ഓഹരിവിപണികൾ ഭിന്നദിശകളിൽ; പലിശ കൂടുമെന്നു നിഗമനം; കടപ്പത്രങ്ങൾക്കു വില കുറയുന്നു; ക്രിപ്റ്റോ കറൻസികൾക്ക് ദൗർബല്യം; സ്വർണം കയറുന്നു

വിപണികൾ അനിശ്ചിതത്വം പ്രകടമാക്കിയ ഒരു ദിവസത്തിനു ശേഷം ഇന്നു നേട്ടത്തിനു തയാറെടുക്കുകയാണ്. പലിശയെപ്പറ്റിയുള്ള ഭീതി അകന്നിട്ടില്ല. ഡോളർ സൂചിക ഉയർന്നതോടെ രൂപ അടക്കം മറ്റു കറൻസികൾ ദുർബലമാകുമെന്നായി. സ്വർണം 1900 ഡോളറിനു മുകളിൽ കയറി.

ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വ രാത്രി 19,314.5 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 19,360 ലേക്കു കയറി. ഇന്ത്യൻ വിപണി അൽപം താഴ്ന്നു വ്യാപാരം തുടങ്ങും എന്ന സൂചനയാണു ഡെറിവേറ്റീവ് വിപണി നൽകുന്നത്.

യൂറോപ്യൻ സൂചികകൾ ചൊവ്വാഴ്ച ശരാശരി 0.65 ശതമാന നേട്ടത്തിൽ അവസാനിച്ചു. ഓസ്ട്രേലിയയിലെ സമരഭീഷണിയെ തുടർന്നു പ്രകൃതിവാതകവില 10 ശതമാനത്തിലധികം ഉയർന്നതു യൂറോപ്യൻ വിപണികളുടെ ഉയർച്ചയ്ക്കു തടസമായി.

യുഎസ് വിപണികൾ ഇന്നലെ ഭിന്നദിശകളിലായിരുന്നു. ഡൗ ജോൺസ് 174.86 പോയിന്റ് (0.51%) താഴ്ന്ന് 34,288.83 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 12.22 പോയിന്റ് (0.28%) താഴ്ന്ന് 4387.55 ൽ അവസാനിച്ചു. നാസ്ഡാക് 8.28 പോയിന്റ് (0.06%) കയറി 13,505.87 ൽ ക്ലോസ് ചെയ്തു.

സ്പോർട്സ് സാമഗ്രികൾ വിൽക്കുന്ന ഡിക്ക്സ് സ്പോർട്ടിംഗ് ഗുഡ്സ് വരുമാന പ്രതീക്ഷ താഴ്ത്തിയതോടെ 24 ശതമാനം ഇടിഞ്ഞു.

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു താഴ്ചയിലാണ്. ഡൗ 0.12 ഉം എസ് ആൻഡ് പി 0.16 ഉം നാസ്ഡാക് 0.19 ഉം ശതമാനം താഴ്ന്നു നിൽക്കുന്നു.

ചൈനീസ് വിപണി ഇന്നലെ ഉയർന്നു. മറ്റ് ഏഷ്യൻ വിപണികളും ചാെവ്വാഴ്ച നേട്ടത്തിലായിരുന്നു. ഇന്നു രാവിലെ ചെെന ഒഴികെ ഏഷ്യൻ രാജ്യങ്ങളിലും ഓസ്ട്രേലിയയിലും വിപണികൾ കയറ്റത്തിലാണ്.

ചിപ് നിർമാണ കമ്പനിയായ ആം യുഎസ് നാസ്ഡാക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യാനും ഐപിഒ നടത്താനും നടപടി തുടങ്ങിയത് പ്രൊമാേട്ടറായ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പിന്റെ ഓഹരിയെ 3.5 ശതമാനത്താേളം ഉയർത്തി.


ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണി ഇന്നലെ ചാഞ്ചാട്ടങ്ങൾക്കു ശേഷം നാമമാത്ര നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 65,165 - 65,363 മേഖലയിലും നിഫ്റ്റി 19,381- 19,444 മേഖലയിലുമാണു കയറിയിറങ്ങിയത്. വിപണിഗതിയെപ്പറ്റി ആത്മവിശ്വാസമില്ലാത്ത മട്ടിലാണു നിക്ഷേപകരും ഫണ്ടുകളും നീങ്ങിയത്. ഏഷ്യൻ, യൂറോപ്യൻ വിപണികളുടെ കുതിപ്പ് ഇന്ത്യൻ വിപണിയെ സഹായിച്ചില്ല. എന്നാൽ വിശാല വിപണിയിൽ ബുള്ളുകൾ മുന്നേറി. മിഡ് ക്യാപ് സൂചിക റെക്കോഡ് നിലവാരത്തിലായി. സ്മാേൾ ക്യാപ് ഓഹരികളും ഉയർന്നു.

.സെൻസെക്സ് 3.94 പോയിന്റ് (0.01%) ഉയർന്ന് 65,220.09ലും നിഫ്റ്റി 2.85 പോയിന്റ് (0.01%) കയറി 19,396.45 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 1.1 ശതമാനം ഉയർന്ന് 38,544.3 ൽ ക്ലോസ് ചെയ്തപ്പാേൾ സ്മോൾ ക്യാപ് സൂചിക 0.81 ശതമാനം കയറി 11,852.5 ൽ ക്ലോസ് ചെയ്തു.

വിദേശ ഫണ്ടുകൾ ക്യാഷ് വിപണിയിൽ 495.17 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 533.75 കോടിയുടെ ഓഹരികൾ വാങ്ങി.

നിഫ്റ്റിക്ക് 19,380 ലും 19,345 ലും പിന്തുണ ഉണ്ട്. 19,430 ഉം 19,470 ഉം തടസങ്ങളാകാം.

വ്യാവസായിക ലോഹങ്ങൾ ഇന്നലെ മികച്ച കുതിപ്പ് നടത്തി. അലൂമിനിയം 1.63 ശതമാനം കയറി ടണ്ണിന് 2178.74 ഡോളറിലായി. ചെമ്പ് 1.11 ശതമാനം ഉയർന്നു ടണ്ണിന് 8330.55 ഡോളറിൽ എത്തി. ടിൻ 3.91 ശതമാനം, നിക്കൽ 0.92 ശതമാനം, ലെഡ് 1.27 ശതമാനം, സിങ്ക് 2.91 ശതമാനം എന്ന തോതിൽ ഉയർന്നു.

ക്രൂഡ് ഓയിൽ വില താഴ്ചയിലാണ്. ബ്രെന്റ് ഇനം ക്രൂഡ് 84.03 ഡോളറിലും ഡബ്ള്യുടിഐ ഇനം 80.72 ഡോളറിലും ഇന്നലെ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെന്റ് ഇനം ക്രൂഡ് 83.87 ഡോളറിലേക്കും ഡബ്ള്യുടിഐ ഇനം 79.70 ഡോളറിലേക്കും താഴ്ന്നു.

സ്വർണം ചെറിയ നേട്ടത്തിലാണ്. ഔൺസിന് 2.70 ഡോളർ കയറി 1898.20 ഡോളറിൽ ക്ലോസ് ചെയ്തു. നേരത്തേ 1904 ഡോളർ വരെ എത്തിയതാണ്. ഇന്നു രാവിലെ സ്വർണം 1902.40 ഡോളറിലേക്കു കയറി.

കേരളത്തിൽ പവൻവില 80 രൂപ കയറി 43,360 രൂപയിൽ എത്തി. ഇന്നും വില കയറിയേക്കും.

രൂപ ചൊവ്വാഴ്ച നേട്ടത്തിലായി. ഒരാഴ്ചയ്ക്കു ശേഷം ഡോളർ 83 രൂപയ്ക്കു താഴെ എത്തി. ഡോളർ 82.94 രൂപയിൽ ക്ലോസ് ചെയ്തു. എന്നാൽ ഇന്നു വീണ്ടും ദുർബലമാകാം എന്നു ഡോളർ സൂചികയുടെ ഗതി കാണിക്കുന്നു.

ഡോളർ സൂചിക ഇന്നലെ ഉയർന്ന് 103.56-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 103.53 വരെ താണു.

ക്രിപ്റ്റോ കറൻസികൾ താഴ്ന്നു. ബിറ്റ്കോയിൻ 26,000 ഡോളറിനു താഴെ എത്തിയിട്ട് തിരിച്ചു കയറി 26,030 ലാണ്.

ജിയോ ഫിൻ ഇടിവു തുടരുന്നു, സൂചികയിൽ നിന്നു മാറ്റൽ വൈകും

ജിയോ ഫിനാൻഷ്യൽ സർവീസസ് ഇന്നലെയും അഞ്ചു ശതമാനം ഇടിഞ്ഞ് ലോവർ സർക്കീട്ടിൽ എത്തി. സൂചികാധിഷ്ഠിത ഫണ്ടുകൾ വിൽപന തുടർന്നതാണു കാരണം.ആ വിൽപന ഇന്നും തുടരാം.

തുടർച്ചയായ രണ്ടു ദിവസം ഓഹരി ലോവർ സർകീട്ടിൽ എത്തിയതു മൂലം ബിഎസ്ഇ സൂചികകളിൽ നിന്ന് ജിയോ ഫിനെ നീക്കുന്നത് സെപ്റ്റംമ്പർ 29 ലേക്കു മാറ്റി. ഇനി രണ്ടു ദിവസം കൂടി ലോവർ സർകീട്ടിൽ എത്തിയാൽ വീണ്ടും മൂന്നു ദിവസം കൂടി കഴിഞ്ഞേ ജിയോ ഫിനെ സൂചികകളിൽ നിന്നു മാറ്റൂ.

ജിയോ ഫിൻ വിപണിമൂല്യം രണ്ടു ദിവസം കൊണ്ടു 16,000 കോടി രൂപ കുറഞ്ഞു. ഓഹരിവില ഇനിയും താഴുമെന്നു പല വിശകലനക്കാരും എഴുതി. 175 രൂപയ്ക്കും 220 രൂപയ്ക്കും ഇടയിലുള്ള വിലയാണു ചിലർ പ്രതീക്ഷിക്കുന്നത്.

ഏജൻസികൾ പറയുന്ന ജിഡിപി വളർച്ച

ഓഗസ്റ്റ് 31- ന് ഇന്ത്യയുടെ ഒന്നാം പാദ (ഏപ്രിൽ - ജൂൺ) ജിഡിപി കണക്ക് പുറത്തു വരും. 2023-24-ൽ 6.5 ശതമാനം ജിഡിപി വളർച്ച പ്രതീക്ഷിക്കുന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എട്ടു ശതമാനമാണ് ഒന്നാം പാദത്തിൽ കണക്കാക്കുന്ന വളർച്ച. വിവിധ റേറ്റിംഗ് ഏജൻസികളും ബ്രോക്കറേജുകളും അതിനടുത്തു വരുന്ന നിഗമനമാണു നടത്തിയിട്ടുള്ളത്.

ജാപ്പനീസ് ബ്രോക്കറേജ് നൊമുറ ഏഴു ശതമാനമാണു പ്രതീക്ഷിക്കുന്നത്. എന്നാൽ അവരുടെ മറ്റൊരു വിശകലനത്തിൽ എട്ടു ശതമാനം വളർച്ച പറയുന്നു. റേറ്റിംഗ് ഏജൻസി ഇക്ര 8.5 ശതമാനം കണക്കാക്കുന്നു. മറ്റ് ഏജൻസികളുടെ

വിലയിരുത്തൽ ഇങ്ങനെ:

എസ്ബിഐ 8.3%, ക്രിസിൽ 8.2%, ബാങ്ക് ഓഫ് ബറാേഡ 8.0 - 8.2%, ബാർക്ലേയ്സ് 7.5%, യുബിഎസ് 7.5 - 8.0%.

2022 ഏപ്രിൽ - ജൂണിൽ 13.1 ശതമാനമായിരുന്നു വളർച്ച. ഇക്കഴിഞ്ഞ ജനുവരി - മാർച്ചിൽ 6.1 ശതമാനം വളർച്ച ഉണ്ടായിരുന്നു. 2020 - ലും 21-ലും ഒന്നാം പാദത്തിൽ കോവിഡ് മൂലം ഉൽപാദനവും മറ്റു സാമ്പത്തികപ്രവർത്തനങ്ങളും തടസപ്പെട്ടിരുന്നു. അതിനാലാണ് 2022-ൽ ഒന്നാം പാദ വളർച്ച ഇരട്ടയക്കത്തിലായത്.

ഈ വർഷം ഒന്നാം പാദത്തിൽ കേന്ദ്ര സർക്കാരിന്റെ മൂലധനച്ചെലവുകൾ കൂട്ടിയത് വളർച്ചയ്ക്ക് ആക്കം കൂട്ടി. സംസ്ഥാനങ്ങളും ആദ്യപാദത്തിൽ മൂലധന നിക്ഷേപം കൂട്ടി. സേവന മേഖലയിലെ വളർച്ചയും കൂടി എന്നാണു നിഗമനം.

കടപ്പത്ര വിലയിടിവ് തുടരുന്നു

യുഎസ് സർക്കാർ കടപത്രങ്ങളുടെ വിലയിടിവ് തുടരുന്നതും ചില പ്രാദേശിക ബാങ്കുകളുടെ റേറ്റിംഗ് താഴ്ത്തിയതും യുഎസ് വിപണിയെ ഇന്നലെ ദുർബലമാക്കി. പലിശനിരക്കുകൾ ദീർഘനാളേക്ക് ഉയർന്നു നിൽക്കും എന്ന കാഴ്ചപ്പാടിലാണ് കടപ്പത്രങ്ങളുടെ വിലയിടിക്കുന്നത്.

കടപ്പത്രത്തിനു വില കുറയുമ്പോൾ അതു വാങ്ങുന്നതിലെ നിക്ഷേപനേട്ടം (yield) കൂടും. 10 വർഷ യുഎസ് കടപ്പത്രത്തിലെ നിക്ഷേപനേട്ടം 16 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന 4.34 ശതമാനം വരെ കയറി. രണ്ടു വർഷ യുഎസ് കടപ്പത്രം അഞ്ചു ശതമാനം നേട്ടം നൽകുന്നു. കടപ്പത്രങ്ങളിലെ നേട്ടം കൂടുമ്പോൾ ഓഹരികളിൽ നിക്ഷേപിക്കാനുള്ള താൽപര്യം കുറയും.

ഇന്ത്യയിലും കടപ്പത്രവിലകൾ ഇടിയുകയും അവയിലെ നിക്ഷേപനേട്ടം 7.25 ശതമാനത്തിലേക്ക് കയറുകയും ചെയ്തു. റിസർവ് ബാങ്ക് ഒരു തവണ കൂടി റീപോ നിരക്ക് കൂട്ടും എന്ന സൂചനയാണ് ഈ ഉയർന്ന നിക്ഷേപ നേട്ടത്തിലുള്ളത്. പച്ചക്കറി വില കുറഞ്ഞാലും ഭക്ഷ്യവില കുറയാനിടയില്ലെന്ന റിപ്പോർട്ടുകൾ ഈ സൂചനയെ ശരിവയ്ക്കുന്നു.


വിപണി സൂചനകൾ

(2023 ഓഗസ്റ്റ് 22, ചൊവ്വ)

സെൻസെക്സ് 30 65,220.03 +0.01%

നിഫ്റ്റി 50 19,396.45 +0.01%

ബാങ്ക് നിഫ്റ്റി 43,993.25 -0.02%

മിഡ് ക്യാപ് 100 38,544.30 +1.10%

സ്മോൾക്യാപ് 100 11,852.50 +0.81%

ഡൗ ജോൺസ് 30 34,288.83 -0.51%

എസ് ആൻഡ് പി 500 4387.55 -0.28%

നാസ്ഡാക് 13,505.87 +0.06%

ഡോളർ ($) ₹82.94 -0.18

ഡോളർ സൂചിക 103.56 +0.24

സ്വർണം(ഔൺസ്) $1898.20 +$2.70

സ്വർണം(പവൻ) ₹43,360 ₹ 80.00

ക്രൂഡ് (ബ്രെന്റ്)ഓയിൽ $84.03 -$0.43

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it