വിപണി വീണ്ടും കയറ്റത്തിന്റെ വഴിയില്‍; ഏഷ്യന്‍ വിപണികള്‍ മിതമായ നേട്ടത്തില്‍

വിപണി വീണ്ടും കയറ്റത്തിന്റെ വഴിയിലായി എന്നു കരുതാവുന്ന നിലയിലാണ് ഇന്നലെ വ്യാപാരം അവസാനിച്ചത്. രാത്രി യു.എസ് വിപണി മികച്ച കുതിപ്പ് നടത്തിയതോടെ ഇന്നും ഇന്ത്യന്‍ വിപണിക്കു നേട്ടത്തോടെ വ്യാപാരം തുടങ്ങാം എന്നായി. എന്നാല്‍ യു.എസ് ഫ്യൂച്ചേഴ്‌സില്‍ ഗണ്യമായ താഴ്ച കാണുന്നത് വിപണിയുടെ ആവേശം ചോര്‍ത്തുന്നു.

ക്രൂഡ് ഓയില്‍ വില വീണ്ടും 80 ഡോളറിലേക്കു നീങ്ങുകയാണ്. സ്വര്‍ണം ഒരിക്കല്‍ കൂടി ഔണ്‍സിന് 2050 ഡോളറിനു മുകളിലായി.

വ്യാഴം രാത്രി ഗിഫ്റ്റ് നിഫ്റ്റി 21,425ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 21,380ലേക്കു താണു. ഇന്ത്യന്‍ വിപണി ഇന്ന് ചെറിയ ഉയര്‍ച്ചയോടെ വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നല്‍കുന്ന സൂചന.

വിദേശ വിപണി

യൂറോപ്യന്‍ സൂചികകള്‍ വ്യാഴാഴ്ച ചെറിയ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. തലേ ദിവസത്തെ യു.എസ് വിപണി തകര്‍ച്ചയുടെ കാരണം സംബന്ധിച്ചു കൃത്യമായ വിശദീകരണം ഇല്ലാത്തതു വിപണി പ്രവര്‍ത്തകരെ മടുപ്പിച്ചു.

യു.എസ് വിപണി ബുധനാഴ്ചത്തെ നഷ്ടത്തില്‍ നല്ല പങ്ക് വ്യാഴാഴ്ച തിരിച്ചു പിടിച്ചു. ഡൗ ജോണ്‍സ് ഇന്നലെ 322.35 പോയിന്റ് (0.87%) കയറി 37,404.35ല്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി 48.40 പോയിന്റ് (1.03%) ഉയര്‍ന്ന് 4746.75ല്‍ അവസാനിച്ചു. നാസ്ഡാക് 185.92 പോയിന്റ് (1.26%) കുതിച്ച് 14,963.87 ല്‍ ക്ലോസ് ചെയ്തു.

യു.എസ് മൂന്നാം പാദ ജി.ഡി.പിയുടെ അവസാന കണക്കു വന്നപ്പോള്‍ വളര്‍ച്ച അല്‍പം കുറവായി. 5.2 ശതമാനത്തില്‍ നിന്ന് 4.9 ശതമാനത്തിലേക്ക്. പ്രതീക്ഷയില്‍ കുറവാണെങ്കിലും വാര്‍ഷിക പ്രതീക്ഷയില്‍ മാറ്റം വരുത്തേണ്ട കാര്യം ഇല്ല. ഇന്നു പേഴ്‌സണല്‍ കണ്‍സംഷന്‍ എക്‌സ്‌പെന്‍ഡിച്ചര്‍ (പി.സി.ഇ) കണക്കു വരും. ഈ വിലക്കയറ്റ നിരക്കാണു യു.എസ് ഫെഡ് നിരക്കുനിര്‍ണയത്തിന് ആധാരമാക്കുന്നത്.

യു.എസ് കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം ഇന്നലെ 3.892 ശതമാനത്തിലേക്കു കയറി.

യു.എസ് ഫ്യൂച്ചേഴ്‌സ് ഇന്നു രാവിലെ നഷ്ടത്തിലാണ്. ഡൗ 0.32ഉം എസ് ആന്‍ഡ് പി 0.15ഉം നാസ്ഡാക് 0.27ഉം ശതമാനം താഴ്ന്നു നില്‍ക്കുന്നു. സ്‌പോര്‍ട്‌സ് വസ്ത്ര കമ്പനിയായ നൈക്കി അടുത്ത പാദത്തില്‍ വരുമാനം ഗണ്യമായി കുറയുമെന്നും കമ്പനി 200 കോടി ഡോളറിന്റെ ചെലവുകള്‍ വെട്ടിക്കുറയ്ക്കുമെന്നും അറിയിച്ചു. ഫ്യൂച്ചേഴ്‌സില്‍ നൈക്കി ഓഹരി 11 ശതമാനം ഇടിഞ്ഞു.

ഏഷ്യന്‍ വിപണികള്‍ ഇന്നു കയറ്റത്തിലാണ്. ജാപ്പനീസ്, ഓസ്‌ട്രേലിയന്‍, കൊറിയന്‍, വിപണികള്‍ ഉയര്‍ന്നു വ്യാപാരം തുടങ്ങി. ചൈനീസ് വിപണി താഴ്ചയിലാണ്.

ഇന്ത്യന്‍ വിപണി

വ്യാഴാഴ്ച നഷ്ടത്തില്‍ വ്യാപാരം തുടങ്ങിയിട്ട് ഇന്ത്യന്‍ ഓഹരികള്‍ നേട്ടത്തിലേക്കു മാറ്റി. തലേന്നു വലിയ വീഴ്ച ഉണ്ടായ മിഡ്, സ്‌മോള്‍ ക്യാപ് ഓഹരികള്‍ ഇന്നലെ കരുത്തോടെ തിരിച്ചു കയറി.

ബി.എസ്.ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം 4.07 ലക്ഷം കോടി രൂപ കയറി 354.09 ലക്ഷം കോടി രൂപയായി. മുഖ്യ സൂചികകളിലെ ഉയര്‍ച്ച കാണിക്കുന്നതിലും അധികമായിരുന്നു വിശാല വിപണിയുടെ കയറ്റം.

സെന്‍സെക്‌സ് 358.79 പോയിന്റ് (0.51%) കയറി 70,865.10ലും നിഫ്റ്റി 104.90 പോയിന്റ് (0.50%) ഉയര്‍ന്ന് 21,255.05ലും വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 394.85 പോയിന്റ് (0.83%) കയറി 47,840.15ല്‍ ക്ലോസ് ചെയ്തു. റിലയന്‍സും എച്ച്.ഡി.എഫ്.സി ബാങ്കുമാണ് സൂചികകളുടെ കയറ്റത്തില്‍ വലിയ പങ്ക് വഹിച്ചത്.

മിഡ് ക്യാപ് സൂചിക 1.69 ശതമാനം കുതിച്ച് 44,767.70ലും സ്‌മോള്‍ ക്യാപ് സൂചിക 1.94 ശതമാനം ഉയര്‍ന്ന് 14,687.95ലും വ്യാപാരം അവസാനിപ്പിച്ചു.

ഈ വര്‍ഷം ഇതുവരെ നിഫ്റ്റി 16.80 ശതമാനം ഉയര്‍ന്നപ്പോള്‍ സ്‌മോള്‍ ക്യാപ് സൂചിക 50.94ഉം മിഡ് ക്യാപ് സൂചിക 42.08ഉം ശതമാനം ഉയര്‍ന്നിട്ടുണ്ട്. മിഡ്, സ്മാേള്‍ ക്യാപ് ഓഹരികളുടെ കയറ്റത്തെപ്പറ്റി പലരും പരസ്യമായി ആശങ്ക ഉന്നയിച്ചിരുന്നു.

എല്ലാ വ്യവസായ മേഖലകളും ഇന്നലെ നേട്ടത്തില്‍ അവസാനിച്ചു. മീഡിയ, പി എസ് യു ബാങ്കുകള്‍, മെറ്റല്‍, റിയല്‍റ്റി ഹെല്‍ത്ത് കെയര്‍, ഐടി, ഫാര്‍മ, ഓയില്‍-ഗ്യാസ് തുടങ്ങിയവ ഗണ്യമായം നേട്ടം ഉണ്ടാക്കി.

വിദേശ നിക്ഷേപ ഫണ്ടുകള്‍ ഇന്നലെയും വില്‍പന വര്‍ധിപ്പിച്ചു. ക്യാഷ് വിപണിയില്‍ അവര്‍ 1636.19 കോടിയുടെ ഓഹരികള്‍ വിറ്റു. സ്വദേശി ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും കൂടി 1464.70 കോടിയുടെ ഓഹരികള്‍ വാങ്ങി.

നിഫ്റ്റിക്ക് 21,000-20,950 മേഖലയില്‍ ശക്തമായ പിന്തുണ ഉണ്ട്. അവിടെ നിന്നു കയറാനായാല്‍ 21,350ലും 21,500-21,600 മേഖലയിലും തടസങ്ങള്‍ ഉണ്ടാകും എന്നാണു സാങ്കേതിക വിശകലന വിദഗ്ധര്‍ പറയുന്നത്.

നിഫ്റ്റിക്ക് ഇന്ന് 21,055ലും 20,860ലും പിന്തുണ ഉണ്ട്. 21,295ഉം 21,480ഉം തടസങ്ങളാകാം.

വായ്പ കുടിശികയാക്കാതെ കാണിക്കാന്‍ കൃത്രിമമാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതു തടയാന്‍ റിസര്‍വ് ബാങ്ക് നടപടി എടുത്തത് പല എന്‍.ബി.എഫ്.സികള്‍ക്കും തിരിച്ചടിയായി. ചില ബാങ്കുകള്‍ക്കും ആ നടപടികള്‍ ക്ഷീണം ഉണ്ടാക്കും. ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുകള്‍ (എ.ഐ.എഫ്) പോലുള്ളവ ഉപയോഗിച്ചാണ് കടം കുടിശികയും നിഷ്‌ക്രിയ ആസ്തിയും ആകുന്നതില്‍ നിന്നു തടയുന്നത്. പിരമള്‍ കാപ്പിറ്റല്‍ 1737 കോടി രൂപയുടെയും ഐ.ഐ.എഫ്.എല്‍ ഫിനാന്‍സ് 182 കോടിയുടെയും ബാധ്യതകള്‍ ഉണ്ടെന്ന് അറിയിച്ചു. ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വും എല്‍ ആന്‍ഡ് ടി ഫിനാന്‍സും എം ആന്‍ഡ് എം ഫിനാന്‍സും ഈ തരം ബാധ്യതകള്‍ ഉള്ളവയാണെന്നു വിപണി കണക്കാക്കുന്നു. ഈ കമ്പനികളുടെയെല്ലാം ഓഹരികള്‍ താഴ്ന്നു.

കുറഞ്ഞ പൊതു ഓഹരി പങ്കാളിത്തം 25 ശതമാനമാക്കണം എന്ന വ്യവസ്ഥ പാലിക്കാന്‍ എല്‍.ഐ.സിക്ക് 2032 വരെ സമയം അനുവദിച്ച് ഗവണ്മെന്റ് ഉത്തരവിറക്കി. ഇപ്പോള്‍ 96.5 ശതമാനം ഓഹരി കേന്ദ്ര സര്‍ക്കാരിന്റെ പക്കലാണ്.

ചെങ്കടലിലെ ഹൂതീ ആക്രമണഭീഷണി മാറ്റമില്ലാതെ തുടരുകയാണ്. ഇറാന്റെ പിന്തുണയുള്ള ഈ സായുധ വിഭാഗം കപ്പലുകള്‍ക്കു നേരേ ഡ്രോണ്‍ ആക്രമണം നടത്തുന്നതിനെ പ്രതിരോധിക്കാന്‍ യു.എസിന്റെയും മിത്രരാജ്യങ്ങളുടെയും നാവികസേന ചെങ്കടലിലും അറബിക്കടലിലും ഉണ്ട്. ഭീഷണി തുടരുന്നത് ഇന്ത്യയില്‍ നിന്നു യൂറോപ്പിലേക്കുള്ള കയറ്റുമതിക്കു ചെലവ് വര്‍ധിപ്പിക്കും.

ക്രൂഡ് ഓയില്‍ വില 80 ഡോളറിനു മുകളില്‍ കയറിയിട്ടു താഴ്ന്നു നില്‍ക്കുകയാണ്. ബ്രെന്റ് ഇനം ക്രൂഡ് ഓയില്‍ 79.38 ഡോളറിലും ഡബ്‌ള്യു.ടി.ഐ ഇനം 73.93 ഡോളറിലും ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെന്റ് ഇനം 79.92ലേക്കു കയറി. യുഎഇയുടെ മര്‍ബന്‍ ക്രൂഡ് 79.35 ഡോളറില്‍ വ്യാപാരം നടക്കുന്നു.

വ്യാഴാഴ്ച ലോകവിപണിയില്‍ സ്വര്‍ണവില കയറി. ഔണ്‍സിന് 2031 ഡോളറില്‍ നിന്ന് 2045.99 ലേക്ക്. ഇന്നു രാവിലെ വില 2054 ഡോളര്‍ വരെ കയറിയിട്ട് 2050 ഡോളറിലേക്കു താണു. ഇനിയും കയറാം എന്നാണു സൂചന.

കേരളത്തില്‍ പവന്‍വില ഇന്നലെ മാറ്റമില്ലാതെ 46,200 രൂപയില്‍ തുടര്‍ന്നു. ഇന്നു വില ഗണ്യമായി കൂടും എന്നാണു സൂചന.

ഡോളര്‍ സൂചിക ഇന്നലെ ഇടിഞ്ഞു. 101.84 ലേക്ക് സൂചിക താണു. ഇന്നു രാവിലെ 101.87 ലേക്കു കയറി.

ഡോളര്‍ വ്യാഴാഴ്ച കയറിയിറങ്ങിയ ശേഷം 10 പൈസ കയറി 83.27 രൂപയില്‍ ക്ലോസ് ചെയ്തു. ക്രിപ്റ്റോ കറന്‍സികള്‍ വീണ്ടും കയറി. ബിറ്റ്‌കോയിന്‍ ഇന്നലെ 44,000 സ്പര്‍ശിച്ചിട്ട് ഇന്നു രാവിലെ 41,150 ഡോളറിനു സമീപമാണ്.

വിപണിസൂചനകള്‍

(2023 ഡിസംബര്‍ 21, വ്യാഴം)

സെന്‍സെക്‌സ്30 70,865.10 +0.51%

നിഫ്റ്റി50 21,255.05 +0.50%

ബാങ്ക് നിഫ്റ്റി 47,840.15 +0.83%

മിഡ് ക്യാപ് 100 44,767.70 +1.69%

സ്‌മോള്‍ ക്യാപ് 100 14,687.95 +1.94%

ഡൗ ജോണ്‍സ് 30 37,404.35 +0.87%

എസ് ആന്‍ഡ് പി 500 4746.75 +1.03%

നാസ്ഡാക് 14,963.87 +1.26%

ഡോളര്‍ ($) ?83.27 +?0.10

ഡോളര്‍ സൂചിക 101.84 -0.59

സ്വര്‍ണം (ഔണ്‍സ്) $2045.99 +$14.58

സ്വര്‍ണം (പവന്‍) ?46,200 +?00.00

ക്രൂഡ് (ബ്രെന്റ്) ഓയില്‍ $79.38 +$0.19

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it