ഫെഡ് തീരുമാനത്തിൽ കണ്ണുനട്ട് ആഗോള വിപണികൾ; പലിശപ്പേടിയിൽ വിപണികൾ താഴ്ന്നു; ബുൾ മുന്നേറ്റത്തിനു ഭീഷണി
യു.എസ് ഫെഡിന്റെ നിർണായക തീരുമാനം ബുധനാഴ്ച വരുന്നതിലാണ് ഇന്ത്യയിലേതടക്കം ലോക വിപണികൾ ശ്രദ്ധ വച്ചിരിക്കുന്നത്. പത്തു തവണയായി 5.25 ശതമാനം കണ്ട് നിരക്കു വർധിപ്പിച്ച ഫെഡ് ഇത്തവണ നിരക്കു കൂട്ടുകയില്ല എന്നാണു പൊതുവേ കരുതപ്പെടുന്നത്. എങ്കിലും വിപണികൾ ആശങ്കയിലാണ്. വെള്ളിയാഴ്ച യു.എസ് വിപണി വലിയ ഇടിവിലായിരുന്നു.
നവംബറിലാകും അടുത്ത നിരക്കു വർധന എന്നാണു വിപണി കരുതുന്നത്. അതിനു വിപരീതമായി എന്തെങ്കിലും സംഭവിച്ചാൽ വലിയ തിരിച്ചടി ഉണ്ടാകും. വിലക്കയറ്റ പ്രവണതയിൽ മാറ്റമില്ലെന്നു കാണിക്കുന്ന സർവേഫലങ്ങൾ വിപണിയിൽ ആശങ്ക വളരാൻ കാരണമായി.
ഫെഡ് തീരുമാനം ഡോളർ നിരക്കിനെയും സ്വർണ വിലയെയും നേരിട്ടു ബാധിക്കും. ഡോളറും സ്വർണവും ഇപ്പോൾ ഉയർന്നു നിൽക്കുകയാണ്. യു.എസിലെയും മറ്റു രാജ്യങ്ങളിലെയും സർക്കാർ കടപ്പത്രങ്ങളുടെ വിലയിലും പലിശ നിരക്കുകളിലും ഫെഡ് തീരുമാനം സ്വാധീനം ചെലുത്തും. യുഎസ് കടപ്പത്രങ്ങൾ 4.413 ശതമാനം ആദായം കിട്ടത്തക്ക നിലയിൽ താഴ്ന്നു നിൽക്കുന്നു.
ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പലിശ തീരുമാനം വ്യാഴാഴ്ച ഉണ്ടാകും. യൂറോപ്യൻ കേന്ദ്ര ബാങ്ക് കഴിഞ്ഞയാഴ്ച പലിശ കാൽ ശതമാനം കൂട്ടിയിരുന്നു. ഇന്ത്യയിൽ പലിശ തീരുമാനം ഒക്ടോബർ ആദ്യവാരത്തിലാണ്. മറ്റു വലിയ സാമ്പത്തിക കണക്കുകളോ പ്രഖ്യാപനങ്ങളാ ഈയാഴ്ച പ്രതീക്ഷിക്കുന്നില്ല.
ഇന്ത്യൻ ഓഹരി
ഇന്ത്യൻ ഓഹരി വിപണി റെക്കോർഡ് നിലവാരത്തിൽ കയറി നിൽക്കുകയാണ്. കയറ്റം ആവേശപൂർവം തുടരും എന്നാണു പലരും കരുതുന്നത്. എന്നാൽ ലാഭമെടുക്കലുകാർ കൂടുതൽ വിൽപനയ്ക്കു തുനിഞ്ഞാൽ വിപണി താഴും. ഏഷ്യൻ വിപണികൾ ഇന്നു താഴ്ന്നതും യുഎസ് വിപണി ഇടിഞ്ഞു നിൽക്കുന്നതും ഇന്ന് ഇന്ത്യൻ വിപണിയെ തളർത്താൻ കാരണമാകും. സെൻസെക്സിന്റെ 11 ദിവസം നീണ്ട കയറ്റം തുടരാൻ സാധ്യത കുറയും.
ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളി രാത്രി 20,166.5-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 20,190 ലേക്കു കയറി. ഇന്ത്യൻ വിപണിയിൽ ദുർബല തുടക്കമാകും എന്ന സൂചനയാണു ഡെറിവേറ്റീവ് വിപണി നൽകുന്നത്.
യൂറോപ്യൻ സൂചികകൾ വെള്ളിയാഴ്ച നേട്ടത്തിൽ അവസാനിച്ചു. യുഎസ് വിപണികൾ വാരാന്ത്യവ്യാപാരത്തിൽ വലിയ നഷ്ടത്തിലായി. ഡൗ ജോൺസ് 288.87 പോയിന്റ് (0.83%) ഇടിഞ്ഞ് 34,618.2 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 54.72 പോയിന്റ് (1.22%) താഴ്ന്ന് 4450.32 ലും നാസ്ഡാക് 217.72 പോയിന്റ് (1.56%) തകർന്ന് 13,708.30 ലും ക്ലോസ് ചെയ്തു.
യുഎസ് സൂചികകളുടെ ഫ്യൂച്ചേഴ്സ് ചെറിയ കയറ്റത്തിലാണ്. ഡൗ 0.15 ഉം എസ് ആൻഡ് പി 0.19 ഉം നാസ്ഡാക് 0.16 ഉം ശതമാനം ഉയർന്നു നിൽക്കുന്നു.
ഇന്നു രാവിലെ ഏഷ്യൻ വിപണികൾ താഴ്ചയിലാണ്. കൊറിയൻ, ഓസ്ട്രേലിയൻ വിപണികൾ മുക്കാൽ ശതമാനം താഴ്ന്നു തുടങ്ങി. ജാപ്പനീസ് വിപണി അവധിയിലാണ്.
ചെെനയിലും വിപണി ഇടിവിലാണ് വ്യാപാരം തുടങ്ങിയത്. ഹോങ് കോങ് വിപണി ഒരു ശതമാനം ഇടിഞ്ഞു.
വെള്ളിയാഴ്ച ഇന്ത്യൻ വിപണി ആവേശത്തോടെ തുടങ്ങി കൂടുതൽ ഉയർന്നു ക്ലോസ് ചെയ്തു. സെൻസെക്സ് 67,927 വരെയും നിഫ്റ്റി 20,222 വരെയും കയറി. മിഡ്, സ്മോൾ ക്യാപ് ഓഹരികൾ കാര്യമായ മുന്നേറ്റം നടത്തിയില്ല.
സെൻസെക്സ് 319.63 പോയിന്റ് (0.49%) ഉയർന്ന് 67,838.63 ലാണു ക്ലോസ് ചെയ്തത്. നിഫ്റ്റി 89.25 പോയിന്റ് (0.44%) കയറി 20,192.35 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 230.65 പോയിന്റ് (0.58%) ഉയർന്ന് 46,231.50 ൽ ക്ലോസ് ചെയ്തു.
മിഡ് ക്യാപ് സൂചിക 0.28 ശതമാനം കയറി 40,829.90 ൽ ക്ലോസ് ചെയ്തപ്പാേൾ സ്മോൾ ക്യാപ് സൂചിക 0.41 ശതമാനം ഉയർന്ന് 12,793.75 ൽ അവസാനിച്ചു.
കഴിഞ്ഞയാഴ്ച സെൻസെക്സ് 1.86 ശതമാനവും നിഫ്റ്റി 1.88 ശതമാനവും ഉയർന്നു. ഐടി സൂചിയ 24 ശതമാനവും ബാങ്ക് നിഫ്റ്റി 2.4 ശതമാനവും കയറി. വാഹന കമ്പനികളുടേത് 1.5 ശതമാനം ഉയർന്നു
വിദേശഫണ്ടുകൾ വെള്ളിയാഴ്ച ക്യാഷ് വിപണിയിൽ 164.42 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 1938 57 കോടിയുടെ ഓഹരികൾ വാങ്ങി.
മൂന്നാഴ്ച നീണ്ട ബുൾ മുന്നേറ്റം തടസങ്ങളെ നേരിടുന്ന ദിനങ്ങളാണു വരുന്നത്. സെൻസെക്സ് തുടർച്ചയായ 11 ദിവസം ഉയർന്നു. വിദേശ നിക്ഷേപകർ വിൽപനയുടെ തോത് കുറച്ചെങ്കിലും വലിയ തോതിൽ നിക്ഷേപത്തിനു തുനിഞ്ഞിട്ടില്ല. എങ്കിലും വിപണിയിലെ ബുള്ളിഷ് മുന്നേറ്റം നീണ്ടു നിൽക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. നിഫ്റ്റി കരുത്തോടെ 20,400 കടന്നാൽ മുന്നേറ്റം തുടരും, മറിച്ചായാൽ ഗണ്യമായ തിരിച്ചടി ഉണ്ടാകാം എന്നു കരുതുന്ന വിദഗ്ധരും ഉണ്ട്. നിഫ്റ്റിക്ക് ഇന്നു 20,145 ലും 20,090 ലും പിന്തുണ ഉണ്ട്. 20,215 ഉം 20,275 ഉം തടസങ്ങളാകാം.
എയർബസ് എ320 വിമാനങ്ങളുടെ എൻജിനിലെ തകരാർ 600 ലേറെ വിമാനങ്ങൾ കുറേക്കാലം നിലത്തിറക്കാൻ വഴിതെളിക്കും എന്ന റിപ്പോർട്ട് ഇൻഡിഗോ വിമാന സർവീസ് നടത്തുന്ന ഇന്റർ ഗ്ലോബ് (Interglobe)ഏവിയേഷന്റെ ഓഹരികളെ മൂന്നു ശതമാനം താഴ്ത്തി. പ്രാറ്റ് ആൻഡ് വിറ്റ്നി കമ്പനിയുടേതാണ് എൻജിനുകൾ.
റസ്റ്റാേറന്റ് ബ്രാൻഡ്സ് ഏഷ്യയുടെ 25.4 ശതമാനം ഓഹരി പ്രാെമാേട്ടർ ഗ്രൂപ്പ് വിറ്റു. ഫണ്ടുകളാണ് ഓഹരി വാങ്ങിയത്. മികച്ച വിലയിൽ കെെമാറ്റം നടന്നതിനെ തുടർന്ന് ഓഹരി എട്ടു ശതമാനം കയറി.
വ്യാവസായിക ലോഹങ്ങൾ വെള്ളിയാഴ്ച താഴ്ചയിലായി. അലൂമിനിയം 1.71 ശതമാനം വീണ് ടണ്ണിന് 2190 ഡോളറിലായി. ചെമ്പ് 0.55 ശതമാനം താഴ്ന്നു ടണ്ണിന് 8376.5 ഡോളറിൽ എത്തി. ടിൻ 0.11 ശതമാനവും നിക്കൽ 1.56 ശതമാനവും സിങ്ക് 0.73 ശതമാനവും താഴ്ന്നു. ലെഡ് 0.08 ശതമാനം കയറി.
ക്രൂഡ് ഓയിൽ, സ്വർണം
ക്രൂഡ് ഓയിൽ ഉയർന്നു നിൽക്കുന്നു. ബ്രെന്റ് ഇനം ക്രൂഡ് 93.98 ഡോളറിലാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ ബ്രെന്റ് ഇനം 94.28 ഡോളറിലും ഡബ്ള്യുടിഐ ഇനം 91.21 ഡോളറിലും എത്തി. യുഎഇയുടെ മർബൻ ക്രൂഡ് 96.35 ഡോളറിലാണ്.
സ്വർണവില തിരിച്ചു കയറുകയാണ്. ഔൺസിന് 1925.1 ഡോളറിൽ എത്തി. ഇന്നു രാവിലെ 1926.10 ഡോളറിലേക്കു കയറി.
കേരളത്തിൽ പവൻവില വെള്ളിയാഴ്ചയും ശനിയാഴ്ചയും 160 രൂപ വീതം വർധിച്ച് 43,920 രൂപയിൽ എത്തി.
രൂപ കൂടുതൽ ദുർബലമായി. ഡോളർ 15 പൈസ കൂടി 83.18 രൂപയിൽ ക്ലോസ് ചെയ്തു. കഴിഞ്ഞയാഴ്ച ഡോളറിന് 23 പെെസയുടെ കയറ്റമുണ്ടായി.
ഡോളർ സൂചിക 105 നു മുകളിൽ തുടരുന്നു. വെള്ളിയാഴ്ച 105.32 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 105.25 ലേക്കു താഴ്ന്നു..
ക്രിപ്‌റ്റോ കറൻസികൾ അൽപം കയറി. ബിറ്റ്കോയിൻ 26,600 ഡോളറിനു മുകളിലാണ്.
ധനലക്ഷ്മി ബാങ്ക് ഡയറക്ടർ രാജിവച്ചു; ബോർഡിന് എതിരേ വിമർശനം
ധനലക്ഷ്മി ബാങ്കിലെ സ്വതന്ത്ര ഡയറക്ടർ ശ്രീധർ കല്യാണസുന്ദരം രാജിവച്ചതായി റിപ്പോർട്ട്. ഒൻപതു മാസം മുൻപാണ് അദ്ദേഹം ഡയറക്ടറായത്. അദ്ദേഹത്തെ മാറ്റാൻ ആവശ്യപ്പെട്ട് ഒരു വലിയ ഓഹരി ഉടമ നോട്ടീസ് നൽകിയിരുന്നതായും റിപ്പോർട്ടുണ്ട്.
ബാങ്കിന്റെ വികസന തന്ത്രവുമായി ബന്ധപ്പെട്ട് അദ്ദേഹം ബോർഡ് നിലപാടിനോടു വിയോജിച്ചിരുന്നു. അവകാശ ഓഹരി വഴി 130 കോടി രൂപയുടെ മൂലധനം സമാഹരിക്കാനുള്ള തീരുമാനത്താേട് എതിർപ്പുണ്ടായിരുന്നു. ബാങ്കിന്റെ മൂലധനം 400 കോടിയിൽ നിന്ന് 5000 കോടി എങ്കിലും ആക്കിയാലേ ശരിയായ വളർച്ച സാധിക്കൂ എന്നായിരുന്നു കല്യാണസുന്ദരത്തിന്റെ നിലപാട്. ഇതിനു പുറമേ ബോർഡിലെ വിഭാഗീയത അടക്കമുള്ള പ്രശ്നങ്ങൾ രാജിക്കത്തിൽ ഉന്നയിച്ചിട്ടുണ്ട് എന്നാണു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. പല ഡയറക്ടർമാരുടെയും ചെയ്തികൾ ധാർമികതയ്ക്കു നിരക്കുന്നതല്ലെന്ന ആരാേപണവും അദ്ദേഹം ഉന്നയിച്ചു. സിഇഒ - എംഡിക്ക് എതിരെ നിശിതമായ വിമർശനവും കത്തിലുണ്ട്.
വെള്ളിയാഴ്ച 37.71 ലക്ഷം ഓഹരികൾ ബൾക്ക് ഇടപാടിൽ കെെമാറ്റിയതിനെ തുടർന്നു ധനലക്ഷ്മി ബാങ്ക് ഓഹരിയുടെ വില 19.98 ശതമാനം ഉയർന്ന് 29.25 രൂപയിൽ എത്തി. ബൾക്ക് ഇടപാട് ഓഹരി ഒന്നിന് 27.14 രൂപ വച്ചായിരുന്നു. തലേന്ന് 25 രൂപയ്ക്കു താഴെയായിരുന്ന വില കുതിച്ചു കയറിയത് ഇതേ തുടർന്നാണ്. ഇന്നു വിലയിൽ ചാഞ്ചാട്ടമോ ഇടിവാേ ഉണ്ടാകാം.
വിപണി സൂചനകൾ
(2023 സെപ്റ്റംബർ 15, വെള്ളി)
സെൻസെക്സ് 30 67,838.63 +0.47%
നിഫ്റ്റി 50 20,192.35 +0.44%
ബാങ്ക് നിഫ്റ്റി 46,231.50 +0.58%
മിഡ് ക്യാപ് 100 40,829.90 +0.28%
സ്മോൾ ക്യാപ് 100 12,793.75 +0.41%
ഡൗ ജോൺസ് 30 34,618.20 -0.83%
എസ് ആൻഡ് പി 500 4450.32 -1.22%
നാസ്ഡാക് 13,708.30 -1.56%
ഡോളർ ($) ₹83.18 +₹0.15
ഡോളർ സൂചിക 105.32 -00.09
സ്വർണം(ഔൺസ്) $1925.10 +$13.50
സ്വർണം(പവൻ) ₹43,920 -₹320.00
ക്രൂഡ് (ബ്രെന്റ്)ഓയിൽ $93.98 -$0.16 -