അനിശ്ചിതത്വം മുന്നിൽ; വിദേശ സൂചനകൾ നെഗറ്റീവ്; ക്രൂഡ് ഓയിൽ കയറ്റം തുടരുന്നു

പാശ്ചാത്യ സൂചനകൾ നെഗറ്റീവ്. ഏഷ്യൻ വിപണികൾ താഴ്ചയിൽ. ഇന്ത്യൻ വിപണിയിൽ കരടികൾ പിടിമുറുക്കി. ആഴ്ചയുടെ അവസാന ദിവസമായ ഇന്നു വിപണി തുറക്കുന്നത് അനിശ്ചിതത്വത്തിലേക്ക്. ഹ്രസ്വകാലത്തിൽ വിപണി കുറേക്കൂടി താഴുമെന്ന് വിശകലന വിദഗ്ധരും പറയുന്നു.

ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി വ്യാഴം രാത്രി 19,662 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 19,692 വരെ കയറിയിട്ട് 19,675 ലേക്കു താണു.

ഇന്ത്യൻ വിപണി ഇന്നു ദുർബലമായ തുടക്കം കുറിക്കും എന്ന സൂചനയാണു ഡെറിവേറ്റീവ് വിപണി നൽകുന്നത്.

യൂറോപ്യൻ സൂചികകൾ ഇന്നലെ 1.3 ശതമാനം വരെ നഷ്ടത്തിൽ അവസാനിച്ചു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഇന്നലെ പലിശവർധന ഇല്ലാതെ പണനയം പ്രഖ്യാപിച്ചു. ഓഗസ്റ്റിൽ ചില്ലറ വിലക്കയറ്റം പ്രതീക്ഷിച്ചതിനേക്കാൾ കുറഞ്ഞതു നിരക്കു കൂട്ടാതിരിക്കാൻ സഹായിച്ചു. സ്വീഡൻ നിരക്ക് നാഴ ശതമാനമായി കൂട്ടിയപ്പോൾ വലിയ കുഴപ്പങ്ങളിലൂടെ കടന്നു പോകുന്ന തുർക്കി 80 ശതമാനമായി കുറഞ്ഞ പലിശ നിരക്ക് വർധിപ്പിച്ചു. സ്വിറ്റ്സർലൻഡ് നിരക്ക് മാറ്റിയില്ല.

യു.എസ് വിപണികൾ തുടർച്ചയായ മൂന്നാം ദിവസവും ഇടിഞ്ഞു. ഉയർന്ന പലിശനിരക്ക് കൂടുതൽ കാലത്തേക്കു തുടരുമെന്ന ഫെഡറൽ റിസർവ് സൂചനയും ഒക്ടോബർ ആദ്യം യുഎസ് സർക്കാരിന്റ പ്രവർത്തനം ഭാഗികമായി സ്തംഭിക്കാം എന്ന വിഷയവും ആണു കാരണം. യു.എസ് ഗവണ്മെന്റ് പ്രവർത്തനത്തിനു വേണ്ട പണം അനുവദിക്കുന്ന കാര്യത്തിൽ പ്രതിപക്ഷ റിപ്പബ്ലിക്കൻ പാർട്ടിയുമായി ധാരണ ഉണ്ടാക്കാൻ ഭരണകക്ഷിയായ ഡെമോക്രാറ്റുകൾക്ക് ഇനിയും കഴിഞ്ഞിട്ടില്ല. ധാരണ ഇല്ലെങ്കിൽ പല ഡിപ്പാർട്ട്മെൻറുകൾക്കും ഫണ്ട് ലഭിക്കില്ല.

ഡൗ ജോൺസ് 370.46 പോയിന്റ് (1.08%) താഴ്ന്ന് 34,070.40 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 72.20 പോയിന്റ് (1.64%) ഇടിഞ്ഞ് 4330 ലും നാസ്ഡാക് 245.14 പോയിന്റ് (1.82%) താഴ്ന്ന് 13,224 ലും ക്ലോസ് ചെയ്തു.

യു.എസ് സൂചികകളുടെ ഫ്യൂച്ചേഴ്സ് ചെറിയ താഴ്ച കാണിക്കുന്നു. ഡൗ 0.13 ഉം എസ് ആൻഡ് പി 0.25 ഉം നാസ്ഡാക് 0.33 ഉം ശതമാനം താണു.

പത്തുവർഷ യു.എസ് കടപ്പത്രങ്ങളുടെ വില നിക്ഷേപത്തിന് 4.5 ശതമാനം ആദായം കിട്ടത്തക്ക നിലയിലേക്കു താഴ്ന്നു. 2007 നു ശേഷമുള്ള ഏറ്റവും ഉയർന്ന നിക്ഷേപനേട്ടം (yield) ആണിത്.

ബുധനാഴ്ച ഒരു ശതമാനത്തിലധികം ഇടിഞ്ഞ ഏഷ്യൻ വിപണികൾ ഇന്നും വലിയ താഴ്ചയിലാണ്. പ്രമുഖ സൂചികകൾ ഒരു ശതമാനത്തിലധികം താഴ്ന്നാണു വ്യാപാരം തുടങ്ങിയത്. ചെെനീസ് വിപണികളും ഇടിവിലാണ്.

ബാങ്ക് ഓഫ് ജപ്പാന്റെ പണനയ പ്രഖ്യാപനം ഇന്നുണ്ടാകും. നിരക്കു കൂട്ടാൻ സാധ്യതയില്ല. പലിശഭീതിയും ബാങ്ക് -ധനകാര്യ മേഖലകളുടെ ദൗർബല്യവും ഇന്നലെ ഇന്ത്യൻ വിപണിയെ താഴ്ത്തി. ഇന്ത്യയിലെ പലിശ കൂടും എന്നതല്ല വിപണിയെ അലട്ടുന്നത്. യുഎസ് പലിശ കൂടുന്നത് വിദേശികളുടെ നിക്ഷേപം കുറയാൻ കാരണമാകും എന്ന ഭീതിയാണ് വിപണിയെ വലയ്ക്കുന്നത്. പലിശ കൂടുമ്പോൾ ഓഹരികളിൽ നിന്ന് കടപ്പത്രങ്ങളിലേക്കു നിക്ഷേപം മാറും.

ഇന്ത്യൻ വിപണി

വ്യാഴാഴ്ച ഇന്ത്യൻ വിപണി ഇടിവോടെ തുടങ്ങി, കൂടുതൽ താഴ്ന്നു ക്ലോസ് ചെയ്തു. സെൻസെക്സ് 66, 128 വരെയും നിഫ്റ്റി 19,709 വരെയും താഴ്ന്നു. സെൻസെക്സ് 570.6 പോയിന്റ് (0.85%) താഴ്ന്ന് 66,230.24 ലാണു ക്ലോസ് ചെയ്തത്. നിഫ്റ്റി 159.05 പോയിന്റ് (0.80%) ഇടിഞ്ഞ് 19,742.35 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 760.75 പോയിന്റ് (1.68%) താഴ്ന്ന് 44,623.85 ൽ ക്ലോസ് ചെയ്തു.

മിഡ് ക്യാപ് സൂചിക 0.84 ശതമാനം താഴ്ന്ന് 40,184.85 ൽ ക്ലോസ് ചെയ്തപ്പാേൾ സ്മോൾ ക്യാപ് സൂചിക 1.34 ശതമാനം ഇടിഞ്ഞ് 12,444.45 ൽ അവസാനിച്ചു.

ബാങ്കുകൾ, ധനകാര്യ കമ്പനികൾ, വാഹന കമ്പനികൾ, റിയൽ എസ്റ്റേറ്റ് കമ്പനികൾ എന്നിവ തകർച്ചയുടെ മുന്നിൽ നിന്നു.

വിദേശഫണ്ടുകൾ വ്യാഴാഴ്ച ക്യാഷ് വിപണിയിൽ 3007.36 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 1158.14 കോടിയുടെ ഓഹരികൾ വാങ്ങി.

വിപണി കരടികളുടെ പിടിയിലായി എന്നും വിൽപന സമ്മർദം തുടരും എന്നുമാണു വിലയിരുത്തൽ. താഴ്ച തുടർന്നാൽ 19,500-19,600 നിലവാരത്തിലേക്ക് നിഫ്റ്റി എത്തുമെന്നാണു പുതിയ .നിഗമനം. ഇന്നു നിഫ്റ്റിക്ക് 19,715 ലും 19,630 ലും പിന്തുണ ഉണ്ട്. 19,820 ഉം 19,905 ഉം തടസങ്ങളാകും.

ഉയർന്ന പലിശനിരക്ക് കൂടുതൽ കാലം തുടരും എന്ന സാഹചര്യം വ്യാവസായിക ലോഹങ്ങളുടെ വിലയിടിച്ചു. വ്യാഴാഴ്ച എല്ലാ ലോഹങ്ങളും കുത്തനേ താണു. അലൂമിനിയം 1.45 ശതമാനം വീണ് ടണ്ണിന് 2223.15 ഡോളറിലായി. ചെമ്പ് 1.77 ശതമാനം ഇടിഞ്ഞു ടണ്ണിന് 8129.55 ഡോളറിൽ എത്തി. ടിൻ 0.68 ശതമാനവും നിക്കൽ 3.45 ശതമാനവും സിങ്ക് 2.06 ശതമാനവും ലെഡ് 1.49 ശതമാനവും താഴ്ന്നു.

ക്രൂഡ് ഓയിലും സ്വർണവും

ക്രൂഡ് ഓയിൽ ഉയർന്നു നിൽക്കുന്നു. വ്യാഴാഴ്ച ബ്രെന്റ് ഇനം ക്രൂഡ് 93.50 ഡോളറിലാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ ബ്രെന്റ് ഇനം 93.55 ഡോളറിലും ഡബ്ള്യുടിഐ ഇനം 89.88 ഡോളറിലും എത്തി. യുഎഇയുടെ മർബൻ ക്രൂഡ് 95.45 ഡോളറിലാണ്. ലഭ്യത കുറഞ്ഞതിനാൽ ക്രൂഡ് ഓയിൽ 100 ഡോളറും കടന്നു പോകും എന്നാണു വിലയിരുത്തൽ

സ്വർണവില താഴോട്ടായി. ഫെഡ് നയം വന്നപ്പോൾ തുടങ്ങിയ താഴ്ച ഇന്നലെയും തുടർന്നു. സ്വർണം ഇന്നലെ 1920.50 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1924 ഡോളറിനടുത്തായി.

കേരളത്തിൽ പവൻവില വ്യാഴാഴ്ച 120 രൂപ കുറഞ്ഞ് 44,040 രൂപയായി. രൂപ അൽപം താഴ്ന്നു. ഡോളർ രണ്ടു പൈസ കൂടി 83.09 രൂപയിൽ ക്ലോസ് ചെയ്തു.

ഫെഡ് നയത്തെ തുടർന്നു ഡോളർ സൂചിക ഉയർന്നു നിൽക്കുന്നു. ഇന്നലെ 105.36 ൽ ക്ലോസ് ചെയ്ത സൂചിക ഇന്നു രാവിലെ 105.50 ലേക്കു കയറി.

ക്രിപ്‌റ്റോ കറൻസികൾ താഴ്ന്നു. ബിറ്റ് കോയിൽ ഇന്നു രാവിലെ 26,600 നു താഴെയാണ്.

കാനഡ ബന്ധം തൽക്കാലം ആശങ്കയില്ല

കാനഡയുമായുള്ള ഇന്ത്യയുടെ നയതന്ത്ര സംഘർഷം തൽക്കാലം ആശങ്ക ഉണ്ടാക്കുന്നില്ല. എന്നാൽ പ്രശ്നം നീണ്ടു നിന്നാൽ ഇന്ത്യൻ വിപണിയിലെ കനേഡിയൻ നിക്ഷേപങ്ങളെ ബാധിക്കാം. കാനഡക്കാർക്കുള്ള വീസ വിലക്ക് ഫണ്ടു മേധാവികൾക്ക് ഇവിടെ വരാനുള്ള അവസരം ഇല്ലാതാക്കും. കനേഡിയൻ ഫണ്ടുകൾ നിക്ഷേപിച്ചിട്ടുള്ള ഓഹരികൾക്ക് ഇന്നലെയും വില കുറഞ്ഞു.

സംഘർഷം നീണ്ടുനിന്നാൽ കാനഡയിലേക്കുള്ള വിദ്യാഭ്യാസ കുടിയേറ്റവും പ്രയാസത്തിലാകും. അടുത്ത ജനുവരിയിൽ തുടങ്ങുന്ന സെമസ്റ്ററിന് പോകാൻ ഇന്ത്യൻ വിദ്യാർഥികൾക്കുള്ള സാധ്യത കുറഞ്ഞു.

എച്ച്.ഡി.എഫ്.സി മ്യൂച്വൽ ഫണ്ട്

എച്ച്.ഡി.എഫ്.സി അസറ്റ് മാനേജ്മെന്റ് കമ്പനിക്ക് അഞ്ചു ബാങ്കുകളിൽ 9.5 ശതമാനം വീതം ഓഹരി വാങ്ങാൻ റിസർവ് ബാങ്ക് അനുമതി നൽകി. ഫെഡറൽ ബാങ്ക്, ഡി.സി.ബി ബാങ്ക്, കാരൂർ വെെശ്യ ബാങ്ക്, സിറ്റി യൂണിയൻ ബാങ്ക്, ഇക്വിറ്റാസ് സ്മാേൾ ഫിനാൻസ് ബാങ്ക് എന്നിവയിൽ നിക്ഷേപം നടത്താനാണ് അനുമതി. നിലവിൽ ഈ ബാങ്കുകളിൽ 4.5 ശതമാനം വീതം ഓഹരി ഈ മ്യൂച്വൽ ഫങ്ങിനുണ്ട്.

എസ്‌.ജെ.വി.എൻ

എസ്‌.ജെ.വി.എൻ എന്ന പൊതുമേഖലാ കമ്പനിയുടെ അഞ്ചു ശതമാനം ഓഹരി വിൽക്കാൻ കേന്ദ്ര സർക്കാർ നടപടി തുടങ്ങിയതാേടെ ഓഹരി വില 13 ശതമാനം ഇടിഞ്ഞ് 71.08 രൂപയായി. 69 രൂപ തറവിലയിലാണ് സർക്കാർ ഓഹരി വിൽക്കുന്നത്. കൂടുതൽ ഓഹരികൾ വരുന്നത് വിലയിടിക്കും എന്ന ആശങ്കയിലാണ് വിപണി ഇന്നലെ താഴ്ന്നത്. ഓഹരി വാങ്ങാൻ ഫണ്ടുകളും അതിസമ്പന്നരും ഉത്സാഹം കാണിച്ചു.

ഗ്ലെൻമാർക്കിന്റെ ഉപകമ്പനിയെ നിർമ വാങ്ങി

ഗ്ലെൻമാർക്ക് ഫാർമയുടെ ഉപകമ്പനിയായ ഗ്ലെൻമാർക്ക് ലെെഫ് സയൻസസിന്റെ (ജിഎൽഎസ്) 75 ശതമാനം ഓഹരി നിർമ വാങ്ങി. വില ഓഹരി ഒന്നിന് 65 രൂപ വച്ച് ആകെ 5562 കോടി രൂപ. നിർമ ഇനി മറ്റു നിക്ഷേപകരുടെ ഓഹരികൾക്ക് ഓപ്പൺ ഓഫർ വയ്ക്കും. വില ഓഹരി ഒന്നിന് 631 രൂപ.

ഗ്ലെൻമാർക്ക് ഫാർമയുടെ 4000 കോടിയുടെ കടബാധ്യത തീർക്കാനാണു വിൽപന. ഔഷധങ്ങൾക്കു വേണ്ട രാസസംയുക്തങ്ങൾ (ആക്ടീവ് ഫാർമസ്യൂട്ടിക്കൽ ഇൻഗ്രേഡിയന്റ്സ്) നിർമിക്കുന്ന കമ്പനിയാണ് ജിഎൽഎസ്. ഇന്നലെ ജിഎൽഎസ് ഓഹരി 1.3 ശതമാനം താഴ്ന്ന് 627 രൂപയിൽ അവസാനിച്ചു.

ഗ്ലെൻമാർക്ക് ഫാർമ ഓഹരി മൂന്നു ശതമാനത്തിലധികം താണ് 828 രൂപയിൽ ക്ലോസ് ചെയ്തു.

അലക്കുപൊടി ബിസിനസുമായി 1969-ൽ തുടക്കമിട്ട നിർമ കഴിഞ്ഞഏപ്രിലിൽ സ്റ്റെറികോം ഫാർമയെ ഏറ്റെടുത്തിരുന്നു. ഐ ഡ്രോപ്സും കോൺടാക്ട് ലെൻസും നിർമിക്കുന്ന കമ്പനിയാണു സ്റ്റെറികോം. സിമന്റ് വ്യവസായത്തിലും നിർമ പ്രവേശിച്ചിട്ടുണ്ട്.

വിപണി സൂചനകൾ

(2023 സെപ്റ്റംബർ 21, വ്യാഴം)

സെൻസെക്സ് 30 66,230.84 -0.85%

നിഫ്റ്റി 50 19,742.35 -0.80%

ബാങ്ക് നിഫ്റ്റി 44,632.85 -1.68%

മിഡ് ക്യാപ് 100 40,184.85 -0.89%

സ്മോൾ ക്യാപ് 100 12,444.45 -1.34%

ഡൗ ജോൺസ് 30 34,070.40 -1.08%

എസ് ആൻഡ് പി 500 4330.00 -1.64%

നാസ്ഡാക് 13,224.00 -1.82%

ഡോളർ ($) ₹83.09 +₹0.02

ഡോളർ സൂചിക 105.36 +00.16

സ്വർണം(ഔൺസ്) $1920.50 -$10.30

സ്വർണം(പവൻ) ₹44,040 -₹120.00

ക്രൂഡ് (ബ്രെന്റ്)ഓയിൽ $93.30 -$0.90

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it