ബുള്‍ ആവേശം തുടരാന്‍ നിക്ഷേപകര്‍; വിദേശ സൂചനകള്‍ നെഗറ്റീവ്; ടെക് ഓഹരികളെ എന്‍വിഡിയ തളര്‍ത്തുമോ?

ഇന്ത്യന്‍ വിപണി വീണ്ടും ബുള്‍ നിയന്ത്രണത്തിലായി എന്നു പലരും കരുതുന്നു. നിഫ്റ്റി ഇന്ന് 22,200 കടന്നാല്‍ 22,500-22,600 മേഖല വരെ എത്താവുന്ന കുതിപ്പിന് പ്രാരംഭമാകും എന്നു ചാര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം പാശ്ചാത്യ, ഏഷ്യന്‍ വിപണികളില്‍ നിന്നുള്ള സൂചനകള്‍ നെഗറ്റീവാണ്.

യു.എസിലും യൂറോപ്പിലും ടെക്നോളജി ഓഹരികള്‍ ഈ ദിവസങ്ങളില്‍ താഴോട്ടു നീങ്ങി. യു.എസ് ഫ്യൂച്ചേഴ്‌സിലും ടെക് ഓഹരികള്‍ താണു. ഇന്നു പുറത്തു വരുന്ന എന്‍വിഡിയ റിസല്‍ട്ട് പ്രതീക്ഷയ്ക്കനുസരിച്ചു മെച്ചമായില്ലെങ്കില്‍ ടെക് മേഖലയില്‍ ഇടിവുണ്ടാകാം. ഇന്ത്യയിലും ടെക് ഓഹരികള്‍ക്കു ക്ഷീണം വരാം.

ക്രൂഡ് ഓയില്‍ വില ഉയര്‍ന്ന നിലയില്‍ നിന്നു താഴോട്ടു നീങ്ങിയതു വിപണിക്കു പോസിറ്റീവ് ആണ്. ചൊവ്വാഴ്ച രാത്രി ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി 22,265ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 22,250ലാണ്. ഇന്ത്യന്‍ വിപണി ചെറിയ കയറ്റത്തോടെ വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നല്‍കുന്ന സൂചന.

വിദേശ വിപണി

യൂറോപ്യന്‍ വിപണികള്‍ ചൊവ്വാഴ്ച ചെറിയ നഷ്ടത്തിലാണ് അവസാനിച്ചത്. ടെക്‌നോളജി ഓഹരികള്‍ താണു. ചെലവു ചുരുക്കല്‍ നടപടികള്‍ പ്രഖ്യാപിച്ച ബാര്‍ക്ലേയ്‌സ് ഓഹരി 8.6 ശതമാനം ഉയര്‍ന്നു.

യു.എസ് വിപണി ഇന്നലെ താഴ്ചയിലായി. എന്‍വിഡിയ അടക്കം ടെക്‌നോളജി ഓഹരികളുടെ വില അമിതമാണെന്ന ആശങ്ക വിപണിയില്‍ പരന്നിട്ടുണ്ട്. എന്‍വിഡിയ 4.4ഉം ആമസോണ്‍ 1.4ഉം മൈക്രോസോഫ്റ്റും മെറ്റായും 0.3 വീതവും ശതമാനം താണു.

ഡൗ ജോണ്‍സ് സൂചിക 64.19 പോയിന്റ് (0.17%) താണ് 38,563.80ലും എസ് ആന്‍ഡ് പി 30.06 പോയിന്റ് (0.60%) കുറഞ്ഞ് 4975.51ലും നാസ്ഡാക് 144.87 പോയിന്റ് (0.92%) ഇടിഞ്ഞ് 15,630.78ലും അവസാനിച്ചു.

യു.എസ് ഫ്യൂച്ചേഴ്‌സ് ഇന്നു താഴ്ചയിലാണ്. ഡൗ 0.12ഉം എസ് ആന്‍ഡ് പി 0.19ഉം നാസ്ഡാക് 0.35ഉം ശതമാനം താഴ്ന്നു നില്‍ക്കുന്നു. സൈബര്‍ സെക്യൂരിറ്റി കമ്പനി പാലോ ആള്‍ട്ടോ ടെക്‌നോളജീസ് വരുമാന പ്രതീക്ഷ താഴ്ത്തിയതോടെ 20 ശതമാനം ഇടിഞ്ഞു.

യു.എസ് കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം 4.287 ശതമാനമായി. ഏഷ്യന്‍ വിപണികള്‍ ഇന്ന് നഷ്ടത്തിലാണ്. ജപ്പാനിലെ ബിസിനസ് പ്രതീക്ഷ കുറയുന്നതായി പുതിയ സര്‍വേ കാണിക്കുന്നു.

ഇന്ത്യന്‍ വിപണി

ചൊവ്വാഴ്ച ഇന്ത്യന്‍ വിപണി നേട്ടത്തില്‍ തുടങ്ങിയിട്ടു ചെറിയ ചാഞ്ചാട്ടത്തിനു ശേഷം നല്ല നേട്ടത്തില്‍ അവസാനിച്ചു. നിഫ്റ്റി 22,215.60 വരെ ഉയര്‍ന്ന് ഇന്‍ട്രാ ഡേയില്‍ റെക്കോര്‍ഡ് കുറിച്ചു.

സെന്‍സെക്‌സ് 349.24 പോയിന്റ് (0.48%) കയറി 73,057.40ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 74.70 പോയിന്റ് (0.34%) ഉയര്‍ന്ന് 22,196.95ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 588.70 പോയിന്റ് (1.20%) കയറി 47,094.20ല്‍ ക്ലോസ് ചെയ്തു.

മിഡ് ക്യാപ് സൂചിക 0.13 ശതമാനം താഴ്ന്ന് 49,248.45ല്‍ ക്ലോസ് ചെയ്തു. സ്‌മോള്‍ ക്യാപ് സൂചിക 0.53 ശതമാനം കുറഞ്ഞ് 16,172.35ല്‍ വ്യാപാരം അവസാനിപ്പിച്ചു.

ചൊവ്വാഴ്ച വിദേശനിക്ഷേപകര്‍ ക്യാഷ് വിപണിയില്‍ 1,335.51 കോടി രൂപയുടെ ഓഹരികള്‍ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 1,491.33 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.

വിപണി ബുള്‍ കുതിപ്പു തുടരാനുള്ള പ്രവണതയാണു പ്രകടിപ്പിക്കുന്നതെന്നു സാങ്കേതികവിശകലന വിദഗ്ധര്‍ പറയുന്നു. 22,200 മേഖലയിലെ പ്രതിരോധം മറികടന്നാല്‍ നിഫ്റ്റി 22,600 വരെ കയറാമെന്നാണ് അവരുടെ വിലയിരുത്തല്‍. നിഫ്റ്റിക്ക് ഇന്ന് 22,090ലും 21,985ലും പിന്തുണ ഉണ്ട്. 22,220ലും 22,325ലും തടസങ്ങള്‍ ഉണ്ടാകാം.

ക്രൂഡ് ഓയില്‍, സ്വര്‍ണം, ഡോളര്‍, ക്രിപ്‌റ്റോ

ചൊവ്വാഴ്ച ക്രൂഡ് ഓയില്‍ വില താഴ്ന്നു. ബ്രെന്റ് ഇനം ക്രൂഡ് 82.59 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 82.62 ഡോളറിലേക്കു കയറി. ഡബ്‌ള്യു.ടി.ഐ ഇനം 78.18ഉം യു.എ.ഇയുടെ മര്‍ബന്‍ ക്രൂഡ് 81.95ഉം ഡോളറിലായി.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ചൊവ്വാഴ്ച ഉയര്‍ന്ന് 2,025 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2,025.20 ഡോളറിലാണ്. കേരളത്തില്‍ സ്വര്‍ണം പവന് 80 രൂപ കുറഞ്ഞ് 45,880 രൂപയായി.

ഡോളര്‍ സൂചിക ചൊവ്വാഴ്ച അല്‍പം താണ് 104.08 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 104.05 ലാണ്. രൂപ ഇന്നലെ ശക്തിപ്പെട്ടു. ഡോളര്‍ ഇന്നലെ 82.96 രൂപയില്‍ ക്ലോസ് ചെയ്തു. ക്രിപ്‌റ്റോ കറന്‍സികള്‍ ഉയര്‍ന്ന നിലയില്‍ തുടരുന്നു. ഇന്നു രാവിലെ ബിറ്റ്‌കോയിന്‍ 52,150 ഡോളറിലാണ്.

കമ്പനികള്‍, ഓഹരികള്‍

ആദിത്യ ബിര്‍ല ഗ്രൂപ്പിലെ ഹിന്‍ഡാല്‍കോയുടെ യു.എസ് സബ്‌സിഡിയറി അമേരിക്കയില്‍ ഐ.പി.ഒ നടത്തുന്നു. ഇതിനുള്ള ഡ്രാഫ്റ്റ് രേഖകള്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷനില്‍ (എസ്.ഇ.സി) സമര്‍പ്പിച്ചു. ഇത് ഹിന്‍ഡാല്‍കോ ഓഹരിക്ക് ഇന്ന് നേട്ടമാകും. നൊവേലിസിന്റെ ബേ മിനെറ്റ് പ്രോജക്റ്റിനു കാലതാമസവും അധികച്ചെലവും വരുന്നതായി ഒരാഴ്ച മുന്‍പ് അറിയിച്ചതിനെ തുടര്‍ന്ന് ഹിന്‍ഡാല്‍കോ ഓഹരി 12 ശതമാനം ഇടിഞ്ഞിരുന്നു. നൊവേലിസ് ഐ.പി.ഒ നടത്തുന്നതോടെ അതിലേക്കു ഹിന്‍ഡാല്‍കോ കൂടുതല്‍ പണം നല്‍കേണ്ട സാഹചര്യം ഒഴിവാകും.

സോണിയുമായുളള ലയനചര്‍ച്ച പുനരാരംഭിച്ചു എന്ന റിപ്പോര്‍ട്ട് സീ എന്റര്‍ടെയ്ന്‍മെന്റ് നിഷേധിച്ചു. പുനീത് ഗോയങ്കയെ സംയുക്ത കമ്പനിയുടെ സി.ഇ.ഒ ആക്കണമെന്ന നിലപാടില്‍ നിന്നു സീ പിന്മാറി എന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ജപ്പാനില്‍ സോണി കോര്‍പറേഷന്റെ ഓഹരിവില തുടര്‍ച്ചയായ രണ്ടാം ദിവസവും താഴ്ന്നു.

ഫെഡറല്‍ ബാങ്ക് ഓഹരി ഇന്നലെ അഞ്ചര ശതമാനം താഴ്ന്നു. കൊട്ടക് മഹീന്ദ്ര ബാങ്കിലെ കെ.വി.എസ് മണിയന്‍ ഫെഡറല്‍ ബാങ്ക് സി.ഇ.ഒ ആകും എന്ന മാധ്യമ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഫെഡറല്‍ ബാങ്ക് ഓഹരി 166 രൂപ വരെ ഉയര്‍ന്നതാണ്. മണിയന് കൊട്ടക് മഹീന്ദ്രയില്‍ ഉയര്‍ന്ന പദവി നല്‍കിയതോടെ ആ സാധ്യത ഇല്ലാതായി. മണിയനെയും ശാന്തി ഏകാംബരത്തെയും ഉയര്‍ന്ന പദവികളിലാക്കിയതിനെ തുടര്‍ന്ന് കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ഓഹരി ഇന്നലെ രണ്ടു ശതമാനത്തോളം കയറി. ധനലക്ഷ്മി ബാങ്കും പേയ്ടിഎമ്മും ഇന്നലെ അഞ്ചു ശതമാനം വീതം ഉയര്‍ന്നു.

എന്‍വിഡിയ റിസല്‍ട്ട് എങ്ങനെ വരും?

നിര്‍മിത ബുദ്ധി ചിപ്പുകള്‍ നിര്‍മിക്കുന്ന എന്‍വിഡിയ ഓഹരി ഇന്നലെ 4.4 ശതമാനം ഇടിഞ്ഞു. കമ്പനിയുടെ ജനുവരി 28ന് അവസാനിച്ച പാദത്തിലെ റിസല്‍ട്ട് ഇന്നു പുറഞ്ഞുവരും. ഇപ്പോഴത്തെ ഉയര്‍ന്ന വിലയെ ന്യായീകരിക്കാന്‍ പറ്റുന്നതാവില്ല റിസല്‍ട്ട് എന്നും പ്രചാരണമുണ്ട്. 2023ല്‍ 240 ശതമാനം നേട്ടമുണ്ടാക്കിയ ഓഹരിയാണ് എന്‍വിഡിയ. റിസല്‍ട്ടിനു ശേഷം എന്‍വിഡിയ ഓഹരി 11 ശതമാനം ഇടിയാമെന്നും എന്നാല്‍ തകര്‍ച്ച അധികം നീണ്ടു നില്‍ക്കില്ലെന്നും ചിലര്‍ വിലയിരുത്തുന്നു.

കമ്പനിയുടെ വരുമാനം 240 ശതമാനം വര്‍ധിച്ച് 2,060 കോടി ഡോളറും ലാഭം ഏഴു മടങ്ങായി 1,050 കോടി ഡോളറും ആകുമെന്നാണു വിപണിയുടെ പ്രതീക്ഷ. ലാഭമാര്‍ജിന്‍ 53.6 ല്‍ നിന്ന് 74 ശതമാനം ആയിട്ടുണ്ടാകുമെന്നു കരുതപ്പെടുന്നു. സി.ഇ.ഒ ജെന്‍സന്‍ ഹുവാങ് ഭാവി വരുമാനം സംബന്ധിച്ച് എന്തു പറയും എന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെടും. സമീപ പാദങ്ങളിലെ അസാധാരണ വളര്‍ച്ച തുടരാന്‍ പറ്റുമോ എന്നതാണു ചിന്താവിഷയം. മൈക്രോസോഫ്റ്റിനും ആപ്പിളിനും പിന്നിലായി വിപണിമൂല്യത്തില്‍ മൂന്നാം സ്ഥാനത്താണ് എന്‍വിഡിയ ഇപ്പോള്‍.

വിപണിസൂചനകള്‍

(2024 ഫെബ്രുവരി 20, ചൊവ്വ)

സെന്‍സെക്‌സ്30 73,057.40 +0.48%

നിഫ്റ്റി50 22,196.95 +0.34%

ബാങ്ക് നിഫ്റ്റി 47,094.20 +1.20%

മിഡ് ക്യാപ് 100 49,248.45 -0.13%

സ്‌മോള്‍ ക്യാപ് 100 16,172.35 -0.53%

ഡൗ ജോണ്‍സ് 30 38,563.80 -0.17%

എസ് ആന്‍ഡ് പി 500 4975.51 -0.60%

നാസ്ഡാക് 15,630.78 -0.92%

ഡോളര്‍ ($) 82.96 -0.06

ഡോളര്‍ സൂചിക 104.08 -0.21

സ്വര്‍ണം (ഔണ്‍സ്) $ 2025.00 +$08.90

സ്വര്‍ണം (പവന്‍) 45,880 -80.00

ക്രൂഡ് (ബ്രെന്റ്) ഓയില്‍ $82.59 -$0.83

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it