വിപണികൾ യുദ്ധഭീതിയിൽ; ഏഷ്യയിൽ വൻ തകർച്ച; ഇന്ത്യൻ വിപണിയും താഴ്ന്ന തുടക്കത്തിന്; ഇൻഫാേസിസ് നിരാശപ്പെടുത്തി

വിപണി വീണ്ടും താഴ്ചയിലേക്കു വീഴുന്നു. ഇറാനിലേക്ക് ഇസ്രയേൽ മിസൈൽ അയച്ചെന്ന റിപ്പോർട്ടിൽ വിപണികൾ ഇടിവിലേക്കു നീങ്ങി. യു.എസ് ഫ്യൂച്ചേഴ്സും ഏഷ്യൻ വിപണികളും വലിയ താഴ്ചയിലാണ്. ക്രൂഡ് ഓയിലും സ്വർണവും വീണ്ടും കയറ്റത്തിലായി.

ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി വ്യാഴാഴ്ച രാത്രി 22,015ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ താഴ്ന്നു. ഇന്ത്യൻ വിപണി ഇന്നു വലിയ താഴ്ചയിൽ വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നൽകുന്ന സൂചന.

വിദേശ വിപണി

യൂറോപ്യൻ വിപണികൾ ഇന്നലെയും ചെറിയ നേട്ടത്തിൽ അവസാനിച്ചു. യൂറോപ്യൻ കേന്ദ്ര ബാങ്ക് ജൂണിൽ പലിശ കുറച്ചു തുടങ്ങും എന്ന വാദക്കാർക്കാണ് ഇപ്പോൾ വിപണിയിൽ പ്രാമുഖ്യം. ക്രൂഡ് ഓയിൽ വില കുറഞ്ഞത് വിമാനകമ്പനി ഓഹരികളെ ഉയർത്തി

യു.എസ് വിപണി വീണ്ടും താഴ്ന്നു. എസ് ആൻഡ് പി സൂചിക തുടർച്ചയായ അഞ്ചാം ദിവസവും ഇടിവിലായി. പലിശ കുറയ്ക്കൽ ഉടനേ ചിന്തിക്കേണ്ടതില്ല എന്നു ഫെഡ് അധികൃതർ വീണ്ടും ആവർത്തിച്ചു. നെറ്റ്ഫ്ലിക്സ് പ്രതീക്ഷയിലും മികച്ച ലാഭവും വരുമാനവും ഉള്ള പാദഫലം പുറത്തുവിട്ടു. അടുത്ത പാദം മുതൽ വരിക്കാരുടെ എണ്ണവും ശരാശരി വരുമാനവും പരസ്യപ്പെടുത്തുകയില്ലെന്നു കമ്പനി പ്രഖ്യാപിച്ചു.

ഇന്നലെ ഡൗ ജോൺസ് സൂചിക 22.07 പോയിൻ്റ് (0.06%) കയറി 37,775.40 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 11.09 പോയിൻ്റ് (0.22%) കുറഞ്ഞ് 5011.12ൽ വ്യാപാരം അവസാനിപ്പിച്ചു. നാസ്ഡാക് 81.87 പോയിൻ്റ് (0.52%) താഴ്ന്ന് 15,601.56ൽ ക്ലോസ് ചെയ്തു.യു.എസ് ഫ്യൂച്ചേഴ്സ് ഇന്നു വലിയ താഴ്ചയിലാണ്. ഡൗ 1.15 ശതമാനവും എസ് ആൻഡ് പി 1.35 ശതമാനവും നാസ്ഡാക് 1.63 ശതമാനവും താഴ്ന്നു നിൽക്കുന്നു.

യു.എസ് സർക്കാർ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം വീണ്ടും കയറി 4.53 ശതമാനത്തിലെത്തി. ഹ്രസ്വകാല കടപ്പത്രങ്ങളിൽ നിക്ഷേപനേട്ടം അഞ്ചു ശതമാനം കടന്നു.

ഏഷ്യൻ വിപണികൾ വലിയ താഴ്ചയിലാണ്. ജപ്പാനിലെ നിക്കൈ മൂന്നു ശതമാനം ഇടിഞ്ഞു. ദക്ഷിണ കൊറിയൻ വിപണി 2.5 ശതമാനവും, ഓസ്ട്രേലിയൻ വിപണി ഒന്നര ശതമാനവും താഴ്ന്നു.

ഇന്ത്യൻ വിപണി

വ്യാഴാഴ്ച നേട്ടത്തോടെ വ്യാപാരം തുടങ്ങിയ ഇന്ത്യൻ വിപണി പിന്നീടു കൂടുതൽ ഉയർന്നു. എന്നാൽ അവസാന രണ്ടു മണിക്കൂറിൽ വിപണി വലിയ വിൽപന സമ്മർദം മൂലം ഇടിഞ്ഞു. നിഫ്റ്റി 22,000 നു താഴെ ക്ലോസ് ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പു സംബന്ധിച്ച ആശങ്കയും വിപണിയിൽ ഉണ്ട്. ആദ്യം കരുതിയതു പോലെ അനായാസമായ വലിയ വിജയം ബി.ജെ.പിക്കു ലഭിക്കുകയില്ലെന്നു ചില കേന്ദ്രങ്ങൾ വിലയിരുത്തുന്നു. സെൻസെക്സ് 73,473 വരെ കയറിയിട്ട് 985 പോയിൻ്റും നിഫ്റ്റി 22,326 വരെ കയറിയിട്ട് 331 പോയിൻ്റും ഇടിഞ്ഞാണു വ്യാപാരം അവസാനിപ്പിച്ചത്.

സെൻസെക്സ് 454.69 പോയിന്റ് (0.62%) നഷ്ടത്തിൽ 72,488.99ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 152.05 പോയിന്റ് (0.69%) താഴ്ന്ന് 21,995.85ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 415.35 പോയിന്റ് (0.87%) താഴ്ന്നു 47,069.45 ൽ ക്ലോസ് ചെയ്തു.

മിഡ്ക്യാപ് സൂചിക 0.49 ശതമാനം താഴ്ന്നു 48,995.70ൽ ക്ലോസ് ചെയ്തു. സ്മോൾക്യാപ് സൂചിക 0.28 ശതമാനം നഷ്ടത്തോടെ 16,286.35ൽ വ്യാപാരം അവസാനിപ്പിച്ചു. മീഡിയ ഒഴികെ എല്ലാ വ്യവസായ മേഖലകളും ഇന്നലെ താഴ്ന്നു. ഹെൽത്ത്കെയർ ആണ് ഏറ്റവും ഇടിവിലായത്.

വ്യാഴാഴ്ച വിദേശ നിക്ഷേപകർ ക്യാഷ് വിപണിയിൽ 4260.33 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 2285.52 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

നിഫ്റ്റി 22,000നു താഴെ ക്ലോസ് ചെയ്തത് ഇടിവ് തുടരുന്നതിൻ്റെ സൂചനയായി വിലയിരുത്തുന്നു. നിഫ്റ്റിക്ക് ഇനി 21,700ലാണ് പിന്തുണ പ്രതീക്ഷിക്കാവുന്നത്. നിഫ്റ്റിക്ക് ഇന്ന് 21,955ലും 21,730ലും പിന്തുണ ഉണ്ട്. 22,230ലും 22,320ലും തടസങ്ങൾ പ്രതീക്ഷിക്കുന്നു.

ഇന്നലെ ആരംഭിച്ച വോഡഫോൺ ഐഡിയ എഫ്.പി.ഒയ്ക്ക് തണുപ്പൻ സ്വീകരണമാണു ലഭിച്ചത്. ഒന്നാം ദിവസം 26 ശതമാനം അപേക്ഷകൾ ലഭിച്ചു. ബജാജ് ഓട്ടോയുടെ റിസൽട്ട് പ്രതീക്ഷ പോലെ .മികച്ചതായി. നാലാം പാദത്തിൽ വരുമാനവും ലാഭവും 34 ശതമാനം വീതം വർധിച്ചു.

ഇന്ത്യയിലെ സെറിലാക് അമിതമായി പഞ്ചസാര ചേർത്തതാണെന്ന സ്വിസ് സന്നദ്ധ സംഘടനയുടെ ആരോപണത്തെ തുടർന്ന് നെസ്ലെ ഓഹരി മൂന്നു ശതമാനം ഇടിഞ്ഞു. ഇതേപ്പറ്റി ഭക്ഷ്യ സുരക്ഷാ അഥാേറിറ്റി അന്വേഷണം പ്രഖ്യാപിച്ചു.

സ്വർണം കുതിക്കുന്നു

രണ്ടു ദിവസത്തെ താഴ്ചയ്ക്കു ശേഷം സ്വർണവില വലിയ കുതിപ്പിലാണ്. ഇന്നലെ 2360-2394 ഡോളർ മേഖലയിൽ കയറിയിറങ്ങിയിട്ട് 2378.90 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2411 ഡോളറിലേക്കു കയറി. പശ്ചിമേഷ്യൻ സംഘർഷ ഭീതിയാണ് കാരണം. കേരളത്തിൽ വ്യാഴാഴ്ച സ്വർണം പവന് 240 രൂപ കുറഞ്ഞ് 54,120 രൂപ ആയി. ഇന്നു വില വീണ്ടും കയറും.

ലോഹങ്ങൾ കയറ്റം തുടരുകയാണ്. റഷ്യയിൽ നിന്നുള്ള ലോഹങ്ങൾക്ക് അമേരിക്കയും ബ്രിട്ടനും പുതിയ ഉപരോധം പ്രഖ്യാപിച്ചതും പലേടത്തും ഖനനം മുടങ്ങിയതുമാണു കാരണം. അലൂമിനിയം ഇന്നലെ 1.07 ശതമാനം കയറി ടണ്ണിന് 2614.67 ഡോളർ ആയി. ചെമ്പ് 2.32 ശതമാനം ഉയർന്ന് 9651.83 ഡോളർ ആയി. സിങ്ക് 0.86 ശതമാനവും ടിൻ 5.12 ശതമാനവും നിക്കൽ 1.95 ശതമാനവും ഉയർന്നു.

♦ ഏറ്റവും പുതിയ ധനംഓണ്‍ലൈന്‍ വാര്‍ത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ അംഗമാകൂ: വാട്‌സാപ്പ്, ടെലഗ്രാം

ഡോളർ സൂചിക ഇന്നലെ ഉയർന്ന് 106.15ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 106. 31ലാണ്. സൂചിക ഇനിയും കയറും എന്നാണു സൂചന. വ്യാഴാഴ്ച വിദേശനാണ്യ വിപണിയിൽ രൂപ അൽപം ഉയർന്ന ശേഷം പഴയ നിലയിലേക്കു (83.54) താഴ്ന്നു ക്ലോസ് ചെയ്തു. വിദേശത്തു ഡോളർ സൂചിക ഉയർന്നതാണു കാരണം.

ക്രൂഡ് ഓയിൽ വീണ്ടും കയറുന്നു

ക്രൂഡ് ഓയിൽ വില വീണ്ടും കയറ്റത്തിലായി. പശ്ചിമേഷ്യൻ സംഘർഷ ഭീതി തന്നെ കാരണം. ബ്രെൻ്റ് ക്രൂഡ് ഇന്ന് 86.4 ഡോളറിൽ എത്തിയ ശേഷം മൂന്നു ശതമാനം കയറി 89.88 ഡോളറിലായി. ഡബ്ള്യു.ടി.ഐ ഇനം 85.28ലും യു.എ.ഇയുടെ മർബൻ ക്രൂഡ് 89.94 ഡോളറിലും ആണ്.

ഏതാനും ദിവസത്തെ ചാഞ്ചാട്ടങ്ങൾക്കു ശേഷം ക്രിപ്റ്റോ കറൻസികൾ ഉയർന്നു. ബിറ്റ്കോയിൻ നാല് ശതമാനം കയറി 63,600 ഡോളറിലാണ്. മറ്റു ക്രിപ്റ്റോ കറൻസികളും ഉയർന്നു.

ഇൻഫോസിസ് നിരാശപ്പെടുത്തി

ഇന്നലെ വ്യാപാര സമയത്തിനു ശേഷം പുറത്തുവിട്ട ഇൻഫോസിസ് നാലാം പാദ റിസൽട്ട് നിരാശപ്പെടുത്തി. യു.എസ് വിപണിയിൽ ഇൻഫോസിസ് എ.ഡി.ആർ മൂന്നു ശതമാനത്തിലധികം താഴ്ന്നു. 43 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വാർഷിക വരുമാനവളർച്ച (1.4%) ആണു കമ്പനി നേടിയത്. നാലാം പാദത്തിൽ വരുമാനം 2.2 ശതമാനം കുറയുകയും ചെയ്തു. അമേരിക്കൻ ബിസിനസിലാണു കാര്യമായ കുറവ് വന്നത്.

ആദായനികുതി വകുപ്പ് വലിയ തുക തിരിച്ചു നൽകിയതു മൂലം അറ്റാദായത്തിൽ 30 ശതമാനം കുതിപ്പുണ്ടായി. അതു തുടർന്നു പ്രതീക്ഷിക്കാനില്ല. പക്ഷേ കമ്പനി ഭാവിവരുമാനത്തിൽ ഒന്നു മുതൽ മൂന്നു വരെ ശതമാനം വളർച്ചയേ പ്രതീക്ഷിക്കുന്നുള്ളു എന്നാൽ പ്രവർത്തനലാഭ മാർജിൻ 20-22 ശതമാനം നിലനിർത്തി. കഴിഞ്ഞ പാദത്തിൽ 20.7 ശതമാനമാണ് ലാഭമാർജിൻ.

വിപണിസൂചനകൾ (2024 ഏപ്രിൽ 18, വ്യാഴം)

സെൻസെക്സ്30 72,488.99 -0.62%

നിഫ്റ്റി50 21,995.85 -0.69%

ബാങ്ക് നിഫ്റ്റി 47,069.45 -0.87%

മിഡ്ക്യാപ് 100 48,995.70 -0.49%

സ്മോൾക്യാപ് 100 16,286.35 -0.28%

ഡൗ ജോൺസ് 30 37,775.40 +0.06%

എസ് ആൻഡ് പി 500 5011.12 -0.22%

നാസ്ഡാക് 15,601.50 -0.52%

ഡോളർ ($) ₹83.54 ₹0.00

ഡോളർ സൂചിക 106.15 -0.15

സ്വർണം (ഔൺസ്) $2378.90 -$04.30

സ്വർണം (പവൻ) ₹54,120 -₹ 240.00

ക്രൂഡ് (ബ്രെന്റ്) ഓയിൽ $87.11 -$02.98

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it