വിപണിയില്‍ അനിശ്ചിതത്വം തുടരുന്നു; കേന്ദ്ര ബാങ്കുകളെ ശ്രദ്ധിച്ചു വിപണി; ക്രൂഡ് ഓയില്‍ വീണ്ടും ഉയരുന്നു

ക്രൂഡ് ഓയില്‍ വില കുതിച്ചു കയറുന്നതും കേന്ദ്ര ബാങ്കുകള്‍ എന്തു ചെയ്യും എന്ന ആശങ്കയും ഇന്നു വിപണികളെ സ്വാധീനിക്കും. ഇന്നലെ കണ്ട തിരിച്ചു കയറ്റം ഇന്നു തുടരാന്‍ തക്ക കരുത്തു വിപണിക്കുണ്ടോ എന്ന് ഉറപ്പില്ല.

ബാങ്ക് ഓഫ് ജപ്പാന്‍ ഇന്നും യു.എസ് ഫെഡ് നാളെയും ബാങ്ക് ഓഫ് ഇംഗ്ലണ്ട് മറ്റന്നാളും പണനയ പ്രഖ്യാപനം നടത്തും. ജപ്പാന്‍ നെഗറ്റീവ് പലിശ നിരക്ക് അവസാനിപ്പിക്കുന്ന പ്രഖ്യാപനം നടത്തിയേക്കും. മറ്റു രണ്ടു കേന്ദ്ര ബാങ്കുകളും ഈയാഴ്ച പലിശകുറയ്ക്കല്‍ പ്രഖ്യാപിക്കുകയില്ല എന്ന കാര്യത്തില്‍ വിപണി ഏകാഭിപ്രായത്തിലാണ്. ജൂണില്‍ കുറയ്ക്കുന്നതിന്റെ ഉറപ്പായ സൂചന കിട്ടുമോ എന്നാണു വിപണി ഉറ്റു നോക്കുന്നത്.
ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി 22,097ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 22,054 ആയി. ഇന്ത്യന്‍ വിപണി ഇന്നും താഴ്ന്നു വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നല്‍കുന്ന സൂചന.
വിദേശ വിപണി
യൂറോപ്യന്‍ വിപണികള്‍ തിങ്കളാഴ്ച നേരിയ നഷ്ടത്തില്‍ അവസാനിച്ചു. നാളെ യു.എസ് ഫെഡ് തീരുമാനം വന്ന ശേഷമേ വിപണി ദിശാബോധം കാണിക്കു.
യു.എസ് വിപണി തിങ്കളാഴ്ച നേട്ടത്തില്‍ തുടങ്ങിയിട്ടു കൂടുതല്‍ ഉയര്‍ന്നു. പക്ഷേ ഒടുവില്‍ ചെറിയ നേട്ടത്തില്‍ അവസാനിച്ചു. ടെക് മേഖല തിരിച്ചു കയറിയതോടെ നാസ്ഡാക് വിപണിയുടെ നിയന്ത്രണം തിരിച്ചു പിടിച്ചു. പലിശ കുറയ്ക്കല്‍ അകലെ എന്നു കരുതുന്നവര്‍ക്കാണു വിപണിയില്‍ ആധിപത്യം. യു.എസ് കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.324 ശതമാനമായി ഉയര്‍ന്നത് അതു കൊണ്ടാണ്.
തിങ്കളാഴ്ച ഡൗ ജോണ്‍സ് സൂചിക 75.66 പോയിന്റ് (0.20%) ഉയര്‍ന്ന് 38,790.43ല്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി 32.33 പോയിന്റ് (0.63%) കയറി 5149.42ല്‍ വ്യാപാരം അവസാനിപ്പിച്ചു. നാസ്ഡാക് 130.27 പോയിന്റ് (0.82%) ഉയര്‍ന്ന് 16,103.45ല്‍ എത്തി.
യു.എസ് ഫ്യൂച്ചേഴ്‌സ് ഇന്നു താഴ്ചയിലാണ്. ഡൗ 0.05 ശതമാനവും എസ് ആന്‍ഡ് പി 0.19 ശതമാനവും നാസ്ഡാക് 0. 38 ശതമാനവും താഴ്ന്നു നില്‍ക്കുന്നു.
ഏഷ്യന്‍ വിപണികള്‍ ഇന്നു രാവിലെ താഴ്ന്നു. ബാങ്ക് ഓഫ് ജപ്പാന്‍ 17 വര്‍ഷമായി തുടരുന്ന നെഗറ്റീവ് പലിശ ഇന്ന് അവസാനിപ്പിക്കും എന്നാണു വിപണിയുടെ നിഗമനം. -0.1 ശതമാനത്തില്‍ നിന്ന് പൂജ്യം ശതമാനത്തിലേക്കു കുറഞ്ഞ പലിശ ഉയര്‍ത്തും എന്നാണു പ്രതീക്ഷ. റിസര്‍വ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയയും ഇന്നു പണനയ തീരുമാനം പ്രഖ്യാപിക്കും. അവര്‍ നിരക്കു മാറ്റാനിടയില്ല.
ഇന്ത്യന്‍ വിപണി
തിങ്കളാഴ്ച ഇന്ത്യന്‍ വിപണി താഴ്ന്നു തുടങ്ങിയിട്ടു തിരിച്ചു കയറി. സെന്‍സെക്‌സ് 104.99 പോയിന്റ് (0.14%) കയറി 72,748.42ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 32.35 പോയിന്റ് (0.15%) ഉയര്‍ന്ന് 22,055.70ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 18.20 പോയിന്റ് (0.04%) താണ് 46,575.90ല്‍ ക്ലോസ് ചെയ്തു.
മിഡ് ക്യാപ് സൂചിക 0.39 ശതമാനം താണ് 46,501.65ല്‍ ക്ലോസ് ചെയ്തു. സ്‌മോള്‍ ക്യാപ് സൂചിക 0.57 ശതമാനം ഇടിഞ്ഞ് 14,762.15ല്‍ വ്യാപാരം അവസാനിപ്പിച്ചു.
തിങ്കളാഴ്ച വിദേശ നിക്ഷേപകര്‍ ക്യാഷ് വിപണിയില്‍ 2051.09 കോടി രൂപയുടെ ഓഹരികള്‍ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 2260.88 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.
വിപണിയില്‍ ബെയറിഷ് പ്രവണത മാറിയിട്ടില്ല. എങ്കിലും ഇന്നലെ കണ്ട ഉണര്‍വില്‍ ചില നിരീക്ഷകര്‍ പ്രതീക്ഷ കാണുന്നു. നിഫ്റ്റിക്ക് ഇന്ന് 21,950ലും 21,825ലും പിന്തുണ ഉണ്ട്. 22,110ലും 22,235ലും തടസങ്ങള്‍ ഉണ്ടാകാം.
ടി.സി.എസിലെ ഓഹരി കുറയ്ക്കാന്‍ ടാറ്റാ സണ്‍സ്
ടാറ്റാ സണ്‍സ് ടി.സി.എസിലെ ഓഹരിയില്‍ ഒരു ഭാഗം വിറ്റ് കടം കുറയ്ക്കാന്‍ ഒരുങ്ങുന്നു. ടാറ്റാ സണ്‍സ് ഐ.പി.ഒ നടത്തി ലിസ്റ്റ് ചെയ്യേണ്ട സാഹചര്യം ഒഴിവാക്കുകയാണു ലക്ഷ്യം.
ടി.സി.എസിലെ 2.34 കോടി ഓഹരികള്‍ വിറ്റ് 9,362 കോടി രൂപ സമാഹരിക്കും. കമ്പനിയുടെ മൊത്തം ഓഹരിയുടെ 0.65 ശതമാനമാണിത്. ശരാശരി വില 4,001 രൂപ വരും. തിങ്കളാഴ്ചത്തെ വിപണിവിലയില്‍ നിന്ന് 3.7 ശതമാനം ഡിസ്‌കൗണ്ട് ചെയ്ത വിലയാണിത്. വില്‍പന കഴിയുമ്പോള്‍ ടി.സി.എസില്‍ ടാറ്റാ സണ്‍സ് ഓഹരി 72 ശതമാനത്തിനു താഴെയാകും. സിറ്റി ഗ്രൂപ്പും ജെ.പി മോര്‍ഗനുമാണ് ഓഹരി വില്‍പനയ്ക്കു ബ്രോക്കര്‍മാരായത്.
ഇപ്പോള്‍ 21,909 കോടി രൂപയുടെ കടം ടാറ്റാ സണ്‍സിനുണ്ട്. കടം ഇല്ലാതായാല്‍ ഐ.പി.ഒ ബാധ്യതയില്‍ നിന്ന് ഒഴിവാകാം.
അദാനിക്കെതിരേ അന്വേഷണം
അദാനി ഗ്രൂപ്പിലെ കമ്പനികള്‍ ഇന്ത്യയിലും പുറത്തും കൈക്കൂലി നല്‍കി എന്ന ആരോപണത്തിലെ അന്വേഷണം യു.എസ് ഏജന്‍സികള്‍ വ്യാപിപ്പിച്ചത് ഗ്രൂപ്പ് കമ്പനികളുടെ വിലയിടിച്ചു. അദാനി ഗ്രൂപ്പ് ആരോപണങ്ങള്‍ നിഷേധിച്ചിട്ടുള്ളതാണ്. എന്നിട്ടും ന്യുയോര്‍ക്കിലെ യു.എസ് അംറ്റാര്‍ണി ഓഫീസ് അന്വേഷണം വ്യാപിപ്പിച്ചു. അന്വേഷണ പുരോഗതി അറിവായിട്ടില്ല.
സ്വര്‍ണം വീണ്ടും കയറുന്നു
വിവിധ ഏഷ്യന്‍ കേന്ദ്ര ബാങ്കുകള്‍ ഇന്നു പലിശ തീരുമാനം പ്രഖ്യാപിക്കാനിരിക്കെ സ്വര്‍ണം ഏതാനും ദിവസങ്ങള്‍ക്കു ശേഷം കയറ്റം പുനരാരംഭിച്ചു. വാരാന്ത്യത്തില്‍ താണു നിന്ന സ്വര്‍ണം ഇന്നലെ ചെറിയ മുന്നേറ്റം കാണിച്ചു. ഔണ്‍സിന് 2161.20 ഡോളറിലേക്കു സ്വര്‍ണം കയറി. ഇന്നുരാവിലെ 2162.20' ഡോളറിലേക്ക് ഉയര്‍ന്നു.
കേരളത്തില്‍ വ്യാഴം മുതല്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണം ഇന്നലെ അല്‍പം താണു. പവന് 200 രൂപ കുറഞ്ഞ് 48,280 രൂപ ആയി.
ഡോളര്‍ സൂചിക 103.59ലേക്കു കയറി ക്ലോസ് ചെയ്തു.
രൂപ തിങ്കളാഴ്ച അല്‍പം ദുര്‍ബലമായി. ഡോളര്‍ മൂന്നു പൈസ ഉയര്‍ന്ന് 82.91 രൂപയില്‍ ക്ലോസ് ചെയ്തു .
ക്രൂഡ് ഓയില്‍ മേലോട്ടു തന്നെ
ക്രൂഡ് ഓയില്‍ ലഭ്യതയെപ്പറ്റി പുതിയ ആശങ്കകള്‍ ഉടലെടുത്ത ശേഷം വില വീണ്ടും കയറി. റഷ്യന്‍ റിഫൈനറികള്‍ക്കു നേരേ യുക്രെയ്ന്‍ മിസൈല്‍ ആക്രമണം തുടരുന്നതാണു പ്രധാന ഭീഷണി. സൗദിയും മറ്റും ഉത്പാദനം കൂട്ടാന്‍ വിസമ്മതിക്കുന്നതും വില കൂട്ടുന്നു. ക്രൂഡ് ഓയില്‍ ക്രമേണ ഒഴിവാക്കാമെന്ന വ്യവസായ മേഖലയുടെ സ്വപ്‌നം പ്രായോഗികമല്ലെന്നു സൗദി അരാംകാേ സി.ഇ.ഒ ഇന്നലെ അവകാശപ്പെട്ടു.
ഇന്നു രാവിലെ ബ്രെന്റ് ഇനം ക്രൂഡ് 1.82 ശതമാനം കുതിച്ച് 86.89 ഡോളറില്‍ എത്തി. ഡബ്‌ള്യു.ടി.ഐ ഇനം 82.80 ഡോളറിലും യു.എ.ഇയുടെ മര്‍ബന്‍ ക്രൂഡ് 86.97 ഡോളറിലും ആണ്.
ക്രിപ്‌റ്റോകള്‍ താഴ്ചയില്‍
ക്രിപ്‌റ്റോ കറന്‍സികള്‍ ഏതാനും ദിവസമായി താഴുകയാണ്. 73,000 ഡോളര്‍ കടന്നു റെക്കോര്‍ഡ് കുറിച്ച ബിറ്റ്‌കോയിന്‍ പിന്നീട് ഏഴു ശതമാനത്തിലധികം താണ് 67,730നടുത്തായി. ഇന്ന് 66,000 ഡോളറിനു താഴെയായി.
4000 ഡോളറിനു മുകളില്‍ കടന്ന ഈഥര്‍ ഇതേ സമയം 16 ശതമാനം ഇടിഞ്ഞ് 3400 ലെത്തി. മറ്റു ക്രിപ്‌റ്റോകറന്‍സികളും കുത്തനേ താണു.

വിപണി സൂചനകള്‍ (2024 മാര്‍ച്ച് 18, തിങ്കള്‍)
സെന്‍സെക്‌സ്30 72,748.42 +0.14%
നിഫ്റ്റി50 22,055.70 +0.15%
ബാങ്ക് നിഫ്റ്റി 46,575.90 -0.04%
മിഡ് ക്യാപ് 100 46,501.65 -0.39%
സ്‌മോള്‍ ക്യാപ് 100 14,762.15 -0.57%
ഡൗ ജോണ്‍സ് 30 38,790.43 +0.20%
എസ് ആന്‍ഡ് പി 500 5149.0 42 +0.63%
നാസ്ഡാക് 16,103.45 +0.82%
ഡോളര്‍ ($) ₹82.91 +₹0.03
ഡോളര്‍ സൂചിക 103.59 +0.16
സ്വര്‍ണം (ഔണ്‍സ്) $2161.20 +$05.70
സ്വര്‍ണം (പവന്‍) ?48,280 -?200.00
ക്രൂഡ് (ബ്രെന്റ്) ഓയില്‍ $86.89 +$1.45


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it