ആശങ്കകൾ വിപണിയെ ഇടിച്ചു താഴ്ത്തുന്നു; എല്ലാ വിപണികളും ചുവപ്പിൽ; ക്രൂഡ് ഓയിലും സ്വർണവും ഉയരുന്നു

ആശങ്കകളും അനിശ്ചിതത്വങ്ങളും വിട്ടുമാറുന്നില്ല. വിപണികൾ ചുവന്നു തന്നെ കഴിയുന്നു. ഇന്നലെ യൂറോപ്പും യു.എസും ഇന്നു രാവിലെ ഏഷ്യയും നഷ്ടത്തിലാണ്. ക്രൂഡ് ഓയിൽ വില 93 ഡോളർ കടന്നു നിൽക്കുന്നതും യു.എസ് കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം അഞ്ചു ശതമാനത്തിൽ എത്തിയതും വിപണിയെ താഴാനേ സഹായിക്കൂ. യു.എസ് ഫെഡ് ചെയർമാൻ ജെറോം പവൽ നവംബർ ഒന്നിനു ഫെഡ് നിരക്കു കൂട്ടില്ല എന്ന സൂചന നൽകി. ഒപ്പം ഇനിയും പലിശ വർധിപ്പിക്കേണ്ടി വരും എന്ന മുന്നറിയിപ്പും നൽകി. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യവും വഷളായി വരുകയാണ്.

ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി വ്യാഴം രാത്രി 19,555 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ19,520 ലേക്ക് താഴ്ന്നു. ഇന്ത്യൻ വിപണി ഇന്നും താഴ്ന്നു വ്യാപാരം തുടങ്ങും എന്ന സൂചനയാണു ഡെറിവേറ്റീവ് വിപണി നൽകുന്നത്.

യൂറോപ്യൻ സൂചികകൾ വ്യാഴാഴ്ചയും ഇടിവിലായി. പശ്ചിമേഷ്യൻ സംഘർഷം വ്യാപകമാകുമെന്ന ഭീതിയാണു വിപണിയെ താഴ്ത്തുന്നത്. സ്റ്റോക്സ് 600 ഉം എഫ്ടിഎസ്ഇയും ഒരു ശതമാനത്തിലധികം താഴ്ന്നു. ഏഴു മാസത്തിനിടയിലെ താഴ്ന്ന നിലയിലാണ് സ്റ്റോക്സ് സൂചിക.

യു.എസ് വിപണി ഇന്നലെയും വലിയ നഷ്ടം കാണിച്ചു. പശ്ചിമേഷ്യൻ ആശങ്കകളും പലിശപ്പേടിയും വിപണിയെ ഉലയ്ക്കുന്നു. യുദ്ധം വ്യാപകമാകും എന്ന ആശങ്ക വിപണിയിലുണ്ട്.

യു.എസ് കടപ്പത്രങ്ങളുടെ വിലയിടിവ് തുടരുകയാണ്. 10 വർഷ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.99 ശതമാനത്തിലേക്കു കയറി. 2007 നു ശേഷം നിക്ഷേപനേട്ടം ഇത്രയും ഉയരുന്നത് ആദ്യമാണ്. പലിശനിരക്കുകൾ കൂടുതൽ ഉയരുമെന്നാണ് കടപ്പത്ര വിലയിടിവ് കാണിക്കുന്നത്.

യു.എസ് ഫെഡ് ചെയർമാൻ ജെറോം പവൽ ഇന്നലെ ഇക്കണോമിക് ക്ലബ് ഓഫ് ന്യൂയാേർക്കിൽ നടത്തിയ പ്രസംഗം വിപണിക്ക് ആശ്വാസവും ആശങ്കയും നൽകി. നവംബർ ഒന്നിലെ യോഗത്തിൽ ഫെഡ് നിരക്കു വർധിപ്പിക്കാൻ ഇടയില്ലെന്ന സൂചന ആശ്വാസമായി. എന്നാൽ വിലകൾ ഉയർന്നു നിന്നാൽ നിരക്ക് കൂട്ടൽ അനിവാര്യമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സാമ്പത്തികവളർച്ചയുടെ വേഗം കുറച്ചാലേ വിലക്കയറ്റം സ്വീകാര്യമായ നിലയിലേക്കു താഴൂ എന്ന് പവൽ സൂചിപ്പിച്ചു.

യു.എസിൽ തൊഴിലില്ലായ്മാ ആനുകൂല്യത്തിന് അപേക്ഷിച്ചവരുടെ എണ്ണം പ്രതീക്ഷയിലും കുറവായി. ഇതും താമസിയാതെ പലിശവർധനയ്ക്ക് അനുകൂലമായ ഘടകമാണ്.

നെറ്റ്ഫ്ലിക്സ് ഓഹരി കുതിച്ചു

അപ്രതീക്ഷിത വളർച്ച കാണിച്ച നെറ്റ്ഫ്ലിക്സ് ഓഹരി ഇന്നലെ 16 ശതമാനം കുതിച്ചു. വരുമാന പ്രതീക്ഷ താഴ്ത്തിയ ടെസ്ല ഓഹരി ഒൻപതു ശതമാനം ഇടിഞ്ഞു. വരുമാന പ്രതീക്ഷ കുറച്ച സോളർ കമ്പനി സോളർ എഡ്ജ് 20 ശതമാനം താഴ്ന്നു.

ഡൗ ജോൺസ് 250.91 പോയിന്റ് (0.75%) താഴ്ന്ന് 33,414.17 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 36.6 പോയിന്റ് (0.85%) കുറഞ്ഞ് 4278 ൽ അവസാനിച്ചു. നാസ്ഡാക് 128.13 പോയിന്റ് (0.96%) ഇടിഞ്ഞ് 13,186.18 ൽ ക്ലോസ് ചെയ്തു.

യു.എസ് ഫ്യൂച്ചേഴ്സ് ഇന്നു താഴ്ചയിലാണ്. ഡൗ 0.16 ഉം എസ് ആൻഡ് പി 0.25 ഉം നാസ്ഡാക് 0.35 ഉം ശതമാനം താഴ്ന്നു. യുഎസ് പ്രസിഡന്റ് പശ്ചിമേഷ്യൻ സാഹചര്യത്തെപ്പറ്റി നടത്തിയ പ്രസംഗത്തിനു ശേഷം ഫ്യൂച്ചേഴ്സ് വീണ്ടും താഴ്ന്നു.

ഏഷ്യൻ വിപണികൾ ഇന്നും കുത്തനേ ഇടിഞ്ഞാണു വ്യാപാരം തുടങ്ങിയത്. യുദ്ധത്തെപ്പറ്റിയുള്ള ആശങ്കയും 93 ഡോളർ കടന്നു കുതിക്കുന്ന ക്രൂഡ് ഓയിൽ ഉയർത്തുന്ന വിലക്കയറ്റ ഭീതിയും വിപണികളെ വലിച്ചു താഴ്ത്തുകയാണ്. ഒരു ശതമാനത്തിലധികം താഴ്ചയിലാണു ജപ്പാനിലെ നിക്കെെയും കൊറിയയിലെ കോസ്പിയും ഓപ്പൺ ചെയ്തത്. ചെെനയിലും ഓഹരികൾ ഗണ്യമായി താഴ്ന്നു വ്യാപാരം തുടങ്ങി. ജപ്പാനിലെ ചില്ലറ വിലക്കയറ്റം മൂന്നു ശതമാനമായി കുറഞ്ഞു.

ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണി വ്യാഴാഴ്ചയും താഴ്ചയിലായി. സെൻസെക്സ് 65,343 ലും നിഫ്റ്റി 19,512 ലും എത്തിയ ശേഷം ഗണ്യമായി ഉയർന്നു ക്ലോസ് ചെയ്യുകയായിരുന്നു.

സെൻസെക്സ് 247.78 പോയിന്റ് (0.38%) താഴ്ന്ന് 65,629.24ൽ അവസാനിച്ചു. നിഫ്റ്റി 46.4 പോയിന്റ് (0.24%) താഴ്ന്ന് 19,624.7ൽ ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 134.2 പോയിന്റ് (0.31%) ഇടിവിൽ 43,754.5 ൽ വ്യാപാരം അവസാനിപ്പിച്ചു.

മിഡ് ക്യാപ് സൂചിക 0.09 ശതമാനം താഴ്ന്ന് 40,332.6 ൽ ക്ലോസ് ചെയ്തപ്പാേൾ സ്മോൾ ക്യാപ് സൂചിക 0.15 ശതമാനം ഉയർന്ന് 13,030.6-ൽ അവസാനിച്ചു.

വാഹന, എഫ്.എം.സി.ജി, മീഡിയ, കൺസ്യൂമർ ഡ്യൂറബിൾസ് മേഖലകൾ മാത്രമാണ് നേട്ടം ഉണ്ടാക്കിയത്. മെറ്റൽ, ഫാർമ, ബാങ്ക്, ധനകാര്യ, റിയൽറ്റി, ഓയിൽ - ഗ്യാസ്, ഐടി മേഖലകൾ നഷ്ടത്തിലായി.

വിപണി മനോഭാവം നെഗറ്റീവായി തുടരുന്നു. ഇന്നു നിഫ്റ്റിക്ക് 19,540 ലും 19,435 ലും പിന്തുണ ഉണ്ട്. 19,675 ഉം 19,775 ഉം തടസങ്ങളാകും.

ഇന്നലെ വിദേശ നിക്ഷേപകർ ക്യാഷ് വിപണിയിൽ 1093.47 കോടിയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 736.15 കോടിയുടെ ഓഹരികൾ വാങ്ങി.

ചെമ്പ് ഒഴികെ എല്ലാ വ്യാവസായിക ലോഹങ്ങളും വ്യാഴാഴ്ച നഷ്ടത്തിലായി. അലൂമിനിയം 0.14 ശതമാനം താണ് ടണ്ണിന് 2183.7 ഡോളറിലായി. ചെമ്പ് 0.34 ശതമാനം ഉയർന്ന് ടണ്ണിന് 7927.85 ഡോളറിലെത്തി. ലെഡ് 0.70 ഉം സിങ്ക് 0.95 ഉം നിക്കൽ 0.99 ഉം ടിൻ 1.43 ഉം ശതമാനം താഴ്ന്നു.

ക്രൂഡ് ഓയിലും സ്വർണവും

ക്രൂഡ് ഓയിൽ വില ഇന്നലെയും ഇന്നും കയറ്റത്തിലാണ്. ബ്രെന്റ് ഇനം ക്രൂഡ് 92.38 ഡോളറിലും ഡബ്ള്യുടിഐ ഇനം 89.37 ഡോളറിലും ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില വീണ്ടും കയറി. ബ്രെന്റ് 93.29 ഡോളറിലേക്കും ഡബ്ള്യുടിഐ 90.35 ഡോളറിലേക്കും ഉയർന്നു. യുഎഇയുടെ മർബൻ ക്രൂഡ് 95.5 ഡോളറിൽ വ്യാപാരം നടക്കുന്നു.

സ്വർണവില ഇന്നലെ കുതിച്ചു കയറി. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിനു ഡിമാൻഡ് കൂടുകയാണ്. 1982 ഡോളർ വരെ കയറിയ സ്വർണം 1975.3 ഡോളറിൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ സ്വർണം 1976.8 ഡോളറിലേക്കു കയറി.

കേരളത്തിൽ വ്യാഴാഴ്ച പവൻ വില 200 രൂപ ഉയർന്ന് 44,560 രൂപയായി. ഇന്നും വില കൂടും. ഡോളർ ഇന്നലെ രണ്ടു പൈസ കുറഞ്ഞ് 83.24 രൂപയിൽ ക്ലോസ് ചെയ്തു.

ഡോളർ സൂചിക ഇന്നലെ താഴ്ന്ന് 106.25 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 106.36 ലേക്കു കയറി.

ക്രിപ്‌റ്റോ കറൻസികൾ കാര്യമായ മാറ്റമില്ലാതെ തുടരുന്നു. ബിറ്റ്കോയിൻ 28,650 ഡോളറിലാണ്.

കമ്പനികൾ, റിസൽട്ടുകൾ

നെസ്ലെ ഇന്ത്യയുടെ ഓഹരി വിഭജിക്കുമെന്നു പ്രഖ്യാപനം. 10 രൂപ മുഖവില ഉള്ള ഓഹരി ഒരു രൂപ മുഖവിലയുള്ള 10 ഓഹരികളായി മാറ്റും. ഓഹരിയുടെ വിപണിവില 24,000 രൂപ കടന്നു നിൽക്കുന്ന സാഹചര്യത്തിലാണിത്. കമ്പനി ഇന്നലെ രണ്ടാമത്തെ ഇടക്കാല ലാഭവീതം ഓഹരി ഒന്നിനു 140 രൂപ പ്രഖ്യാപിച്ചു.

കമ്പനിയുടെ സെപ്റ്റംബർ പാദ വരുമാനം 9.45 ശതമാനവും അറ്റാദായം 37.28 ശതമാനവും വർധിച്ചു. ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന 24,227 രൂപയിലെത്തി ഓഹരിവില.

ഗ്രാമീണ മേഖലയിൽ വിൽപന കുറഞ്ഞത് ഹിന്ദുസ്ഥാൻ യൂണി ലീവറിന്റെ ലാഭ വർധനയ്ക്കു തടസമായി. ഗ്രാമങ്ങളിലെ വിൽപന ഒരു ശതമാനം കുറഞ്ഞു. നഗരങ്ങളിൽ മൂന്നു ശതമാനം കൂടി. മൊത്തം വർധന രണ്ടു ശതമാനം. കമ്പനിയുടെ വിറ്റുവരവ് മൂന്നു ശതമാനം കൂടി 15,340 കോടി രൂപയായി. അറ്റാദായം 2670 കോടിയിൽ നിന്ന് 2657 കോടി രൂപയായി കുറഞ്ഞു. ഉൽപന്നങ്ങളുടെ വില പല തവണ കുറച്ചതും ലാഭ വർധനയ്ക്കു തടസമായി.

സിമന്റ് ഡിമാൻഡ് കൂടിയത് അൾട്രാ ടെക് സിമന്റിന്റെ വിറ്റുവരവ് 15 ശതമാനവും അറ്റാദായം 69 ശതമാനവും വർധിപ്പിച്ചു.

ഐ.ടി.സിയുടെ രണ്ടാം പാദ വിറ്റുവരവ് 3.4 ശതമാനം മാത്രം വർധിച്ചപ്പോൾ അറാദായം 10.32 ശതമാനം കൂടി. 17,549 കോടി രൂപ വിറ്റുവരവിൽ 4926.96 കോടി രൂപ അറ്റാദായം ഉണ്ട്. ലാഭത്തിൽ 4782 കോടിയും സിഗററ്റിൽ നിന്നാണ്.

സൗത്ത് ഇന്ത്യൻ ബാങ്ക് 23.2 ശതമാനം വളർച്ചയോടെ രണ്ടാം പാദ അറ്റാദായം 275 കോടി രൂപയിൽ എത്തിച്ചു. ബാങ്കിലെ നിഷ്ക്രിയ ആസ്തി 4.96 ശതമാനമായി താഴ്ന്നു. അറ്റ പലിശ വരുമാനം 14.3 ശതമാനം വർധിച്ചു. വായ്പാവിതരണം 10.3 ശതമാനവും നിക്ഷേപങ്ങൾ 7.3 ശതമാനവും വർധിച്ചിട്ടുണ്ട്.

വിപണി സൂചനകൾ

(2023 ഒക്ടോബർ 19, വ്യാഴം)


സെൻസെക്സ് 30 65,629.24 -0.38%

നിഫ്റ്റി 50 19,624.70 -0.24%

ബാങ്ക് നിഫ്റ്റി 43,754.50 -0.31%

മിഡ് ക്യാപ് 100 40,332.60 -0.09%

സ്മോൾ ക്യാപ് 100 13,030. 60 +0.15%

ഡൗ ജോൺസ് 30 33,414.17 -0.75%

എസ് ആൻഡ് പി 500 4278.00 -0.85%

നാസ്ഡാക് 13,186.18 -0. 96%

ഡോളർ ($) ₹83.24 -₹0.04

ഡോളർ സൂചിക 106.25 -0.32

സ്വർണം (ഔൺസ്) $1975.30 +$27.40

സ്വർണം (പവൻ) ₹44,560 +₹400.00

ക്രൂഡ് ബ്രെന്റ് ഓയിൽ $92.38 +$0.88

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it