2000 രൂപ പിൻവലിക്കൽ വിപണിയെ ഉലയ്ക്കില്ലെന്നു വിദഗ്ധർ; ഭൂമിയും കെട്ടിടങ്ങളും വിൽക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്
അദാനി ഗ്രൂപ്പിന്റെ ഇടപാടുകളിൽ നിയമ ലംഘനങ്ങളൊന്നും പ്രഥമദൃഷ്ട്യാ കണ്ടില്ലെന്നു സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റി റിപ്പോർട്ട് ചെയ്തു. ഇതു ഗ്രൂപ്പിനുള്ള അംഗീകാരമായി കരുതപ്പെടും. എന്നാൽ വിപണിക്ക് ഗ്രൂപ്പിനെ പറ്റിയുള്ള വിലയിരുത്തൽ മാറ്റാൻ പര്യാപ്തമല്ല. സെബിയുടെ ഭാഗത്തു വീഴ്ച വന്നതായും കമ്മിറ്റിക്കു കാണാൻ കഴിഞ്ഞിട്ടില്ല. ഈ റിപ്പോർട്ടിന്റെ പേരിൽ വിപണിയിൽ വലിയ ചലനം പ്രതീക്ഷിക്കാനില്ല.
കടബാധ്യത കുറയ്ക്കാൻ അദാനി ഗ്രൂപ്പ് ഭൂമിയും കെട്ടിടങ്ങളും വിൽക്കാൻ ഒരുങ്ങുന്നതായി ഇക്കണോമിക് ടൈംസ് ഇന്നു റിപ്പോർട്ട് ചെയ്തു. മുംബൈയിലെ ബാന്ദ്ര-കുർല കോംപ്ലക്സിലെ ഇൻസ്പയർ ബികെസി എന്ന കൊമേഴ്സ്യൽ പ്രോജക്ട് വിൽക്കാനാണ് ആദ്യം ശ്രമിക്കുന്നത്. താനെയിലുള്ള ഭൂമിയും വിൽക്കാൻ ഉദ്ദേശിക്കുന്നുണ്ട്.
ഗ്രൂപ്പ് കമ്പനികളിലെ ഓഹരി വിറ്റ് പണം സമാഹരിക്കുന്നതിനു പുറമെയാണ് ഇപ്പോൾ അത്യാവശ്യമില്ലാത്ത ഭൂമിയും കെട്ടിടങ്ങളും വിൽക്കുന്നത്. ഗ്രൂപ്പിന്റെ കടബാധ്യത താങ്ങാവുന്നതിലധികം ആണെന്ന ഹിൻഡൻബർഗ് റിപ്പോർട്ടിനെ ശരിവയ്ക്കുന്നതാണ് ഇക്കാര്യങ്ങൾ.
വിപണി ഉലയില്ല
2000 രൂപയുടെ കറൻസി പിൻവലിക്കുന്നതിന്റെ പേരിൽ വിപണി ഉലയുമാേ എന്ന ആശങ്ക പലരും ഉയർത്തുമ്പോൾ അതിനു സാധ്യതയില്ലെന്നു സർക്കാരും വിപണി വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. ബാങ്കുകളിൽ നിക്ഷേപം വർധിപ്പിക്കുന്നതാണു കറൻസി പിൻവലിക്കൽ എന്നതുകൊണ്ടു പലിശ നിരക്കിൽ പെട്ടെന്നു വർധന പ്രതീക്ഷിക്കേണ്ടതില്ല. ഇതു ബാങ്ക് ഓഹരികളെ സഹായിക്കും.
യുഎസ് ഫെഡ് ഉടനേ പലിശ കുറയ്ക്കില്ലെങ്കിലും ജൂൺ പകുതിക്കു ചേരുന്ന ഫെഡ് കമ്മിറ്റി പലിശ കൂട്ടുകയില്ലെന്നു ഫെഡ് ചെയർമാൻ പറഞ്ഞതും വിപണിക്ക് ആശ്വാസകരമാണ്. യുഎസ് കടപരിധി ചർച്ചകൾ ഈ ദിവസങ്ങളിൽ നിർണായക ഘട്ടത്തിലേക്കു കടക്കും. മൊത്തത്തിൽ ആശ്വാസകരമായ അന്തരീക്ഷത്തിലാണ് ഇന്നു വിപണി വ്യാപാരം തുടങ്ങുന്നത്.
സിംഗപ്പുരിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി ഒന്നാം സെഷനിൽ 18,238-ൽ ക്ലോസ് ചെയ്തു. രണ്ടാം സെഷനിൽ 18,202.5 ലേക്കു താഴ്ന്നു. ഇന്നു രാവിലെ 18,227 വരെ കയറിയിട്ടു താണു. ഇന്ത്യൻ വിപണി അൽപം മാത്രം ഉയർന്നു വ്യാപാരം തുടങ്ങുമെന്നാണു ഡെറിവേറ്റീവ് വിപണി നൽകുന്ന സൂചന.
യൂറോപ്യൻ വിപണികൾ വെള്ളിയാഴ്ച നേട്ടത്തിൽ ക്ലോസ് ചെയ്തു. ജർമൻ സൂചിക ഡാക്സ് സർവകാല റിക്കാർഡായ 16,275.38 ൽ ക്ലോസ് ചെയ്തു. കടപരിധി സംബന്ധിച്ചു യോജിപ്പിലെത്താനുള്ള ചർച്ച നിർത്തി വച്ചത് യുഎസ് സൂചികകളെ താഴ്ത്തി. . വെള്ളിയാഴ്ച ഡൗ ജോൺസ് 109.28 പോയിന്റ് താഴ്ന്നു. എസ് ആൻഡ് പി 6.07 പോയിന്റും നാസ്ഡാക് 30.94 പോയിന്റും താഴ്ന്നു. ചർച്ച ഇന്നു പുനരാരംഭിക്കും.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു ചെറിയ നഷ്ടത്തിലാണ്. ഡൗ 0.12 ഉം എസ് ആൻഡ് പി 0.10 ഉം നാസ്ഡാക് 0.06 ഉം ശതമാനം താഴ്ന്നു. ഏഷ്യൻ - ഓസ്ട്രേലിയൻ സൂചികകൾ ഇന്നു ഭിന്ന ദിശകളിലാണ്. ഓസ്ട്രേലിയൻ വിപണി തുടക്കത്തിൽ താണു. ജപ്പാനിലും കൊറിയയിലും ഹോങ്കോങ്ങിലും വിപണി ഉയർന്നു. എന്നാൽ ചെെനീസ് വിപണി തുടക്കത്തിൽ താണു. ചെെനീസ് കേന്ദ്ര ബാങ്ക് പലിശ കൂട്ടുന്നില്ല എന്നു പ്രഖ്യാപിച്ചതാേടെ വിപണി ഉയർന്നു.
ഇന്ത്യൻ വിപണി
തുടർച്ചയായ മൂന്നു ദിവസത്തെ താഴ്ചയ്ക്കു ശേഷം വെള്ളിയാഴ്ച ഇന്ത്യൻ വിപണി ഉയർന്നു. സെൻസെക്സ് 297.94 പോയിന്റ് (0.48%) കയറി 61,729.68 ലും നിഫ്റ്റി 73.45 പോയിന്റ് (0.41%) ഉയർന്ന് 18,203.4 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.06 ശതമാനം താണപ്പോൾ സ്മോൾ ക്യാപ് സൂചിക 0.02 ശതമാനം കയറി.
സെൻസെക്സ് കഴിഞ്ഞയാഴ്ച 0.48 ശതമാനവും നിഫ്റ്റി 0.61 ശതമാനവും താഴ്ന്നു. ഐടി മേഖല 1.2 ശതമാനവും റിയൽറ്റി 1.3 ശതമാനവും ഉയർന്നപ്പാേൾ ബാങ്ക് നിഫ്റ്റിയുടെ നേട്ടം 0.4 ശതമാനമായിരുന്നു. ഓയിൽ - ഗ്യാസ് 2.1 ശതമാനവും മെറ്റൽ 1.2 ശതമാനവും ഇടിവിലായി.
വിപണി തിരികെ ബുള്ളിഷ് ആയി നീങ്ങും എന്ന സൂചന നൽകിയാണു വെള്ളിയാഴ്ച സൂചികകൾ കയറിയത്. നിഫ്റ്റിക്കു 18,100 ലും 18,000 ലും സപ്പോർട്ട് ഉണ്ട്. 18,225 ലും 18,320 ലും തടസങ്ങൾ നേരിടാം.
വിദേശനിക്ഷേപകർ വെള്ളിയാഴ്ച 113.46 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 1071.38 കോടിയുടെ ഓഹരികൾ വാങ്ങുകയും ചെയ്തു. കഴിഞ്ഞയാഴ്ച 94.6 കോടി ഡോളറും ഈ മാസം ഇതുവരെ 388 കോടി ഡോളറും വിദേശികൾ ഇന്ത്യൻ ഓഹരികളിൽ നിക്ഷേപിച്ചു.
ക്രൂഡ് ഓയിലും സ്വർണവും
ക്രൂഡ് ഓയിൽ നേരിയ മാറ്റത്തോടെ വാരാന്ത്യത്തിലേക്കു കടന്നു. ബ്രെന്റ് ഇനം ക്രൂഡ് വെള്ളിയാഴ്ച അൽപം കുറഞ്ഞ് 75.58 ഡോളറിൽ ക്ലോസ് ചെയ്തു. ഡബ്ള്യുടിഐ ഇനം 71.52 ഡോളർ ആയി. ഇന്നു രാവിലെ ബ്രെന്റ് 75.82 ലേക്കും ഡബ്ള്യുടിഐ 71.91 ലേക്കും നീങ്ങി.
പലിശ നിരക്ക് അടുത്ത ഫെഡ് യോഗത്തിൽ വർധിപ്പിക്കാനിടയില്ലെന്ന ഫെഡ് ചെയർമാൻ ജെറോം പവലിൻ്റെ പ്രസ്താവന സ്വർണത്തെ ഉയർത്തി. വെള്ളിയാഴ്ച സ്വർണം 1978.60 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1979-1981 ഡോളറിലാണു വ്യാപാരം.
കേരളത്തിൽ പവൻ വില വെള്ളിയാഴ്ച 240 രൂപ കുറഞ്ഞ് 44,640 രൂപയിൽ എത്തി. ശനിയാഴ്ച 400 രൂപ കൂടി 45,040 രൂപയായി.
വ്യാവസായിക ലോഹങ്ങൾ ഭിന്നദിശകളിൽ നീങ്ങി.അലൂമിനിയം 0.55 ശതമാനം കുറത്ത് 2283.65 ഡോളറിലെത്തി. ചെമ്പ് 0.62 ശതമാനം ഉയർന്ന് ടണ്ണിന് 8222 ഡോളർ ആയി. ടിൻ 0.19 ശതമാനം താഴ്ന്നപ്പോൾ ലെഡ് 2.26 ശതമാനവും സിങ്ക് 0.38 ശതമാനവും നിക്കൽ 0.92 ശതമാനവും ഉയർന്നു.
ക്രിപ്റ്റോ കറൻസികൾ ചാഞ്ചാട്ടം തുടരുകയാണ്. ബിറ്റ്കോയിൻ 26,800 ഡോളറിലാണ്. ഡോളർ ഏഴു പൈസ ഉയർന്ന് 82.67 രൂപ ആയി. ഡോളർ സൂചിക താഴ്ന്ന് 103.20 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 103.00 ലാണ്.
കറൻസി പിൻവലിക്കൽ കോളിളക്കമുണ്ടാക്കില്ല
2000 രൂപയുടെ കറൻസി പിൻവലിക്കുന്നതു വിപണിയിൽ ചലനമുണ്ടാക്കില്ലെന്നാണു മിക്ക വിപണി വിദഗ്ധരും പറയുന്നത്. 2016-ൽ പ്രചാരത്തിലുള്ള കറൻസിയുടെ മൂല്യത്തിന്റെ 87 ശതമാനം കറൻസികൾ റദ്ദാക്കിയതുപോലുള്ള സാഹചര്യമല്ല ഇപ്പോൾ. 2016-ൽ കറൻസി റദ്ദാക്കലിനെ തുടർന്ന് ആദ്യ പ്രവൃത്തി ദിനം ഓഹരി വിപണി 6.5 ശതമാനം ഇടിഞ്ഞതാണ്. പക്ഷേ ഇപ്പോൾ അങ്ങനെ ഒരു തകർച്ച പ്രതീക്ഷിക്കുന്നില്ല.
2000 രൂപയുടെ കറൻസി റദ്ദാക്കിയില്ല. അസാധുവാക്കിയുമില്ല. പിൻവലിക്കുന്നതു മാത്രമേ ഉള്ളൂ. അതായതു ബാങ്കുകൾ അവ ഇനി ഇടപാടുകാർക്കു നൽകില്ല. ബാങ്കിൽ ഉള്ളവയും ഇനി ബാങ്കിൽ വരുന്നവയും റിസർവ് ബാങ്കിലേക്കു നൽകി അവ നശിപ്പിക്കും. വ്യക്തികളുടെ കെെയിലുള്ള കറൻസികൾ അപ്പോഴും നിയമപരമായി സാധുവായിരിക്കും. സാങ്കേതികമായി അവയുടെ കൈമാറ്റം സാധ്യമാണ്.
അതായതു കറൻസി കൈയിലുള്ളവർക്കു നഷ്ടം നേരിടുന്നില്ല. വളരെ കൂടുതൽ കറൻസി കെെയിൽ ഉള്ളവർക്കു കുറേ ബുദ്ധിമുട്ട് ഉണ്ടായെന്നു വരാം. സെപ്റ്റംബർ 30 വരെ സമയം അനുവദിച്ചിട്ടുള്ളതിനാൽ മാറ്റിയെടുക്കലിനും നിക്ഷേപിക്കലിനും വലിയ തിരക്ക് പ്രതീക്ഷിക്കുന്നുമില്ല. നാളെ മുതലാണു മാറ്റിയെടുക്കൽ അനുവദിച്ചിട്ടുള്ളത്.
2000 രൂപ കറൻസികൾ ബാങ്കിൽ അടയ്ക്കും എന്നതു കൊണ്ട് അടുത്ത മാസങ്ങളിൽ ബാങ്ക് നിക്ഷേപങ്ങളിൽ നല്ല വർധന പ്രതീക്ഷിക്കാം. അതു ബാങ്കുകൾക്കു നേട്ടമാണ്. ഒപ്പം പണവിപണിയിൽ ദൗർലഭ്യം മാറും. ഒരു ലക്ഷം കോടി രൂപയുടെ അധിക നിക്ഷേപം ബാങ്കുകളിൽ എത്തുമെന്നാണു നിഗമനം. ബാങ്കുകൾക്കു നിക്ഷേപ പലിശ വർധിപ്പിക്കാതെ കഴിയാം. ക്രമേണ 1000 രൂപയുടെ കറൻസി പുനരവതരിപ്പിക്കും എന്നു പലരും കരുതുന്നുണ്ട്.
2016 പോലെയല്ല 2023
3.62 ലക്ഷം കോടി രൂപ മൂല്യം വരുന്ന 2000 രൂപയുടെ കറൻസികളാണു രാജ്യത്തു നിലവിൽ ഉള്ളത്. ഇത് മൊത്തം കറൻസികളുടെ മൂല്യത്തിന്റെ 10.8 ശതമാനം വരും. 2023 മാർച്ച് 31 -ന് മൊത്തം 31.06 ലക്ഷം കോടി രൂപയ്ക്കുള്ള കറൻസികൾ നിലവിലുണ്ടായിരുന്നു.
2016-ൽ 15.4 ലക്ഷം കോടി രൂപ മൊത്തം മൂല്യമുള്ള കറൻസികൾ (500 രൂപ, 1000 രൂപ) ആണ് റദ്ദാക്കിയത്. അന്നു മൊത്തം 17.76 ലക്ഷം കോടി രൂപയുടെ കറൻസിയാണു രാജ്യത്തുണ്ടായിരുന്നത്. അതിന്റെ 86 ശതമാനം റദ്ദാക്കപ്പെട്ടു.
രാജ്യത്തു പണലഭ്യത തീരെ കുറവായി. ബാങ്കുകളിലെ നിക്ഷേപം പിൻവലിക്കുന്നതിനു പരിധി വച്ചു. എടിഎമ്മുകളിലും പണം കിട്ടാതായി. മാസങ്ങളോളം സാമ്പത്തിക പ്രവർത്തനങ്ങൾ പരിമിതപ്പെട്ടു. ജിഡിപി വളർച്ച കുത്തനേ ഇടിഞ്ഞു.
ഇത്തവണ അത്തരം സാമ്പത്തിക ദുരിതത്തിനു യാതൊരു സാഹചര്യവുമില്ല. 2000 രൂപ കറൻസി ഇപ്പോൾ കൈമാറ്റത്തിൽ പോലും വളരെ കുറച്ചേ ഉപയാേഗിക്കുന്നുള്ളു.
2016 ലെ അബദ്ധ ചിന്തകൾ
വലിയ തുകയുടെ കറൻസികളായാണു കള്ളപ്പണം സൂക്ഷിക്കുന്നത് എന്ന അബദ്ധ ധാരണയിലാണ് അന്ന് 500 -ന്റെയും 1000 -ന്റെയും കറൻസികൾ റദ്ദാക്കിയത്. എന്നാൽ അവയിൽ 99.3 ശതമാനവും തിരികെ ബാങ്കുകളിൽ എത്തിയതോടെ കള്ളപ്പണ സിദ്ധാന്തം പൊളിഞ്ഞു. മാത്രമല്ല പകരം 2000 -ന്റെയും 500 -ന്റെയും കറൻസി ഇറക്കിയതോടെ ആദ്യം പറഞ്ഞ ന്യായം അർഥമില്ലാത്തതാണെന്നു ഗവണ്മെന്റ് തന്നെ സമ്മതിച്ചതു പോലെയുമായി.
കറൻസി ഉപയോഗം നിരുത്സാഹപ്പെടുത്തുക എന്ന ലക്ഷ്യവും 2016-ൽ പറഞ്ഞിരുന്നു. അന്ന് 17.76 ലക്ഷം കോടി രൂപയുടെ കറൻസി പ്രചാരത്തിലിരുന്ന സ്ഥാനത്ത് ഇന്നുള്ളത് 31.06 ലക്ഷം കോടിയുടെ കറൻസി. ഡിജിറ്റൽ ഇടപാടുകൾ അനേക മടങ്ങ് വർധിച്ചിട്ടും കറൻസി ഉപയോഗം കുറഞ്ഞില്ല.
വിപണി സൂചനകൾ
(2023 മേയ് 19, വെള്ളി)
സെൻസെക്സ് 30 61,729.68 +0.48%
നിഫ്റ്റി 50 18,203.40 +0.41%
ബാങ്ക് നിഫ്റ്റി 43,969.40 +0.50%
മിഡ് ക്യാപ് 100 32,550.35 -0.06%
സ്മോൾക്യാപ് 100 9891.70 +0.02%
ഡൗ ജോൺസ്30 33,426.60 -0.33%
എസ് ആൻഡ് പി500 4191.98 -0.14%
നാസ്ഡാക് 12,657.90 -0.24%
ഡോളർ ($) ₹82.67 +07 പൈസ
ഡോളർ സൂചിക 103.20 -0.38
സ്വർണം(ഔൺസ്) $1978.60 +$19.20
സ്വർണം(പവൻ ) ₹45,040 +₹400.00
ക്രൂഡ് (ബ്രെന്റ്)ഓയിൽ $75.58 -$0.28