ഫെഡ് തീരുമാനത്തിനു മുൻപേ വിപണികൾ താഴ്ചയിൽ; ചെെന നിരക്ക് കുറച്ചില്ല; ഇന്ത്യ-കാനഡ ബന്ധം ഉലയുന്നു

യു.എസ് കേന്ദ്രബാങ്കായ ഫെഡ് ഇന്നു പലിശ കാര്യത്തിൽ എന്തു പറയും എന്ന ആശങ്കയിലാണ് ലോക വിപണികൾ. എല്ലായിടത്തും വിപണികൾ താഴ്ചയിലുമാണ്. ഇന്ത്യൻ വിപണി ഒരു ദിവസത്തെ അവധിക്കു ശേഷം ഇന്നു തുറക്കുന്നതു താഴ്ചയോടെ ആകും എന്നാണു പൊതുവേ കണക്കാക്കുന്നത്. ചെെനയുടെ കേന്ദ്ര ബാങ്ക് പലിശനിരക്ക് മാറ്റാത്തത് ഏഷ്യൻ വിപണികളെ താഴ്ത്തി. ക്രൂഡ് ഓയിൽ 94 ഡോളറിനു മുകളിൽ തുടരുന്നതു വിലക്കയറ്റ ആശങ്കയെ ബലപ്പെടുത്തുന്നു.

ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി താങ്കൾ രാത്രി 20,172 ൽ ക്ലോസ് ചെയ്തു. ഇന്നലെ 20,100 ലേക്കു താഴ്ന്നു. ഇന്നു രാവിലെ 20,080 ലായി. ഇന്ത്യൻ വിപണി ഗണ്യമായി താഴ്ന്നു വ്യാപാരം തുടങ്ങും എന്ന സൂചനയാണു ഡെറിവേറ്റീവ് വിപണി നൽകുന്നത്.

യൂറോപ്യൻ സൂചികകൾ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും നഷ്ടത്തിൽ അവസാനിച്ചു. ഫെഡ് തീരുമാനത്തെപ്പറ്റിയുള്ള ആശങ്കകളാണ് വിപണിയെ നയിച്ചത്.

യു.എസ് വിപണികൾ തിങ്കളാഴ്ച നാമമാത്ര നേട്ടത്തിൽ ക്ലോസ് ചെയ്തു. ഡൗ ജോൺസ് 6.06 പോയിന്റ് (0.02%) കയറി 34,624.3 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 3.21 പോയിന്റ് (0.07%) ഉയർന്ന് 4453.53ലും നാസ്ഡാക് 1.90 പോയിന്റ് (0.01%) കൂടി 13,710.20 ലും ക്ലോസ് ചെയ്തു. ചൊവ്വാഴ്ച മൂന്നു സൂചികകളും നഷ്ടത്തിൽ അവസാനിച്ചു. ഡൗ ജോൺസ് 106.57 പോയിന്റ് (0.31%) താഴ്ന്ന് 34,514.7 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 9.58 പോയിന്റ് (0.22%) കുറഞ്ഞ് 4443.95ലും നാസ്ഡാക് 32.05 പോയിന്റ് (0.23%) താഴ്ന്ന് 13,678.20 ലും ക്ലോസ് ചെയ്തു.

യു.എസ് സൂചികകളുടെ ഫ്യൂച്ചേഴ്സ് കാര്യമായ മാറ്റമില്ലാതെ തുടർന്നു. ഡൗ 0.15 ഉം എസ് ആൻഡ് പി 0.19 ഉം നാസ്ഡാക് 0.16 ഉം ശതമാനം ഉയർന്നു നിൽക്കുന്നു.

ഇന്നു രാവിലെ ഏഷ്യൻ വിപണികൾ താഴ്ചയിലാണ്.

ചെെനയിലും വിപണി ഇടിവിലാണ്. ചെെനീസ് കേന്ദ്ര ബാങ്ക് പലിശ നിരക്ക് കുറയ്ക്കാതെ പണനയം പ്രഖ്യാപിച്ചതു വിപണിക്കു നിരാശയായി.

ഇന്ത്യൻ വിപണി

തിങ്കളാഴ്ച ഇന്ത്യൻ വിപണി താഴ്ന്നു തുടങ്ങി കൂടുതൽ താഴ്ന്നു ക്ലോസ് ചെയ്തു. സെൻസെക്സ് 67,532 വരെയും നിഫ്റ്റി 20,115 വരെയും താഴ്ന്നു. സെൻസെക്സ് 241.79 പോയിന്റ് (0.36%) ഉയർന്ന് 67,596.84 ലാണു ക്ലോസ് ചെയ്തത്. നിഫ്റ്റി 59.05 പോയിന്റ് (0.29%) ഇടിഞ്ഞ് 20,133.30 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 251.65 പോയിന്റ് (0.54%) താഴ്ന്ന് 45,979.85 ൽ ക്ലോസ് ചെയ്തു.

മിഡ് ക്യാപ് സൂചിക 0.42 ശതമാനം താഴ്ന്ന് 40,658.20 ൽ ക്ലോസ് ചെയ്തപ്പാേൾ സ്മോൾ ക്യാപ് സൂചിക 0.54 ശതമാനം ഇടിഞ്ഞ് 12,725.20 ൽ അവസാനിച്ചു.

പൊതുമേഖലാ ബാങ്കുകൾ ആണ് വലിയ ഉയർച്ച കാണിച്ചത്. പി എസ് യു ബാങ്ക് സൂചിക 3.42 ശതമാനം കയറി. ഐഒബി 20-ഉം ബാങ്ക് ഓഫ് മഹാരാഷ്ട്ര 12-ഉം യൂകോ ബാങ്ക് 13 - ഉം സെൻട്രൽ ബാങ്ക് 15 ഉം ശതമാനം ഉയർന്നു. വാഹന, എഫ്എംസിജി, കൺസ്യൂമർ ഡ്യൂറബിൾസ് കമ്പനികളും നേട്ടം ഉണ്ടാക്കി.

മെറ്റൽ, ഐടി, പ്രൈവറ്റ് ബാങ്ക്, ധനകാര്യ, ഫാർമ, റിയൽറ്റി, മീഡിയ, ഹെൽത്ത് സർവീസ് കമ്പനികൾ താഴ്ന്നു. എച്ച്ഡിഎഫ്സി ബാങ്ക് രണ്ടു ശതമാനം താണു.

സ്വതന്ത്ര ഡയറക്ടറുടെ രാജിയും അദ്ദേഹം ഉന്നയിച്ച വിഷയങ്ങളും തിങ്കൾ രാവിലെ ധനലക്ഷ്മി ബാങ്ക് ഓഹരിയെ ഒൻപതു ശതമാനം താഴ്ത്തി. പിന്നീട് ഓഹരി ഉയർന്നു. ഒരവസരത്തിൽ 12 ശതമാനം കയറി 33.8 രൂപയിലെത്തി. പിന്നീടു 4.44 ശതമാനം നേട്ടത്തിൽ 30.55 രൂപയിൽ ക്ലോസ് ചെയ്തു. ഓഹരിയിൽ ചാഞ്ചാട്ടം തുടരാം.

വിദേശഫണ്ടുകൾ തിങ്കളാഴ്ച ക്യാഷ് വിപണിയിൽ 1236.51 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 552.55 കോടിയുടെ ഓഹരികൾ വാങ്ങി.

അലൂമിനിയം ഒഴിച്ചുള്ള വ്യാവസായിക ലോഹങ്ങൾ തിങ്കളാഴ്ച ഇടിഞ്ഞു.. അലൂമിനിയം 0.95 ശതമാനം കയറി ടണ്ണിന് 2210.85 ഡോളറിലായി. ചെമ്പ് 0.92 ശതമാനം താഴ്ന്നു ടണ്ണിന് 8299.80 ഡോളറിൽ എത്തി. ടിൻ 0.28 ശതമാനവും നിക്കൽ 1.61 ശതമാനവും സിങ്ക് 1.56 ശതമാനവും ലെഡ് 0.16 ശതമാനവും താഴ്ന്നു. ചൊവ്വാഴ്ചയും ഈ ഗതി തുടർന്നു. അലൂമിനിയം 0.50 ശതമാനം കയറി ടണ്ണിന് 2221.85 ഡോളറിലായി. ചെമ്പ് 0.80 ശതമാനം താഴ്ന്നു ടണ്ണിന് 8233 ഡോളറിൽ എത്തി. ടിൻ 0.40 ശതമാനം കയറിയപ്പോൾ നിക്കൽ 1.32 ശതമാനവും സിങ്ക് 0.66 ശതമാനവും ലെഡ് 1.79 ശതമാനവും താണു.

ക്രൂഡ് ഓയിലും സ്വർണവും

ക്രൂഡ് ഓയിൽ ഉയർന്ന നിലയിൽ തുടരുന്നു. തിങ്കളാഴ്ച ബ്രെന്റ് ഇനം ക്രൂഡ് 94.43 ഡോളറിലാണു ക്ലോസ് ചെയ്തത്. ഇന്നലെ 94.34 ഡോളറിലും. ഇന്നു രാവിലെ ബ്രെന്റ് ഇനം 94.12 ഡോളറിലും ഡബ്ള്യുടിഐ ഇനം 91.2 1 ഡോളറിലും എത്തി. യുഎഇയുടെ മർബൻ ക്രൂഡ് 96.00 ഡോളറിലാണ്.

സ്വർണവില അൽപം താഴ്ന്നു. തിങ്കളാഴ്ച ഔൺസിന് 1934.50 ഡോളറിൽ എത്തിയ ശേഷം ഇന്നലെ 1931.90 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1930.20 ഡോളറിലേക്കു താണു.

കേരളത്തിൽ പവൻവില തിങ്കളാഴ്ചയും ചൊവ്വാഴ്ചയും 120 രൂപ വീതം വർധിച്ച് 44,160 രൂപയിൽ എത്തി.

രൂപ കൂടുതൽ ദുർബലമായി. തിങ്കളാഴ്ച ഡോളർ ഒൻപതു പൈസ കൂടി 83.27 രൂപയിൽ ക്ലോസ് ചെയ്തു.

ഡോളർ സൂചിക 105 നു മുകളിൽ തുടരുന്നു. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും 105.20 ൽ തന്നെ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 105.12 ലേക്കു താഴ്ന്നു.

ക്രിപ്‌റ്റോ കറൻസികൾ കയറിയിറങ്ങി. ബിറ്റ്കോയിൻ 27,000 ഡോളറിനു മുകളിൽ എത്തിയിട്ട് താഴ്ന്ന് 26,700 വരെ താഴ്ന്നു. ഇന്നു രാവിലെ 27,200 നു മുകളിലാണ്.

ഇന്ത്യ-കാനഡ ബന്ധം വഷളാകുമ്പോൾ


കാനഡയും ഇന്ത്യയും തമ്മിലുള്ള ബന്ധം വഷളായത് നയതന്ത്ര തലത്തിൽ ഒതുങ്ങുന്ന കാര്യമല്ല. കാനഡയിൽ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും കുടിയേറ്റം ആഗ്രഹിക്കുന്നവർക്കും തൽക്കാലം പ്രശ്നമില്ലെങ്കിലും ഉലച്ചിൽ നീണ്ടാൽ പ്രയാസം കൂടും. പരിപ്പ് ഇറക്കുമതിക്ക് ഇന്ത്യ ആശ്രയിച്ചിരുന്നത് കാനഡയെയാണ്. അതു ബുദ്ധിമുട്ടിലായാൽ വിലക്കയറ്റം തടയാൻ പ്രയാസപ്പെടും. കാനഡയിലെ വലിയ പെൻഷൻ ഫണ്ടുകൾ ഇന്ത്യൻ ഓഹരി വിപണിയിൽ നിക്ഷേപകരാണ്. അവർ പിൻവലിയാൻ ഇപ്പോൾ സാഹചര്യമില്ല.

കാനഡയിൽ ഖാലിസ്ഥാൻ വാദികൾക്കു സ്വതന്ത്ര പ്രവർത്തനത്തിന് അവസരം നൽകുന്നതിൽ ഇന്ത്യ കുറേ വർഷങ്ങളായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ചില ഖാലിസ്ഥാൻ വാദികൾ ഇന്ത്യയിൽ വിധ്വംസക - ഭീകര പ്രവർത്തനങ്ങൾക്ക് ശ്രമിക്കുന്നുണ്ട്. അതിലൊരാൾ കഴിഞ്ഞ ജൂണിൽ കാനഡയിൽ കൊല്ലപ്പെട്ടു. കൊലപാതകം ഇന്ത്യൻ ചാരസംഘടന നടത്തിച്ചതാണെന്നു കാനഡ കരുതുന്നു. കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ആണു കൊലയാളികൾക്കു പണം നൽകിയത് എന്നു കനേഡിയൻ പോലീസ് പറയുന്നു. ഇന്ത്യൻ പോലീസ് തലയ്ക്കു 10 ലക്ഷം രൂപ വിലയിട്ടിരുന്ന ആളാണ് കൊല്ലപ്പെട്ട നിജ്ജർ.

ജി 20 ഉച്ചകാേടിക്കിടെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച ചെയ്തു. ആക്രമണത്തിൽ ഇന്ത്യക്കു പങ്കില്ലെന്നു പറഞ്ഞ മോദി ഖാലിസ്ഥാനികളെ കാനഡ വിലക്കാത്തതിലുള്ള അതൃപ്തി അറിയിക്കുകയും ചെയ്തു. പിന്നീടു കാനഡ ഒരു ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കി. ഇന്ത്യ ഒരു കനേഡിയൻ നയതന്ത്രജ്ഞനെ മടക്കിവിട്ട് തിരിച്ചടിച്ചു. ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാർ (എഫ്ടിഎ) ഉണ്ടാക്കാനുള്ള ചർച്ചകൾ നിർത്തിവച്ചു. ഇന്ത്യയിലേക്കു യാത്ര ചെയ്യുന്നവർക്കു കാനഡ മുന്നറിയിപ്പും നൽകി.

ഈ തിങ്കളാഴ്ച, ഖാലിസ്ഥാൻ വാദിയുടെ കൊലപാതകത്തിൽ വിദേശരാജ്യത്തിനു പങ്കുണ്ടെന്നു ട്രൂഡോ കനേഡിയൻ പാർലമെന്റിൽ പറഞ്ഞു. പേരെടുത്തു പറഞ്ഞില്ലെങ്കിലും ഇന്ത്യയെ ചൂണ്ടുന്നതായിരുന്നു പ്രസ്താവന. ഇന്ത്യ പരസ്യമായി പ്രതിഷേധിച്ചു.

യു.എസും യു.കെയും കാനഡയുടെ ആരോപണത്തിൽ കഴമ്പുണ്ടെന്ന് പറയുന്നു. എങ്കിലും കൊലപാതകത്തെ സംയുക്തമായി അപലപിക്കാൻ ഇന്ത്യ തയാറാകണമെന്ന കനേഡിയൻ ആവശ്യത്തെ അനുകൂലിച്ചിട്ടില്ല.

കാനഡയിൽ അഞ്ചു ശതമാനം ഇന്ത്യൻ വംശജർ ഉണ്ട്. അതിൽ ഭൂരിപക്ഷം സിഖുകാരാണ്. രണ്ടു ലക്ഷത്തിലധികം ഇന്ത്യൻ വിദ്യാർഥികളും അവിടെ ഉണ്ട്.

ഇന്നു രാത്രി ഫെഡ് എന്തു പറയും?

ഇന്നു രാത്രി (ഇന്ത്യൻ സമയം) യുഎസ് ഫെഡറൽ റിസർവ് പലിശ കാര്യത്തിൽ നിർണായക പ്രഖ്യാപനം നടത്തും. തുടർന്നു ഫെഡ് ചെയർമാൻ ജെറോം പവൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കു മറുപടി നൽകും.

രണ്ടു കാര്യങ്ങളാണു വിപണി ഉറപ്പായി പ്രതീക്ഷിക്കുന്നത്. ഒന്ന്: ഇന്നു ഫെഡറൽ ഫണ്ട്സ് റേറ്റ് എന്ന താക്കോൽ നിരക്ക് വർധിപ്പിക്കില്ല. രണ്ട്: നവംബറിൽ നിരക്കു കൂട്ടും.

വിപണി അറിയാൻ ആഗ്രഹിക്കുന്നത് മറ്റു ചില കാര്യങ്ങളാണ്. ഒന്ന്: നവംബറിലേത് അവസാനത്തെ വർധന ആകുമോ? രണ്ട്: അടുത്ത വർഷത്തേക്കു ഫെഡ് പ്രതീക്ഷിക്കുന്ന വിലക്കയറ്റ നിരക്ക് എത്ര? മൂന്ന്: ജിഡിപി വളർച്ച സംബന്ധിച്ച ഫെഡ് നിഗമനം എന്ത്?

നവംബറിലെ വർധനയോടെ കുറഞ്ഞ പലിശ നിരക്ക് 5.5 ശതമാനമാകും. അത് കുറേ മാസങ്ങൾ മാറ്റമില്ലാതെ തുടരും എന്നാണു ധാരണ. അടുത്ത വർഷം വിലക്കയറ്റം രണ്ടു ശതമാനത്തിനു താഴെയാകും എന്നു ഫെഡ് കണക്കാക്കിയാൽ അടുത്ത വർഷം അവസാനത്തോടെ പലിശ കുറച്ചുതുടങ്ങും എന്നു പ്രതീക്ഷിക്കാം. വളർച്ച കുറയുകയും തൊഴിലില്ലായ്മ കൂടുകയും ചെയ്യും എന്നാണു നിഗമനമെങ്കിൽ പലിശ കുറയ്ക്കൽ നേരത്തേ തുടങ്ങും എന്നു പ്രതീക്ഷിക്കാം.

ഫെഡ് തീരുമാനം ഇന്നു യുഎസ് വിപണിയിൽ ചലനമുണ്ടാക്കും. നാളെ ഇന്ത്യൻ വിപണിയിലും മാറ്റം വരാം. സ്വർണം, ഡോളർ തുടങ്ങിയവയുടെ നിരക്കിലും ചലനങ്ങൾ പ്രതീക്ഷിക്കാം.

വിപണി സൂചനകൾ

(2023 സെപ്റ്റംബർ 18, തിങ്കൾ)


സെൻസെക്സ് 30 67,596.84 -0.36%

നിഫ്റ്റി 50 20,133.30 -0.29%

ബാങ്ക് നിഫ്റ്റി 45,979.85 -0.54%

മിഡ് ക്യാപ് 100 40,658.20 -0.42%

സ്മോൾ ക്യാപ് 100 12,725.20 -0.54%

ഡൗ ജോൺസ് 30 34,624.30 +0.02%

എസ് ആൻഡ് പി 500 4453.53 +0.07%

നാസ്ഡാക് 13,710.20 +0.01%

ഡോളർ ($) ₹83.27 +₹0.09

ഡോളർ സൂചിക 105.20 -00.12

സ്വർണം(ഔൺസ്) $1934.50 +$09.40

സ്വർണം(പവൻ) ₹44,040 +₹120.00

ക്രൂഡ് (ബ്രെന്റ്)ഓയിൽ $94.43 +$0.45

(2023 സെപ്റ്റംബർ 19, ചൊവ്വ)

ഡൗ ജോൺസ് 30 34,517.70 -0.31%

എസ് ആൻഡ് പി 500 4443.95 -0.22%

നാസ്ഡാക് 13,678.20 -0.23%

ഡോളർ സൂചിക 105.20 00.00

സ്വർണം(ഔൺസ്) $1931.90 -$02.60

സ്വർണം(പവൻ) ₹44,160 +₹120.00

ക്രൂഡ് (ബ്രെന്റ്)ഓയിൽ $94.34 -$0.10

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it