വിപണി വീണ്ടും ഇടിഞ്ഞേക്കാം; എച്ച്.ഡി.എഫ്.സി ബാങ്ക് എ.ഡി.ആര്‍ ഇന്നലെയും തകര്‍ച്ചയില്‍
വിപണിയുടെ തകര്‍ച്ചയ്ക്ക് പെട്ടെന്നു മാറ്റം പ്രതീക്ഷിക്കുന്നില്ല. കഴിഞ്ഞ ആഴ്ചകളിലെ കുതിപ്പില്‍ മാര്‍ജിന്‍ വ്യാപാരത്തിന്റെ തോത് വല്ലാതെ വര്‍ധിച്ചിരുന്നു. വിപണി ഇടിഞ്ഞതോടെ മാര്‍ജിന്‍ തുകയ്ക്കു സമ്മര്‍ദ്ദം തുടങ്ങി. ഇതു ഓഹരിവില്‍പനയ്ക്കു സമ്മര്‍ദം കൂട്ടുന്നു. സ്വാഭാവികമായി വില ഇടിയും.
എച്ച്.ഡി.എഫ്.സി ബാങ്കിന്റെ എ.ഡി.ആര്‍ (അമേരിക്കന്‍ ഡെപ്പോസിറ്ററി റെസീറ്റ്) ഇന്നലെ രാത്രിയും ന്യൂയോര്‍ക്കിലെ വ്യാപാരത്തില്‍ ഇടിഞ്ഞു. ചൊവ്വാഴ്ച 6.7 ശതമാനം താണ എ.ഡി.ആര്‍ ഇന്നലെ 9.14 ശതമാനം ഇടിഞ്ഞ് 55.59 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നും എച്ച്.ഡി.എഫ്.സി ബാങ്ക് ഓഹരി വലിയ താഴ്ചയില്‍ വ്യാപാരം തുടങ്ങാനാണു സാധ്യത എന്ന് ഇതു സൂചിപ്പിക്കുന്നു.
വിപണിയിലെ സമീപകാല കുതിപ്പ് അമിതമാണെന്ന് കരുതുന്നവരും ഓഹരികള്‍ വരുമാനത്തിന് ആനുപാതികമല്ലാത്ത നിലയിലാണെന്നു വിശ്വസിക്കുന്നവരും വില്‍പനയ്ക്ക് ഉത്സാഹിക്കുന്നതും വിപണിയെ താഴ്ത്തും.
ഇന്നലെ യൂറോപ്യന്‍ വിപണികള്‍ ഒരു ശതമാനത്തിലധികം ഇടിഞ്ഞു. യുഎസ് വിപണിയും താഴ്ന്നു. ഇന്ന് പ്രധാന ഏഷ്യന്‍ വിപണികള്‍ ഇടിവിലാണ്. ചൈനയില്‍ വളര്‍ച്ച കുറഞ്ഞത് മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍ക്കും ക്ഷീണം വരുത്തും.
ചൊവ്വാഴ്ച രാത്രി ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി 21,470 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 21,410 ലാണ്. ഇന്ത്യന്‍ വിപണി ഇന്നും നല്ല താഴ്ചയിലാണു വ്യാപാരം തുടങ്ങുക എന്നാണ് ഡെറിവേറ്റീവ് വിപണി നല്‍കുന്ന സൂചന.
യൂറോപ്യന്‍ വിപണികള്‍ ബുധനാഴ്ച വലിയ ഇടിവിലായി. പലിശ ദീര്‍ഘകാലം ഉയര്‍ന്നു നില്‍ക്കും എന്നു ഡാവോസിലെ ലോക സാമ്പത്തിക ഫോറത്തില്‍ കേന്ദ്ര ബാങ്ക് സാരഥികള്‍ സൂചിപ്പിച്ചത് ഒരു കാരണമായി. ചൈനീസ് വളര്‍ച്ച പ്രതീക്ഷയിലും കുറവായതും ഓഹരികളെ താഴ്ത്തി. യു.കെയില്‍ ഡിസംബറിലെ വിലക്കയറ്റം അപ്രതീക്ഷിതമായി നാലു ശതമാനത്തിലേക്കു കയറിയത് ഫുട്‌സീ 100 നെ ഒന്നര ശതമാനം ഇടിവിലാക്കി. യൂറോ മേഖലയില്‍ ഡിസംബര്‍ വിലക്കയറ്റം 2.9 ശതമാനത്തിലേക്കു കയറി.
യു.എസ് വിപണികള്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവിലായി. ഡോളര്‍ ശക്തിപ്പെടുകയും കടപ്പത്ര വിലകള്‍ ഇടിയുകയും ചെയ്തു. യു.എസ് 10 വര്‍ഷ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.1 ശതമാനത്തിനു മുകളിലേക്കു കയറി.
ഡൗ ജോണ്‍സ് 94.45 പോയിന്റ് (0.25%) താഴ്ന്ന് 37,266.70 ല്‍ ക്ലോസ് ചെയ്തപ്പോള്‍ എസ് ആന്‍ഡ് പി 26.72 പോയിന്റ് (0.56%) താഴ്ന്ന് 4739.21 ല്‍ അവസാനിച്ചു. നാസ്ഡാക്
88.72 പോയിന്റ് (0.59%) താണ് 14,855.60 ല്‍ ക്ലോസ് ചെയ്തു.
യു.എസ് ഫ്യൂച്ചേഴ്‌സ് ഇന്നു ചെറിയ താഴ്ചയിലാണ്. ഡൗ 0.05 ഉം എസ് ആന്‍ഡ് പി 0.07 ഉം നാസ്ഡാക് 0.12 ഉം ശതമാനം ഇടിഞ്ഞു.
ഏഷ്യന്‍ വിപണികള്‍ ഇന്നു ഭിന്ന ദിശകളില്‍ ചാഞ്ചാടുകയാണ്. ഓസ്‌ട്രേലിയയില്‍ സൂചിക അര ശതമാനം താഴ്ന്നു. ജപ്പാനില്‍ സൂചിക താണും കയറിയും നീങ്ങുന്നു. ദക്ഷിണ കൊറിയയില്‍ ഓഹരികള്‍ ഉയര്‍ന്നു. ഹോങ് കോങ്ങിലും ചൈനയിലും സൂചികകള്‍ കുത്തനേ താണു.
ഇന്ത്യന്‍ വിപണി
ബുധനാഴ്ച ഇന്ത്യന്‍ വിപണി 19 മാസത്തിനിടയിലെ ഏറ്റവും വലിയ തകര്‍ച്ചയ്ക്കു സാക്ഷ്യം വഹിച്ചു. ഐ.ടി ഒഴികെ എല്ലാ മേഖലകളും വീണു. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വലിയ തകര്‍ച്ച ബാങ്കിംഗ്, ധനകാര്യ ഓഹരികളെ മൊത്തം ഇടിവിലാക്കി. ബാങ്ക് നിഫ്റ്റിയും ധനകാര്യ നിഫ്റ്റിയും 4.28 ശതമാനം വീതം ഇടിഞ്ഞു. ഒരവസരത്തില്‍ ഒന്‍പതു ശതമാനം താഴ്ചയിലായ എച്ച്ഡിഎഫ്‌സി ബാങ്ക് 8.44 ശതമാനം നഷ്ടത്തില്‍ അവസാനിച്ചു. നിഫ്റ്റിയുടെയും ബാങ്ക് നിഫ്റ്റിയുടെയും നഷ്ടത്തില്‍ പകുതി എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ഇടിവ് മൂലമാണ്.
മെറ്റല്‍, ഓട്ടാേ, റിയല്‍റ്റി, ഓയില്‍, ഫാര്‍മ മേഖലകളും ഇന്നലെ വലിയ താഴ്ചയിലായി.
ബി.എസ്.ഇ.യുടെ വിപണിമൂല്യം 4.63 ലക്ഷം കോടി രൂപ ഇടിഞ്ഞ ഇന്നലെ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ മൂല്യനഷ്ടം 1.08 ലക്ഷം കോടി രൂപയാണ്.
സെന്‍സെക്‌സ് 1628.01 പോയിന്റ് (2.23%) ഇടിഞ്ഞ് 71,500.76 ലും നിഫ്റ്റി 460.35 പോയിന്റ് (2.09%) താഴ്ന്ന് 21,571.95 ലും വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 2060.65 പോയിന്റ് (4.28%) ഇടിഞ്ഞ് 46,064.45 ല്‍ ക്ലോസ് ചെയ്തു.
മിഡ് ക്യാപ് സൂചിക 1.08 ശതമാനം താണ് 47,151.55 ലും സ്‌മോള്‍ ക്യാപ് സൂചിക 1.20 ശതമാനം താണ് 15,348.35 ലും വ്യാപാരം അവസാനിപ്പിച്ചു.
വിദേശനിക്ഷേപ ഫണ്ടുകള്‍ ഇന്നലെ ക്യാഷ് വിപണിയില്‍ വലിയ വില്‍പനക്കാരായി. അവര്‍ ഇന്നലെ 10,578.13 കോടിയുടെ ഓഹരികള്‍ വിറ്റു. ഒന്നര വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഏകദിന വില്‍പനയാണിത്. സ്വദേശി ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും കൂടി 4006.44 കോടിയുടെ ഓഹരികള്‍ വാങ്ങി.
വിപണിയില്‍ വില്‍പനസമ്മര്‍ദം തുടരുമെന്നാണു നിഗമനം. നിഫ്റ്റി 21,450 - 21,400 മേഖലയില്‍ നിന്നില്ലെങ്കില്‍ 21,000 വരെ താഴുമെന്ന് ചാര്‍ട്ടുകള്‍ അപഗ്രഥിക്കുന്നവര്‍ പറയുന്നു.
നിഫ്റ്റിക്ക് ഇന്ന് 21,545 ലും 21,355 ലും പിന്തുണ ഉണ്ട്. 21,600 ഉം 21,960 ഉം തടസങ്ങളാകാം.
ക്രൂഡ് ഓയിലും സ്വര്‍ണവും
ക്രൂഡ് ഓയില്‍ വില ബുധനാഴ്ച കാര്യമായി മാറിയില്ല. ബ്രെന്റ് ഇനം ക്രൂഡ് 78.12 ഡോളറില്‍ ക്ലോസ് ചെയ്തു. ഡബ്‌ള്യു.ടി.ഐ ഇനത്തിന് 72.88 ഡോളര്‍ ആയി. യുഎഇയുടെ മര്‍ബന്‍ ക്രൂഡ് 77.62 ലേക്ക് താണു.
ഡോളര്‍ കരുത്താര്‍ജിക്കുകയും പലിശ കുറയ്ക്കല്‍ വൈകുമെന്ന ധാരണ പരക്കുകയും ചെയ്തതോടെ സ്വര്‍ണം ഇന്നലെയും ഒരു ശതമാനത്തിലധികം ഇടിഞ്ഞു. 2027 ഡോളറില്‍ നിന്ന് 2006.30 ഡോളറിലേക്കു താഴ്ന്നു ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2009.40 ലേക്കു വില കയറി.
ബുധനാഴ്ച കേരളത്തില്‍ പവന്‍വില 280 രൂപ കുറഞ്ഞ് 46,160 രൂപയായി. ഇന്നും വില കുറയും.
ഡോളര്‍ സൂചിക ബുധനാഴ്ച 103.45 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 103.21 ലേക്കു താണു.
ഡോളറിന്റെ മുന്നില്‍ രൂപ വീണ്ടും ദുര്‍ബലമായി. വിനിമയനിരക്ക് 83.13 രൂപയില്‍ ക്ലോസ് ചെയ്തു. ഡോളറിന് ആറു പൈസ നേട്ടം.
ബിറ്റ് കോയിന്‍ ഇന്നു രാവിലെ 42,500 ഡോളറിലേക്കു താഴ്ന്നു.
വിപണിസൂചനകള്‍ (2024 ജനുവരി 17, ബുധന്‍)
സെന്‍സെക്‌സ്30 71,500.76 -2.23%
നിഫ്റ്റി50 21,571.95 -2.09%
ബാങ്ക് നിഫ്റ്റി 46,064.40 -4.28%
മിഡ് ക്യാപ് 100 47,151.55 -1.08%
സ്‌മോള്‍ ക്യാപ് 100 15,348.35 -1.20%
ഡൗ ജോണ്‍സ് 30 37,266.70 -0.25%
എസ് ആന്‍ഡ് പി 500 4739.21 -0.56%
നാസ്ഡാക് 14,855.60 -0.59%
ഡോളര്‍ ($) ₹83.14 +?0.07
ഡോളര്‍ സൂചിക 103.24 -0.21
സ്വര്‍ണം (ഔണ്‍സ്) $2006.30 -$20.80
സ്വര്‍ണം (പവന്‍) ₹46,160 -?280.00
ക്രൂഡ് (ബ്രെന്റ്) ഓയില്‍ $78.12 -$0.17