വിപണിയിൽ വീണ്ടും ആശങ്ക മുന്നിൽ; വിദേശ സൂചനകൾ നെഗറ്റീവ്; ക്രൂഡ് ഓയിൽ താഴുന്നു; ലാേഹങ്ങൾ ഉയരുന്നു

പലിശപ്പേടിയും ആഗോള സംഘർഷ അന്തരീക്ഷവും ഇന്നലെ പാശ്ചാത്യ വിപണികളെ നഷ്ടത്തിലാക്കി. അതിന്റെ തുടർച്ചയായി ഏഷ്യൻ വിപണികൾ ഇന്നു രാവിലെ താഴ്ന്നു. ഇന്ത്യൻ വിപണിയും ആ വഴിക്കു നീങ്ങുമെന്നാണു സൂചന.

യൂറോപ്യൻ വിപണികൾ ഇന്നലെ താഴ്ചയിലാണ് അവസാനിച്ചത്. മുഖ്യ സൂചികകൾ അരശതമാനം ഇടിഞ്ഞു.

ഒരു ദിവസത്തെ അവധിക്കു ശേഷം ഇന്നലെ തുറന്ന യുഎസ് വിപണി ഇന്നലെ തുടക്കം മുതൽ താഴോട്ടായിരുന്നു. ഒടുവിൽ ദിവസത്തിലെ താഴ്ന്ന നിലവാരത്തിൽ ക്ലോസ് ചെയ്തു. ഡൗ ജോൺസ് 697 പോയിന്റ് (2.01%) ഇടിഞ്ഞേപ്പാേൾ എസ് ആൻഡ് പി രണ്ടു ശതമാനം ഇടിവോടെ 4000 നു താഴെ ക്ലോസ് ചെയ്തു. നാസ്ഡാക് രണ്ടര ശതമാനം ഇടിഞ്ഞ് 11,500-നു താഴെയായി. യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു ചെറിയ നേട്ടത്തിലാണ് . ഡൗ 0.17 ശതമാനവും നാസ്ഡാക് 0.22 ശതമാനവും ഉയർന്നു.

വിപണികൾ

ഏഷ്യൻ വിപണികൾ ഇന്നു രാവിലെ വലിയ നഷ്ടത്തിലാണ് തുടങ്ങിയത്. ജപ്പാനിലെ നിക്കെെയും കൊറിയയിലെ കോസ്പിയും ഒരു ശതമാനത്തിലധികം താഴ്ന്നാണു വ്യാപാരം. ഓസ്ട്രേലിയൻ വിപണി അര ശതമാനം താഴ്ചയിൽ തുടരുന്നു. എന്നാൽ ചൈനീസ് വിപണികൾ ഇന്നും നേട്ടത്തിൽ വ്യാപാരം തുടങ്ങി.

സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ചൊവ്വാഴ്ച 17,845 ൽ ക്ലോസ് ചെയ്തു. രണ്ടാം സെഷനിൽ 17,819 ൽ ആയി. ഇന്നു രാവിലെ സൂചിക 17,778 ലേക്കു താണിട്ട് അൽപം കയറി. ഇന്ത്യൻ വിപണി ഇന്നു നഷ്ടത്തോടെ വ്യാപാരം തുടങ്ങുമെന്നാണ് സൂചന.

ഇന്ത്യൻ വിപണി ഇന്നലെ ചെറിയ മേഖലയിൽ കയറിയിറങ്ങി. കൂടുതൽ സമയവും സൂചികകൾ നേട്ടത്തിലായിരുന്നെങ്കിലും അവസാന മണിക്കൂറിൽ താഴ്ചയിലായി. യൂറോപ്യൻ വിപണി നഷ്ടത്തിൽ തുടങ്ങിയതും യുഎസ് ഫ്യൂച്ചേഴ്സ് കൂടുതൽ താഴ്ചയിലേക്കു നീങ്ങിയതുമാണ് വിപണി നഷ്ടത്തിൽ അവസാനിക്കാൻ വഴി തെളിച്ചത്.

സൂചികകൾക്കപ്പുറം വിശാലവിപണി നഷ്ടത്തിലായിരുന്നു താനും. സെൻസെക്സ് 18.82 പോയിന്റ് (0.031%) നഷ്ടത്തിൽ 60,672.72 ലും നിഫ്റ്റി 17.9 പോയിന്റ് (0.10%) താഴ്ന്ന് 17,826.7 ലും ക്ലോസ് ചെയ്തു. മിക്കവാറും എല്ലാ വ്യവസായ മേഖലകളും ഇടിവിലായി. പൊതുമേഖലാ ബാങ്കുകളും റിയൽ എസ്റ്റേറ്റും ഐടിയുമാണ് വലിയ ക്ഷീണം നേരിട്ട മേഖലകൾ.

മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.36 ശതമാനം വീതം താഴ്ന്നു ക്ലോസ് ചെയ്തു.

വിപണി ബെയറിഷ് ആയി തുടരുന്നു

എന്നാണ് വിലയിരുത്തൽ. ഉയരാൻ തക്ക ബാഹ്യ പ്രേരകങ്ങൾ ദൃഷ്ടിപഥത്തിൽ ഇല്ല. ഇന്നു നിഫ്റ്റിക്ക് 17,800ലും 17,725 ലും സപ്പോർട്ട് ഉണ്ട്. 17,900 ലും 17,975 ലും തടസങ്ങൾ നേരിടാം. വിദേശനിക്ഷേപകർ ഇന്നലെ വാങ്ങലുകാരായി. 525.8 കോടിയുടെ ഓഹരികൾ അവർ വാങ്ങി. സ്വദേശി ഫണ്ടുകൾ 235.23 കോടിയുടെ ഓഹരികൾ വിറ്റു.

ക്രൂഡ് ഓയിൽ വില വീണ്ടും കുറഞ്ഞു. ബ്രെന്റ് ഇനം വില 82.68 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 83.05 ഡോളറിലേക്കു കയറിയിട്ട് 82.94 ലേക്കു താണു.

വ്യാവസായിക ലോഹങ്ങൾ ഇന്നലെയും കയറ്റം തുടർന്നു. ചെമ്പ് 9100 ഡോളറിനു മുകളിൽ കയറി. ചൈനീസ് ഡിമാൻഡ് വർധിക്കുന്നതാണു വിപണിയെ നയിക്കുന്നത്. ചെമ്പ് ഒരു ശതമാനം ഉയർന്ന് ടണ്ണിന് 9103 ഡോളറിലെത്തി. അലൂമിനിയം 0.4 ശതമാനം കയറി 2465ൽ ക്ലോസ് ചെയ്തു. സിങ്കും ലെഡും നിക്കലും ടിന്നും 1.9 മുതൽ 3.5 വരെ ശതമാനം ഉയർന്നു.

സ്വർണം

സ്വർണം ചെറിയ മേഖലയിൽ വ്യാപാരം ചെയ്തു താഴ്ചയിലേക്കു നീങ്ങി. 1830-1840 -ഡോളറിലായിരുന്നു കയറ്റിറക്കം. 1834 ഡോളറിൽ വ്യാപാരം അവസാനിപ്പിച്ചു. ഇന്നു രാവിലെ 1836-1837 ഡോളറിലാണു സ്വർണം. കേരളത്തിൽ ഇന്നലെ പവന് 80 രൂപ കുറഞ്ഞ് 41,600 രൂപയായി.

രൂപയ്ക്ക് ഇന്നലെ നഷ്ടം നേരിട്ടു. ഡോളറിന് എട്ടു പൈസ കൂടി 82.82 രൂപയായി. ഡോളർ സൂചിക 104.17 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 104.07ലേക്കു താഴ്ന്നു.


സൂചികകളിൽ കാണുന്നതല്ല യഥാർഥ ചിത്രം


മുഖ്യ സൂചികകൾ നൽകുന്നതിലും മോശമാണു വിപണിയുടെ യഥാർഥ ചിത്രം. മുഖ്യ സൂചികകൾ നാമമാത്ര താഴ്ച കാണിച്ച ഇന്നലെ ബിഎസ്ഇ യിൽ 70,000 കോടി രൂപയുടെ വിപണി മൂല്യമാണു നഷ്ടമായത്. തലേന്ന് ഒരു ലക്ഷം കോടി രൂപയാണു വിപണി മൂല്യത്തിലുണ്ടായ ഇടിവ്. സൂചികാധിഷ്ഠിത ഓഹരികൾ ഉയർത്തി നിർത്തി എല്ലാം ഭദ്രമാണെന്നു കാണിക്കാൻ ആരൊക്കെയോ പരിശ്രമിക്കുന്നു എന്നു വേണം സംശയിക്കാൻ. വിപണിയുടെ സുഗമ വളർച്ചയ്ക്ക് സഹായകമല്ല ഇത്.

വിപണിയുടെ പുതിയ ബോധ്യങ്ങൾ

സമീപകാലത്ത് വിപണിയിൽ ഉണ്ടായ ഉയർച്ച സുസ്ഥിരമല്ലെന്നു കാണിക്കുന്ന വിധമാണു രാജ്യത്തും പുറത്തും ഉള്ള ചലനങ്ങൾ. വർധിച്ച വിലക്കയറ്റത്തെ തടഞ്ഞു നിർത്താൻ പലിശ കൂട്ടിക്കൂട്ടി വരുന്നു. പലിശ വർധന മാന്ദ്യത്തിലേക്കു നയിക്കും എന്ന് എല്ലാവരും ഭയപ്പട്ടു. അതനുസരിച്ച് വിപണികൾ കയറിയിറങ്ങി. ഇപ്പോൾ പലിശ വർധന നീണ്ടു പോകുമെന്നും ഉയർന്ന നിരക്ക് കൂടുതൽ കാലം നിൽക്കുമെന്നും ബോധ്യമായി. അതിന്റെ പ്രതിഫലനമാണ് വിപണികളിൽ കാണുന്നത്. മാന്ദ്യം ഉണ്ടാവുകയില്ലെങ്കിലും വളർച്ച കുറവാകും എന്നതാണു യാഥാർഥ്യം. സ്വാഭാവികമായും കമ്പനികൾക്കു വിൽപനയും ലാഭവും കുറയും. അത് ഓഹരി വിലകളെ താഴ്ത്തും.

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it