ലോക ബാങ്കിംഗ് പ്രതിസന്ധി തത്കാലം നീങ്ങി
ആശ്വാസവും ആശങ്കയും. ഇന്നു വിപണികൾ വ്യാപാരം തുടങ്ങുമ്പോൾ ഉള്ള വികാരങ്ങൾ അവയാണ്. ബാങ്കിംഗ് പ്രതിസന്ധി തൽക്കാലം നീങ്ങിയതിന്റെ ആശ്വാസം, ഇന്നു രാത്രി യുഎസ് ഫെഡ് എന്തു തീരുമാനം എടുക്കും എന്നതിലെആശങ്ക. എങ്കിലും ആവേശപൂർവമാണ് ഏഷ്യൻ വിപണികൾ രാവിലെ വ്യാപാരം തുടങ്ങിയത്.
ഇന്നലെ യുഎസ് വിപണികൾ നേരിയ നേട്ടത്തിൽ തുടങ്ങിയിട്ടു കൂടുതൽ ഉയർന്നു ക്ലോസ് ചെയ്തു. ഡൗ ജോൺസ് 0.98 ശതമാനവും. എസ് ആൻഡ് പി 1.3 ശതമാനവും നാസ്ഡാക് 1.58 ശതമാനവും ഉയർന്നു. ബാങ്ക് മേഖലയിലെ ആശ്വാസം സൂചികകൾക്കു കരുത്തായി.
ചെറുകിട ബാങ്കുകളുടെ രക്ഷയ്ക്ക് ആവശ്യമായതു ചെയ്യും എന്നു യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് എലൻ പറഞ്ഞതു ബാങ്കിംഗിലെ വലിയ ആശങ്ക നീക്കി. എസ് ആൻഡ് പി 4000 നു മുകളിൽ ക്ലോസ് ചെയ്തു. ഫ്യൂച്ചേഴ്സിൽ ഡൗ 0.10 ഉം എസ് ആൻഡ് പി 0.06 ഉം നാസ്ഡാക് 0.12 ഉം ശതമാനം താഴ്ചയിലാണ്.
ഏഷ്യൻ വിപണികൾ ഇന്നു രാവിലെ കയറ്റത്തിലാണ്. ഇന്നലെ അവധി ആയിരുന്ന ജാപ്പനീസ് വിപണി ഇന്ന് 1.7 ശതമാനം ഉയർന്നു. കൊറിയൻ വിപണി ഒരു ശതമാനം ഉയർന്നു തുടങ്ങി. ഓസ്ട്രേലിയൻ വിപണി ഒരു ശതമാനം നേട്ടത്തിലേക്കു കുതിച്ചു.
സൂചികകളിൽ
ഹോങ് കോങ്ങിലെ ഹാങ് സെങ് സൂചിക 1.5 ശതമാനവും ഷാങ്ഹായ് സൂചിക 0.25 ശതമാനവും നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ചൊവ്വാഴ്ച ഒന്നാം സെഷനിൽ 17,144 ൽ ക്ലോസ് ചെയ്തു. രണ്ടാം സെഷനിൽ 17,163-ലേക്ക് കയറി. ഇന്നു രാവിലെ സൂചിക 17,138 ൽ ആരംഭിച്ചിട്ട് 17,155 ലേക്കു കയറി. ഇന്ത്യൻ വിപണി നേട്ടത്തിൽ വ്യാപാരം തുടങ്ങുമെന്നാണു സൂചന.
തിങ്കളാഴ്ച ഇന്ത്യൻ വിപണി ഉയർന്നാണു വ്യാപാരം തുടങ്ങിയത്. വീണ്ടും കൂടുതൽ കയറി. സെൻസെക്സ് ഒരവസരത്തിൽ 500 പോയിന്റിലധികം ഉയർച്ചയിലായിരുന്നു. സെൻസെക്സ് 445.73 പോയിന്റ് (0.77%) ഉയർന്ന് 58,074.68 ലും നിഫ്റ്റി 119.10 പോയിന്റ് (0.70%) കയറി 17,107.50 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.59 ശതമാനവും സ്മോൾ ക്യാപ് സൂചിക 0.66 ശതമാനവും ഉയർന്നാണു വ്യാപാരം അവസാനിച്ചത്.
ഓഹരികൾ തിരിച്ചു കയറി
എട്ടു ദിവസം തുടർച്ചയായി ഇടിഞ്ഞ റിലയൻസ് ഓഹരി ഇന്നലെ മൂന്നു ശതമാനത്തിലധികം ഉയർന്നു. ചില വിദേശ ബ്രാേക്കറേജുകൾ 3000 രൂപയ്ക്കു മുകളിൽ വില ലക്ഷ്യം വച്ച് റിലയൻസിൽ വാങ്ങൽ ശിപാർശ നടത്തിയതു പ്രേരകമായി.അദാനി ഗ്രൂപ്പിലെ എട്ട് ഓഹരികൾ ഇന്നലെ നേട്ടത്തിൽ ക്ലോസ് ചെയ്തു.
വിപണി ഹ്രസ്വകാല തിരിച്ചുകയറ്റം ഉറപ്പിച്ചതായി സാങ്കേതിക വിശകലനക്കാർ ചൂണ്ടിക്കാട്ടുന്നു. നിഫ്റ്റിക്ക് 17,040 ലും 16,975 ലും ആണു സപ്പോർട്ട്. 17,125 ലും 17,200 ലും തടസങ്ങൾ ഉണ്ടാകാം.
വിദേശനിക്ഷേപകർ ഇന്നലെ 1454.63 കോടിയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 1946.06 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
ക്രൂഡ് ഓയിൽ വില ഉയർന്നു
ബ്രെന്റ് ഇനം ക്രൂഡ് രണ്ടു ശതമാനം കയറി 75.32 ഡോളറിലെത്തി. ഇന്നു രാവിലെ 74.87 ലേക്കു താണു. വ്യാവസായിക ലോഹങ്ങൾ ഭിന്ന ദിശകളിൽ നീങ്ങി. ചെമ്പ് 0.7 ശതമാനം കയറി 8761 ഡോളറിൽ എത്തി. അലൂമിനിയം 0.24 ശതമാനം താഴ്ന്ന് 2269 ഡോളറിലായി. സിങ്കും നിക്കലും ലെഡും താഴ്ന്നപ്പോൾ ടിൻ രണ്ടു ശതമാനം ഉയർന്നു.
സ്വർണവില ഇന്നലെ വലിയ ഇടിവിലായി. രാവിലെ മുതൽ താഴോട്ടു ക്രമമായ പതനം. 1985 ഡോളറിനിന് 1935 വരെ താഴ്ന്ന ശേഷം അൽപം കയറി 1943-1944 ഡോളറിൽ ക്ലോസ് ചെയ്തു. ഓഹരികൾ ഉയർന്നതാണു സ്വർണത്തിൽ നിന്നു നിക്ഷേപകരെ മാറ്റിയത്. ഇന്നു രാവിലെ 1944-1946 ഡോളറിൽ വ്യാപാരം നടക്കുന്നു. ഫെഡ് തീരുമാനം അനുസരിച്ചാകും സ്വർണത്തിന്റെ ഇനിയുള്ള ഗതി.
കേരളത്തിൽ ഇന്നലെ പവന് 160 രൂപ കയറി 44,000 രൂപയായി. ക്രിപ്റ്റോ കറൻസികൾ ഉയർന്ന നിലയിൽ തുടർന്നു. ബിറ്റ് കോയിൻ 28,200 ഡോളറിനു മുകളിലാണ്.
രൂപ ഇന്നലെയും ചാഞ്ചാടി. ഒടുവിൽ 82.65 രൂപയിൽ ക്ലോസ് ചെയ്തു. ഡോളർ സൂചിക ഇന്നലെ കയറ്റിറക്കങ്ങൾക്കു ശേഷം 103.26ൽ അവസാനിച്ചു. ഇന്നുരാവിലെ 103.22 ലേക്കു താണു.
ഫെഡ് എന്തു തീരുമാനിക്കും?
അമേരിക്കൻ കേന്ദ്ര ബാങ്ക് (ഫെഡ്) ഇന്നു പലിശയുടെ കാര്യം തീരുമാനിക്കാൻ വല്ലാതെ വിഷമിക്കും. ഫെഡ് ഫണ്ട്സ് റേറ്റ് എന്നറിയപ്പെടുന്ന നിർണായക പലിശ ഇപ്പോൾ 4.5 - 4.75 ശതമാനമാണ്. കഴിഞ്ഞ വർഷം മാർച്ച് 17 ന് 0.0 - 0.25 ൽ നിന്ന് 0.25 -0.50 ലേക്കു വർധിപ്പിച്ചു കൊണ്ടാണു നിരക്കു വർധനയ്ക്കു തുടക്കമിട്ടത്. പിന്നീട് ഏഴു തവണ നിരക്കുകൂട്ടി. നാലു തവണ 75 ബേസിസ് പോയിന്റ് വീതം. രണ്ടു തവണ 50 ബേസിസ് പോയിന്റ് വീതം. കഴിഞ്ഞ ഫെബ്രുവരി ഒന്നിന് 25. ബേസിസ് പോയിന്റ് കൂട്ടി. ഇന്നലെ ആരംഭിച്ച ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി (എഫ്ഒഎംസി) വിലക്കയറ്റവും ബാങ്കിംഗ് പ്രശ്നങ്ങളും പരിഗണിച്ചേ തീരുമാനം എടുക്കൂ.
വിലക്കയറ്റം ഉയർന്നുതന്നെയാണ്. ഫെബ്രുവരിയിലെ ചില്ലറ വിലക്കയറ്റം ആറു ശതമാനമാണ്. കാതൽ വിലക്കയറ്റം 5.5 ശതമാനവും. വിലക്കയറ്റം രണ്ടു ശതമാനത്തിൽ (സഹനപരിധി നാലു ശതമാനം) ഒരുക്കണം എന്നു നിബന്ധന ഉള്ളപ്പോഴാണിത്.
അതേസമയം ബാങ്കിംഗ് പ്രതിസന്ധി നീങ്ങി എന്നു പറയാറായിട്ടില്ല. ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിനു രക്ഷാപദ്ധതി തയാറായി വരുന്നതേ ഉള്ളു. അതു ഫലപ്രദമായില്ലെങ്കിൽ സ്ഥിതി വീണ്ടും പഴയ നിലയിലാകും. തകർന്ന സിലിക്കൺവാലി ബാങ്കിനെ ഏറ്റെടുക്കാൻ ഇനിയും ആരും തയാറായിട്ടില്ല. സിഗ്നേച്ചർ ബാങ്കിനെ വിറ്റെങ്കിലും ആ ബാങ്കിന്റെ 1100 കോടി ഡോളറിന്റെ റിയൽ എസ്റ്റേറ്റ് വായ്പകൾ വിൽക്കാനായിട്ടില്ല. സിൽവർ ഗേറ്റ് ബാങ്ക് ലിക്വിഡേറ്റ് ചെയ്യുകയാണ്.
ശത്രു വിലക്കയറ്റമാേ മാന്ദ്യമോ?
വിലക്കയറ്റം പിടിച്ചു കെട്ടാൻ 50 ബേസിസ് പോയിന്റ് വർധന ഉണ്ടാകും എന്നാണു ബാങ്കിംഗ് പ്രതിസന്ധിക്കു മുൻപ് കരുതിയത്. പ്രതിസന്ധി വന്നതോടെ നിലമാറി. പ്രതിസന്ധിക്കിടയിൽ നിരക്കു കൂട്ടിയാൽ കൂടുതൽ ബാങ്കുകൾ തകർന്നേക്കാം എന്നു പലരും ഭയപ്പെട്ടു. ഇപ്പോൾ പ്രതിസന്ധിക്കു താൽക്കാലിക ശമനം വന്ന നിലയ്ക്ക് 25 ബേസിസ് പോയിന്റ് വർധിപ്പിക്കും എന്നാണു പൊതു നിഗമനം.
നിരക്കു വർധിപ്പിച്ചില്ലെങ്കിൽ ബാങ്കുകൾ അതീവ ദുർബലമാണെന്ന ധാരണ ജനങ്ങളിൽ ഉണ്ടാവുകയും ജനം പണം പിൻവലിക്കാൻ പരക്കം പായുകയും ചെയ്യും. അതു കരുത്തരായ ബാങ്കുകളെപ്പോലും തകർക്കും.
50 ബേസിസ് പോയിന്റ് വർധിപ്പിക്കുന്നത് സാമ്പത്തിക വളർച്ചയെ പിന്നോട്ടു വലിക്കും എന്നും മാന്ദ്യം ഉറപ്പാകും എന്നും വിമർശകർ പറയുന്നു. 25 ബേസിസ് പോയിന്റ് വർധനയും അതിലേക്കു തന്നെ നയിക്കും എന്ന അഭിപ്രായക്കാരും കുറവല്ല. അവർ പലിശ ഇനി കൂട്ടരുതെന്നു മാത്രമല്ല കുറയ്ക്കാൻ ആരംഭിക്കണമെന്നും ആവശ്യപ്പെടുന്നു.