പലിശ പ്രതീക്ഷയിലെ ഉണർവ് തുടരും; വിൽപനസമ്മർദം വർധിക്കും; ഡോളർ കുതിക്കുന്നു; വിപണിയിൽ ദുർബല തുടക്കത്തിനു സാധ്യത

പലിശ കുറയും എന്ന പ്രത്യാശയിൽ ആഗോള വിപണികളോടൊപ്പം ഇന്ത്യൻ വിപണി ഇന്നലെ മികച്ച മുന്നേറ്റം കാഴ്ചവച്ചു. കൂടുതൽ ഉയരത്തിലേക്ക് നീങ്ങാൻ ഇന്നും വിപണി ശ്രമിക്കും. എന്നാൽ വർഷാന്ത്യ സമ്മർദം വിൽപന വർധിപ്പിക്കും എന്ന ആശങ്കയുണ്ട്. വിദേശത്തു ഡോളർ വിലകയറുന്നതടക്കമുള്ള നെഗറ്റീവ് ഘടകങ്ങളും ഇന്നു വിപണിയെ ബാധിക്കാം. വിദേശനിക്ഷേപകർ ഇന്ത്യയിലേക്കു വരും എന്ന പ്രതീക്ഷ ഉണ്ടെങ്കിലും ഈ ആഴ്ചകളിൽ അവരുടെ വിൽപന തുടരുക തന്നെ ചെയ്യും.

ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി കഴിഞ്ഞ രാത്രി 22,032 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 22,095 ആയി. ഇന്ത്യൻ വിപണി ഇന്നു ചെറിയ നഷ്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നൽകുന്ന സൂചന.

വിദേശ വിപണി

യൂറോപ്യൻ വിപണികൾക്കു മികച്ച ദിവസമായിരുന്നു വ്യാഴാഴ്ച. സൂചികകൾ റെക്കോഡ് കുറിച്ചാണ് അവസാനിച്ചത്. സ്വിസ് നാഷണൽ ബാങ്ക് കുറഞ്ഞ പലിശ 0.25 ശതമാനം കുറച്ചു. വിലക്കയറ്റം രണ്ടു ശതമാനത്തിനു താഴെയാകും എന്നു പറഞ്ഞു കൊണ്ടാണ് ഈ അപ്രതീക്ഷിത പ്രഖ്യാപനം. പലിശ കുറച്ച ആദ്യ വികസിത രാജ്യമായി സ്വിറ്റ്സർലൻഡ്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്കിൽ മാറ്റം പ്രഖ്യാപിച്ചില്ല. ഈ വർഷം രണ്ടോമൂന്നോ തവണ നിരക്ക് കുറയ്ക്കാൻ സാധ്യത ഉണ്ടെന്നു ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്‌ലി പറഞ്ഞു. ബ്രിട്ടീഷ് പൗണ്ടും സ്വിസ് ഫ്രാങ്കും ഇന്നലെ ഇടിഞ്ഞു.

യു.എസ് വിപണി വ്യാഴാഴ്ചയും നേട്ടം കുറിച്ചു. ഡൗ ജോൺസ് സൂചിക 209.24 പോയിൻ്റ് (0.68%) ഉയർന്ന് 39,781.37ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 16.91 പോയിൻ്റ് (0.32%) കയറി 5241.53ൽ വ്യാപാരം അവസാനിപ്പിച്ചു. നാസ്ഡാക് 32.43 പോയിൻ്റ് (0.20%) ഉയർന്ന് 16,401.84ൽ എത്തി. മൂന്നു സൂചികകളും റെക്കോഡ് ക്ലോസിംഗിലാണ്.

യു.എസ് ഫ്യൂച്ചേഴ്സ് ഇന്നും കയറ്റത്തിലാണ്. ഡൗ 0.11 ശതമാനവും എസ് ആൻഡ് പി 0.15 ശതമാനവും നാസ്ഡാക് 0.16 ശതമാനവും കയറി നിൽക്കുന്നു. പ്രതീക്ഷയിലും മികച്ച പാദഫലം പുറത്തുവിട്ട ഫെഡെക്സ് ഓഹരി 13 ശതമാനം ഉയർന്നു.

ഏഷ്യൻ വിപണികൾ ഇന്നു ഭിന്ന ദിശകളിലാണ്. ഫെബ്രുവരിയിലെ ചില്ലറവിലക്കയറ്റം ഉയർന്നത് ജപ്പാനിലെ നിക്കൈ സൂചികയെ 41,000 നു മുകളിൽ എത്തിച്ചു.

ഇന്ത്യൻ വിപണി

വ്യാഴാഴ്ച ഇന്ത്യൻ വിപണി വലിയ കുതിപ്പോടെയാണു വ്യാപാരം തുടങ്ങിയത്. ഫെഡ് തീരുമാനത്തിൻ്റെ ആവേശം ഏറ്റുവാങ്ങിയായിരുന്നു അത്. വ്യാപാരത്തുടക്കത്തിൽ സെൻസെക്സ് 72,882 വരെയും നിഫ്റ്റി 22,081വരെയും കയറിയെങ്കിലും അതു നിലനിർത്താനായില്ല. എങ്കിലും മികച്ച നേട്ടത്തിൽ വിപണി ക്ലോസ് ചെയ്തു.

സെൻസെക്സ് 539.50 പോയിന്റ് (0.75%) ഉയർന്ന് 72,641.19ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 172.85 പോയിന്റ് (0.79%) കുതിച്ച് 22,011.95ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 374 പോയിന്റ് (0.81%) കയറി 46,684.90ൽ ക്ലോസ് ചെയ്തു.

മിഡ്ക്യാപ് സൂചിക 2.43 ശതമാനം കുതിച്ച് 47,033.55 ൽ ക്ലോസ് ചെയ്തു. സ്മോൾക്യാപ് സൂചിക 2.51 ശതമാനം കയറി 14,960.30ൽ വ്യാപാരം അവസാനിപ്പിച്ചു.

വ്യാഴാഴ്ച വിദേശ നിക്ഷേപകർ ക്യാഷ് വിപണിയിൽ 1826.97 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 3208.87 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

മുന്നേറ്റം തുടരാമെന്ന വിശ്വാസത്തിലാണു വിപണി. നിഫ്റ്റിക്ക് 22,300 കടക്കാനായാൽ പുതിയ ഉയരങ്ങളിലേക്കു ലക്ഷ്യമിടാനാകും എന്നാണു ചാർട്ട് വിദഗ്ധർ പറയുന്നത്. എന്നാൽ വിൽപനസമ്മർദം മറി കടക്കാനാകുമോ എന്ന് ഉറപ്പില്ല. നിഫ്റ്റിക്ക് ഇന്ന് 21,950ലും 21,875ലും പിന്തുണ ഉണ്ട്. 22,025ലും 22,150ലും തടസങ്ങൾ ഉണ്ടാകാം.

മാർച്ചിൽ രാജ്യത്തെ ഫാക്ടറി ഉൽപാദനം കുതിച്ചതായി ഫ്ലാഷ് പി.എം.ഐ കാണിക്കുന്നു. ഫെബ്രുവരിയിലെ 56.9ൽ നിന്ന് 59.2 ലേക്കു മാർച്ചിലെ പി.എം.ഐ ഉയർന്നു. അതേസമയം സേവനമേഖലയിലെ പി.എം.ഐ 60.6ൽ നിന്ന് 60.3 ആയി കുറഞ്ഞു.

വിദേശത്തു നിക്ഷേപിക്കുന്ന എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടു (ഇ.ടി.എഫ്) കളിലേക്ക് നിക്ഷേപം വാങ്ങുന്നതു സെബി വിലക്കി. ഏപ്രിൽ ഒന്നിനു വിലക്ക് നടപ്പാക്കാൻ സെബി മ്യൂച്വൽഫണ്ടുകളുടെ സംഘടനയായ ആംഫിയോടു നിർദ്ദേശിച്ചു. ഇത്തരം നിക്ഷേപങ്ങൾക്ക് അനുവദിച്ചിട്ടുളള പരിധിയായ 100 കോടി ഡോളർ മറികടക്കാതിരിക്കാനുള്ള കരുതലാണിത്.

സ്വർണം കിതയ്ക്കുന്നു

യു.എസ് ഫെഡ് തീരുമാനത്തെ തുടർന്നു കുതിച്ചു കയറിയ സ്വർണവിപണി ഇന്നലെ തിരുത്തലിലായി. ഔൺസിന് 2222.30 ഡോളർ വരെ ഉയർന്ന സ്വർണം പിന്നീടു 2180- 2185 ഡോളർ മേഖലയിലേക്കു താഴ്ന്നു. 2185.33 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2181 ഡോളറിലേക്കു താഴ്ന്നു.

ധനകാര്യ ആസ്തികളുടെ പലിശ കുറയുമ്പോൾ സ്വർണത്തിനു ഡിമാൻഡ് വർധിക്കും. ഈ വർഷം പലിശ ജൂൺ മുതൽ മൂന്നു തവണ കുറയും എന്ന നിഗമനത്തിലാണു സ്വർണവിപണി നീങ്ങുന്നത്. അതിൽ മാറ്റം വന്നാൽ വിപണിയിൽ ചില്ലറ ഉലച്ചിൽ ഉണ്ടാകാം. കേന്ദ്രബാങ്കുകൾ സ്വർണശേഖരം വർധിപ്പിക്കുന്നതും ചൈനയിൽ ജനങ്ങളുടെ വാങ്ങൽ കൂടിയതും സ്വർണവില വർധിപ്പിക്കുന്ന ഘടകങ്ങളിൽ പെടുന്നു.

കേരളത്തിൽ സ്വർണം പവൻ ഇന്നലെ 49,440 രൂപയിലേക്കു കുതിച്ചു കയറി റെക്കോഡിട്ടു. തലേന്നത്തേക്കാൾ 800 രൂപയാണ് വർധിച്ചത്. ഇന്നു വില അൽപം കുറയാം.

ഡോളർ സൂചിക കയറ്റം തുടരുകയാണ്. ഇന്നലെ ഏഷ്യൻ വ്യാപാര സമയത്ത് 103.8 ആയിരുന്ന സൂചിക പിന്നീട് താഴ്ന്നു 103.41 വരെ എത്തി. യു.എസ് വ്യാപാരത്തിനിടയിലാണ് ഡോളർ സൂചിക 104 ലേക്കു കുതിച്ചത്. യെൻ, പൗണ്ട്, സ്വിസ് ഫ്രാങ്ക് തുടങ്ങിയ കറൻസികൾ ദുർബലമായതാണു കാരണം. സ്വിസ് കേന്ദ്ര ബാങ്ക് അപ്രതീക്ഷിതമായി പലിശനിരക്ക് കുറച്ചതും ഡോളറിനു ബലമായി.സൂചിക 104.05ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 104.11 വരെ എത്തി. രൂപ വ്യാഴാഴ്ച ചാഞ്ചാട്ടങ്ങൾക്കു ശേഷം നാമമാത്രമായി ബലപ്പെട്ടു. ഡോളർ ഒരു പൈസ താഴ്ന്ന് 83.15 രൂപയിൽ ക്ലോസ് ചെയ്തു .

ക്രൂഡ് ഓയിൽ നേരിയ താഴ്ചയിൽ

ക്രൂഡ് ഓയിൽ വില സാവധാനം കുറയുകയാണ്. യുക്രെയ്നിൽ നിന്നുള്ള ഡ്രോൺ മിസൈൽ ആക്രമണങ്ങൾ റഷ്യയുടെ സംസ്കരണ ശേഷിയിൽ 12 ശതമാനം കുറവ് വരുത്തിയിട്ടുണ്ട്.

ഇന്നു രാവിലെ ബ്രെന്റ് ഇനം ക്രൂഡ് 0.52 ശതമാനം താണ് 85.31 ഡോളറിൽ എത്തി. ഡബ്ള്യു.ടി.ഐ ഇനം 80.80 ഡോളറിലും യു.എ.ഇയുടെ മർബൻ ക്രൂഡ് 85.75 ഡോളറിലും ആണ്.

ക്രിപ്റ്റോകൾ ചാഞ്ചാടുന്നു

വലിയ ഇടിവിനു ശേഷം യു.എസ് ഫെഡ് തീരുമാനത്തെ തുടർന്നു കുതിച്ചു കയറിയ ക്രിപ്റ്റോകറൻസികൾ ഇന്നലെ ചാഞ്ചാട്ടത്തിലായിരുന്നു. ലാഭമെടുക്കലിൻ്റെ സമ്മർദമായിരുന്നു വിപണിയിൽ. ബിറ്റ്കോയിൻ വ്യാഴാഴ്ച 68,000 ഡോളറിൽ നിന്ന് താഴ്ന്നു. ഈഥർ തുടങ്ങിയ മറ്റു കുറൻസികളും അൽപം താഴ്ന്നു.

പ്രശസ്ത നിക്ഷേപ ആചാര്യൻ ജിം റോജേഴ്സ് ക്രിപ്റ്റോകൾ വിലയില്ലാത്തവയാണെന്നും അവ വിപണിയിൽ നിന്ന് അപ്രത്യക്ഷമാകുമെന്നും അഭിപ്രായപ്പെട്ടത് ഇന്നലെ ചർച്ച ചെയ്യപ്പെട്ടു.

വിപണി സൂചനകൾ (2024 മാർച്ച് 21, വ്യാഴം)

സെൻസെക്സ്30 72,641.19 +0.75%

നിഫ്റ്റി50 22,011.95 +0.79%

ബാങ്ക് നിഫ്റ്റി 46,684.90 +0.81%

മിഡ്ക്യാപ് 100 47,033.55 +2.43%

സ്മോൾക്യാപ് 100 14,960.30 +2.51%

ഡൗ ജോൺസ് 30 39,781.40 +0.68%

എസ് ആൻഡ് പി 500 5241.53 +0.32%

നാസ്ഡാക് 16,401.80 +0.20%

ഡോളർ ($) ₹83.15 -₹0.01

ഡോളർ സൂചിക 104.05 +0.64

സ്വർണം (ഔൺസ്) $2185.33 -$18.36

സ്വർണം (പവൻ) ₹49,440 +₹800.00

ക്രൂഡ് (ബ്രെന്റ്) ഓയിൽ $85.50 -$0.37

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it