്നലെ വിൽപനക്കാരായി. വിദേശികൾ ഇന്നലെ 1510.86 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 313.97 കോടിയുടെ ഓഹരികളും വിറ്റഴിച്ചു.
ഇന്നലെ 19,300 ലെ പിന്തുണനിലവാരത്തിനു മുകളിൽ ആണു നിഫ്റ്റി ക്ലോസ് ചെയ്തത്. ഈ പിന്തുണ ഭേദിക്കപ്പെട്ടാൽ 19,000 നു താഴെയാകും പിന്തുണ ലഭിക്കുക എന്ന വിലയിരുത്തൽ തുടരുന്നു.
ഇന്നു നിഫ്റ്റിക്ക് 19,330 ലും 19,250 ലും പിന്തുണ ഉണ്ട്. 19,440 ഉം 19,520 ഉം തടസങ്ങളാകാം.
സൗത്ത് ഇന്ത്യൻ ബാങ്കിന് പുതിയ തലവൻ
പി. ആർ. ശേഷാദ്രിയെ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എംഡിയും സിഇഒയുമായി നിയമിച്ചു. അദ്ദേഹം ഒക്ടോബർ ഒന്നിനു ചുമതല ഏൽക്കും. മൂന്നു വർഷത്തേക്കാണ് നിയമനം. ഇന്ത്യയിലും സിംഗപ്പുരിലും സിറ്റി ബാങ്കിന്റെ ഉന്നത പദവികൾ വഹിച്ചിട്ടുള്ള ശേഷാദ്രി കാരൂർ വെെശ്യ ബാങ്കിന്റെ എംഡിയും സി.ഇ.ഒയും ആയിരുന്നു.
ക്രൂഡ് ഓയിലും സ്വർണവും
ക്രൂഡ് ഓയിൽ വില ഉയർന്നു. ബ്രെന്റ് ഇനം ക്രൂഡ് ഇന്നലെ ഒരു ശതമാനം കയറി 84.12 ഡോളറിലും ഡബ്ള്യുടിഐ ഇനം 80.39 ഡോളറിലും ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെന്റ് ഇനം ക്രൂഡ് 83.84 ഡോളറിലേക്കും ഡബ്ള്യുടിഐ ഇനം 80.14 ഡോളറിലേക്കും താണു.
സ്വർണം വീണ്ടും താഴ്ന്നു. ഔൺസിന് 1890 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സ്വർണം 1893.50 ഡോളറിലേക്കു കയറി. കേരളത്തിൽ പവൻവില ഇന്നലെ 43,280 രൂപയിലേക്കു താണു. രൂപ ഇന്നലെ താഴ്ചയിലായി. ഡോളർ 83.15 രൂപയിൽ ക്ലോസ് ചെയ്തു. രൂപ ഇന്നു നില മെച്ചപ്പെടുത്താം.
വ്യാവസായിക ലോഹങ്ങൾ വ്യാഴാഴ്ചയും ഉയർന്നു. അലൂമിനിയം മാത്രം നാമമാത്ര കയറ്റത്തിലായി. അലൂമിനിയം 0.03 ശതമാനം കയറി ടണ്ണിന് 2145.35 ഡോളറിലായി. ചെമ്പ് 0.86 ശതമാനം ഉയർന്നു ടണ്ണിന് 8200.7 ഡോളറിൽ എത്തി. ടിൻ 1.09 ശതമാനവും സിങ്ക് 1.34 ശതമാനവും ലെഡ് 0.99 ശതമാനവും ഉയർന്നു.
ഡോളർ സൂചിക ഇന്നലെ ഉയർന്ന് 103.57-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 103.28 വരെ താഴ്ന്നു.
ക്രിപ്റ്റോ കറൻസികൾ ഇടിഞ്ഞു. ബിറ്റ്കോയിൻ 26,600 ഡോളറിനടുത്തേക്കു വീണു. ബിറ്റ് കോയിന്റെ ആരാധകനായിരുന്ന ശതകാേടിപതി ഈലോൺ മസ്ക് ഈ ഗൂഢകറൻസി വിറ്റാെഴിയുന്നതായി വോൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തത് കറൻസിയെ പത്തു ശതമാനം താഴ്ത്തി. മസ്കിന്റെ റോക്കറ്റ് കമ്പനി സ്പേസ് എക്സ് ബിറ്റ്കോയിനിലെ നിക്ഷേപത്തിൽ 37.3 കോടി ഡോളർ നഷ്ടം രേഖപ്പെടുത്തി.
വിലക്കയറ്റം ചെറുക്കാൻ കേന്ദ്രനീക്കം
കുതിച്ചുകയറുന്ന വിലക്കയറ്റം പിറച്ചു നിർത്താൻ അതിവേഗ നടപടികൾക്കു കേന്ദ്രസർക്കാർ ആലോചിക്കുന്നതായി ബ്ലൂംബർഗ് ന്യൂസ് റിപ്പോർട്ട് ചെയ്തു. നിയമസഭകളിലേക്കും ലോക്സഭയിലേക്കും തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം.
പെട്രോൾ, ഡീസൽ വിലകൾ കുറയ്ക്കുന്നതും ഗോതമ്പിന്റെയും ഭക്ഷ്യ എണ്ണകളുടെയും ഇറക്കുമതിച്ചുങ്കം താഴ്ത്തുകയാേ ഒഴിവാക്കുകയാേ ചെയ്യുന്നതും ആലോചനയിൽ ഉണ്ടെന്നു റിപ്പോർട്ടിൽ പറയുന്നു. ഒരു ലക്ഷം കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടാക്കുന്നതാണ് ഈ നടപടികൾ. ഇതിനു പകരമായി വിവിധ മന്ത്രാലയങ്ങൾ ചെലവ് ചുരുക്കണം എന്നും നിർദേശമുണ്ട്. ബജറ്റ് കമ്മി ജിഡിപി യുടെ 5.9 ശതമാനം എന്ന ലക്ഷ്യം തെറ്റിക്കാതിരിക്കാനാണ് സമാന്തരമായി ചെലവ് ചുരുക്കുന്നത്.
രാജ്യത്തു ചില്ലറ വിലക്കയറ്റം ജൂലൈയിൽ 7.44 ശതമാനമായിരുന്നു. ഓഗസ്റ്റിലും ഏഴു ശതമാനത്തിനടുത്താകും വിലക്കയറ്റം എന്നാണു സൂചന. പച്ചക്കറികളുടെ വില കുറഞ്ഞാലും ധാന്യങ്ങൾ, പയറുവർഗങ്ങൾ, ക്ഷീരാേൽപന്നങ്ങൾ, എണ്ണക്കുരുക്കൾ തുടങ്ങിയവയുടെ വിലകൾ ഉയരാനുള്ള സാധ്യത ചെറുതല്ല. കാലവർഷം പല സംസ്ഥാനങ്ങളിലും വേണ്ടത്ര ലഭിച്ചിട്ടില്ല.
വിപണി സൂചനകൾ
(2023 ഓഗസ്റ്റ് 17, വ്യാഴം)
സെൻസെക്സ് 30 65,151.02 -0.59%
നിഫ്റ്റി 50 19,365.25 -0.51%
ബാങ്ക് നിഫ്റ്റി 43,891. 35 -0.13%
മിഡ് ക്യാപ് 100 37,895.5 o +0.25%
സ്മോൾക്യാപ് 100 11,745.30 +0.14%
ഡൗ ജോൺസ് 30 34,474.80 - 0.84%
എസ് ആൻഡ് പി 500 4470.36 -0.77%
നാസ്ഡാക് 13,316.90 -1.17%
ഡോളർ ($) ₹83.15 -0.21
ഡോളർ സൂചിക 103.57 +0.14
സ്വർണം(ഔൺസ്) $1890.00 -$4.40
സ്വർണം(പവൻ) ₹43,280 -₹ 280
ക്രൂഡ് (ബ്രെന്റ്)ഓയിൽ $84.12 -$0.75