ഓഹരി വിപണികളിൽ സമ്മർദം; ഏഷ്യൻ വിപണികൾ ഭിന്ന ദിശകളിൽ; ബാങ്കുകളിൽ ഇടിവ് തുടരുമെന്ന് ആശങ്ക; ഡോളർ താഴുന്നു

ഓഹരി വിപണികൾ സമ്മർദത്തിലാണ്. പലിശ സംബന്ധിച്ച അനിശ്ചിതത്വത്തിനൊപ്പം സാമ്പത്തിക വളർച്ച സംബന്ധിച്ച ആശങ്കകളും ഉയർന്നു വരുന്നു. ക്രൂഡ് ഓയിൽ വില വീണ്ടും കയറി. ഡോളർ താഴോട്ടു നീങ്ങി. ബാങ്കുകളുടെയും ധനകാര്യ കമ്പനികളുടെയും ഇടിവ് തുടരും എന്ന കാഴ്ചപ്പാടാണ് പല ബ്രേക്കറേജുകൾക്കും ഉള്ളത്.

ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളി രാത്രി 19,828-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 19,790 ലേക്കു താണിട്ട് 19,800 ലേക്കു തിരിച്ചു കയറി. ഇന്ത്യൻ വിപണി ഇന്ന് അൽപം താഴ്ന്നു വ്യാപാരം തുടങ്ങും എന്ന സൂചനയാണു ഡെറിവേറ്റീവ് വിപണി നൽകുന്നത്.

യൂറോപ്യൻ സൂചികകൾ വെള്ളിയാഴ്ച നല്ല നേട്ടത്തിലാണ് അവസാനിച്ചത്. സ്റ്റാേക്സ്‌ 600 ഉം സിഎസിയും ഡാക്സും ഒരു ശതമാനത്താേളം കയറി. ഒക്ടോബറിലെ യൂറോ സോൺ വിലക്കയറ്റം 2.9 ശതമാനമായി കുറഞ്ഞു. സെപ്റ്റംബറിൽ 4.3 ശതമാനമായിരുന്നു.

റോൾസ് റോയ്സ് കമ്പനിയുടെ ഓഹരി 52 ആഴ്ചയിലെ ഉയർന്ന നിരക്കിൽ എത്തി. ഈ വർഷം ഓഹരി 190 ശതമാനം ഉയർന്നു.

വോൾവോ കമ്പനിയുടെ ഓഹരികൾ ചെെനീസ് മാതൃകമ്പനി ഗീലി വിൽക്കുന്നതായ റിപ്പാേർട്ടിനെ തുടർന്ന് ഓഹരി വില 10 ശതമാനം ഇടിഞ്ഞു.

യു.എസ് വിപണി സൂചികകൾ വെള്ളിയാഴ്ച ചെറിയ നേട്ടത്തിൽ അവസാനിച്ചു. മൂന്നു സൂചികകളും പ്രതിവാര നേട്ടത്തിലാണ്. ഈ വ്യാഴാഴ്ച താങ്ക്സ് ഗിവിംഗ് ഹോളിഡേ പ്രമാണിച്ചു യു.എസ് വിപണിക്ക് അവധിയാണ്.

എൻവിഡിയ (NVIDIA) കമ്പനി ചൊവ്വാഴ്ച മൂന്നാം പാദ റിസൽട്ട് പ്രസിദ്ധീകരിക്കും. നിർമിതബുദ്ധി മേഖലയിലെ ഹരമായി മാറിയ ഈ ചിപ് നിർമാണ കമ്പനി പ്രതീക്ഷകൾ മറികടക്കുന്ന റിസൽട്ട് പുറത്തുവിടുമെന്ന നിഗമനത്തിലാണ് നിക്ഷേപകർ. അതേസമയം കമ്പനിക്ക് ഇത്ര വലിയ വില കൽപിക്കണോ എന്നു ചോദിക്കുന്നവരും ഉണ്ട്.

ഡൗ ജോൺസ് 1.81 പോയിന്റ് (0.01%) കയറി 34,947.28 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 5.78 പോയിന്റ് (0.13%) കയറി 4514. 02 ൽ അവസാനിച്ചു. നാസ്ഡാക് 11.81 പോയിന്റ് (0.08%) ഉയർന്ന് 14,125.48 ൽ ക്ലോസ് ചെയ്തു.

യു.എസ് കടപ്പത്ര വിലകൾ വെള്ളിയാഴ്ച കയറി. അവയിലെ നിക്ഷേപനേട്ടം 4.379 ശതമാനമായി കുറഞ്ഞ ശേഷം വിലകൾ വീണ്ടും താണു. ഒടുവിൽ 4.41 ശതമാനം നേട്ടത്തിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ നിക്ഷേപനേട്ടം 4.457 ശതമാനമായി കയറി.

യു.എസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ ചെറിയ താഴ്ചയിലാണ്. ഡൗ സൂചിക 0.05-ഉം എസ് ആൻഡ് പി 0.09 ഉം നാസ്ഡാക് 0.23 -ഉം ശതമാനം താഴ്ന്നു നിൽക്കുന്നു.

ഏഷ്യൻ വിപണികൾ ഇന്നു ഭിന്ന ദിശകളിലാണ്. ഓസ്ട്രേലിയൻ വിപണി ഉയർന്നു തുടങ്ങിയിട്ടു താഴ്ചയിലായി. വീണ്ടും കയറി. ജപ്പാനിൽ മുഖ്യ സൂചിക അര ശതമാനം ഉയർന്നാണു വ്യാപാരം തുടങ്ങിയത്. പിന്നീടു താഴ്ചയിലായി. കൊറിയയിൽ വിപണി ഉയർന്നു നിൽക്കുന്നു. ചൈനീസ് വിപണി താഴ്ന്നു വ്യാപാരം തുടങ്ങി.

ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണി വെള്ളിയാഴ്ച വലിയ വിൽപന സമ്മർദത്തിലായി. ബാങ്കുകൾക്കും ധനകാര്യ കമ്പനികൾക്കും അധിക ബാധ്യത വരുത്തുന്ന റിസർവ് ബാങ്ക് ഉത്തരവിന്റെ ആഘാതമാണു വിപണിയെ താഴ്ത്തിയത്. ബാങ്ക് നിഫ്റ്റി 1.31 ശതമാനം ഇടിഞ്ഞു.

വെള്ളിയാഴ്ച സെൻസെക്സ് 187.75 പോയിന്റ് (0.28%) താഴ്ന്ന് 65,794.73 ലും നിഫ്റ്റി 33.4 പോയിന്റ് (0.17%) താഴ്ന്ന് 19,731.8 ലും എത്തി. ബാങ്ക് നിഫ്റ്റി 577.6 പോയിന്റ് (1.31%) ഇടിഞ്ഞ് 43,583.95 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.2 ശതമാനം കയറി 41,811.25 ലും സ്മോൾ ക്യാപ് സൂചിക 0.09 ശതമാനം ഉയർന്ന് 13,881.85 ലും അവസാനിച്ചു.

19,850 ലെ ശക്തമായ പ്രതിരോധത്തെ മറികടക്കാൻ നിഫ്റ്റിക്കു കഴിഞ്ഞില്ല. അവിടം കടന്നാൽ 20,000 നു മുകളിലേക്കു യാത്ര സുഗമമാകും. മറിച്ചായാൽ കൂടുതൽ താഴ്ചയിലേക്കാകും.

ഇന്നു നിഫ്റ്റിക്ക് 19,680 ലും 19,600 ലും പിന്തുണ ഉണ്ട്. 19,790 ഉം 19,875 ഉം തടസങ്ങളാകും.

രണ്ടു ദിവസത്തെ വാങ്ങലിനു ശേഷം വെള്ളിയാഴ്ച വിദേശികൾ വിൽപനക്കാരായി. ക്യാഷ് വിപണിയിൽ അവർ 477.76 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 565.48 കോടി രൂപയുടെ ഓഹരികളും വിറ്റു.

ചെമ്പ് ഒഴികെയുള്ള വ്യാവസായിക ലോഹങ്ങൾ വെള്ളിയാഴ്ച ഇടിഞ്ഞു. അലൂമിനിയം 0.05 ശതമാനം താഴ്ന്നു ടണ്ണിന് 2210.51 ഡോളറിലായി. ചെമ്പ് 0.57 ശതമാനം കയറി ടണ്ണിന് 8168.05 ഡോളറിലെത്തി. ലെഡ് 0.55 ഉം നിക്കൽ 1.06 ഉം സിങ്ക് 0.17 ഉം ടിൻ 0.06. ഉം ശതമാനം താഴ്ചയിലായി.

ക്രൂഡ് ഓയിലും സ്വർണവും

ക്രൂഡ് ഓയിൽ വില വെള്ളിയാഴ്ച അൽപം ഉയർന്നു. ബ്രെന്റ് ഇനം ക്രൂഡ് ഓയിൽ 80.38 ഡോളറിലേക്കും ഡബ്ള്യുടിഐ ഇനം 75.65 ഡോളറിലേക്കും കയറി ക്ലോസ് ചെയ്തു. ഇന്നു രാവിലെ ഇവ യഥാക്രമം 80.83 ഉം 76.09 ഉം ആയി. യുഎഇയുടെ മർബൻ ക്രൂഡ് 81.97 ഡോളറിൽ വ്യാപാരം നടക്കുന്നു.

സ്വർണം വാരാന്ത്യത്തിൽ ഉയർന്നു നിന്നു. ഔൺസിന് 1981.20 ഡോളറിൽ ക്ലോസ് ചെയ്തു. എന്നാൽ ഇന്നു രാവിലെ 1973 ഡോളർ വരെ താഴ്ന്നിട്ട് 1982-ലേക്കു തിരിച്ചു കയറി.

കേരളത്തിൽ പവൻവില വെള്ളിയാഴ്ച 480 രൂപ ഉയർന്നു 45,240 രൂപയിൽ എത്തി.

ഡോളർ മൂന്നു പൈസ കയറി 83.26 രൂപയിൽ ക്ലോസ് ചെയ്തു.

ഡോളർ സൂചിക വെള്ളിയാഴ്ച താഴ്ന്നു. സൂചിക 103.92 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 103.84 ലേക്കു താണു.

ക്രിപ്‌റ്റോ കറൻസികൾ ഉയർന്നു നിൽക്കുന്നു. ബിറ്റ്കോയിൻ 37,300 ഡോളറിനു മുകളിലായി.

ഓപ്പൺ എഐയിലെ അട്ടിമറി: ടെക് മേഖലയിൽ ഞെട്ടൽ

നിർമിത ബുദ്ധി മേഖലയിലെ പ്രമുഖ കമ്പനിയായ ഓപ്പൺ എഐ യുടെ സ്ഥാപകരായ സാം ആൾട്ട്മാനെയും ഗ്രെഗ് ബ്രോക്ക്മാനെയും പുറത്താക്കിയതു ടെക്നോളജി മേഖലയിൽ വലിയ ഞെട്ടൽ ഉണ്ടാക്കി. മൈക്രോസോഫ്റ്റ് വലിയ നിക്ഷേപം നടത്തിയിട്ടുള്ള കമ്പനിയാണ് ഓപ്പൺ എഐ. ടെെഗർ ഗ്ലോബൽ, സെകോയ കാപ്പിറ്റൽ, ത്രൈവ് കാപ്പിറ്റൽ തുടങ്ങിയവയും വലിയ നിക്ഷേപകരാണ്. മൈക്രോസോഫ്റ്റ് മേധാവി സത്യ നഡെല്ല പുറത്താക്കലിൽ അസ്വസ്ഥത പ്രകടിപ്പിച്ചതായാണു റിപ്പോർട്ട്.

കമ്പനിയുടെ ഭാവിഗതി സംബന്ധിച്ചു ബോർഡ് തലത്തിലുള്ള അഭിപ്രായഭിന്നതയാണു പുറത്താക്കലിൽ കലാശിച്ചത്. ആൾട്ട്മാനെ കമ്പനിയിൽ തിരിച്ചെത്തിക്കാൻ ചർച്ചകൾ നടക്കുന്നുണ്ട്. ശനിയാഴ്ച ആൾട്ട്മാൻ കമ്പനി ആസ്ഥാനത്ത് എത്തിയിരുന്നു. കമ്പനിയിലെ പ്രമുഖ നിക്ഷേപകരാണ് ഇതിനു മുൻകൈ എടുക്കുന്നത്.

ഓപ്പൺ എഐയിലെ പ്രശ്നങ്ങൾ നിർമിതബുദ്ധിയുടെ ഭാവി വളർച്ചയെ ബാധിക്കുമെന്ന ആശങ്ക പലർക്കുമുണ്ട്. 1985-ൽ സ്റ്റീവ് ജോബ്സിനെ ആപ്പിൾ കമ്പനി പുറത്താക്കിയതിനോടാണ് ഈ സംഭവത്തെ പലരും താരതമ്യപ്പെടുത്തുന്നത്. 1997-ൽ ജോബ്സിനെ തിരിച്ചു കൊണ്ടു വന്നു ശേഷമാണ് ആപ്പിൾ വീണ്ടും വളർച്ചയുടെ വഴിയിലായത്.


7000 കോടി രൂപ സമാഹരിക്കാൻ അഞ്ച് ഐ.പി.ഒകൾ

ഐ.പി.ഒ വഴി പണം സമാഹരിക്കാൻ ഈയാഴ്ച നിരവധി കമ്പനികൾ ഒരുങ്ങിയിട്ടുണ്ട്. ടാറ്റാ ടെക്നോളജീസ് 3043 കോടിയും ഫെഡ് ഫിന (ഫെഡ് ബാങ്ക് ഫിനാൻഷ്യൽ സർവീസസ്) 1092 കോടിയും റിന്യൂവബിൾ എനർജി മേഖലയിലുള്ള ഐആർഇഡിഎ 2150 കോടി രൂപയും സമാഹരിക്കും. പേനകൾ നിർമിക്കുന്ന ഫ്ലെയർ റൈറ്റിംഗ് ഇൻഡസ്ട്രീസ് 593 കോടിയും ഗാന്ധാർ ഓയിൽ റിഫൈനറി 501 കോടിയും ലക്ഷ്യമിടുന്നു. ഏഴായിരം കോടി രൂപയാണ് ഈയാഴ്ചത്തെ ഐ.പി.ഒ കൾ മാെത്തം ശേഖരിക്കുക.


വിപണി സൂചനകൾ

(2023 നവംബർ 17, വെള്ളി)

സെൻസെക്സ്30 65,794.73 -0.28%

നിഫ്റ്റി50 19,731.80 -0.17%

ബാങ്ക് നിഫ്റ്റി 43,583.95 -1.31%

മിഡ് ക്യാപ് 100 41,811.25 +0.20%

സ്മോൾ ക്യാപ് 100 13,881.85 +0.09%

ഡൗ ജോൺസ് 30 34,947.30+0.01%

എസ് ആൻഡ് പി 500 4514.02 +0.13%

നാസ്ഡാക് 14,125.50 +0.08%

ഡോളർ ($) ₹83.26 +₹0.03

ഡോളർ സൂചിക 103.92 -0.45

സ്വർണം (ഔൺസ്) $1981.20 -$00.60

സ്വർണം (പവൻ) ₹45,240 +₹480.00

ക്രൂഡ് (ബ്രെന്റ്) ഓയിൽ $80.38 -$0.80

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it