തിരിച്ചുകയറ്റം ആവേശകരം; വിൽപന സമ്മർദത്തിൽ ആശങ്ക; ധനസമാഹരണത്തിനു വഴി തേടി വോഡഫോൺ ഐഡിയ
ആവേശകരമായ തിരിച്ചു കയറ്റത്തിനു ശേഷം ഇന്ത്യൻ വിപണി വീണ്ടും വിൽപന സമ്മർദത്തിലേക്കു നീങ്ങുമോ എന്നാണ് നിക്ഷേപകർ ഉറ്റു നോക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിനു മുൻപ് ഓഹരികൾ വിറ്റു ലാഭമെടുക്കാൻ ആഗ്രഹിക്കുന്നവർ ധാരാളമുണ്ട്.
വിദേശപ്രവണതകളുടെ പിന്നാലെ ഇന്നലെ ഉയർന്ന വിപണിയിൽ ബാങ്ക് നിഫ്റ്റി മാത്രം താഴ്ചയിലായി. ഇന്നും വിദേശ സൂചനകൾ പോസിറ്റീവ് ആണ്. ക്രൂഡ് ഓയിൽ വില 83 ഡോളറിനു മുകളിൽ തുടരുകയാണ്.
വ്യാഴാഴ്ച രാത്രി ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ഗണ്യമായി ഉയർന്ന് 22,338ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 22,307ലാണ്. ഇന്ത്യൻ വിപണി ഉയർന്നു വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നൽകുന്ന സൂചന.
വിദേശ വിപണി
യൂറോപ്യൻ വിപണികൾ വ്യാഴാഴ്ച നല്ല നേട്ടം ഉണ്ടാക്കി. സ്റ്റോക്സ് 600 സൂചിക റെക്കോർഡ് നിലയിൽ ക്ലോസ് ചെയ്തു. യൂറോ മേഖലയിൽ ഫാക്ടറി പ്രവർത്തനം അൽപം മന്ദീഭവിച്ചെങ്കിലും സേവനമേഖല വളർച്ചയിലേക്കു തിരിച്ചു വന്നു. ജർമൻ, ഫ്രഞ്ച് സൂചികകൾ ഒന്നേകാൽ ശതമാനത്തിലധികം ഉയർന്നു. 2023 ലെ ലാഭം ഇരട്ടിയിലേറെ ആക്കിയ റോൾസ് റോയ്സ് ഓഹരി എട്ടു ശതമാനം കയറി. മെഴ്സിഡീസ് ബെൻസ് നാലു ശതമാനം കയറ്റത്തിലായി.
യു.എസ് വിപണി ഇന്നലെ കുതിച്ചു കയറി. അമിത പ്രതീക്ഷകളെ പോലും കടത്തി വെട്ടിയ എൻവിഡിയയുടെ റിസൽട്ട് തന്നെ മുഖ്യ കാരണം. കഴിഞ്ഞയാഴ്ച തൊഴിലില്ലായ്മാ ആനുകൂല്യത്തിനുള്ള പുതിയ അപേക്ഷകൾ പ്രതീക്ഷയിലും കുറവായതും വിപണിക്ക് ഉത്തേജകമായി.
ഡൗ ജോൺസ് സൂചിക 456.87 പോയിൻ്റ് (1.18%) കയറി 39,069.10ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 105.23 പോയിൻ്റ് (2.11%) നേട്ടത്തിൽ 5087.03ൽ വ്യാപാരം അവസാനിപ്പിച്ചു. നാസ്ഡാക് 460.75 പോയിൻ്റ് (2.96%) കുതിച്ച് 16,041.60 ൽ എത്തി.
മൂന്നു സൂചികകൾക്കും ഒരു വർഷത്തിനുള്ളിലെ ഏറ്റവും മികച്ച ദിവസമായി വ്യാഴാഴ്ച. എൻവിഡിയ ഓഹരി ഇന്നലെ 16.4 ശതമാനം ഉയർന്നു. ഇതോടെ നാസ്ഡാക് സൂചിക സർവകാല റെക്കോർഡ് ആയ 16,057.4 4നു തൊട്ടടുത്തായി. ഡൗ ജോൺസ് ഇന്നലെ ആദ്യമായി 36,000നു മുകളിൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പിയും റെക്കാേർഡിലാണ്.
യു.എസ് ഫ്യൂച്ചേഴ്സ് ഇന്നു നേരിയ കയറ്റത്തിലാണ്. ഡൗ 0.05 ശതമാനം കയറിയപ്പോൾ എസ് ആൻഡ് പി 0.04 ശതമാനം ഉയർന്നു. നാസ്ഡാക് 0.04 ശതമാനം താഴ്ന്നു. യു.എസ് കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം 4.33 ശതമാനമായി ഉയർന്നു. ഏഷ്യൻ വിപണികൾ ഇന്ന് മിതമായ കയറ്റത്തിലാണ്.
ഇന്ത്യൻ വിപണി
വ്യാഴാഴ്ച ഇന്ത്യൻ വിപണി നേട്ടത്തിൽ തുടങ്ങിയിട്ടു പെട്ടെന്നു തന്നെ താഴ്ചയിലായി. എന്നാൽ ഉച്ചയ്ക്കു ശേഷം വിപണി ശക്തമായി തിരിച്ചു കയറി റെക്കോർഡ് നേട്ടത്തിൽ ക്ലോസ് ചെയ്തു. താഴ്ന്ന നിലയിൽ നിന്ന് 1175 പോയിൻ്റ് കയറിയാണ് സെൻസെക്സ് അവസാനിച്ചത്. നിഫ്റ്റി 377 പോയിൻ്റ് കയറി റെക്കോർഡ് നിലയിൽ എത്തി.
സെൻസെക്സ് 535.15 പോയിന്റ് (0.74%) കയറി 73,158.24ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 162.40 പോയിന്റ് (0.74%) ഉയർന്ന് 22,217.45ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 99.90 പോയിന്റ് (0.21%) കുറഞ്ഞ് 46,919.80ൽ ക്ലോസ് ചെയ്തു.
മിഡ് ക്യാപ് സൂചിക 1.02 ശതമാനം കയറി 49,128.35ൽ ക്ലോസ് ചെയ്തു. സ്മോൾ ക്യാപ് സൂചിക 0.68 ശതമാനം ഉയർന്ന് 16,114.45ൽ വ്യാപാരം അവസാനിപ്പിച്ചു.
വ്യാഴാഴ്ച വിദേശനിക്ഷേപകർ ക്യാഷ് വിപണിയിൽ 1410.05 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 1823.68 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
ചാർട്ടുകൾ ബുള്ളിഷ് പാറ്റേണിലായി. നിഫ്റ്റി 22,300 കടന്നാൽ 22,600 വരെയുള്ള പാത സുഗമമാകും എന്നാണു വിലയിരുത്തൽ. നിഫ്റ്റിക്ക് ഇന്ന് 22,050ലും 21,850ലും പിന്തുണ ഉണ്ട്. 22,200ലും 22,350ലും തടസങ്ങൾ ഉണ്ടാകാം.
ക്രൂഡ് ഓയിൽ,സ്വർണം, ഡോളർ, ക്രിപ്റ്റോ
വ്യാഴാഴ്ച ക്രൂഡ് ഓയിൽ വില അൽപം കയറി. ബ്രെന്റ് ഇനം ക്രൂഡ് 83.41 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 83.33 ഡോളറിലേക്കു താണു. ഡബ്ള്യു.ടി.ഐ ഇനം 78.23ഉം യുഎഇയുടെ മർബൻ ക്രൂഡ് 83.07ഉം ഡോളറിലായി.
അന്താരാഷ്ട്ര വിപണിയിൽ വ്യാഴാഴ്ച സ്വർണം കയറിയിറങ്ങി. 2025.20 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2026.30 ഡോളറിലാണ്. കേരളത്തിൽ സ്വർണം പവന് 80 രൂപ കുറഞ്ഞ് 46,000 രൂപയായി.
ഡോളർ സൂചിക വ്യാഴാഴ്ച അൽപം താണ് 103.96ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 103.91ലാണ്. ഡോളർ ഇന്നലെ താഴ്ന്ന് 82.84 രൂപയിൽ ക്ലോസ് ചെയ്തു. ക്രിപ്റ്റോ കറൻസികൾ താഴ്ന്ന നിലയിൽ തുടരുന്നു. ഇന്നു രാവിലെ ബിറ്റ്കാേയിൻ 51,375 ഡോളറിലാണ്.
കമ്പനികൾ, ഓഹരികൾ
നാല് ഓഹരിക്ക് ഒന്ന് എന്ന അനുപാതത്തിൽ അവകാശ ഓഹരി ഇഷ്യു പ്രഖ്യാപിച്ച സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരി ഇന്നലെ 10.45 ശതമാനം കയറി 35.95 രൂപ വരെ എത്തി. 1151 കോടി രൂപയാണ് ഇഷ്യു വഴി സമാഹരിക്കുക. 22 രൂപയാണ് വില നിശ്ചയിച്ചത്.
ബുധനാഴ്ചത്തെ ക്ലോസിംഗ് വിലയെ അപേക്ഷിച്ച് 35 ശതമാനം താഴെയാണിത്. ഫെബ്രുവരി 27 ആണു റെക്കോർഡ് തീയതി. മാർച്ച് ആറിന് ഇഷ്യു തുടങ്ങും.
സി.എസ്.ബി ബാങ്ക് ഓഹരി ഇന്നലെ 2.65 ശതമാനം ഉയർന്നു. ഫെഡറൽ ബാങ്ക് ഓഹരി കയറ്റിറക്കങ്ങൾക്കു ശേഷം മാറ്റമില്ലാതെ ക്ലോസ് ചെയ്തു. ധനലക്ഷ്മി ബാങ്ക് ഓഹരി അര ശതമാനം ഉയർന്നു.
ആദിത്യ ബിർല ഗ്രൂപ്പിന്റെ ഗ്രാസിം ഇൻഡസ്ട്രീസ് പെയിൻ്റ് ബിസിനസിലേക്കു പ്രവേശിച്ചു. ബിർലാ ഓപുസ് പെയിൻ്റ് അടുത്ത മാസം വിപണിയിൽ എത്തും. മൂന്നു വർഷത്തിനകം 10,000 കോടി രൂപയിലേക്കു പെയിൻ്റ് ബിസിനസ് എത്തുമെന്നു ചെയർമാൻ കുമാർ മംഗലം ബിർല പറഞ്ഞു.
വോഡഫോൺ ഐഡിയ ഡയറക്ടർ ബോർഡ് 27നു ധനസമാഹരണ ഉപാധികൾ തീരുമാനിക്കാൻ യോഗം ചേരും. 5ജി സേവനവും മറ്റും തുടങ്ങാൻ ഗണ്യമായ ധനസമാഹരണമാണു ലക്ഷ്യമിടുന്നത്. പുതിയ നിക്ഷേപകർ വരുമെന്നു സൂചനയുണ്ട്. അവകാശ ഇഷ്യു, പുതിയ ഓഹരി വിൽപന, വിദേശത്തു ഡെപ്പാേസിറ്ററി റെസീറ്റ് വിൽക്കൽ, കടപ്പത്രം ഇറക്കൽ എന്നിങ്ങനെ എല്ലാ മാർഗങ്ങളും കമ്പനിയുടെ പരിഗണനയിലുണ്ട്. 2.2 ലക്ഷം കോടി രൂപയുടെ കടബാധ്യതയിലാണു കമ്പനി.
വിപണിസൂചനകൾ
(2024 ഫെബ്രുവരി 22, വ്യാഴം)
സെൻസെക്സ്30 73,158.24 +0.74%
നിഫ്റ്റി50 22,217.45 +0.74%
ബാങ്ക് നിഫ്റ്റി 46,919.80 -0.21%
മിഡ് ക്യാപ് 100 49,128.35 +1.02%
സ്മോൾ ക്യാപ് 100 16,114.45 +0.68%
ഡൗ ജോൺസ് 30 39,069.10 +1.18%
എസ് ആൻഡ് പി 500 5087.03 +2.11%
നാസ്ഡാക് 16,041.60 +2.96%
ഡോളർ ($) ₹82.84 -₹0.13
ഡോളർ സൂചിക 103.96 -0.05
സ്വർണം (ഔൺസ്) $ 2025.20 -$00.90
സ്വർണം (പവൻ) ₹46,000 -₹80.00
ക്രൂഡ് (ബ്രെന്റ്) ഓയിൽ $83.41 +$0.25