അദാനിയുടെ നഷ്ടം 11 ലക്ഷം കോടി;വിപണികൾ അസ്വസ്ഥം; വിദേശ സൂചനകൾ പ്രതികൂലം

ഇന്നലെ അദാനി ഗ്രൂപ്പ് കമ്പനികളിൽ വീണ്ടും വിൽപന സമ്മർദം ഉണ്ടായി. പരിസ്ഥിതി (ഇഎസ്ജി) പരിഗണനകൾക്കു മുൻതൂക്കം നൽകുന്ന ഫണ്ടുകൾ അദാനി ഓഹരികൾ വിറ്റൊഴിയും എന്ന റിപ്പോർട്ടുകളെ തുടർന്നായിരുന്നു ഇത്. ടോട്ടൽ ഗ്യാസ്, ഗ്രീൻ എനർജി, ട്രാൻസ്മിഷൻ എന്നിവ അഞ്ചു ശതമാനം വീതവും അദാനി എന്റർപ്രൈസസ് 5.9 ശതമാനവും എൻഡിടിവി 3.7 ശതമാനവും വിൽമർ 1.9 ശതമാനവും താഴ്ന്നു. ഗ്രൂപ്പിന്റെ വിപണിമൂല്യം 25,000 കോടി രൂപ കുറഞ്ഞു. ഇതുവരെ വിപണി മൂല്യത്തിലെ നഷ്ടം 11 ലക്ഷം കോടി രൂപയ്ക്കടുത്തായി.

തിരിച്ചടി

ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് അദാനി ഗ്രൂപ്പ് പുതിയ പദ്ധതികൾ ഏറ്റെടുക്കുന്നതിൽ നിന്നു വിട്ടു നിൽക്കുകയാണ്. അദാനി ഗ്രീൻ എനർജി കമ്പനി അടുത്ത ധനകാര്യ വർഷം 10,000 കോടിയുടെ മൂലധന നിക്ഷേപ പരിപാടി പുനരാലോചിക്കുന്നതായി ഇന്നലെ പ്രഖ്യാപിച്ചു. കഴിഞ്ഞയാഴ്ച അദാനി പവർ, ഒരു താപ വൈദ്യുതി നിലയം വാങ്ങാനുള്ള ഉദ്യമം ഉപേക്ഷിച്ചിരുന്നു. പവർ ട്രേഡിംഗ് കോർപറേഷനിൽ ഓഹരി എടുക്കാനുള്ള നീക്കവും അദാനി ഉപേക്ഷിച്ചു.

ഇതിനിടെ അദാനി പോർട്സ് 1500 കോടി രൂപയുടെ കടം തിരിച്ചടച്ചു. എസ്ബിഐ മ്യൂച്വൽ ഫണ്ടിൽ നിന്നുള്ളതായിരുന്നു വായ്പ. അടുത്ത മാസം 1000 കോടിയുടെ കൊമേഴ്സ്യൽ പേപ്പർ വായ്പയും തിരിച്ചടയ്ക്കുമെന്ന് അറിയിച്ചു.

വേദാന്തയുടെ തട്ടിപ്പിനെതിരേ കേന്ദ്രം

വേദാന്ത ഗ്രൂപ്പ് തങ്ങളുടെ ആഗാേള സിങ്ക് ബിസിനസ് ഗ്രൂപ്പിൽ പെട്ട ഹിന്ദുസ്ഥാൻ സിങ്കിനു നൽകാനുളള നീക്കത്തെ എതിർത്തു കേന്ദ്ര സർക്കാർ നീക്കം. പഴയ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ സിങ്കിന്റെ 300 കോടി ഡോളർ പിൻവാതിലിലൂടെ കൈയടക്കാനാണ് വേദാന്ത ശ്രമിക്കുന്നത്. ഡയറക്ടർ ബോർഡ് യോഗത്തിൽ ഗവണ്മെന്റ് പ്രതിനിധികൾ എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. തുടർന്നു സർക്കാർ കത്തും അയച്ചു.

ഗവണ്മെന്റിന് ഇപ്പോഴും 29.5 ശതമാനം ഓഹരി കമ്പനിയിൽ ഉണ്ട്. അനിൽ അഗർവാൾ നയിക്കുന്ന വേദാന്ത ഗ്രൂപ്പ് കടം കുറയ്ക്കാൻ കാണുന്ന ഒരു മാർഗമാണ് ഗ്രൂപ്പിന്റെ ഒരു കമ്പനിയെ ഗ്രൂപ്പിലെ വേറൊരു കമ്പനിയെക്കൊണ്ടു വാങ്ങിപ്പിക്കുക എന്നത്. വലിയ വിമർശനങ്ങൾ ഉയർന്നതിനെ തുടർന്നാണ് ഗവണ്മെന്റ് നീക്കം.

വിപണികൾ

വിപണികൾ പൊതുവേ അസ്വസ്ഥമാണ്. കൂടുതൽ തലങ്ങളിൽ നിന്ന് അശുഭ പ്രവചനങ്ങൾ വരുന്നു. ഓഹരികളുടെ പോക്കു താഴ്ചയിലേക്കാണെന്നു പറയുന്നവരുടെ എണ്ണം കൂടുന്നു. അതിന്റെ പ്രതിഫലനമാണു വിപണികളിൽ കാണുന്നത്.

യൂറോപ്യൻ വിപണികൾ തിങ്കളാഴ്ച താഴ്ചയിലാണ് അവസാനിച്ചത്. തുടക്കത്തിലെ വലിയ താഴ്ചയിൽ നിന്നു കുറേ തിരിച്ചു കയറിയായിരുന്നു ക്ലോസിംഗ്. യുഎസ് വിപണി ഇന്നലെ അവധിയായിരുന്നു. യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു വീണ്ടും താഴ്ചയിലാണ് . ഡൗ 0.14 ശതമാനവും നാസ്ഡാക് 0.28 ശതമാനവും താഴ്ന്നു.

ഏഷ്യൻ വിപണികൾ ഇന്നു രാവിലെ നഷ്ടത്തിലാണ് തുടങ്ങിയത്. ജപ്പാനിലെ നിക്കെെ തുടക്കത്തിൽ താണിട്ടു പിന്നീടു ചെറിയ നേട്ടത്തിലായി. കൊറിയയിലെ കോസ്പിയും താഴ്ന്നിട്ടു കയറി. ഓസ്ട്രേലിയൻ വിപണി അര ശതമാനം താഴ്ചയിൽ തുടരുന്നു. എന്നാൽ ചൈനീസ് വിപണികൾ ഇന്നു നേട്ടത്തിൽ വ്യാപാരം തുടങ്ങി. ഇന്നലെ ചെെനീസ് സൂചികകൾ രണ്ടു ശതമാനം ഉയർന്നാണു ക്ലോസ് ചെയ്തത്.


സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി തിങ്കളാഴ്ച 17,865 ൽ ക്ലാേസ് ചെയ്തു. രണ്ടാം സെഷനിൽ സൂചിക 17,886-ൽ അവസാനിച്ചു. ഇന്നു രാവിലെ സൂചിക 17,865 ലേക്കു താണു. ഇന്ത്യൻ വിപണി ഇന്നു നേട്ടമില്ലാതെ വ്യാപാരം തുടങ്ങുമെന്നാണ് സൂചന.

ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണി തിങ്കളാഴ്ച ചാഞ്ചാട്ടങ്ങൾക്കു ശേഷം വലിയ താഴ്ചയിൽ അവസാനിച്ചു. തുടക്കത്തിൽ ചെറിയ നേട്ടം കാണിച്ചിട്ടു നഷ്ടത്തിലേക്കു വീണു. പിന്നീടു കയറിയും ഇറങ്ങിയും കഴിഞ്ഞിട്ടു താഴ്ചയിലേക്കു നീങ്ങി. സെൻസെക്സ് 311.03 പോയിന്റ് (0.51%) നഷ്ടത്തിൽ 60,691.54 ലും നിഫ്റ്റി 99.6 പോയിന്റ് (0.56%) ഇടിഞ്ഞ് 17,844.6 ലും ക്ലോസ് ചെയ്തു.

തിങ്കളാഴ്ച മിഡ് ക്യാപ് സൂചിക 0.08 ശതമാനം ഉയർന്നപ്പാേൾ സ്മോൾ ക്യാപ് സൂചിക 0.3 ശതമാനം താഴ്ന്നു ക്ലോസ് ചെയ്തു. വിപണി ബെയറിഷ് ആണെന്നാണ് നിരീക്ഷണം. നിഫ്റ്റിക്ക് 17,815 ലും 17,700 ലും സപ്പോർട്ട് ഉണ്ട്. 17,960 ലും 18,075 ലും തടസങ്ങൾ നേരിടാം.

വിദേശനിക്ഷേപകർ തിങ്കളാഴ്ചയും വിൽപനക്കാരായി. 158.95 കോടിയുടെ ഓഹരികൾ അവർ വിറ്റു. സ്വദേശി ഫണ്ടുകൾ 86.23. കോടിയുടെ ഓഹരികൾ വിറ്റു.

ക്രൂഡ് ഓയിൽ, സ്വർണം

ക്രൂഡ് ഓയിൽ വില കാര്യമായ മാറ്റമില്ലാതെ തുടരുന്നു. ബ്രെന്റ് ഇനം വില 83.56 ഡോളറിലേക്കു കയറി. വ്യാവസായിക ലോഹങ്ങൾ ഇന്നലെ തിരിച്ചു കയറി. ചെമ്പ് 9000 ഡോളറിനും അലൂമിനിയം 2450 ഡോളറിനും മുകളിലേക്കു കുതിച്ചു. ചൈനീസ് ഡിമാൻഡ് വർധിക്കുന്നു എന്നതാണ് കാരണം. ചെമ്പ് ഒന്നര ശതമാനം ഉയർന്നു ടണ്ണിന് 9012 ഡോളറിലെത്തി.

അലൂമിനിയം മൂന്നു ശതമാനം കുതിപ്പോടെ 2455 ൽ ക്ലോസ് ചെയ്തു. സിങ്കും ലെഡും നിക്കലും ഒന്നരമുതൽ 2.4 ശതമാനം വരെ ഉയർന്നപ്പോൾ ടിൻ 1.6 ശതമാനം താഴ്ന്നു.

സ്വർണം

സ്വർണം ഇന്നലെ കാര്യമായ മാറ്റമില്ലാതെ വ്യാപാരം ചെയ്തു. 1840 മുതൽ 1847 ഡോളർ വരെ കയറിയിറങ്ങി. 1842 ഡോളറിൽ വ്യാപാരം അവസാനിപ്പിച്ചു. ഇന്നു രാവിലെ 1841-1843 ഡോളറിലാണു സ്വർണം. കേരളത്തിൽ തിങ്കളാഴ്ച പവന് 80 രൂപ കുറഞ്ഞ് 41,680 രൂപയായി.

രൂപയ്ക്ക് ഇന്നലെ നേട്ടമായിരുന്നു. ഡോളറിന് ഒൻപതു പൈസ കുറഞ്ഞ് 82.74 രൂപയായി. ഡോളർ സൂചിക 103.88 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക വീണ്ടും കയറി 104.03 ലെത്തി.


T C Mathew
T C Mathew  
Related Articles
Next Story
Videos
Share it