പലിശ ഇനിയും കൂടും, ഉടനെ കുറയില്ലെന്നും ഫെഡ്; ഓഹരികൾക്കു വീഴ്ച; ഡോളർ കയറും; എച്ച്.ഡി.എഫ്.സി ബാങ്കിൽ സംഭവിച്ചത് ഇതാണ്
യുഎസ് ഫെഡ് പലിശ കൂട്ടിയില്ലെങ്കിലും ഒരു തവണ കൂടി വർധിപ്പിക്കും എന്ന് വ്യക്തമാക്കിയത് ഓഹരിവിപണികളെ താഴ്ത്തി. യുഎസ് സൂചികകൾ ഇന്നലെ ഒന്നര ശതമാനം വരെ ഇടിഞ്ഞു. ഇന്ന് ഏഷ്യൻ വിപണിയും ഇടിവിലാണ്. ഇന്ത്യൻ വിപണിയും താഴ്ചയാണു പ്രതീക്ഷിക്കുന്നത്.
ഫെഡ് തീരുമാനം ഡോളർ നിരക്ക് ഉയർത്തുകയും സ്വർണവില താഴ്ത്തുകയും ചെയ്തു. യൂറോ 1.06 ഡോളറിലേക്കു താണു.
ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ബുധൻ രാത്രി 19,905ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 19,850 ലായി. ഇന്ത്യൻ വിപണി ഗണ്യമായി താഴ്ന്നു വ്യാപാരം തുടങ്ങും എന്ന സൂചനയാണു ഡെറിവേറ്റീവ് വിപണി നൽകുന്നത്.
യൂറോപ്യൻ സൂചികകൾ ഇന്നലെ 1.2 ശതമാനം നേട്ടത്തിൽ അവസാനിച്ചു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഇന്നു പണനയ പ്രഖ്യാപനം നടത്തും. ഓഗസ്റ്റിലെ ചില്ലറ വിലക്കയറ്റം കുറഞ്ഞത് നിരക്കു കൂട്ടലിൽ നിന്നു വിട്ടു നിൽക്കാൻ പ്രേരിപ്പിക്കുമോ എന്നാണു വിപണി നോക്കുന്നത്.
ഉയർന്ന പലിശനിരക്ക് കൂടുതൽ കാലത്തേക്കു തുടരുമെന്നു ഫെഡറൽ റിസർവ് സൂചിപ്പിച്ചതാേടെ യുഎസ് വിപണികൾ ബുധനാഴ്ച നഷ്ടത്തിൽ ക്ലോസ് ചെയ്തു. ഡൗ ജോൺസ് 76.85 പോയിന്റ് (0.22%) താഴ്ന്ന് 34,440.9 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 41.75 പോയിന്റ് (0.94%) ഇടിഞ്ഞ് 4402.2 ലും നാസ്ഡാക് 209.06 പോയിന്റ് (1.53%) താഴ്ന്ന് 13,469.10 ലും ക്ലോസ് ചെയ്തു.
യുഎസ് സൂചികകളുടെ ഫ്യൂച്ചേഴ്സ് ചെറിയ താഴ്ച കാണിക്കുന്നു. ഡൗ 0.13 ഉം എസ് ആൻഡ് പി 0.25 ഉം നാസ്ഡാക് 0.33 ഉം ശതമാനം താണു.
ഇന്നു രാവിലെ ഏഷ്യൻ വിപണികൾ താഴ്ചയിലാണ്. പ്രമുഖ സൂചികകൾ ഒരു ശതമാനം താഴ്ന്നു. ചെെനയിലും ഇടിവിലാണ് വ്യാപാരം തുടങ്ങിയത്.
എച്ച്ഡിഎഫ്സി ബാങ്കിന്റെ ലാഭക്ഷമതയിലും ബുക്ക് വാല്യുവിലും കുറവു വരുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ആ ഓഹരി ഇടിഞ്ഞത് ഇന്നലെ ഇന്ത്യൻ വിപണിയെ വീഴ്ത്തി. ബുധനാഴ്ച ഇന്ത്യൻ വിപണി ഇടിവോടെ തുടങ്ങി, കൂടുതൽ താഴ്ന്നു ക്ലോസ് ചെയ്തു. സെൻസെക്സ് 66,728 വരെയും നിഫ്റ്റി 19,878 വരെയും താഴ്ന്നു. സെൻസെക്സ് 796 പോയിന്റ് (1.18%) താഴ്ന്ന് 66,800.84 ലാണു ക്ലോസ് ചെയ്തത്. നിഫ്റ്റി 231.9 പോയിന്റ് (1.15%) ഇടിഞ്ഞ് 19,901.4 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 592.25 പോയിന്റ് (1.29%) താഴ്ന്ന് 45,384.6 ൽ ക്ലോസ് ചെയ്തു.
മിഡ് ക്യാപ് സൂചിക 0.28 ശതമാനം താഴ്ന്ന് 40,543.85 ൽ ക്ലോസ് ചെയ്തപ്പാേൾ സ്മോൾ ക്യാപ് സൂചിക 0.88 ശതമാനം ഇടിഞ്ഞ് 12,613.05 ൽ അവസാനിച്ചു.
എല്ലാ വ്യവസായ മേഖലകളും നഷ്ടത്തിലായി. ബാങ്കുകൾ, ധനകാര്യ കമ്പനികൾ, മെറ്റൽ കമ്പനികൾ, റിയൽ എസ്റ്റേറ്റ് കമ്പനികൾ എന്നിവ തകർച്ചയുടെ മുന്നിൽ നിന്നു.
റിലയൻസ് ഇൻഡസ്ട്രീസിന്റെ ഇടിവും ഇന്നലെ സൂചികകളെ താഴ്ത്തുന്നതിൽ വലിയ പങ്ക് വഹിച്ചു.
കനേഡിയൻ പെൻഷൻ ഫണ്ടിനു വലിയ നിക്ഷേപം ഉള്ള ഡെൽഹിവെറി, സാെമാറ്റോ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇൻഡസ് ടവർ തുടങ്ങിയ ഓഹരികൾ ഇന്നലെ ഇടിഞ്ഞു. കനേഡിയൻ ഫണ്ടുകൾ ഇന്ത്യയിലെ നിക്ഷേപം പിൻവലിക്കുകയോ ഇനി നിക്ഷേപിക്കാതിരിക്കുകയാേ ചെയ്യുമെന്ന സൂചനയാെന്നും ഇല്ല. എങ്കിലും ഇന്ത്യ - കാനഡ ബന്ധം വഷളായ സാഹചര്യത്തിൽ ചില നിക്ഷേപകർ സുരക്ഷിതത്വം തേടിയാണു വിറ്റത്.
വിദേശഫണ്ടുകൾ ബുധനാഴ്ച ക്യാഷ് വിപണിയിൽ 3110.69 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 573.02 കോടിയുടെ ഓഹരികളും വിറ്റു.
വിപണിയിലെ ബുള്ളിഷ് പ്രവണതയ്ക്കു വലിയ തിരിച്ചടി വന്നെന്നാണു വിലയിരുത്തൽ. താഴ്ച തുടർന്നാൽ 19,600 - 19,700 നിലവാരത്തിലേക്ക് എത്തുമെന്നാണു നിഗമനം. ഇന്നു നിഫ്റ്റിക്ക് 19,875 ലും 19,770 ലും പിന്തുണ ഉണ്ട്. 20,005 ഉം 20,115 ഉം തടസങ്ങളാകും.
വ്യാവസായിക ലോഹങ്ങൾ ബുധനാഴ്ച നേട്ടം ഉണ്ടാക്കി. അലൂമിനിയം 1.53 ശതമാനം കയറി ടണ്ണിന് 2255.75 ഡോളറിലായി. ചെമ്പ് 0.52 ശതമാനം ഉയർന്നു ടണ്ണിന് 8276 ഡോളറിൽ എത്തി. ടിൻ 0.58 ശതമാനവും നിക്കൽ 1.41 ശതമാനവും സിങ്ക് രണ്ടു ശതമാനവും ലെഡ് 0.06 ശതമാനവും കയറി.
ക്രൂഡ് ഓയിൽ, സ്വർണം
ക്രൂഡ് ഓയിൽ അൽപം താഴ്ന്നു. ബുധനാഴ്ച ബ്രെന്റ് ഇനം ക്രൂഡ് 93.10 ഡോളറിലാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ ബ്രെന്റ് ഇനം 92.93 ഡോളറിലും ഡബ്ള്യുടിഐ ഇനം 88.93 ഡോളറിലും എത്തി. യുഎഇയുടെ മർബൻ ക്രൂഡ് 95.41 ഡോളറിലാണ്.
സ്വർണവില താഴോട്ടായി. നിരക്കു കൂട്ടുന്നില്ല എന്ന പ്രഖ്യാപനം വന്നപ്പോൾ 1948 ഡോളർ വരെ കുതിച്ചു കയറിയ സ്വർണം പിന്നീട് 1930 ലേക്കു തിരിച്ചിറങ്ങി. ഇന്നലെ 1930.80 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1925 ഡോളറിനു താഴെയായി.
കേരളത്തിൽ പവൻവില ബുധനാഴ്ച 44,160 രൂപയിൽ തുടർന്നു.
രൂപ അൽപം നേട്ടമുണ്ടാക്കി. ഡോളർ 19 പൈസ താഴ്ന്ന് 83.08 രൂപയിൽ ക്ലോസ് ചെയ്തു. ഇന്നു ഡോളർ തിരിച്ചു കയറാൻ സാധ്യതയുണ്ട്.
ഫെഡ് നയത്തെ തുടർന്നു ഡോളർ സൂചിക വീണ്ടും കയറ്റത്തിലായി. ഇന്നലെ 105.20 ൽ തന്നെ ക്ലോസ് ചെയ്ത സൂചിക ഇന്നു രാവിലെ 105.60 ലേക്കു കുതിച്ചു.
ക്രിപ്‌റ്റോ കറൻസികൾ കയറിയിറങ്ങി. ഇന്നു രാവിലെ 27,100 നു താഴെയാണ്.
ഫെഡ് നിരക്കു കൂട്ടിയില്ല; ഉയർന്ന നിരക്ക് കൂടുതൽ കാലം തുടരും
യുഎസ് ഫെഡറൽ റിസർവിന്റെ തീരുമാനം പ്രതീക്ഷിച്ച രീതിയിൽ തന്നെയാണു വന്നത്. ഫെഡറൽ ഫണ്ട്സ് റേറ്റ് എന്ന താക്കോൽ നിരക്ക് കൂട്ടിയില്ല. എന്നാൽ ഈ വർഷം ഒരു തവണ കൂടി നിരക്കു കൂട്ടും എന്നു വ്യക്തമാക്കി. നവംബറിലെ യോഗത്തിലാകും അത്. അപ്പോൾ 12 തവണത്തെ വർധനകളിലൂടെ കുറഞ്ഞ പലിശ നിരക്ക് 5.5 ശതമാനത്തിൽ എത്തും. കഴിഞ്ഞ വർഷം മാർച്ചിലാണു നിരക്ക് കൂട്ടിത്തുടങ്ങിയത്. ഇപ്പോൾ നിരക്ക് 2001 നു ശേഷമുള്ള ഏറ്റവും ഉയർന്ന തോതിലാണ്.
അടുത്ത വർഷം പലിശനിരക്ക് നാലു തവണ കുറയ്ക്കാൻ സാധ്യത ഉണ്ടെന്നാണ് ജൂണിൽ ഫെഡ് നൽകിയ സൂചന. ഇത്തവണ പലിശഗതി സംബന്ധിച്ച ചാർട്ട് നൽകുന്ന സൂചന രണ്ടു തവണയേ കുറയ്ക്കൂ എന്നാണ്. അതായത് ഉയർന്ന പലിശ കൂടുതൽ കാലം തുടരും.
യുഎസ് ജിഡിപി വളർച്ച ഇക്കൊല്ലം 2.1 ശതമാനം ആകുമെന്നു ഫെഡ് കണക്കാക്കുന്നു. ജൂണിൽ ഒരു ശതമാനം വളർച്ചയാണു പ്രതീക്ഷിച്ചത്. 2024ലെ വളർച്ചപ്രതീക്ഷ 1.1 ൽ നിന്ന് 1.5 ശതമാനമാക്കി ഉയർത്തി. യുഎസ് ഉറച്ച വളർച്ചയിലാണെന്നു ഫെഡ് വിലയിരുത്തുന്നു. തൊഴിലില്ലായ്മ 3.8 ശതമാനമായി കുറയുമെന്നാണു നിഗമനം. നേരത്തേ 4.1 ശതമാനം കണക്കാക്കിയതാണ്.
ഉയർന്ന പലിശ തുടരുമെന്ന സൂചന ഡോളർ സൂചികയെ കയറ്റി. യുഎസ് ബോണ്ടുകൾ 4.44 ശതമാനം ആദായം കിട്ടുന്ന വിലയിലേക്കു താണു. സ്വർണം കയറിയിട്ടു താണു. ക്രൂഡ് ഓയിൽ താഴ്ന്നു. ഓഹരികൾ ഇടിഞ്ഞു.
എച്ച്.ഡി.എഫ്.സി ബാങ്കിൽ ഇന്നലെ സംഭവിച്ചത്
എച്ച്.ഡി.എഫ്.സി ബാങ്ക് ഓഹരികളുടെ വീഴ്ചയാണ് ഇന്നലെ ഇന്ത്യൻ വിപണിയെ വല്ലാതെ താഴ്ത്തിയത്. സെൻസെക്സിന്റെ വീഴ്ചയിൽ 400 പോയിന്റ് എച്ച്ഡിഎഫ്സി ബാങ്കിന്റെ ഇടിവ് മൂലമാണ്. ബാങ്കിന്റെ വിപണി മൂല്യത്തിൽ 50,000 കോടി രൂപയുടെ കുറവ് വന്നു.
എച്ച്.ഡി.എഫ്.സിയുമായുള്ള ലയനം ബാങ്കിന്റെ ആസ്തികളിൽ കുറവു വരുത്തി. അതു വഴി ബാങ്കിന്റെ അറ്റമൂല്യവും (നെറ്റ് വർത്ത് - ആസ്തികളിൽ നിന്നു ബാധ്യത കുറച്ച ശേഷമുള്ള മൂല്യം) ഓഹരിയുടെ പുസ്തക മൂല്യവും കുറയും. അറ്റമൂല്യത്തിൽ 20,000 കോടി രൂപയുടെ താഴ്ച. ഒരോഹരിയിൽ 29 രൂപയുടെ പുസ്തകമൂല്യം കുറയും എന്നാണു ബാങ്ക് മാനേജ്‌മെന്റ് അനാലിസ്റ്റുകളോടു പറഞ്ഞത്. ബാങ്കിന്റെ അറ്റ പലിശമാർജിനും കുറയും. അതുവഴി ലാഭക്ഷമതയിലും കുറവു വരും. ലയനത്തെ തുടർന്ന് എച്ച്ഡിഎഫ്സി ആസ്തികൾ ബാങ്കുകളുടെ ആസ്തി കണക്കാക്കുന്ന ഐ.ജി.എ.എ.പി രീതിയിലേക്കു മാറ്റുന്ന സാഹചര്യത്തിലാണ് ആസ്തി കുറവാകുന്നത്.
ഇതേ തുടർന്ന് പ്രമുഖ അനാലിസ്റ്റുകളും ബ്രോക്കറേജുകളും എച്ച്.ഡി.എഫ്.സി ബാങ്ക് ഓഹരിയുടെ ലക്ഷ്യവില താഴ്ത്തി. ഇതാണ് ഇന്നലെ ഓഹരിയെ വലിച്ചു താഴ്ത്തിയത്. വില കുറയുമെന്നു കണ്ടതോടെ ഫണ്ടുകൾ വലിയ തോതിൽ വിൽപനക്കാരാകുകയും ചെയ്തു. ഇതു വീഴ്ചയുടെ ആഘാതം കൂട്ടി.
വിപണി സൂചനകൾ
(2023 സെപ്റ്റംബർ 20, ബുധൻ)
സെൻസെക്സ് 30 66,800.84 -1.18%
നിഫ്റ്റി 50 19,901.40 -1.15%
ബാങ്ക് നിഫ്റ്റി 45,384.60 -1.29%
മിഡ് ക്യാപ് 100 40,543.85 -0.28%
സ്മോൾ ക്യാപ് 100 12,613.05 -0.88%
ഡൗ ജോൺസ് 30 34,440.90 -0.22%
എസ് ആൻഡ് പി 500 4402.20 -0.94%
നാസ്ഡാക് 13,469.10 -1.53%
ഡോളർ ($) ₹83.08 -₹0.19
ഡോളർ സൂചിക 105.20 00.00
സ്വർണം(ഔൺസ്) $1930.80 -$01.10
സ്വർണം(പവൻ) ₹44,160 +₹ 00.00
ക്രൂഡ് (ബ്രെന്റ്)ഓയിൽ $94.20 -$1.14