തിരിച്ചു കയറാന്‍ വിപണി; നേട്ടം കാത്ത് ടെക്, ബാങ്ക് ഓഹരികള്‍; വിദേശ സൂചനകള്‍ പോസിറ്റീവ്; റിലയന്‍സ് റിസള്‍ട്ട് ഇന്ന്

വിപണി തുടര്‍ച്ചയായ മൂന്നു ദിവസത്തെ ഇടിവിനു ശേഷം തിരിച്ചു കയറ്റത്തിനുള്ള ശ്രമത്തിലാണ്. പാശ്ചാത്യ വിപണികള്‍ ഇന്നലെ നല്ല കുതിപ്പ് നടത്തി. ടെക് ഓഹരികളും വിപണിയുടെ ഉയര്‍ച്ചയ്ക്കു സഹായിച്ചു.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ റിസണ്‍ട്ട് ഇന്നറിയാം. വരുമാനത്തില്‍ ആറും മൊത്ത ലാഭത്തില്‍ 14 ഉം അറ്റാദായത്തില്‍ ഏഴും ശതമാനം വളര്‍ച്ചയാണ് അനാലിസ്റ്റുകള്‍ പ്രതീക്ഷിക്കുന്നത്.

വ്യാഴാഴ്ച രാത്രി ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി 21,470 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 21,560 വരെ കയറിയിട്ട് 21,530 ലേക്കു താണു. വീണ്ടും കയറി 21,550ന് മുകളില്‍ എത്തി. ഇന്ത്യന്‍ വിപണി ഇന്നു നേട്ടത്തില്‍ വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നല്‍കുന്ന സൂചന.

യൂറോപ്യന്‍ വിപണികള്‍ വ്യാഴാഴ്ച നല്ല നേട്ടത്തില്‍ അവസാനിച്ചു. ആഡംബര വാച്ചുകളുടെ നിര്‍മാതാക്കളായ വാച്ചസ് ഓഫ് സ്വിറ്റ്‌സര്‍ലന്‍ഡ് ഇക്കൊല്ലം ബിസിനസ് മോശമാകുമെന്നു മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് ഓഹരി 36 ശതമാനം ഇടിഞ്ഞു.

മൂന്നു ദിവസത്തെ ഇടിവിനു ശേഷം യു.എസ് വിപണി ഇന്നലെ നല്ല നേട്ടത്തിലായി. ആപ്പിള്‍ അടക്കം ടെക് ഓഹരികളാണു കയറ്റത്തിനു സഹായിച്ചത്. കടപ്പത്ര വിലകള്‍ ഇടിയുകയും അവയിലെ നിക്ഷേപനേട്ടം 4.163 ശതമാനത്തിലേക്കു കയറുകയും ചെയ്‌തെങ്കിലും വിപണി ഉയര്‍ന്നു.

ഡൗ ജോണ്‍സ് 201.94 പോയിന്റ് (0.54%) കയറി 37,468.61ല്‍ ക്ലോസ് ചെയ്തപ്പോള്‍ എസ് ആന്‍ഡ് പി 41.73 പോയിന്റ് (0.88%) ഉയര്‍ന്ന് 4780.94 ല്‍ അവസാനിച്ചു. നാസ്ഡാക് 200.03 പോയിന്റ് (1.35%) കുതിച്ച് 15,055.65 ല്‍ ക്ലോസ് ചെയ്തു.

യു.എസ് ഫ്യൂച്ചേഴ്‌സ് ഇന്നു ചെറിയ കയറ്റത്തിലാണ്. ഡൗ 0.04 ഉം എസ് ആന്‍ഡ് പി 0.05 ഉം നാസ്ഡാക് 0.20 ഉം ശതമാനം കയറി നില്‍ക്കുന്നു.

ഏഷ്യന്‍ വിപണികള്‍ ഇന്നു കയറ്റത്തിലാണ്. ജപ്പാനില്‍ വിലക്കയറ്റം 20 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലായി. നിക്കൈ സൂചിക 1.35 ശതമാനം കയറി. ചൈന ഒഴികെ എല്ലാ ഏഷ്യന്‍ വിപണികളും ഉയര്‍ന്നു നീങ്ങുന്നു.

ഇന്ത്യന്‍ വിപണി

വ്യാഴാഴ്ച ഇന്ത്യന്‍ വിപണി വലിയ താഴ്ചയുടെ സൂചന നല്‍കിയെങ്കിലും ഒടുവില്‍ അര ശതമാനം നഷ്ടത്തില്‍ അവസാനിച്ചു. സെന്‍സെക്‌സ് ദിവസത്തിലെ താഴ്ന്ന നിലയില്‍ നിന്ന് 750 ലേറെ പോയിന്റ് തിരിച്ചു കയറി.

തലേരാത്രി എച്ച്.ഡി.എഫ്.സി ബാങ്കിന്റെ അമേരിക്കന്‍ ഡെപ്പോസിറ്ററി റെസീറ്റ് (എ.ഡി.ആര്‍) ന്യൂയോര്‍ക്കില്‍ കുത്തനേ ഇടിഞ്ഞെങ്കിലും ഇന്ത്യന്‍ വിപണിയില്‍ മൂന്നര ശതമാനം താഴ്ന്നതേ ഉള്ളൂ. വ്യാഴാഴ്ച രാത്രി ബാങ്ക് എ.ഡി.ആര്‍ 1.67 ശതമാനവും . വ്യാപാരാനന്തരം 0.81 ശതമാനവും കയറി. ഇന്ന് ഇന്ത്യയിലും ബാങ്ക് ഓഹരി കയറുമെന്നാണു സൂചന. പല ബ്രോക്കറേജുകളും പോര്‍ട്ട്‌ഫോളിയോ മാനേജര്‍മാരും എച്ച്.ഡി.എഫ്.സി ബാങ്ക് ഓഹരി ആകര്‍ഷകമായ വിലനിലവാരത്തിലാണെന്നു വിലയിരുത്തുന്നുമുണ്ട്.

സെന്‍സെക്‌സ് ഇന്നലെ 313.90 പോയിന്റ് (0.44%) താഴ്ന്ന് 71,186.86 ലും നിഫ്റ്റി 109.70 പോയിന്റ് (0.51%) താഴ്ന്ന് 21,462.25 ലും വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 350.90 പോയിന്റ് (0.76%) ഇടിഞ്ഞ് 45,713.55 ല്‍ ക്ലോസ് ചെയ്തു.

മിഡ് ക്യാപ് സൂചിക 0.11 ശതമാനം താണ് 47,099.85 ലും സ്‌മോള്‍ ക്യാപ് സൂചിക 0.18 ശതമാനം താണ് 15,320.60 ലും വ്യാപാരം അവസാനിപ്പിച്ചു.

വിദേശനിക്ഷേപ ഫണ്ടുകള്‍ ഇന്നലെയും ക്യാഷ് വിപണിയില്‍ വലിയ വില്‍പനക്കാരായി. അവര്‍ ഇന്നലെ 9901.56 കോടിയുടെ ഓഹരികള്‍ വിറ്റു. ബുധനാഴ്ച അവര്‍ 10,578 കോടിയുടെ ഓഹരികള്‍ വിറ്റിരുന്നു. സ്വദേശി ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും കൂടി 5977.12 കോടിയുടെ ഓഹരികള്‍ വാങ്ങി.

വിപണിയില്‍ വില്‍പനസമ്മര്‍ദം ഉണ്ടാകുമെങ്കിലും ബുള്ളുകള്‍ കരുത്തുകാട്ടുമെന്നു പൊതുവേ കരുതപ്പെടുന്നു. ബാങ്ക് നിഫ്റ്റി തിരിച്ചു കയറ്റത്തിന് ഒരുങ്ങുന്നതായി വിലയിരുത്തുന്നവരും ഉണ്ട്. നിഫ്റ്റിക്ക് ഇന്ന് 21,330ലും 21,175 ലും പിന്തുണ ഉണ്ട്. 21,490 ഉം 21,680 ഉം തടസങ്ങളാകാം.

ക്രൂഡ് ഓയിലും സ്വര്‍ണവും

ക്രൂഡ് ഓയില്‍ വില വ്യാഴാഴ്ച ഉയര്‍ന്നു. ആഗോള ഡിമാന്‍ഡ് വര്‍ധിക്കുന്നതായ വിപണി റിപ്പോര്‍ട്ടുകളും യു.എസ് സ്‌റ്റോക്ക് കുറഞ്ഞതുമാണ്കാരണം. ബ്രെന്റ് ഇനം ക്രൂഡ് ബാരലിന് ഒന്നര ശതമാനം കയറി 79.10 ഡോളര്‍ ആയി. ഇന്നു രാവിലെ വില 78.90 ഡോളറിലേക്കു താണു. ഡബ്‌ള്യു.ടി.ഐ ഇനം 74.05ല്‍ എത്തി. യു.എ.ഇയുടെ മര്‍ബന്‍ ക്രൂഡ് 79.10 ലേക്ക് കയറി.

സ്വര്‍ണം സാവധാനം തിരിച്ചു കയറുകയാണ്. ഔണ്‍സിന് 2005 ഡോളറില്‍ നിന്ന് 2024 ഡോളറിലേക്കു കയറിയ സ്വര്‍ണം 2023.40 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2024.50 ലേക്കു വില കയറി.

ബുധനാഴ്ച കേരളത്തില്‍ പവന്‍വില 240 രൂപ കുറഞ്ഞ് 45,920 രൂപയായി. ഇന്നു വില അല്‍പം കയറും.

ഡോളര്‍ സൂചിക ഇന്നു രാവിലെ 103.37ലേക്കു താണു.

ഡോളറിന്റെ മുന്നില്‍ രൂപ ഇന്നലെ അല്‍പം കയറി. വിനിമയ നിരക്ക് 83.12 രൂപയില്‍ ക്ലോസ് ചെയ്തു.

ക്രിപ്‌റ്റോ കറന്‍സികള്‍ ഇടിവിലാണ്. ബിറ്റ്‌കോയിന്‍ ഇടിഎഫ് അനുവദിച്ചതിനെ തുടര്‍ന്ന് ഉണ്ടായ ആവേശം അടങ്ങിയ മട്ടാണ്. 47,000 ഡോളര്‍ വരെ കയറിയ ബിറ്റ് കോയിന്‍ ഇന്നു രാവിലെ 41,250 ഡോളറിലേക്കു താഴ്ന്നു.

കമ്പനികള്‍, വാര്‍ത്തകള്‍

പുതിയ ബിസിനസ് മൂല്യവും മാര്‍ജിനും ഗണ്യമായി കുറഞ്ഞ മൂന്നാം പാദ ഫലങ്ങളെ തുടര്‍ന്ന് ഇന്നലെ ഐ.സി.ഐ.സി.ഐ പ്രൂഡന്‍ഷ്യല്‍ ലൈഫ് ഓഹരി ഇന്നലെ 10 ശതമാനം വരെ ഇടിഞ്ഞു.

വരുമാനവും ലാഭവും നാമമാത്ര വളര്‍ച്ച മാത്രം കാണിച്ച റിസള്‍ട്ട് പുറത്തുവിട്ട എല്‍.ടി.ഐ മൈന്‍ഡ് ട്രീ 14 ശതമാനം വരെ ഇടിവിലായിരുന്നു. ഒറാക്കിള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സോഫ്റ്റ് വേര്‍ 30 ശതമാനം കുതിച്ച് 6622.80 രൂപ വരെ എത്തി. വരുമാനം 26 ശതമാനം വര്‍ധിച്ചപ്പോള്‍ അറ്റാദായത്തില്‍ 69 ശതമാനം വളര്‍ച്ച കാണിച്ചു കമ്പനി.

ജനുവരി 22നു ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് അവകാശ ഇഷ്യു സംബന്ധിച്ചു തീരുമാനം എടുക്കും എന്ന അറിയിപ്പിനെ തുടര്‍ന്ന് ശോഭ ഡെവലപ്പേഴ്‌സ് ഓഹരി 17.35 ശതമാനം വരെ ഉയര്‍ന്നു.

ലാഭത്തില്‍ വലിയ കുതിച്ചുചാട്ടവുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക് ഇന്നലെ ശ്രദ്ധാകേന്ദ്രമായി. അറ്റാദായം 197.42 ശതമാനം വര്‍ധിച്ച് 305.6 കോടി രൂപയായി. നിഷ്‌ക്രിയ ആസ്തി (എന്‍പിഎ)യില്‍ കുറവും ഉണ്ട്. മൊത്തം എന്‍പിഎ 5.48 ശതമാനത്തില്‍ നിന്ന് 4.74 ശതമാനമായി. അറ്റ എന്‍പിഎ 2.26 ല്‍ നിന്ന് 1.61 ശതമാനമായി കുറഞ്ഞു. ഓഹരിവില 12.5 ശതമാനം വര്‍ധിച്ച് 31.95 രൂപയിലെത്തിയിട്ട് അല്‍പം താഴ്ന്നു ക്ലോസ് ചെയ്തു.

ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് മൂന്നാം പാദത്തില്‍ അറ്റാദായം 17 ശതമാനം വര്‍ധിപ്പിച്ച് 2301 കോടി രൂപയാക്കി. മൊത്ത എന്‍പിഎ 2.06-ല്‍ നിന്ന് 1.92 ശതമാനമായി കുറഞ്ഞു.


വിപണി സൂചനകള്‍ (2024 ജനുവരി 18, വ്യാഴം)

സെന്‍സെക്‌സ്30 71,186.86 -0.44%

നിഫ്റ്റി50 21,462.25 - 0.51%

ബാങ്ക് നിഫ്റ്റി 45,713.55 -0.76%

മിഡ് ക്യാപ് 100 47,099.85 -0.11%

സ്‌മോള്‍ ക്യാപ് 100 15,320.60 -0.18%

ഡൗ ജോണ്‍സ് 30 37,468.61 +0.54%

എസ് ആന്‍ഡ് പി 500 4780.94 +0.88%

നാസ്ഡാക് 15,055.65 - +1.35%

ഡോളര്‍ ($) ?83.12 -?0.02

ഡോളര്‍ സൂചിക 103.37 -0.16

സ്വര്‍ണം (ഔണ്‍സ്) $2023.40 +$17.10

സ്വര്‍ണം (പവന്‍) ?45,920 -?240.00

ക്രൂഡ് (ബ്രെന്റ്) ഓയില്‍ $79.10 +$0.98

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it