വീണ്ടും പലിശഭീഷണി, വിദേശ വിപണികള്‍ താഴ്ചയില്‍; ഗവണ്‍മെന്റിനു റിസര്‍വ് ബാങ്കില്‍ നിന്ന് വമ്പന്‍ ലാഭവിഹിതം, മൂലധനച്ചെലവ് കൂട്ടാം

പലിശവര്‍ധന എന്ന ഭൂതം വീണ്ടും വിപണിയെ പേടിപ്പിക്കുന്നു. യു.എസ് വിപണി ഇന്നലെ താഴ്ന്നു. ഇന്നു രാവിലെ ഏഷ്യന്‍ വിപണികളും താഴ്ചയിലായി. യു.എസ് ഫെഡിന്റെ മിനിറ്റ്‌സിലാണു പലിശ കൂട്ടേണ്ടി വരാം എന്ന സൂചനയുള്ളത്.

റിസര്‍വ് ബാങ്ക് ലാഭത്തില്‍ നിന്ന് 2.11 ലക്ഷം കോടി രൂപ കേന്ദ്രസര്‍ക്കാരിനു നല്‍കാന്‍ തീരുമാനിച്ചു. ഇതു ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ലാഭവീതമാണ്. ഇടക്കാല ബജറ്റില്‍ ഏകദേശം ഒരു ലക്ഷം കോടി രൂപ പ്രതീക്ഷിച്ച സ്ഥാനത്ത് ഇത്രയും തുക ലഭിക്കുന്നതു ഗവണ്മെന്റിന് വലിയ ആശ്വാസമാണ്. മൂലധന നിക്ഷേപത്തിനു കൂടുതല്‍ തുക ലഭിക്കും. അതു വളര്‍ച്ച കൂട്ടും. കമ്മി കുറയും. ഇതു വിപണിയെ ഉയര്‍ത്തേണ്ടതാണ്. പക്ഷേ പലിശ, രാഷ്ട്രീയ ആശങ്കകള്‍ ഉയര്‍ച്ചയ്ക്കു തടസമായി വരാം.
ഡെറിവേറ്റീവ് വിപണിയില്‍ ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ച രാത്രി 22,650ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 22,649 ആയി. ഇന്ത്യന്‍ വിപണി ഇന്ന് അല്പം താഴ്ന്നു വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
വിദേശ വിപണി
യൂറോപ്യന്‍ വിപണികള്‍ ബുധനാഴ്ച നഷ്ടത്തിലാണ് അവസാനിച്ചത്. യു.എസ് വിപണിയും ഇന്നലെ ഗണ്യമായ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. വിലക്കയറ്റം വേണ്ടത്ര കുറയാത്തതില്‍ ആശങ്ക പ്രകടിപ്പിക്കുന്ന ഫെഡ് മിനിറ്റ്‌സ് പുറത്തു വന്നു. ഇനിയും പലിശ കൂട്ടണ്ടി വരുമോ എന്നു ചില അംഗങ്ങള്‍ യോഗത്തില്‍ ചോദിച്ചു. കടപ്പത്ര, സ്വര്‍ണവിപണികള്‍ പലിശ കൂട്ടാം എന്ന ആശങ്ക പ്രകടമാക്കി. സ്വര്‍ണം ഔണ്‍സിന് 1,380 ഡോളറിലേക്കു താണു. 10 വര്‍ഷ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.43 ശതമാനമായി ഉയര്‍ന്നു. ഈ വര്‍ഷം യു.എസ് ഫെഡ് നിരക്കു കുറയ്ക്കാന്‍ സാധ്യതയില്ലെന്ന് ഗോള്‍ഡ്മാന്‍ സാക്‌സ് സി.ഇ.ഒ ഡേവിഡ് സോളമന്‍ ഇന്നലെ അഭിപ്രായപ്പെട്ടു.
ഡൗ ജോണ്‍സ് സൂചിക 201.95 പോയിന്റ് (0.51%) താഴ്ന്ന് 39,671.04ല്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി 14.40 പോയിന്റ് (0.27%) കുറഞ്ഞ് 5307.01ല്‍ അവസാനിച്ചു. നാസ്ഡാക് 31.08 പോയിന്റ് (0.18%) താണ് 16,801.54ല്‍ ക്ലോസ് ചെയ്തു.
എന്‍വിഡിയ കമ്പനി അനാലിസ്റ്റ് നിഗമനങ്ങളേക്കാള്‍ മികച്ച റിസല്‍ട്ട് പുറത്തിറക്കിയതിനെ തുടര്‍ന്നു യു.എസ് ഫ്യൂച്ചേഴ്‌സ് ഇന്നു നേട്ടത്തിലാണ്. എസ് ആന്‍ഡ് പി 0.26 ശതമാനവും നാസ്ഡാക് 0.51 ശതമാനവും ഉയര്‍ന്നു നില്‍ക്കുന്നു. ഡൗ ജോണ്‍സ് 0.13 ശതമാനം താണു.
കഴിഞ്ഞ രണ്ടു പാദങ്ങളിലും 200 ശതമാനത്തിലധികം വരുമാന വളര്‍ച്ച കാണിച്ച എന്‍വിഡിയ ഒന്നാം പാദത്തില്‍ വരുമാനം മൂന്നിരട്ടിയാക്കി. നിര്‍മിതബുദ്ധി ചിപ്പുകള്‍ക്കും ഗ്രാഫിക് പ്രോസസിംഗ് യൂണിറ്റുകള്‍ക്കും ഡിമാന്‍ഡ് വര്‍ധിക്കുകയാണെന്ന്
റിസല്‍ട്ട് കാണിച്ചു. കമ്പനിയുടെ ഡാറ്റാ സെന്റര്‍ ബിസിനസ് 427 ശതമാനം വളര്‍ച്ച കാണിച്ചു. ഫ്യൂച്ചേഴ്‌സില്‍ എന്‍വിഡിയ ഓഹരി ഏഴു ശതമാനം കയറി 1,000 ഡോളറിനു മുകളിലായി.
ജപ്പാന്‍ ഒഴികെ ഏഷ്യന്‍ വിപണികള്‍ ഇന്നു താഴ്ചയിലാണ്. ജപ്പാനില്‍ നിക്കൈ 0.75 ശതമാനം ഉയര്‍ന്നു.
ഇന്ത്യന്‍ വിപണി
ബുധനാഴ്ച ഇന്ത്യന്‍ വിപണി രാവിലത്തെ ചാഞ്ചാട്ടങ്ങള്‍ക്കു ശേഷം നല്ല നേട്ടത്തോടെ അവസാനിച്ചു. വിപണി ഉച്ചയ്ക്കു ശേഷം ഗണ്യമായി ഉയര്‍ന്നു. സെന്‍സെക്‌സ് 267.75 പോയിന്റ് (0.36%) കയറി 74,221.06ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 50 സൂചിക 68.75 പോയിന്റ് (0.31%) ഉയര്‍ന്ന് 22,597.80ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 266.25 പോയിന്റ് (0.55%) താഴ്ന്ന് 47,781.95ല്‍ ക്ലോസ് ചെയ്തു.
വിശാലവിപണിയും ഭിന്ന ദിശകളിലായിരുന്നു. മിഡ് ക്യാപ് സൂചിക 0.19 ശതമാനം കയറി 52,167.50ല്‍ ക്ലോസ് ചെയ്തു. സ്‌മോള്‍ ക്യാപ് സൂചിക 0.35 ശതമാനം താഴ്ന്ന് 16,880.50ല്‍ അവസാനിച്ചു.
വിദേശ നിക്ഷേപകര്‍ ബുധനാഴ്ച ക്യാഷ് വിപണിയില്‍ 686.04 കോടി രൂപയുടെ ഓഹരികള്‍ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 961.91 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.
വിപണിയില്‍ ബുള്ളുകള്‍ മേല്‍ക്കൈ നേടിയിട്ടുണ്ട്. തുടര്‍ച്ചയായി അഞ്ചു ദിവസം നിഫ്റ്റി നേട്ടത്തില്‍ അവസാനിച്ചു. നിഫ്റ്റി ഇന്ന് 22,600ന് മുകളില്‍ നിലനിന്നാല്‍ 22,800 അടുത്ത ലക്ഷ്യമാകും. എന്നാല്‍ പാശ്ചാത്യ വിപണികളിലെ പലിശഭീതി ഇന്ത്യയിലും ആശങ്ക പരത്താന്‍ സാധ്യതയുണ്ട്. ഇന്നു നിഫ്റ്റിക്ക് 22,510ലും 22,425ലും പിന്തുണയുണ്ട്. 22,625ലും 22,715ലും തടസങ്ങള്‍ ആകാം.
ഇന്നലെ 10 ശതമാനം ഉയര്‍ന്ന ജി.ഐ.സിയുടെ പിന്നാലെ മറ്റ് ഇന്‍ഷുറന്‍സ് ഓഹരികളും നല്ല നേട്ടം ഉണ്ടാക്കി. ആഗോള വിലയിടിവിനെ തുടര്‍ന്ന് മിക്ക മെറ്റല്‍ ഓഹരികളും ഇടിഞ്ഞു. എഫ്.എം.സി.ജി കമ്പനികളുടെ ഓഹരികള്‍ ഇന്നലെ കുതിച്ചു. ഗ്രാമമേഖലയില്‍ വില്‍പന വര്‍ധിക്കുന്നതാണ് എഫ്.എം.സി.ജി കമ്പനികളിലെ വര്‍ധിച്ച താല്‍പര്യത്തിനു കാരണം. റിയല്‍റ്റിയും ഐ.ടിയും ഫാര്‍മയും മികച്ച നേട്ടമുണ്ടാക്കി. ബാങ്ക്, ധനകാല സേവന മേഖലകള്‍ വിപണിയെ താഴ്ത്തി.
സ്വര്‍ണം ഇടിവില്‍
ലാഭമെടുക്കലിനെ തുടര്‍ന്ന് താഴ്ചയില്‍ ആയിരുന്ന സ്വര്‍ണം ഫെഡ് മിനിറ്റ്‌സിനു ശേഷം ഒരു ശതമാനം ഇടിഞ്ഞു. പലിശ നിരക്കുകൂട്ടുന്ന കാര്യം ആലോചിക്കേണ്ടതുണ്ട് എന്നു ഫെഡിലെ പല അംഗങ്ങളും പറഞ്ഞതാണ് വിലയിടിച്ചത്. 2,400ലെ പിന്തുണ സ്വര്‍ണത്തിനു നഷ്ടപ്പെട്ടു. സ്വര്‍ണം ഔണ്‍സിന് 2,379 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2,382 ഡോളറിലേക്കു കയറി.
കേരളത്തില്‍ ഇന്നലെ സ്വര്‍ണം പവന് വിലമാറ്റം ഇല്ലാതെ 54,640 രൂപ തുടര്‍ന്നു. ഇന്നു വില താഴും.
വെള്ളിയും താണു. രാജ്യാന്തര വില രണ്ടര ശതമാനം കുറഞ്ഞ് 30.78 ഡോളറിലായി. കേരളത്തില്‍ ഇന്നലെ വെള്ളി കിലോഗ്രാമിനു ഒരു ലക്ഷം രൂപയില്‍ എത്തി
രൂപ ഇന്നലെ രാവിലെ വലിയ നേട്ടം ഉണ്ടാക്കിയെങ്കിലും വൈകുന്നേരം ചെറിയ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ഡോളര്‍ നിരക്ക് 83.28 രൂപയായി.
ഡോളര്‍ സൂചിക ബുധനാഴ്ച ഉയര്‍ന്ന് 104.93ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 104.90ലേക്കു താണു.
ക്രൂഡ് താഴ്ചയിൽ
ക്രൂഡ് ഓയില്‍ ഇന്നലെയും താഴ്ന്നു. ബുധനാഴ്ച ബ്രെന്റ് ഇനം 81.54 ഡോളറില്‍ ക്ലോസ് ചെയ്തു. ഡബ്‌ള്യു.ടി.ഐ 77.14 ഡോളറിലും മര്‍ബന്‍ 83.13 ഡോളറിലുമാണ്.
ഒരാഴ്ചയിലേറെ കയറ്റത്തിലായിരുന്ന വ്യാവസായിക ലോഹങ്ങള്‍ ഇന്നലെ കുത്തനേ ഇടിഞ്ഞു. പലിശ കൂടിയേക്കാം എന്ന ഭീതിയും ചൈനയിലെ പുതിയ ഉത്തേജക പദ്ധതി വേണ്ടത്ര ആയില്ല എന്ന വിലയിരുത്തലും ചേര്‍ന്നാണ് ലോഹങ്ങളെ വലിച്ചു താഴ്ത്തുന്നത്. മിക്ക ലോഹങ്ങളും മൂന്നു ശതമാനത്തിലധികം താഴ്ന്നു.
ചെമ്പു വില 3.02 ശതമാനം കുറഞ്ഞ് ടണ്ണിന് 10,447.00 ഡോളറില്‍ എത്തി. അലൂമിനിയം 2.03 ശതമാനം താഴ്ന്ന് 2679.51 ഡോളര്‍ ആയി. ടിന്‍ 2.99 ശതാമനം, നിക്കല്‍ 4.44 ശതമാനം, ലെഡ് 0.06 ശതമാനം, സിങ്ക് 1.85 ശതമാനം എന്ന തോതില്‍ ഇടിഞ്ഞു.
ക്രിപ്‌റ്റോ കറന്‍സികള്‍ അല്‍പം താണു. ഡോളര്‍ ഉയരുന്നതാണു കാരണം. ബിറ്റ്‌കോയിന്‍ 70,000 ഡോളറിനു താഴെയായി.
വിപണി സൂചനകള്‍
(2024 മേയ് 22, ബുധന്‍)
സെന്‍സെക്‌സ്30 74,221.06 +0.36%
നിഫ്റ്റി50 22,597.80 +0.31%
ബാങ്ക് നിഫ്റ്റി 47,781. 95 -0.55%
മിഡ്ക്യാപ് 100 52,167.50 +0.19%
സ്‌മോള്‍ ക്യാപ് 100 16,880. 50 -0.35%
ഡൗ ജോണ്‍സ് 30 39,671.04 -0.51%
എസ് ആന്‍ഡ് പി 500 5307.01 -0.27%
നാസ്ഡാക് 16,801.54 -0.18%
ഡോളര്‍($) ₹83.28 -₹0.03
ഡോളര്‍ സൂചിക 104.93 +0.27
സ്വര്‍ണം (ഔണ്‍സ്) $2479.00 -$42.80
സ്വര്‍ണം (പവന്‍) ₹54,640 ₹00
ക്രൂഡ് (ബ്രെന്റ്) ഓയില്‍ $81.90 -$00.63


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it