യുഎസ് ആശങ്കകൾ അകലുന്നു; പ്രതീക്ഷയോടെ വിപണി
അമേരിക്കൻ ആശങ്കകൾ അകന്നത് ഏഷ്യൻ വിപണികളെ ഇന്നു രാവിലെ ഉയർത്തി. ഇന്ത്യൻ വിപണിയിൽ കരടികൾ വില താഴും എന്ന ധാരണയിൽ ഷോർട്ട് പാെസിഷനുകൾ വർധിപ്പിച്ചു. എങ്കിലും ഇന്ന് ഉയർന്ന നിലയിൽ വ്യാപാരം തുടങ്ങുമെന്ന പ്രതീക്ഷ ഉണ്ട്.
ലോക വിപണിയിൽ സ്വർണം താഴുകയും ഡോളർ ഉയരുകയും ചെയ്യുന്നത് ഇവിടെയും ചലനം ഉണ്ടാക്കാം. ജൂൺ ആദ്യം യുഎസ് ഫെഡ് പലിശ നിരക്കിൽ ചെറിയ വർധന കൂടി വരുത്തും എന്ന ധാരണ വിപണിയിൽ ശക്തിപ്പെട്ടു.
സിംഗപ്പുരിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്.ജി.എക്സ് വ്യാഴാഴ്ച രാത്രി ഒന്നാം സെഷനിൽ 18,178-ൽ ക്ലോസ് ചെയ്തു. രണ്ടാം സെഷനിൽ 18,220 ലേക്കു കയറി. ഇന്നു രാവിലെ 18,200 നു താഴെയായി. ഇന്ത്യൻ വിപണി അൽപം ഉയർന്നു വ്യാപാരം തുടങ്ങുമെന്നാണു ഡെറിവേറ്റീവ് വിപണി നൽകുന്ന സൂചന.
യൂറോപ്യൻ വിപണികൾ വ്യാഴാഴ്ച നല്ല നേട്ടത്തിൽ ക്ലോസ് ചെയ്തു. ജർമൻ സൂചിക ഒന്നര വർഷത്തിനിടയിലെ ഉയർന്ന നിലയിലെത്തി. കടപരിധി സംബന്ധിച്ചു യോജിപ്പിലെത്താൻ വഴി കണ്ടെന്നു യുഎസ് പ്രതിനിധി സഭാ സ്പീക്കറും റിപ്പബ്ലിക്കൻ നേതാവുമായ കെവിൻ മക്കാർത്തി സൂചിപ്പിച്ചത് യുഎസ് സൂചികകളെ ഉയർന്നു ക്ലോസ് ചെയ്യാൻ സഹായിച്ചു. വ്യാഴാഴ്ച ഡൗ ജോൺസ് 115.14 പോയിന്റ് ഉയർന്നു. എസ് ആൻഡ് പി 39.28 പോയിന്റും നാസ്ഡാക് 188.27 പോയിന്റും കയറി.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു ചെറിയ നേട്ടത്തിലാണ്. ഡൗ 0.02 ഉം എസ് ആൻഡ് പി 0.12 ഉം നാസ്ഡാക് 0.26 ഉം ശതമാനം ഉയർന്നു നിൽക്കുന്നു. ഏഷ്യൻ - ഓസ്ട്രേലിയൻ സൂചികകൾ ഇന്നു കയറ്റത്തിലാണ്. ഓസ്ട്രേലിയൻ വിപണി അര ശതമാനം കയറി. ജപ്പാനിൽ നിക്കെെ സൂചിക 0.68 ശതമാനം കുതിച്ച് 1990 നു ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലെത്തി. ചെെനീസ് വിപണി കുത്തനേ താണു. ഹോങ്കോങ് സൂചിക തുടക്കത്തിൽ ഒന്നര ശതമാനത്തിലധികം ഇടിഞ്ഞു.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണി തുടർച്ചയായ മൂന്നാം ദിവസവും താഴ്ചയിലായി. ഇന്നലെ സെൻസെക്സ് 128.9 പോയിന്റ് (0.21%) ഇടിഞ്ഞ് 61,431.74 ലും നിഫ്റ്റി 51.8 പോയിന്റ് (0.28%) താഴ്ന്ന് 18,129.95 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.59 ശതമാനവും സ്മോൾ ക്യാപ് സൂചിക 0.48 ശതമാനവും ഇടിഞ്ഞു.
ബാങ്ക്, ധനകാര്യ സേവന മേഖലകൾ ഒഴികെ എല്ലാ വ്യവസായ മേഖലകളും താഴ്ന്നു. പൊതുമേഖലാ ബാങ്കുകൾ, റിയൽറ്റി, ഫാർമ, എഫ്‌എംസിജി, ഓയിൽ - ഗ്യാസ്, ഹെൽത്ത് കെയർ മേഖലകൾ വലിയ ഇടിവിലായിരുന്നു.
വിപണിയുടെ സ്വഭാവം ബെയറിഷ് ആണ്. നിഫ്റ്റിയിൽ ഷോർട്ട് പൊസിഷനുകൾ വർധിച്ചു വരികയാണ്. ഇതു താഴ്ച തുടരുമെന്നു സൂചിപ്പിക്കുന്നു. 18,050 ൽ നിൽക്കുന്നില്ലെങ്കിൽ 17,800 വരെ നിഫ്റ്റി താഴുമെന്നു കരുതാം എന്നാണു വിദഗ്ധർ പറയുന്നത്. നിഫ്റ്റിക്കു 18,100 ലും 17,985 ലും സപ്പോർട്ട് ഉണ്ട്. 18,250 ലും 18,370 ലും തടസങ്ങൾ നേരിടാം.
വിദേശനിക്ഷേപകർ വ്യാഴാഴ്ച 970.18 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകൾ 849.96 കോടിയുടെ ഓഹരികൾ വിൽക്കുകയും ചെയ്തു. ക്രൂഡ് ഓയിൽ ഉയർന്ന നിലയിൽ തുടരാൻ പറ്റാതെ താഴ്ന്നു. ബ്രെന്റ് ഇനം ക്രൂഡ് ഇന്നലെ ഒന്നര ശതമാനം കുറഞ്ഞ് 75.86 ഡോളറിൽ ക്ലോസ് ചെയ്തു. ഡബ്ള്യുടിഐ ഇനം 72.01 ഡോളർ ആയി. ഇന്നു രാവിലെ ബ്രെന്റ് 75.82 ലേക്കും ഡബ്ള്യുടിഐ 71.91 ലേക്കും നീങ്ങി.
ഡോളറും സ്വർണവും
യുഎസ് സർക്കാരിന്റെ കടപരിധി സംബന്ധിച്ച ചർച്ചകൾ ധാരണയിൽ എത്തുമെന്ന സൂചനയും ഡോളർ ഉയർച്ചയും സ്വർണത്തെ വീണ്ടും താഴ്ത്തുകയാണ്. ഇന്നലെ 1983 ഡോളർ വരെ കയറിയ സ്വർണം 1959.10 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1954-1956 ഡോളറിലാണു വ്യാപാരം.
കേരളത്തിൽ പവൻ വില 160 രൂപ കുറഞ്ഞ് 44,880 രൂപയിൽ എത്തി. ഇന്നും വില കുറയാം. വ്യാവസായിക ലോഹങ്ങൾ വീണ്ടും താഴ്ചയിലാണ്. അലൂമിനിയം 0.59 ശതമാനം കുറത്ത് 2296.15 ഡോളറിലെത്തി. ചെമ്പ് 0.05 ശതമാനം താഴ്ന്ന് ടണ്ണിന് 8171.5 ഡോളർ ആയി. ടിൻ 0.48 ശതമാനം ഉയർന്നപ്പോൾ സിങ്ക് 1.56 ശതമാനവും നിക്കൽ 0.22 ശതമാനവും താണു.
ക്രിപ്റ്റോ കറൻസികൾ ചാഞ്ചാട്ടം തുടരുകയാണ്. ബിറ്റ്കോയിൻ 26,800 ഡോളറിലാണ്. ഡോളർ ഇന്നലെ 22 പൈസ ഉയർന്ന് 82.60 രൂപ ആയി. ഡോളർ സൂചിക ഉയർന്ന് 103.58 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 103.52 ലാണ്.
മികച്ച റിസൽട്ടുമായി എസ്ബിഐയും ഐടിസിയും
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നാലാം പാദത്തിൽ പ്രതീക്ഷ മറികടന്ന ലാഭ വളർച്ച കാണിച്ചു. വാർഷിക ലാഭം ആദ്യമായി 50,000 കോടി രൂപ കടത്തി എച്ച്ഡിഎഫ് സി ബാങ്കിനെ പിന്നിലാക്കി. നാലാം പാദ ലാഭം 83 ശതമാനം വർധിച്ച് 16,695 കോടി രൂപയായി. ബാങ്കിന്റെ മൊത്തം നിഷ്ക്രിയ ആസ്തി (ജിഎൻപിഎ) 3.97 ശതമാനത്തിൽ നിന്ന് 2.78 ശതമാനമായ കുറഞ്ഞു. ഒരു ദശകത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇതെല്ലാമാണെങ്കിലും കൂടുതൽ മികച്ച ഫലമാണു പ്രതീക്ഷിച്ചതെന്നു ബ്രാേക്കറേജുകൾ പറയുന്നു. ഓഹരി 2.1 ശതമാനം ഇടിഞ്ഞു.
ഐടിസി നാലാം പാദ അറ്റാദായം 21 ശതമാനം വർധിപ്പിച്ച് 5087 കോടി രൂപയാക്കി. വരുമാന വർധന ഏഴു ശതമാനം മാത്രം. സിഗററ്റ് വരുമാനം 14 ശതമാനം കൂടി 7356 കോടിയിലെത്തി. എഫ്എംസിജി വരുമാനം 19 ശതമാനം വർധിച്ച് 4945കോടിയായി. ഹോട്ടൽ വരുമാനം ഇരട്ടിച്ച് 782 കോടി രൂപയിലെത്തി. എന്നാൽ അഗ്രി ബിസിനസ് വരുമാനം 18 ശതമാനം കുറഞ്ഞ് 3579 കോടി രൂപയായി. ഓഹരി വില രണ്ടു ശതമാനം താണു.
ഹണിവെൽ ഓട്ടോമേഷൻ നാലാം പാദത്തിൽ വരുമാനം 27 ശതമാനം കൂട്ടിയപ്പോൾ അറ്റാദായം 54 ശതമാനം ഉയർന്നു. ഓഹരി വില എട്ടു ശതമാനത്തിലധികം വർധിച്ച് 40,000 രൂപ കടന്നു. ഡിഫൻസ് -ഏറോസ്പേസ് രംഗത്തെ എംടാർ ടെക്‌നോളജീസ് ലാഭം 99 ശതമാനം വർധിച്ച നാലാം പാദ റിസൽട്ട് പുറത്തുവിട്ടപ്പാേൾ ഓഹരിവില അഞ്ചു ശതമാനം ഇടിഞ്ഞു.
വിപണി സൂചനകൾ
(2023 മേയ് 18, വ്യാഴം)
സെൻസെക്സ് 30 61,431.74 -0.21%
നിഫ്റ്റി 50 18,129.95 -0.28%
ബാങ്ക് നിഫ്റ്റി 43,752.30 +0.12%
മിഡ് ക്യാപ് 100 32,570.55 -0.59%
സ്മോൾക്യാപ് 100 9890.00 -0.48%
ഡൗ ജോൺസ്30 33,535.91 +0.34%
എസ് ആൻഡ് പി500 4198.05 + 0.94%
നാസ്ഡാക് 12,688.84 +1.51%
ഡോളർ ($) ₹82.60 + 22 പൈസ
ഡോളർ സൂചിക 103.58 +0.66
സ്വർണം(ഔൺസ്) $1959.40 -$ 24.10
സ്വർണം(പവൻ ) ₹44,880 -₹160.00
ക്രൂഡ് (ബ്രെന്റ്)ഓയിൽ $75.86 -$1.10