ആവേശത്തോടെ പുതിയ ആഴ്ചയില്‍; ഫെഡ് മിനിറ്റ്‌സില്‍ ശ്രദ്ധ; വിദേശികള്‍ ഓഹരി വിറ്റ് കടപ്പത്രങ്ങള്‍ വാങ്ങുന്നു
വിപണി പുതിയ ആഴ്ചയില്‍ പുതിയ ഉയരങ്ങള്‍ കീഴടക്കാനുള്ള ആവേശത്തിലാണ്. വെള്ളിയാഴ്ച താഴ്ന്ന് ക്ലോസ് ചെയ്ത യു.എസ് വിപണിയുടെ വഴിയേ അല്ല ഇന്ന് ഇന്ത്യന്‍ വിപണി നീങ്ങുക എന്നാണു പ്രതീക്ഷ. വ്യാഴാഴ്ച പുറത്തുവരുന്ന യു.എസ് ഫെഡറല്‍ റിസര്‍വ് മിനിറ്റ്‌സ് പലിശയെപ്പറ്റി എന്താണു പറയുക എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. യു.എസില്‍ ചില്ലറവിലകളും മൊത്തവിലകളും പ്രതീക്ഷയിലധികം ഉയര്‍ന്നതിനാല്‍ ജൂലൈക്കു മുന്‍പ് പലിശ കുറയ്ക്കാന്‍ വഴിയില്ലെന്നാണ് നിഗമനം.
വെള്ളിയാഴ്ച രാത്രി ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി 22,114.5ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 22,146ലാണ്. ഇന്ത്യന്‍ വിപണി ഇന്ന് ഉയര്‍ന്നു വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നല്‍കുന്ന സൂചന.
വിദേശ വിപണി
യൂറോപ്യന്‍ വിപണികള്‍ വെള്ളിയാഴ്ച നല്ല നേട്ടത്തിലാണ് അവസാനിച്ചത്. യു.കെയില്‍ ജനുവരിയിലെ റീറ്റെയ്ല്‍ വ്യാപാരം 3.4 ശതമാനം വര്‍ധിച്ചു. സാങ്കേതികമായി മാന്ദ്യത്തില്‍ വീണ രാജ്യത്തിന് ഇത് ആശ്വാസമായി. യു.കെയിലെ ഫുട്‌സീ സൂചിക ഒന്നര ശതമാനം കുതിച്ചു. നാറ്റ് വെസ്റ്റ് ബാങ്ക് ലാഭം വര്‍ധിപ്പിച്ചതും വിപണിയെ സഹായിച്ചു.
അഞ്ച് ആഴ്ച തുടര്‍ച്ചയായി ഉയര്‍ന്ന യു.എസ് സൂചികകള്‍ കഴിഞ്ഞയാഴ്ച നഷ്ടത്തിലായി. വെള്ളിയാഴ്ച മൊത്തവിലസൂചിക പ്രതീക്ഷയക്കാള്‍ വര്‍ധിച്ചത് വിപണിയെ വലിച്ചു താഴ്ത്തി. ചില്ലറവിലകളും മൊത്തവിലകളും ഒരേപോലെ കയറിയതു പലിശ കുറയ്ക്കല്‍ നീണ്ടു പോകും എന്നു കാണിക്കുന്നതായി.
ഡൗ ജോണ്‍സ് വെള്ളിയാഴ്ച 145.13 പോയിന്റ് (0.37%) താഴ്ന്ന് 38,628ല്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി 24.16 പോയിന്റ് (0.48%) കുറഞ്ഞ് 5005.57ല്‍ അവസാനിച്ചു. നാസ്ഡാക് 130.52 പോയിന്റ് (0.82%) ഇടിഞ്ഞ് 15,775.70ല്‍ ക്ലോസ് ചെയ്തു.
യു.എസ് ഫ്യൂച്ചേഴ്‌സ് ഇന്നു കയറ്റത്തിലാണ്. ഡൗ 0.12ഉം എസ് ആന്‍ഡ് പി 0.18ഉം നാസ്ഡാക് 0.31ഉം ശതമാനം ഉയര്‍ന്നു നില്‍ക്കുന്നു. യു.എസ് കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം 4.281 ശതമാനമായി.
ഏഷ്യന്‍ വിപണികള്‍ ഇന്ന് തുടക്കത്തില്‍ കയറിയെങ്കിലും പിന്നീടു ജപ്പാനിലെ നിക്കൈ താഴ്ചയിലായി. ഒരാഴ്ചത്തെ അവധിക്കു ശേഷം വ്യാപാരം പുനരാരംഭിച്ച ചൈനയില്‍ വിപണി നല്ല കയറ്റത്തിലാണ്.
ഇന്ത്യന്‍ വിപണി
വെളളിയാഴ്ച ഇന്ത്യന്‍ വിപണി നേട്ടത്തില്‍ തുടങ്ങി നേട്ടത്തില്‍ അവസാനിച്ചു. എന്നാല്‍ 22,100ലെ തടസം മറികടക്കാന്‍ നിഫ്റ്റിക്കു കഴിഞ്ഞില്ല.
സെന്‍സെക്‌സ് 376.26 പോയിന്റ് (0.52%) കയറി 72,426.64ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 129.95 പോയിന്റ് (0.59%) ഉയര്‍ന്ന് 22,040.75ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 165.95 പോയിന്റ് (0.36%) കയറി 46,384.85ല്‍ ക്ലോസ് ചെയ്തു.
മിഡ് ക്യാപ് സൂചിക 0.64 ശതമാനം ഉയര്‍ന്ന് 49,131.95ല്‍ ക്ലോസ് ചെയ്തു. സ്‌മോള്‍ ക്യാപ് സൂചിക 0.55 ശതമാനം കയറി 16,194.20ല്‍ വ്യാപാരം അവസാനിപ്പിച്ചു.
വെള്ളിയാഴ്ച വിദേശനിക്ഷേപകര്‍ ക്യാഷ് വിപണിയില്‍ 253.28 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 1,571 കോടി രൂപയുടെ ഓഹരികളും വാങ്ങി. ഫെബ്രുവരിയില്‍ ഇതുവരെ വിദേശികള്‍ ഓഹരികളില്‍ നിന്ന് 3,776 കോടി രൂപ പിന്‍വലിച്ചു. എന്നാല്‍ അവര്‍ പണം രാജ്യത്തു നിന്നു പിന്‍വലിച്ചില്ല. ഇന്ത്യന്‍ കടപ്പത്രങ്ങളില്‍ 16,559 കോടി രൂപ അവര്‍ നിക്ഷേപിച്ചു. ഓഹരികളില്‍ നിന്ന് കടപ്പത്രങ്ങളിലേക്കുള്ള മാറ്റം തുടരുമെന്നാണു വിലയിരുത്തല്‍. പലിശ നിരക്ക് കുറച്ചു തുടങ്ങുമ്പോഴേ പ്രവണത മാറൂ എന്നാണു നിഗമനം
22,000-22,100 മേഖലയിലെ പ്രതിരോധത്തിന്റെ തുടക്കം മറികടന്ന നിഫ്റ്റിക്ക് ഇന്നു 22,150 പുതിയ തടസ നിലയാണ്. സാങ്കേതിക സൂചകങ്ങള്‍ 22,250 വരെ നിഫ്റ്റിക്ക് കയറാന്‍ പഴുതു കാണുന്നുണ്ട്. അതു സാധ്യമാകുമോ എന്ന് ഇന്നറിയാം. നിഫ്റ്റിക്ക് ഇന്ന് 21,990ലും 21,925ലും പിന്തുണ ഉണ്ട്. 22,050ലും 22,125ലും തടസങ്ങള്‍ ഉണ്ടാകാം.
ക്രൂഡ് ഓയില്‍, സ്വര്‍ണം, ഡോളര്‍, ക്രിപ്‌റ്റോ കറന്‍സി
വെള്ളിയാഴ്ച ക്രൂഡ് ഓയില്‍ വില നേരിയ തോതില്‍ കയറി. ബ്രെന്റ് ഇനം ക്രൂഡ് 83.17 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 82.93 ഡോളറിലേക്കു താണു. ഡബ്‌ള്യു.ടി.ഐ ഇനം 78.79ഉം യുഎഇയുടെ മര്‍ബന്‍ ക്രൂഡ് 82.86ഉം ഡോളറിലായി.
സ്വര്‍ണം വെള്ളിയാഴ്ച അല്‍പം കയറി 2014.30 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2021.30 ഡോളറിലാണ്. കേരളത്തില്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയും സ്വര്‍ണം പവന് 80 രൂപ വീതം കൂടി 45,680 രൂപയായി. ഇന്നും വില കൂടാം.
ഡോളര്‍ സൂചിക വെള്ളിയാഴ്ച അല്‍പം താഴ്ന്ന് 104.23 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 104.22 ലാണ്. ഡോളര്‍ വെള്ളിയാഴ്ച 83.02 രൂപയില്‍ ക്ലോസ് ചെയ്തു. ക്രിപ്‌റ്റോ കറന്‍സികള്‍ കയറ്റം തുടരുന്നു. ഇന്നു രാവിലെ ബിറ്റ്‌കോയിന്‍ 52,300 ഡോളറിലാണ്.
കമ്പനികള്‍, ഓഹരികള്‍
പേയ്ടിഎം പേമെന്റ്‌സ് ബാങ്ക് പ്രവര്‍ത്തനം മാര്‍ച്ച് 15 വരെ തുടരാന്‍ റിസര്‍വ് ബാങ്ക് അനുവദിച്ചതും നോഡല്‍ ബാങ്ക് ആയി ആക്‌സിസ് ബാങ്കിനെ നിയമിച്ചതും പേയ്ടിഎം ഓഹരിയെ ഇന്നു സഹായിക്കും. വെള്ളിയാഴ്ച ഓഹരി അഞ്ചു ശതമാനം ഉയര്‍ന്നതാണ്. എന്നാല്‍ നേട്ടം നീണ്ടു നില്‍ക്കുന്നതല്ലെന്നു നിരീക്ഷകര്‍ കരുതുന്നു.
സൗത്ത് ഇന്ത്യന്‍ ബാങ്ക് അവകാശ ഇഷ്യുവിന്റെ വിലയും അനുപാതവും ബുധനാഴ്ച ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിക്കും. ബാങ്ക് എം.സി.എല്‍.ആര്‍ അധിഷ്ഠിത വായ്പകള്‍ക്ക് 0.15 ശതമാനം വരെ പലിശ കൂട്ടി.
ഫെഡറല്‍ ബാങ്ക് ഓഹരി വെള്ളിയാഴ്ച അഞ്ചു ശതമാനത്തോളം ഉയര്‍ന്ന് 164.80 രൂപ എന്ന റെക്കോര്‍ഡില്‍ ക്ലോസ് ചെയ്തു. ഓഹരി 165.80 രൂപ വരെ ഉയര്‍ന്നിരുന്നു. ധനലക്ഷ്മി ബാങ്ക് ഓഹരി അഞ്ചു ശതമാനം ഉയര്‍ന്ന് 47.80 രൂപയിലാണ് അവസാനിച്ചത്. കനറാ ബാങ്ക് ഓഹരി വിഭജിക്കും. മുഖവിലയില്‍ വരുത്തുന്ന മാറ്റം 26നു തീരുമാനിക്കും.
നൊവാര്‍ട്ടിസ് ഇന്ത്യയില്‍ സ്വിസ് മാതൃകമ്പനിയായ നൊവാര്‍ട്ടിസ് എ.ജിക്ക് ഉള്ള 70.68 ശതമാനം ഓഹരിയില്‍ ഗണ്യമായ ഭാഗം വില്‍ക്കാന്‍ ഉദ്ദേശിക്കുന്നു. ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ഇതു വാങ്ങാന്‍ രംഗത്തുണ്ട്.
വിപണിസൂചനകള്‍
(2024 ഫെബ്രുവരി 16, വെള്ളി)
സെന്‍സെക്‌സ്30 72,426.64 +0.52%
നിഫ്റ്റി50 22,040.75 +0.59%
ബാങ്ക് നിഫ്റ്റി 46,384.85 +0.36%
മിഡ് ക്യാപ് 100 49,131.95 +0.64%
സ്‌മോള്‍ ക്യാപ് 100 16,194.00 +0.55%
ഡൗ ജോണ്‍സ് 30 38,628.00 -0.37%
എസ് ആന്‍ഡ് പി 500 5005.57 -0.48%
നാസ്ഡാക് 15,775.70 -0.82%
ഡോളര്‍ ($) 83.02 -0.02
ഡോളര്‍ സൂചിക 104.23 -0.02
സ്വര്‍ണം (ഔണ്‍സ്) $ 2014.30 -$09.50
സ്വര്‍ണം (പവന്‍) 45, 760 +160.00
ക്രൂഡ് (ബ്രെന്റ്) ഓയില്‍ $83.17 +$0.32