ചൈനയും പലിശയും ആഗോള വിപണിയുടെ ശ്രദ്ധാകേന്ദ്രങ്ങൾ

ചൈനയുടെ സാമ്പത്തിക പ്രശ്നങ്ങൾ വിപണിയിൽ ആശങ്ക വളർത്തുന്ന ഒരാഴ്ച കൂടി ഇന്നു തുടങ്ങുകയാണ്. ജാക്സൺ ഹോളിലെ കേന്ദ്ര ബാങ്ക് മേധാവികളുടെ യോഗത്തിൽ യുഎസ് ഫെഡ് ചെയർമാൻ പലിശ സംബന്ധിച്ച് എന്തു പറയും എന്നതിലേക്കാണു വിപണിയുടെ ശ്രദ്ധ. ഓഹരികൾ താഴുകയും ഡോളർ കരുത്തുകൂട്ടുകയും രൂപയും ചെെനീസ് യുവാനുമടക്കം ദുർബലമാകുകയും ചെയ്യുന്നത് ഈയാഴ്ചയും തുടരാം.

ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളി രാത്രി 19,329.5 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 19,310 ലേക്കു താണു. ഇന്നും താഴ്ന്ന തുടക്കമാകും ഇന്ത്യൻ വിപണിയുടേത് എന്ന സൂചനയാണു ഡെറിവേറ്റീവ് വിപണി നൽകുന്നത്.

യൂറോപ്യൻ സൂചികകൾ വെള്ളിയാഴ്ച നഷ്ടത്തിൽ അവസാനിച്ചു. ചെെന മാന്ദ്യത്തിലേക്കു നീങ്ങുന്നു എന്ന സൂചന യൂറോപ്യൻ വിപണികളെ ആശങ്കയിലാക്കി.

യുഎസ് വിപണികൾ ഭിന്ന ദിശകളിലായിരുന്നു. ഡൗ ജോൺസ് 25.83 പോയിന്റ് (0.07%) കയറി 34,500.70 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 0.65 പോയിന്റ് (0.01%) താഴ്ന്ന് 4369.71 ൽ അവസാനിച്ചു. നാസ്ഡാക് 26.16 പോയിന്റ് (0.20%) താണ് 13,290.80 ൽ ക്ലോസ് ചെയ്തു.

ഡൗ സൂചിക കഴിഞ്ഞയാഴ്ച 2.21 ശതമാനം താഴ്ന്നു. 34,500 നു മുകളിൽ നിൽക്കാനായെങ്കിലും കുറേക്കൂടി താഴുന്ന പ്രവണതയാണുള്ളത്. 33,900-34,200 മേഖലയിൽ ശക്തമായ പിന്തുണ കിട്ടുമെന്നാണു വിലയിരുത്തൽ. നാസ്ഡാക് 2.6 ശതമാനം ഇടിഞ്ഞു.

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു നേട്ടത്തിലാണ്. ഡൗ 0.09 ഉം എസ് ആൻഡ് പി 0.12 ഉം നാസ്ഡാക് 0.28 ഉം ശതമാനം കയറി.

ചൈന അടക്കം ഏഷ്യൻ വിപണികൾ വെള്ളിയാഴ്ച തകർച്ചയിലായിരുന്നു. ചൈനീസ് സൂചികകൾ ഒരു ശതമാനം താഴ്ന്നു. ഇന്നു ചെെനീസ് വിപണി വീണ്ടും താഴ്ചയിലായി. എന്നാൽ ജപ്പാനടക്കം ഏഷ്യൻ വിപണികൾ ഉയർന്നു. ചെെനീസ് കേന്ദ്ര ബാങ്ക് ഇന്നു ഹ്രസ്വകാല പലിശ കുറച്ചെങ്കിലും ദീർഘകാല പലിശയിൽ മാറ്റം വരുത്തിയില്ല. ഇതു വിപണിക്കു നിരാശയായി. യുവാൻ വീണ്ടും താണു.

ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണി വെള്ളിയാഴ്ച നഷ്ടം ആവർത്തിച്ചു. സെൻസെക്സ് 202.36 പോയിന്റ് (0.31%) താഴ്ന്ന് 64,948.66ലും നിഫ്റ്റി 55.10 പോയിന്റ് (0.28%) താഴ്ന്ന് 19,310.15 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.21 ശതമാനം കുറഞ്ഞ് 37,815.4 ൽ ക്ലോസ് ചെയ്തപ്പാേൾ സ്മോൾ ക്യാപ് സൂചിക 0.53 ശതമാനം താഴ്ന്ന് 11,683.35 ൽ ക്ലോസ് ചെയ്തു.

ആഴ്ചയിലെ കണക്ക് എടുത്താൽ നിഫ്റ്റി 0.61 ശതമാനവും സെൻസെക്സ് 0.57 ശതമാനവും താണു. ഒരു മാസം മുൻപത്തെ റിക്കാർഡ് നിലയിൽ നിന്ന് സെൻസെക്സ്‌ നാലും നിഫ്റ്റി 3.5 ഉം ശതമാനം താഴ്ചയിലാണ്.

വിദേശ ഫണ്ടുകൾ വെള്ളിയാഴ്ചയും ക്യാഷ് വിപണിയിൽ വിൽപനക്കാരായി. വിദേശികൾ വെള്ളിയാഴ്ച 266.98 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 339.18 കോടിയുടെ ഓഹരികൾ വാങ്ങി. ഓഗസ്റ്റിൽ ഇതുവരെ വിദേശികൾ 8300 കോടി രൂപ ഇന്ത്യൻ ഓഹരികളിൽ നിക്ഷേപിച്ചിട്ടുണ്ട്.

വെള്ളിയാഴ്ചയും 19,300 ലെ പിന്തുണനിലയ്ക്കു മുകളിൽ ആണു നിഫ്റ്റി ക്ലോസ് ചെയ്തത്. ബുള്ളുകൾക്കു മുന്നേറ്റ പ്രതീക്ഷ ഉണ്ടെങ്കിലും ആത്മവിശ്വാസം കുറവായാണു കാണുന്നത്.

ഇന്നു നിഫ്റ്റിക്ക് 19,265 ലും 19,190 ലും പിന്തുണ ഉണ്ട്. 19,360 ഉം 19,430 ഉം തടസങ്ങളാകാം.

വ്യാവസായിക ലോഹങ്ങൾ വെള്ളിയാഴ്ച ഭിന്ന ദിശകളിലായിരുന്നു. അലൂമിനിയം 0.34 ശതമാനം താണ് ടണ്ണിന് 2138.15 ഡോളറിലായി. ചെമ്പ് 0.16 ശതമാനം ഉയർന്നു ടണ്ണിന് 8213.6 ഡോളറിൽ എത്തി. ടിൻ 0.12 ശതമാനവും നിക്കൽ 0.37 ശതമാനവും ലെഡ് 0.45 ശതമാനവും ഉയർന്നു. സിങ്ക് 2.22 ശതമാനം താണു.

ക്രൂഡ് ഓയിലും സ്വർണവും

ക്രൂഡ് ഓയിൽ വില വീണ്ടും ഉയർന്നു. ബ്രെന്റ് ഇനം ക്രൂഡ് 0.8 ശതമാനം കയറി 84.80 ഡോളറിലും ഡബ്ള്യുടിഐ ഇനം 81.25 ഡോളറിലും വെള്ളിയാഴ്ച ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെന്റ് ഇനം ക്രൂഡ് 85.20 ഡോളറിലേക്കും ഡബ്ള്യുടിഐ ഇനം 81.75 ഡോളറിലേക്കും കയറി.

സ്വർണം കാര്യമായ മാറ്റമില്ലാതെ തുടർന്നു. ഔൺസിന് 1890.50 ഡോളറിൽ കഴിഞ്ഞ വാരം ക്ലോസ് ചെയ്തു. ഇന്നു രാവിലെ സ്വർണം 1887.50 ഡോളറിലേക്കു താണു. കേരളത്തിൽ പവൻവില 43,280 രൂപയിൽ തുടർന്നു. രൂപ വെള്ളിയാഴ്ചയും താഴ്ചയിലായി. ഡോളർ 83.10 രൂപയിൽ ക്ലോസ് ചെയ്തു. രൂപ ഇനിയും താഴുമെന്നാണു വിലയിരുത്തൽ.

ഡോളർ സൂചിക വെള്ളിയാഴ്ച അൽപം താണ് 103.38-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 103.43 വരെ കയറി.

ക്രിപ്റ്റോ കറൻസികൾ താഴ്ന്നു നിൽക്കുന്നു. ബിറ്റ്കോയിൻ 26,000 ഡോളറിനു താഴെ വീണിട്ട് തിരികെ 26,100-ൽ എത്തി.

ജിയോ ഫിനാൻഷ്യൽ സർവീസസ് ലിസ്റ്റിംഗ് ഇന്ന്

റിലയൻസിൽ നിന്നു വേർപെടുത്തിയ ജിയോ ഫിനാൻഷ്യൽ സർവീസസ് ഇന്നു ലിസ്റ്റ് ചെയ്തു വ്യാപാരം തുടങ്ങും. ഒരേ ദിവസം വാങ്ങലും വിൽപനയും അനുവദിക്കാത്ത ട്രേഡ് ഫോർ ട്രേഡ് വിഭാഗത്തിലാകും ആദ്യ പത്തു ദിവസം ഓഹരി. ഒരു ദിവസം അഞ്ചു ശതമാനം ആയിരിക്കും സർക്കീട്ട് ലിമിറ്റ്.

സൂചികകളെ പിന്തുടരുന്ന ഫണ്ടുകൾ ജിയോഫിൻ ഓഹരികൾ ഒഴിവാക്കുന്നതിന് വലിയ തോതിൽ വിൽപന നടത്തും. റിലയൻസിന്റെ എല്ലാ ഓഹരി ഉടമകൾക്കും ഒന്നിനൊന്ന് അനുപാതത്തിൽ ജിയോഫിൻ ഓഹരികൾ നൽകിയിട്ടുണ്ട്.

ജൂലൈയിൽ റിലയൻസിൽ നിന്നു മാറ്റിയപ്പോൾ വില കണ്ടെത്താൻ നടത്തിയ വ്യാപാരത്തിൽ 261.85 രൂപയാണു ജിയോഫിന് നിർണയിച്ചത്. അനൗപചാരിക വിപണിയിൽ 300 രൂപ വരെ വിലയുണ്ട്.

തുടക്കത്തിൽ വിവിധ സൂചികകളിൽ ജിയോഫിൻ തുടരുമെങ്കിലും ഒരു ദിവസത്തിനു ശേഷം മാറ്റും. അതോടെ സൂചികകളിൽ വിവിധ ഓഹരികളുടെ വെയിറ്റേജ് പുനർക്രമീകരിക്കും. റിലയൻസ് ഓഹരികൾ ഇന്ന് എക്സ് ഡിവിഡൻഡ് ആകും. ഒൻപതു രൂപയാണു ഫൈനൽ ഡിവിഡൻഡ്.

കമ്പനികൾ, വാർത്തകൾ

മുരുഗപ്പ ഗ്രൂപ്പിൽ പ്രൊമോട്ടർമാർക്കിടയിലെ തർക്കം ഒത്തു തീർന്നു. എം.വി. മുരുഗപ്പന്റെ മകൾ വള്ളി അരുണാചലവും മറ്റു കുടുംബാംഗങ്ങളും തമ്മിലായിരുന്നു തർക്കവും കേസുകളും. കേസുകൾ പിൻവലിക്കും. വള്ളിയുമായുള്ള ഇടപാടുകൾ 90 ദിവസത്തിനകം തീർക്കും.

ഒത്തുതീർപ്പിന്റെ വിശദാംശങ്ങൾ പുറത്തു വിട്ടിട്ടില്ല. ചോളമണ്ഡലം ഇൻവെസ്റ്റ്മെമെന്റ്സ്, കാർബോറണ്ഡം യൂണിവേഴ്സൽ, കൊറോമാണ്ടൽ ഇന്റർനാഷണൽ, ശാന്തി ഗിയേഴ്സ്, ഇഐഡി പാരി, പാരി അഗ്രാേ തുടങ്ങി 10 ലിസ്റ്റഡ് കമ്പനികൾ ഗ്രൂപ്പിനുണ്ട്.

പുതിയ എംഡിയും സിഇഒയുമായി പി.ആർ ശേഷാദ്രി നിയമിതനായതിനെ തുടർന്നു വെള്ളിയാഴ്ച സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരി 11.2 ശതമാനം വരെ ഉയർന്നിട്ട് 6.4 ശതമാനം നേട്ടത്തിൽ ക്ലോസ് ചെയ്തു. ബാങ്കിന്റെ 12 കോടി ഓഹരികൾ അന്നു വലിയ ഇടപാടുകളിലായി കൈമാറ്റം ചെയ്യപ്പെട്ടു. ആരാണ് ഇടപാടുകാർ എന്നു വ്യക്തമായിട്ടില്ല.

വെള്ളിയാഴ്ച അദാനി ഗ്രൂപ്പ് ഓഹരികൾ കുതിച്ചു. ഗ്രൂപ്പിന്റെ വിപണിമൂല്യം 45,200 കോടി രൂപ വർധിച്ച് 11 ലക്ഷം കോടി കവിഞ്ഞു. ഹിൻഡൻബർഗ് റിപ്പോർട്ടിനു മുൻപ് 19 ലക്ഷം കോടി ഉണ്ടായിരുന്നു. അബുദാബി നാഷണൽ എനർജി കമ്പനി (തഖ) അദാനി ഗ്രൂപ്പിൽ വലിയ നിക്ഷേപത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട് ഉണ്ടായിരുന്നു. ഇരു ഗ്രൂപ്പുകളും റിപ്പോർട്ട് നിഷേധിച്ചു.

വിപണി സൂചനകൾ

(2023 ഓഗസ്റ്റ് 18, വെള്ളി)

സെൻസെക്സ് 30 64,948.66 -0.31%

നിഫ്റ്റി 50 19,310.15 -0.28%

ബാങ്ക് നിഫ്റ്റി 43,851.05 -0.09%

മിഡ് ക്യാപ് 100 37,815.40 -0.21%

സ്മോൾക്യാപ് 100 11,683.35 -0.53%

ഡൗ ജോൺസ് 30 34,500.70 +0.07%

എസ് ആൻഡ് പി 500 4369.71 -0.01%

നാസ്ഡാക് 13,290.80 -0.20%

ഡോളർ ($) ₹83.10 -0.04

ഡോളർ സൂചിക 103.38 -0.19

സ്വർണം(ഔൺസ്) $1890.50 +$0.50

സ്വർണം(പവൻ) ₹43,280 T₹ 00

ക്രൂഡ് (ബ്രെന്റ്)ഓയിൽ $84.80 +$0.68

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it