ഇൻഫോസിസിന്റെ മോശം റിസൾട്ട് ഓഹരി വിപണിയെ ഉലയ്ക്കുമോ?

ഇന്ത്യൻ വിപണിയിൽ ബുള്ളിഷ് കുതിപ്പിന് തടസമില്ലെന്ന വിലയിരുത്തൽ തിരുത്തേണ്ടി വരും എന്നതാണ് ഏറ്റവും പുതിയ സൂചനകൾ. ഇൻഫോസിസിന്റെ മോശം റിസൽട്ടും ഇനി വരുമാനവും ലാഭവും കുറയും എന്ന മുന്നറിയിപ്പും അമേരിക്കയിൽ നാസ്ഡാക് സൂചികയിലെ വലിയ ഇടിവും ഇന്നു വിപണിയെ ബാധിക്കാം.

രാത്രി ഇൻഫോസിസ് എഡിആർ (അമേരിക്കൻ ഡെപ്പോസിറ്ററി റെസീറ്റ് ) യുഎസ് വിപണിയിൽ 12 ശതമാനം വരെ ഇടിഞ്ഞു. പിന്നീട് 8.41 ശതമാനം നഷ്ടത്തിൽ ക്ലോസ് ചെയ്തു. വിപണി അടച്ച ശേഷമുള്ള വ്യാപാരത്തിൽ വീണ്ടും 0.74 ശതമാനം താഴ്ന്നു.

വിപണിയിലെ ഇടിവ് താൽക്കാലികമാകുമോ തിരുത്തലിന്റെ തുടക്കം ആകുമോ എന്നത് വരുന്ന ആഴ്ചയേ വ്യക്തമാകൂ.

ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ബുധൻ രാത്രി 19,858.5 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 19,877 ലേക്ക് കയറി. ഇന്ത്യൻ വിപണി ഇന്നു ഗണ്യമായി താഴ്ന്നു വ്യാപാരം തുടങ്ങുമെന്നാണു ഡെറിവേറ്റീവ് വിപണി സൂചിപ്പിക്കുന്നത്.

യൂറോപ്യൻ സൂചികകൾ ഇന്നലെയും ഉയർന്നു ക്ലോസ് ചെയ്തു.

യു. എസ് വിപണികൾ

യുഎസിൽ ഡൗ ജോൺസ് സൂചിക തുടർച്ചയായ ഒൻപതാം ദിവസവും ഉയർന്നു എന്നാൽ ടെസ്ലയും നെറ്റ്ഫ്ലിക്സും തകർന്നതു നാസ്ഡാക് സൂചികയെ രണ്ടു ശതമാനത്തിലധികം താഴ്ത്തി. ഡൗ ജോൺസ് സൂചിക 163.97 പോയിന്റ് (0.47%) ഉയർന്ന് 35,225.18 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 30.85 പോയിന്റ് (0.68%) താഴ്ന്ന് 4534.87 ൽ എത്തി. നാസ്ഡാക് 294.71 പോയിന്റ് ( 2.05%) ഇടിഞ്ഞ് 14,063.31 ൽ ക്ലോസ് ചെയ്തു.

നെറ്റ്ഫ്ലിക്സ് വരിക്കാരുടെ എണ്ണം കുതിച്ചു. പക്ഷേ ഭാവിസാധ്യത അത്ര മെച്ചമല്ലെന്ന മാനേജ്മെന്റ് വിലയിരുത്തൽ ഓഹരിയെ താഴ്ത്തി. വരുമാനം പ്രതീക്ഷയോളം വന്നതുമില്ല. ഓഹരി എട്ടര ശതമാനം ഇടിഞ്ഞു.

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു താഴ്ചയിലാണ്. ടെക് ഓഹരികൾ നയിക്കുന്ന നാസ്ഡാക് 0.08 ശതമാനം താണു. ഡൗ ജോൺസ് 0.03 ശതമാനം കയറി. എസ് ആൻഡ് പി 0.04 ശതമാനം താഴ്ന്നു നിൽക്കുന്നു.

ഇന്നു ഏഷ്യൻ വിപണികൾ വലിയ ഇടിവിലാണ്. ജപ്പാനിൽ നിക്കെെ സൂചിക 0.90 ശതമാനം താഴ്ന്നു. ജപ്പാനിലെ ചില്ലറ വിലക്കയറ്റം 3.2 ൽ നിന്നു 3.3 ശതമാനമായി വർധിച്ചതും കാരണമാണ്. ഓസ്ട്രേലിയൻ വിപണി 0.35 ശതമാനവും കൊറിയൻ വിപണി 0.85 ശതമാനവും താഴ്ചയിലാണ്. ഹാേങ്കോംഗ്, ചെെനീസ് വിപണികൾ ഉയർന്നു.


ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണി ഇന്നലെ ചെറിയ നേട്ടത്തിൽ തുടങ്ങി. തലേന്നത്തേതു പോലെ വ്യാപാരത്തിനിടയ്ക്കു സൂചികകൾ കുത്തനേ താണു നഷ്ടത്തിലായെങ്കിലും പിന്നീടു തിരിച്ചു കയറി നല്ല ഉയരത്തിൽ ക്ലോസ് ചെയ്തു.

സെൻസെക്സ് ഇന്നലെ 67,619.17 -ലും നിഫ്റ്റി 19,991.85 ലും കയറി റെക്കോർഡ് കുറിച്ചിട്ടാണു വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 474.46 പോയിന്റ് (0.71%) നേട്ടത്തിൽ 67,571.90 -ലും നിഫ്റ്റി 146 പോയിന്റ് (0.74%) കയറി 19,979.15 ലും ക്ലോസ് ചെയ്തു. വിശാലവിപണി ചെറിയ കയറ്റത്തിലായിരുന്നു. മിഡ് ക്യാപ് സൂചിക 0.25 ശതമാനം കയറി 36,931.70 ലും സ്മോൾ ക്യാപ് സൂചിക 0.37 ശതമാനം ഉയർന്ന് 11,447.15ലും ക്ലോസ് ചെയ്തു.

ഐ.ടി ഒഴികെ എല്ലാ വ്യവസായ മേഖലകളും കയറ്റത്തിലായിരുന്നു. ബാങ്ക് നിഫ്റ്റി 1.13 ശതമാനം കയറി. വിദേശനിക്ഷേപകർ ഇന്നലെ 3370.90 കോടി രൂപയാണ് ഇന്ത്യൻ ഓഹരികളിൽ നിക്ഷേപിച്ചത്. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 193.02 കോടിയുടെ ഓഹരികൾ വിറ്റു.

വിപണി സൂചനകൾ ബുൾ കുതിപ്പ് തുടരുമെന്നാണു സൂചിപ്പിക്കുന്നത്. എന്നാൽ ഇൻഫോസിസ് റിസൽട്ടും യുഎസ് ടെക് തകർച്ചയും സാഹചര്യം മാറ്റിയിട്ടുണ്ട്. ഇന്നു നിഫ്റ്റിക്ക് 19,820 ലും 19,675 ലും പിന്തുണ ഉണ്ട്. 20,000 ലും 19,145 ലും തടസം ഉണ്ടാകാം.

പ്രധാന വ്യാവസായിക ലോഹങ്ങൾ ഉയർന്നു. സാമ്പത്തിക ഉത്തേജക പദ്ധതി പ്രഖ്യാപിക്കുമെന്ന ചെെനീസ് സൂചനയാണു കാരണം. അലൂമിനിയം 0.30 ശതമാനം കയറി ടണ്ണിന് 2200.85 ഡോളറിലായി. ചെമ്പ് 2.26 ശതമാനം കുതിച്ചുകയറി ടണ്ണിന് 8542.15 ഡോളറിൽ എത്തി. ടിൻ 3.18 ശതമാനവും ലെഡ് 0.01 ശതമാനവും സിങ്ക് 2.22 ശതമാനവും നിക്കൽ 2.25 ശതമാനവും ഉയർന്നു.

ക്രൂഡ് ഓയിലും സ്വർണവും

ക്രൂഡ് ഓയിൽ വില ഉയർന്ന നിലയിൽ തുടരുന്നു. ബ്രെന്റ് ഇനം ക്രൂഡ് 79.64 ഡോളറിലും ഡബ്ള്യുടിഐ ഇനം 75.63 ഡോളറിലും ക്ലോസ് ചെയ്തു. ഇന്ന് രാവിലെ ബ്രെന്റ് 79.60 ലേക്കും ഡബ്ള്യുടിഐ 75.58 ഡോളറിലേക്കും താണു.

സ്വർണം ഇന്നലെ താഴ്ന്നു. ഔൺസിന് 1970 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 1972 ഡോളറിലേക്കു കയറി. കേരളത്തിൽ പവൻവില 80 രൂപ ഉയർന്ന് 44,560 രൂപയിൽ എത്തി. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്.

ഡോളർ ഇന്നലെ നാലു പൈസ കയറി 82.08 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.

ഡോളർ സൂചിക 100നു മുകളിൽ തുടരുന്നു. യുറോയും സൂചിക 100.70 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 100.64 ലേക്കു താണു.

ക്രിപ്റ്റോ കറൻസികൾ ചാഞ്ചാടി. ബിറ്റ്കോയിൻ 30,000 നു മുകളിൽ കയറിയിട്ട് 29,800 ഡോളറിനടുത്തേക്കു താണു.

ഇൻഫോസിസ് റിസൽട്ട് പ്രതീക്ഷ കെടുത്തി

ഇൻഫോസിസ് ടെക്നോളജീസിന്റെ രണ്ടാം പാദ റിസൽട്ട് വിപണിയുടെ പ്രതീക്ഷകൾ കെടുത്തി. വരുമാന വർധന 4.2 ശതമാനം മാത്രം. ടിസിഎസ് ഏഴും എച്ച്സിഎൽ 6.3 ഉം ശതമാനം വളർന്നതാണ്. ലാഭവർധന രൂപയിൽ 11 ശതമാനമാണ്. 20.8 ശതമാനമായി ലാഭമാർജിൻ.

വരുന്ന പാദങ്ങളിൽ വരുമാനവർധന നാലു മുതൽ ഏഴു വരെ ശതമാനം എന്ന മുൻ അറിയിപ്പ് മാറ്റി, ഒന്നു മുതൽ മൂന്നര വരെ ശതമാനം എന്നാക്കി. ഇടപാടുകാർ കരാർ റദ്ദാക്കുന്നതും ബിസിനസ് കുറയ്ക്കുന്നതുമാണു കാരണം എന്ന് മാനേജിംഗ് ഡയറക്ടർ സലിൽ പരേഖ് പറഞ്ഞു. ഒരു ദശകത്തിനിടയിലെ ഏറ്റവും കുറഞ്ഞ വരുമാനവളർച്ച പ്രതീക്ഷയാണ് ഇത്തവണത്തേത്. കമ്പനിയിലെ ജീവനക്കാരുടെ എണ്ണം 6940 കുറഞ്ഞ് 3,36,294 ആയി.

ഇടത്തരം ഐ.ടി കമ്പനികളായ കോഫോർജും പെർസിസ്റ്റന്റ് സിസ്റ്റംസും ഇന്നലെ പ്രസിദ്ധീകരിച്ച ഒന്നും പാദ റിസൽട്ട് പ്രതീക്ഷയിലും മോശമായി.


സൗത്ത് ഇന്ത്യൻ ബാങ്ക് അറ്റാദായം കൂടി

സൗത്ത് ഇന്ത്യൻ ബാങ്ക് ഒന്നാം പാദത്തിൽ 75 ശതമാനം വർധനയോടെ 202 കോടി രൂപ അറ്റാദായമുണ്ടാക്കി. മൊത്തം എൻപിഎ 5.87 ൽ നിന്ന് 5.13 ശതമാനമായി. അറ്റ എൻപിഎ 2.87 ൽ നിന്ന് 1.85 ശതമാനമായി കുറഞ്ഞു. പലിശ വരുമാനം ഗണ്യമായി കൂടി. വായ്പകൾ 15 ശതമാനം കൂടി.

ഇന്നലെ റിസൽട്ടിനു ശേഷം ബാങ്ക് ഓഹരി 7.5 ശതമാനം ഇടിഞ്ഞ് 21.10 രൂപയായി.

സിഎസ്ബി ബാങ്ക് അറ്റാദായം 15.7 ശതമാനം വളർന്ന് 132.23 കോടി രൂപയായി. ബാങ്കിന്റെ അറ്റ നിഷ്ക്രിയ ആസ്തി 0.32 ശതമാനമായി കുറഞ്ഞു.

ജിയോയ്ക്ക് അപ്രതീക്ഷിത വില

റിലയൻസ് ഇൻഡസ്ട്രീസിൽ നിന്നു ധനകാര്യ സേവന വിഭാഗം (ജിയോ ഫിനാൻഷ്യൽ സർവീസസ്) വേർപെടുത്തിയപ്പോൾ കണ്ടെത്തിയത് അപ്രതീക്ഷിത വില. 140 - 190 രൂപ പ്രതീക്ഷിച്ചിടത്ത് 261.85 രൂപ. റിലയൻസ് ഓഹരിയുടെ 9.1 ശതമാനം വിലയാണിത്. ശിഷ്ട റിലയൻസിന് 2580 രൂപ. റിലയൻസ് പിന്നീട് ഉയർന്ന് 2620ൽ ക്ലോസ് ചെയ്തു.

റിലയൻസ് ഓഹരി ഉടമകൾക്ക് ഒരു ഓഹരിക്ക് ഒന്ന് എന്ന ക്രമത്തിൽ ജിയോ ഫിനാൻഷ്യൽ ഓഹരി കിട്ടും.

ജിയോയ്ക്കു വിപണി കാണുന്ന വില 1,66,000 കോടി രൂപയാണ് (2000 കോടി ഡോളർ). ഇന്ത്യയിലെ 32-ാമത്തെ ഏറ്റവും ഉയർന്ന മൂല്യമുള്ള കമ്പനിയാകും ഇത്.

ശിഷ്ട റിലയൻസിന്റെ വിപണിമൂല്യം ഇന്നലെ 17.73 ലക്ഷം കോടി രൂപയായി. എച്ച്ഡിഎഫ്സി ബാങ്ക് ഇന്നലെ 12.73 ലക്ഷം കോടി രൂപ വിപണിമൂല്യവുമായി ടിസിഎസിനെ (12.67 ലക്ഷം കോടി) മൂന്നാം സ്ഥാനത്തേക്കു തള്ളി.

ടെസ്ല ഓഹരി ഇടിഞ്ഞു, മസ്കിനു വിമർശനം

യുഎസ് ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്‌ല രണ്ടാം പാദത്തിൽ വിറ്റുവരവും ലാഭവും വർധിപ്പിച്ചു. പക്ഷേ വാഹനങ്ങളുടെ വില കുറച്ചതു വഴി ലാഭമാർജിൻ കുറഞ്ഞു.

18.2 ശതമാനമാണു കമ്പനിയുടെ ലാഭ മാർജിൻ. തലേ രാത്രി ഫ്യൂച്ചേഴ്സിൽ ഇടിഞ്ഞ ഓഹരി വില ഇന്നലെ ഔപചാരിക വിപണിയിൽ കുത്തനേ താണു. 9.7 ശതമാനമാണ് ഇന്നലെത്തെ നഷ്ടം. വരും മാസങ്ങളിൽ വാഹന ഉൽപാദനം കുറയുമെന്നു സിഇഒ ഈലോൺ മസ്ക് പറഞ്ഞതും ഓഹരിയെ താഴ്ത്തി.

ഈലോൺ മസ്ക് എക്സ്‌ എഐ എന്നൊരു നിർമിത ബുദ്ധി സംരംഭത്തിലേക്കു കൂടി ഈയിടെ കടന്നു. നിരവധി വ്യത്യസ്ത സംരംഭങ്ങളിലേക്കു പ്രവേശിച്ച് സമയവും പ്രതിഭയും പങ്കു വയ്ക്കുന്നതു മുഖ്യ ബിസിനസിലെ ശ്രദ്ധയും താൽപര്യവും കുറയ്ക്കും എന്ന രീതിയിൽ വിമർശനം ഉയർന്നിട്ടുണ്ട്. രാഷ്ട്രീയ തലത്തിലും വിമർശനമുണ്ട്. ഡെമോക്രാറ്റ് നേതാവ് എലിസബത്ത് വാറൻ ട്വിറ്റർ മേധാവിയുടെ ബഹുതല താൽപര്യങ്ങളിൽ ആശങ്ക പ്രകടിപ്പിചിരുന്നു.

ടെസ്ല, ട്വിറ്റർ, എയ്റോസ്പേസ് കമ്പനി സ്പേസ് എക്സ്, മസ്തിഷ്ക - കംപ്യൂട്ടർ സംയോജനത്തിനു ശ്രമിക്കുന്ന ന്യൂട്രാലിങ്ക്, തുരങ്ക നിർമാണ കമ്പനി ബോറിംഗ് എന്നിവയെല്ലാം മസ്കിന്റെ സാരഥ്യത്തിലാണ്.

വിപണി സൂചനകൾ

(2023 ജൂലൈ 20, വ്യാഴം)

സെൻസെക്സ് 30 67,571.90 +0.71%

നിഫ്റ്റി 50 19,979.15 +0.74%

ബാങ്ക് നിഫ്റ്റി 46,186.90 +1.13%

മിഡ് ക്യാപ് 100 36,931.70 +0.25%

സ്മോൾക്യാപ് 100 11,447.15 +0.37%

ഡൗ ജോൺസ് 30 35,225.18 +0.47%

എസ് ആൻഡ് പി 500 4534.87 -0.68%

നാസ്ഡാക് 14,063.31 - 2.05%

ഡോളർ ($) ₹82.08 +04 പൈസ

ഡോളർ സൂചിക 100.79 +0.50

സ്വർണം(ഔൺസ്) $1970.00 -$07.70

സ്വർണം(പവൻ ) ₹44,560 +₹80

ക്രൂഡ് (ബ്രെന്റ്)ഓയിൽ $79.64 +$0.18

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it