മുന്നേറ്റം തുടരാൻ വിപണി; ഫെഡ് മിനിറ്റ്സിൽ യു.എസ് വിപണിക്ക് നിരാശ; ഏഷ്യ ഭിന്നദിശകളിൽ; സ്വർണം കുതിച്ചു

യു.എസ് ഫെഡ് മിനിറ്റ്സിൽ പലിശ കുറയ്ക്കലിനെപ്പറ്റി സൂചന ഇല്ലാത്തത് യു.എസ് വിപണിയെ താഴാേട്ടു നയിച്ചു. ചില ഏഷ്യൻ രാജ്യങ്ങളിലും അതിന്റെ പ്രതികരണം കണ്ടു. ഇസ്രയേൽ - ഹമാസ് വെടിനിർത്തൽ ഉറപ്പായതു വിപണികളിൽ അനുകൂല ചലനം ഉണ്ടാക്കി. എല്ലാം കൂടി വിപണിക്ക് അനുകൂല അന്തരീക്ഷം രൂപപ്പെടുന്നുണ്ട്. ക്രൂഡ് ഓയിലും സ്വർണവും ഉയർന്നു. യു.എസ് കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം കുറഞ്ഞു.

ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വ രാത്രി 19,825.5-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 19,870 ലേക്കു കയറി. ഇന്ത്യൻ വിപണി ഇന്ന് ഉയർന്നു വ്യാപാരം തുടങ്ങും എന്ന സൂചനയാണു ഡെറിവേറ്റീവ് വിപണി നൽകുന്നത്.

യൂറോപ്യൻ സൂചികകൾ ചൊവ്വാഴ്ച താഴ്ന്നാണ് അവസാനിച്ചത്. ജർമൻ ആയുധനിർമാണ കമ്പനി റെെൻ മെറ്റൽ വരുമാനപ്രതീക്ഷ ഉയർത്തിയതാേടെ ഓഹരി കയറി.

യു.എസ് വിപണി ഇന്നലെ നഷ്ടത്തിൽ അവസാനിച്ചു. ചിപ് നിർമാതാക്കളായ എൻവിഡിയ (NVIDIA) മൂന്നാം പാദത്തിൽ പ്രതീക്ഷയേക്കാൾ മികച്ച റിസൽട്ടാണ് അവതരിപ്പിച്ചത്. വരുമാനം മൂന്നു മടങ്ങായി പ്രതി ഓഹരി വരുമാനം നാലു ഡോളറിലധികമായി. ഓഹരി ഇതാദ്യമായി 500 ഡോളറിനു മുകളിൽ കടന്നു. പിന്നീട് അൽപം താഴ്ന്നു ക്ലോസ് ചെയ്തു. ചൈനയിലെ നിയന്ത്രണങ്ങൾ മൂലം അടുത്ത പാദത്തിൽ വരുമാനവളർച്ച കുറയും എന്ന കമ്പനിയുടെ മുന്നറിയിപ്പ് വ്യാപാരസമയത്തിനു ശേഷം ഓഹരിയെ താഴ്ത്തി.

ഡൗ ജോൺസ് 62.75 പോയിന്റ് (0.18%) താഴ്ന്ന് 35,088.29ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 9.19 പോയിന്റ് (0.20%) കുറഞ്ഞ് 4538.19 ൽ അവസാനിച്ചു. നാസ്ഡാക് 84.55 പോയിന്റ് (0.59%) താഴ്ന്ന് 14,199.98 ൽ ക്ലോസ് ചെയ്തു.

യു.എസ് കടപ്പത്ര വിലകൾ ചൊവ്വാഴ്ചയും കയറി. അവയിലെ നിക്ഷേപനേട്ടം 4.391 ശതമാനമായി കുറഞ്ഞു.

യു.എസ് ഫെഡിന്റെ മിനിറ്റ്സ് ഇന്നലെ പുറത്തു വന്നപ്പോൾ നിരക്കു കുറയ്ക്കലിനെപ്പറ്റി സൂചന ഒന്നും ലഭിച്ചില്ല. അടുത്ത മേയിൽ പലിശ കുറച്ചു തുടങ്ങുമെന്നു വരെ വിപണിയിലെ വിദഗ്ധർ നിഗമനത്തിൽ എത്തിയതാണ്. മിനിറ്റ്സിൽ നിന്ന് ഉറപ്പായ ഒരു കാര്യം ഡിസംബറിലെ ഫെഡ് യോഗം നിരക്ക് മാറ്റുകയില്ല എന്നതാണ്. ഡോളർ ദുർബലമാകാനും കടപ്പത്ര വിലകൾ ഉയരാനും സ്വർണവില ഔൺസിനു 2000 ഡോളറിൽ എത്താനും മിനിറ്റ്സ് സഹായിച്ചു.

യു.എസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ നഷ്ടത്തിലാണ്. ഡൗ സൂചിക 0.08-ഉം എസ് ആൻഡ് പി 0.16 ഉം നാസ്ഡാക് 0.26-ഉം ശതമാനം താഴ്ന്നു നിൽക്കുന്നു.

ഏഷ്യൻ വിപണികൾ ഇന്നു ഭിന്ന ദിശകളിലാണ്. ഓസ്ട്രേലിയയിലും ജപ്പാനിലും വിപണി ഉയർന്നു തുടങ്ങി. ദക്ഷിണ കൊറിയയിലും ഹോങ് കോങ്ങിലും വിപണി താഴ്ന്നു. ചൈനീസ് വിപണിയും നഷ്ടത്തിലാണ്.

ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണി ചൊവ്വാഴ്ച നേട്ടത്തിൽ ആരംഭിച്ച് നേട്ടത്തിൽ അവസാനിച്ചു. എന്നാൽ സൂചികകൾ ഇടയ്ക്ക് എത്തിപ്പെട്ട ഉയർന്ന നിലവാരം നിലനിർത്താനായില്ല. തുടക്കത്തിൽ 42,000 കടന്നു റെക്കാേർഡ് കുറിച്ച മിഡ് ക്യാപ് സൂചിക പിന്നീടു ഗണ്യമായി താഴ്ന്നാണു ക്ലോസ് ചെയ്തത്. മിഡ് ക്യാപ് ഓഹരികളിൽ വലിയ വിൽപന സമ്മർദം ദൃശ്യമായി. സെൻസെക്സ് 66,082 ലും നിഫ്റ്റി 19,829 ലും എത്തിയ ശേഷം താഴ്ന്ന് അവസാനിച്ചു. എങ്കിലും തലേ രണ്ടു വ്യാപാരദിനങ്ങളിലെ നഷ്ടമത്രയും വിപണി ഇന്നലെ നികത്തി.

സെൻസെക്സ് 275.62 പോയിന്റ് (0.42%) ഉയർന്ന് 65,930.77 ലും നിഫ്റ്റി 89.4 പോയിന്റ് (0.45%) കയറി 19,783.4 ലും എത്തി. ബാങ്ക് നിഫ്റ്റി 104.2 പോയിന്റ് കയറി 43,689.15 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.06 ശതമാനം കയറി 41,883.5 ലും സ്മോൾ ക്യാപ് സൂചിക 0.11 ശതമാനം താഴ്ന്ന് 13,857.8 ലും അവസാനിച്ചു.

റിലയൻസ്, ഇൻഫോസിസ്, എച്ച്.ഡി.എഫ്.സി ബാങ്ക് തുടങ്ങിയ ഹെവിവെയ്റ്റ് ഓഹരികൾ ഇന്നലെ നേട്ടത്തിലായി. മെറ്റൽ, ഫാർമ, റിയൽറ്റി, മീഡിയ, കൺസ്യൂമർ ഡ്യുറബിൾസ് മേഖലകൾ മികച്ച നേട്ടം ഉണ്ടാക്കി. ഐടിയും എഫ്എംസിജിയും താഴ്ന്നു. ടെെറ്റൻ കമ്പനിയുടെ വിപണിമൂല്യം ഇന്നലെ മൂന്നു ലക്ഷം കോടി രൂപ കടന്നു

വിപണി മനോഭാവം ബുള്ളിഷ് ആണ്. 19,800 -19,900 മേഖലയിലെ തടസം മറികടക്കാൻ കഴിഞ്ഞാലേ നിഫ്റ്റിക്കു ഗണ്യമായ മുന്നേറ്റം സാധിക്കൂ. ഇന്നു നിഫ്റ്റിക്ക് 19,760 ലും 19,710 ലും പിന്തുണ ഉണ്ട്. 19,820 ഉം 19,865 ഉം തടസങ്ങളാകും.

വിദേശ നിക്ഷേപകർ ഇന്നലെയും വിൽപനക്കാരായി. ക്യാഷ് വിപണിയിൽ അവർ 455.59 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 721.52 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

വ്യാവസായിക ലോഹങ്ങൾ ഇന്നലെ കയറിയിറങ്ങി. അലൂമിനിയം 0.74 ശതമാനം കയറി ടണ്ണിന് 2258.65 ഡോളറിലായി. ചെമ്പ് 0.2 ശതമാനം താണു ടണ്ണിന് 8323.50 ഡോളറിലെത്തി. ലെഡ് 0.84-ഉം നിക്കൽ 0.44 ഉം സിങ്ക് 0.98 ഉം ശതമാനം താഴ്ചയിലായി. ടിൻ 0.19 ശതമാനം ഉയർന്നു.

ക്രൂഡ് ഓയിലും സ്വർണവും

ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നു. ഇന്നലെ ബ്രെന്റ് ഇനം ക്രൂഡ് ഓയിൽ 82.45 ഡോളറിലേക്കും ഡബ്ള്യുടിഐ ഇനം 77.73 ഡോളറിലേക്കും കയറി ക്ലോസ് ചെയ്തു. ഇന്നു രാവിലെ ഇവ യഥാക്രമം 82.59 ഉം 77.92 ഉം ആയി. യുഎഇയുടെ മർബൻ ക്രൂഡ് 83.90 ഡോളറിൽ വ്യാപാരം നടക്കുന്നു.

2000 ഡോളർ കടന്നു സ്വർണം

സ്വർണവില ഇന്നലെ ഒരു ശതമാനത്തിലധികം കുതിച്ച് ഔൺസിന് 1998.60 ഡോളറിൽ ക്ലോസ് ചെയ്തു. 2008.50 ഡോളർ വരെ ഉയർന്നിട്ടു വില താഴുകയായിരുന്നു. യുഎസ് ഫെഡ് പലിശ കുറയ്ക്കൽ വിപണി പ്രതീക്ഷിച്ചതുപോലെ 2024 ആദ്യ പകുതിയിൽ തുടങ്ങുകയില്ലെന്ന സൂചനയിലാണു സ്വർണവില വീണ്ടും 2000 കടന്നത്. ഇന്നു രാവിലെ 1997.20ലേക്കു സ്വർണം താഴ്ന്നു.

കേരളത്തിൽ പവന് 240 രൂപ വർധിച്ച് 45,480 രൂപയായി. ഇന്നു വില ഗണ്യമായി കയറി റെക്കോർഡ് കുറിക്കുമെന്നാണു ലോകവിപണി നൽകുന്ന സൂചന. ഒക്ടോബർ 28, 29 തീയതികളിൽ വന്ന 45,920 രൂപയാണു 22 കാരറ്റ് സ്വർണം പവന്റെ റെക്കോർഡ് വില.

ഡോളർ രണ്ടു പൈസ കയറി 83.36 രൂപയിൽ ക്ലോസ് ചെയ്തു. ഇതു ഡോളറിന്റെ ഏറ്റവും ഉയർന്ന ക്ലോസിംഗ് നിരക്കാണ്. റിസർവ് ബാങ്ക് ഡോളർ വിറ്റഴിച്ചിട്ടും രൂപ ദുർബലമായി.

ഡോളർ സൂചിക ഇന്നലെ ചാഞ്ചാടിയ ശേഷം നേരിയ നേട്ടത്തിൽ 103.56 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 103.34 ലേക്കു താണു.

ക്രിപ്‌റ്റോ കറൻസികൾ താഴ്ന്നു. ബിറ്റ്കോയിൻ 36,000 ഡോളറിലേക്കു താഴ്ന്നു.

വിപണി സൂചനകൾ

(2023 നവംബർ 21, ചാെവ്വ)


സെൻസെക്സ്30 65,930.77 +0.42%

നിഫ്റ്റി50 19,783.40 +0.45%

ബാങ്ക് നിഫ്റ്റി 43, 689.15 +0.24%

മിഡ് ക്യാപ് 100 41,883.50 +0.06%

സ്മോൾ ക്യാപ് 100 13,857.80 -0.11%

ഡൗ ജോൺസ് 30 35,088.29-0.18%

എസ് ആൻഡ് പി 500 4538.19 -0.20%

നാസ്ഡാക് 14,199.98 -1.59%

ഡോളർ ($) ₹83.36 +₹0.02

ഡോളർ സൂചിക 103.56 +0.12

സ്വർണം (ഔൺസ്) $1998.70 +$ 20.10

സ്വർണം (പവൻ) ₹45,480 +₹240.00

ക്രൂഡ് (ബ്രെന്റ്) ഓയിൽ $82.45 +$0.13


T C Mathew
T C Mathew  
Related Articles
Next Story
Videos
Share it