അനുകൂല കാറ്റ് പ്രതീക്ഷിച്ചു വിപണി; വിദേശ വിപണികൾ കുതിപ്പിൽ; ക്രൂഡ് ഓയിൽ മിതമായി കയറി; ലോഹങ്ങൾക്കു വലിയ ഇടിവ്

വിപണി വീണ്ടും അനുകൂല കാറ്റ് പ്രതീക്ഷിക്കുന്ന ദിവസമാണിത്. പടിഞ്ഞാറും കിഴക്കും നിന്നുള്ള സൂചനകൾ പോസിറ്റീവ് ആണ്. ചൈനയിലടക്കം ഏഷ്യൻ വിപണികൾ കയറ്റത്തിലാണ്. ക്രൂഡ് ഓയിൽ വീണ്ടും കയറിയെങ്കിലും കയറ്റം തുടരില്ലെന്നാണു സൂചന.

ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വാഴ്ച രാത്രി 22,424.5ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 22,451 ആയി. ഇന്ത്യൻ വിപണി ഉയർന്നു വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നൽകുന്ന സൂചന.

വിദേശ വിപണി

യൂറോപ്യൻ വിപണികൾ ചൊവ്വാഴ്ച വലിയ നേട്ടത്തിൽ അവസാനിച്ചു. യു.കെയിലെ ഫുട്സീ (എഫ്.ടി.എസ് .ഇ 100) പുതിയ റെക്കോർഡ് കുറിച്ചു കയറുകയാണ്. ബ്രിട്ടീഷ് പൗണ്ട് തിരിച്ചു കയറി. യു.എസ് വിപണി ചൊവ്വാഴ്ച തുടർച്ചയായ നേട്ടം കാഴ്ചവച്ചു. .എസ് ആൻഡ് പിയും നാസ്ഡാകും ഒരു ശതമാനത്തിലധികം ഉയർന്നു.

ഇന്നലെ ഡൗ ജോൺസ് സൂചിക 263.71 പോയിൻ്റ് (0.69%) ഉയർന്ന് 38,503.70ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 59.95 പോയിൻ്റ് (1.20%) കുതിച്ച് 5070.55 ൽ വ്യാപാരം അവസാനിപ്പിച്ചു. നാസ്ഡാക് 245.34 പോയിൻ്റ് (1.59%) കയറി 15,696.60ൽ ക്ലോസ് ചെയ്തു.

വ്യാപാര സമയത്തിനു ശേഷമാണ് ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്ല റിസൽട്ട് പുറത്തുവിട്ടത്. കഴിഞ്ഞ പാദത്തിൽ വിറ്റുവരവ് കുത്തനേ കുറഞ്ഞു. വരുമാനം കുറഞ്ഞ് 2,130 കോടി ഡോളറിൽ ഒതുങ്ങി. കഴിഞ്ഞ പാദത്തിൽ 2,517 കോടി ഡോളർ ഉണ്ടായിരുന്നു. പ്രതിഓഹരി വരുമാനം (ഇ.പി.എസ്) 73 സെൻ്റിൽ നിന്ന് 34 സെൻ്റ് ആയി. അടുത്ത വർഷം വില കുറഞ്ഞ ഇലക്ട്രിക് കാറുകൾ നിരത്തിൽ ഇറക്കുമെന്ന് സി.ഇ.ഒ ഇലോൺ മസ്ക് പറഞ്ഞു. ഇതു വിപണിയിൽ ചലനമുണ്ടാക്കി. ഫ്യൂച്ചേഴ്സിൽ ടെസ്ല ഓഹരി 10 ശതമാനത്തോളം ഉയർന്നു. ജനുവരി മുതൽ 40 ശതമാനം ഇടിഞ്ഞ ഓഹരിയാണിത്.

യു.എസ് ഫ്യൂച്ചേഴ്സ് ഇന്നു കയറ്റത്തിലാണ്. ഡൗ 0.10 ശതമാനവും എസ് ആൻഡ് പി 0.28 ശതമാനവും നാസ്ഡാക് 0.66 ശതമാനവും ഉയർന്നു നിൽക്കുന്നു. യു.എസ് സർക്കാർ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം അൽപം കുറഞ്ഞ് 4.605 ശതമാനത്തിലെത്തി.

ഏഷ്യൻ വിപണികൾ ഇന്നും നല്ല കയറ്റത്തിലാണ്. ജപ്പാനിൽ നിക്കൈ 1.4 ശതമാനവും ദക്ഷിണ കൊറിയയിൽ കോസ്പി 1.7 ശതമാനവും ഉയർന്നാണു വ്യാപാരം തുടങ്ങിയത്. ചൈനീസ് വിപണികളും കയറുകയാണ്.

ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണി ഇന്നലെ നേട്ടം തുടർന്നെങ്കിലും ഉയർന്ന നിലയിൽ നിന്നു ഗണ്യമായി താഴ്ന്നാണ് അവസാനിച്ചത്. ഹെൽത്ത്കെയർ, ഫാർമ, മെറ്റൽ, ഓയിൽ ആൻഡ് ഗ്യാസ് ഒഴികെ എല്ലാ മേഖലകളും ഉയർന്നു. മിഡ്, സ്മോൾക്യാപ് ഓഹരികളും കുതിച്ചു.

സെൻസെക്സ് 89.83 പോയിന്റ് (0.12%) കയറി 73,738. 45ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 31.60 പോയിന്റ് (0.14%) കൂടി 22,368.00ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 45.55 പോയിന്റ് (0.10%) ഉയർന്ന് 47,970.45ൽ ക്ലോസ് ചെയ്തു.

മിഡ്ക്യാപ് സൂചിക 1.06 ശതമാനം ഉയർന്ന് 49,614.85ൽ ക്ലോസ് ചെയ്തു. സ്മോൾക്യാപ് സൂചിക 1.23 ശതമാനം കുതിപ്പോടെ 16,687.15ൽ വ്യാപാരം അവസാനിപ്പിച്ചു.

ചൊവ്വാഴ്ച വിദേശ നിക്ഷേപകർ ക്യാഷ് വിപണിയിൽ 3044.54 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 2918.94 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

നിഫ്റ്റിക്ക് 22,400നു മുകളിൽ കടന്നു ക്ലോസ് ചെയ്യാൻ സാധിച്ചില്ല. ഈ തടസം ഇന്നു മറികടന്നാൽ 22,500- 22,600 മേഖലയിലേക്കു യാത്ര തുടരാം. നിഫ്റ്റിക്ക് ഇന്ന് 22,350ലും 22,290ലും പിന്തുണ ഉണ്ട്. 22,425ലും 22,490ലും തടസങ്ങൾ പ്രതീക്ഷിക്കുന്നു.

സ്വർണം അൽപം കയറി

മൂന്നു വർഷത്തിനിടയിലെ ഏറ്റവും വലിയ ഏകദിന ഇടിവിനു ശേഷം ഇന്നലെ സ്വർണം അൽപം തിരിച്ചു കയറി. തിങ്കളാഴ്ചയും ചൊവ്വാഴ്ച രാവിലെയുമായി 3.2 ശതമാനം താഴ്ന്ന സ്വർണം ഇന്നലെ ഔൺസിന് 2,322.50 ഡോളറിൽ ക്ലോസ് ചെയ്തു.

പശ്ചിമേഷ്യൻ യുദ്ധഭീതി ഒഴിവായതും പലിശ ഉടനെങ്ങും കുറയ്ക്കുകയില്ല എന്നു തീർച്ചയായതും ആണു വിപണിയെ താഴ്ത്തിയത്. ചൈനയിൽ നിന്നടക്കമുള്ള ഡിമാൻഡിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല. വിപണിയിലെ സാങ്കേതിക ഘടകങ്ങളാണ് വില അൽപം കയറാൻ സഹായിച്ചത്. കേരളത്തിൽ ചൊവ്വാഴ്ച സ്വർണം പവന് 1,120 രൂപ കുറഞ്ഞ് 52, 920 രൂപയിലെത്തി. ഇന്നു വിലയിൽ കാര്യമായ മാറ്റം പ്രതീക്ഷിക്കുന്നില്ല.

കഴിഞ്ഞ ആഴ്ചത്തെ വലിയ കുതിപ്പിനു ശേഷം ഇന്നലെ വ്യാവസായിക ലോഹങ്ങൾ വലിയ താഴ്ചയിലായി. ചെമ്പ് 1.47 ശതമാനം താഴ്ന്നു 9598.75 ഡോളറായി. അലൂമിനിയം 3.43 ശതമാനം ഇടിഞ്ഞു ടണ്ണിന് 2579 ഡോളറിൽ എത്തി. ടിൻ 7.57 ശതമാനം ഇടിഞ്ഞപ്പോൾ സിങ്ക് 2.32 ശതമാനം താഴ്ന്നു. നിക്കലും ലെഡും താഴ്ചയിലാണ്.

ഡോളർ സൂചിക ചൊവ്വാഴ്ച കുത്തനെ താഴ്ന്നു.105. 68ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 105.63 ലാണ്. രൂപ കയറ്റം തുടരുകയാണ്. ഇന്നലെ ഡോളർ രണ്ടു പൈസ നഷ്ടത്തിൽ 83.34 രൂപയിലാണു ക്ലോസ് ചെയ്തത്. ഡോളറിന് ഇന്നു വീണ്ടും താഴ്ച പ്രതീക്ഷിക്കാം.

ക്രൂഡ് ഓയിൽ ഉയർന്നു

സംഘർഷ ഭീതി കുറഞ്ഞതോടെ താഴ്ന്ന ക്രൂഡ് ഓയിൽ വില കയറ്റം തുടരുകയാണ്. ബ്രെൻ്റ് ഇനം ക്രൂഡ് 88.48 ഡോളറിൽ ക്ലോസ് ചെയ്തു. ഡബ്ള്യു.ടി.ഐ ഇനം 83.43ലും യു.എ.ഇയുടെ മർബൻ ക്രൂഡ് 89.04 ഡോളറിലും ആണ്. ക്രിപ്റ്റോ കറൻസികൾ ഉയരത്തിൽ തുടരുന്നു. ബിറ്റ്കോയിൻ 66,700 ഡോളറിലാണ്. ഈഥർ അടക്കമുള്ള മറ്റു ക്രിപ്റ്റോകളും കയറി.

മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഫിനാൻസിൽ തട്ടിപ്പ്

മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഫിനാൻഷ്യൽ സർവസസിൻ്റെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഒരു ശാഖയിൽ 150 കോടിയിൽ പരം രൂപയുടെ തട്ടിപ്പ് കണ്ടെത്തിയതു ചെറിയ വിഷയമല്ല. ഓഹരി 5.5 ശതമാനം വരെ താഴ്ന്നു. ഏരിയ ബിസിനസ് മാനേജരും മറ്റും ഉൾപ്പെട്ടതാണു തട്ടിപ്പ്. പ്രതികളെ പോലീസിനു കൈമാറി.

ഇന്നു ചേരാതിരുന്ന കമ്പനി ഡയറക്ടർ ബോർഡ് യോഗം ഇതേ തുടർന്നു 30 ലേക്കു മാറ്റി വച്ചു. പാദ റിസൽട്ട് കണക്കുകളിൽ തിരുത്തൽ വരുത്തേണ്ടി വരാം.

2022 സെപ്റ്റംബറിൽ കമ്പനിയുടെ വായ്പ തിരിച്ചു പിടിക്കൽ രീതികളെ റിസർവ് ബാങ്ക് വിലക്കിയിരുന്നു. മൂന്നാം കക്ഷികളെ ഉപയോഗിച്ചു വാഹനങ്ങൾ പിടിച്ചെടുക്കുന്നതായിരുന്നു വിവാദം. 22 വയസുള്ള ഒരു സ്ത്രീ മരിച്ചതിനെ തുടർന്നാണു വിലക്കും കഴിഞ്ഞ വർഷം തുടർനടപടികളും ഉണ്ടായത്.

ഇപ്പോൾ പുതിയ സി.ഇ.ഒയുടെ കീഴിൽ പുതിയ പ്രതിച്ഛായ ഉണ്ടാക്കാൻ കമ്പനി ശ്രമിക്കുന്നതിനിടയിലാണ് ഈ സംഭവവികാസം. കമ്പനിയിലെ ഭരണരീതിയിലും ആഭ്യന്തര നിയന്ത്രണ സംവിധാനത്തിലും സാരമായ കുഴപ്പം ഉണ്ടെന്ന് ഇതു കാണിക്കുന്നതായി മക്കാറി റിസർച്ചിലെ സുരേഷ് ഗണപതി വിലയിരുത്തി.

ഇൻഡസ് ടവേഴസ് എയർടെലിൻ്റെ സ്വന്തമാക്കും

ഇൻഡസ് ടവേഴ്സിൽ യു.കെയിലെ വോഡഫോൺ ഗ്രൂപ്പിന് ഉള്ള 21.05 ശതമാനം ഓഹരി വാങ്ങാൻ ഭാരതി എയർടെൽ ശ്രമിക്കുന്നു. ഇപ്പോഴത്തെ വിപണിവില വച്ച് ഇടപാട് വേണമെന്നു വോഡഫോൺ വാദിക്കുന്നു. ആ വില 20,400 കോടി രൂപ വരും. എയർടെൽ 12,000 കോടി രൂപയ്ക്കു വാങ്ങാൻ ആഗ്രഹിക്കുന്നു. എയർടെലിനു കമ്പനിയിൽ 47.95 ശതമാനം ഓഹരിയുണ്ട്. ഇക്കൊല്ലം ഇതുവരെ ഇൻഡസ് ടവേഴ്സ് ഓഹരി 77 ശതമാനം ഉയർന്നിട്ടുണ്ട്.

ഇതിനിടെ 18,000 കോടി രൂപയുടെ എഫ്.പി.ഒ വൻവിജയമായതിനെ തുടർന്ന് വോഡഫോൺ ഐഡിയ ഓഹരി ഇന്നലെ 12 ശതമാനം ഉയർന്നു. കമ്പനിക്കു ബാങ്ക് വായ്പകൾ ക്രമീകരിക്കാനായാൽ നല്ല വളർച്ച സാധ്യത ഉണ്ടെന്നു വിപണി വിലയിരുത്തുന്നു.

വിപണിസൂചനകൾ (2024 ഏപ്രിൽ 23, ചാെവ്വ)

സെൻസെക്സ്30 73,738.45 +0.12%

നിഫ്റ്റി50 22,368.00 +0.14%

ബാങ്ക് നിഫ്റ്റി 47,970.45 +0.10%

മിഡ് ക്യാപ് 100 49,614.85 +1.06%

സ്മോൾ ക്യാപ് 100 16,687.15 +1.23%

ഡൗ ജോൺസ് 30 38,503.70 +0.69%

എസ് ആൻഡ് പി 500 5070.55 +1.20%

നാസ്ഡാക് 15,696.60 +1.59%

ഡോളർ ($) ₹83.34 -₹0.02

ഡോളർ സൂചിക 105.68 -0.40

സ്വർണം (ഔൺസ്) $2322.50 -$05.40

സ്വർണം (പവൻ) ₹52,920 -₹1120.00

ക്രൂഡ് (ബ്രെന്റ്) ഓയിൽ $88.48 +$01.48

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it