വീണ്ടും ബാങ്കിംഗ് ആശങ്ക; ടെക്നോളജി മേഖലയ്ക്കു ക്ഷീണം; ഏഷ്യൻ വിപണികൾ താഴ്ചയിൽ; സ്വർണം കയറ്റത്തിൽ
അമേരിക്കയിൽ ബാങ്കിംഗ് മേഖലയുടെ പ്രശ്നങ്ങൾ തുടരുന്നു. ടെക്നോളജി മേഖലയിൽ വരുമാന നഷ്ടം രൂക്ഷമാകുന്നു. പലിശ നിരക്ക് ഉയർന്നു പോകുന്നു. ഓഹരി വിപണികളിൽ ആശങ്ക. ഏഷ്യൻ വിപണികൾ താഴ്ചയിൽ. ഇന്ത്യൻ വിപണി താഴ്ന്നു വ്യാപാരം തുടങ്ങാൻ സാധ്യത.
യുഎസിലെ ഇടത്തരം ബാങ്കുകളുടെ ഓഹരികൾ ഇന്നലെയും താഴ്ചയിലായി. രക്ഷാപദ്ധതികൾ ചർച്ചയിലാണ്. രക്ഷിക്കാൻ എന്തും ചെയ്യാം എന്നു ട്രഷറി സെക്രട്ടറി ജാനറ്റ് എലൻ പറഞ്ഞതാണ് ആശങ്ക വീണ്ടും കൂട്ടിയത്.
ആക്സഞ്ചർ ഗ്രൂപ്പ് 19,000 പേരെ പിരിച്ചു വിടുന്നു എന്നു പ്രഖ്യാപിച്ചത് ടെക്നോളജി മേഖലയിലെ പ്രശ്നം രൂക്ഷമാകുന്നു എന്നു കാണിച്ചു. ഔട്സോഴ്സിംഗ്, കൺസൾട്ടൻസി രംഗത്തെ വമ്പൻ കമ്പനിയായ ആക്സഞ്ചറിന്റെ എട്ടുലക്ഷം ജീവനക്കാരിൽ രണ്ടര ശതമാനത്തെ മാത്രമാണ് ഒഴിവാക്കുന്നത്. എങ്കിലും ഈ മേഖല നേരിടുന്ന വരുമാനക്കുറവിലേക്കു വെളിച്ചം വീശുന്നതാണ് ഈ അറിയിപ്പ്. ഇന്ന് ഐടി കമ്പനികളുടെ ഓഹരി വിലയിൽ ഇതു പ്രതിഫലിക്കാം.
അമേരിക്കൻ ഫെഡിനു പിന്നാലെ വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ പലിശ വർധിപ്പിച്ചു. സ്വിസ് നാഷണൽ ബാങ്ക് അര ശതമാനവും ബാങ്ക് ഓഫ് ഇംഗ്ലണ്ട് കാൽ ശതമാനവും വർധന പ്രഖ്യാപിച്ചു. വിവിധ പശ്ചിമേഷ്യൻ രാജ്യങ്ങളിലും നിരക്കു കൂട്ടി.
വിപണികൾ
ഇന്നലെ യുഎസ് വിപണികൾ നേരിയ നേട്ടത്തിൽ തുടങ്ങിയിട്ടു കയറിയിറങ്ങി ഒടുവിൽ ചെറിയ നേട്ടത്തിൽ ക്ലോസ് ചെയ്തു. ഡൗ ജോൺസ് 0.23 ശതമാനവും. എസ് ആൻഡ് പി 0.3 ശതമാനവും ഉയർന്നു. ടെക്നോളജി കമ്പനികളുടെ ഉണർവിൽ നാസ്ഡാക് 1.01 ശതമാനം കയറി.
ഫ്യൂച്ചേഴ്സിൽ ഡൗ 0.11 ഉം എസ് ആൻഡ് പി 0.15 ഉം നാസ്ഡാക് 0.16 ഉം ശതമാനം താഴ്ചയിലാണ്. ഏഷ്യൻ വിപണികൾ ഇന്നു രാവിലെ ഇടിവിലായി. ജാപ്പനീസ് വിപണി സൂചിക അര ശതമാനം താഴ്ന്നു. കൊറിയൻ, ഓസ്ട്രേലിയൻ വിപണികളും അര ശതമാനം താഴ്ന്നു.
ഹോങ് കോങ്ങിലെ ഹാങ് സെങ് സൂചിക 0.75 ശതമാനവും ഷാങ്ഹായ് സൂചിക 0.45 ശതമാനവും താഴ്ന്നാണു ആരംഭിച്ചു. സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി വ്യാഴാഴ്ച ഒന്നാം സെഷനിൽ 17,083 ൽ ക്ലോസ് ചെയ്തു. രണ്ടാം സെഷനിൽ 17,104 ലേക്ക് കയറി. പക്ഷേ ഇന്നു രാവിലെ സൂചിക 17,040 ലേക്കു വീണു. ഇന്ത്യൻ വിപണി താഴ്ന്നു വ്യാപാരം തുടങ്ങുമെന്നാണു സൂചന.
ഇന്നലെ ഇന്ത്യൻ വിപണി ഗണ്യമായി താഴ്ന്നാണു വ്യാപാരം തുടങ്ങിയത്. ആദ്യം കൂടുതൽ താഴ്ന്നിട്ടു നല്ലതു പോലെ തിരിച്ചു കയറി. വീണ്ടും കയറിയിറങ്ങി. സെൻസെക്സ് 289.31 പോയിന്റ് (0.50%) ഇടിഞ്ഞ് 57,925.28 ലും നിഫ്റ്റി 75 പോയിന്റ് (0.44%) താഴ്ന്ന് 17,076.90 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.41 ശതമാനവും സ്മോൾ ക്യാപ് സൂചിക 0.43 ശതമാനവും താഴ്ന്നാണു വ്യാപാരം അവസാനിച്ചത്.
വിപണി പുൾ ബായ്ക്ക് റാലിക്കുള്ള നിർണായക തടസ മേഖലകൾ മൂന്നാം ദിവസവും കടന്നിട്ടില്ലെന്നു വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പിന്തുണ ലെവൽ താഴ്ന്നു. നിഫ്റ്റിക്ക് 17,050 ലും 16,950 ലും ആണു സപ്പോർട്ട്. 17,170 ലും 17,270 ലും തടസങ്ങൾ ഉണ്ടാകാം.
ക്രൂഡ് ഓയിലും സ്വർണവും
വിദേശനിക്ഷേപകർ ഇന്നലെ 995.01 കോടിയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 1668.85 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
ക്രൂഡ് ഓയിൽ വില ഉയർന്നിട്ട് അൽപം താണു. ബ്രെന്റ് ഇനം ക്രൂഡ് 75.76 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ഉയർന്ന് 75.9 ഡോളറിലെത്തി.
വ്യാവസായിക ലോഹങ്ങൾ ഭിന്ന ദിശകളിൽ നീങ്ങി. എങ്കിലും പ്രധാന ലോഹങ്ങൾ കയറ്റം തുടർന്നു. ചെമ്പ് 0.4 ശതമാനം കയറി 8916 ഡോളറിൽ എത്തി. അലൂമിനിയം 1.71 ശതമാനം ഉയർന്ന് 2328 ഡോളറിലായി. സിങ്കും ടിന്നും ഉയർന്നപ്പോൾ നിക്കലും ലെഡും താഴ്ന്നു.
സ്വർണവില ഇന്നലെ ഉയർന്നു ക്ലോസ് ചെയ്തു. 1966 ൽ നിന്ന് കയറി 2005 ഡോളറിൽ എത്തിയ ശേഷം അൽപം താണു. ഇന്നു രാവിലെ 1992-1994 ഡോളറിൽ വ്യാപാരം നടക്കുന്നു. വെള്ളി 23 ഡോളറിനു മുകളിൽ കയറി.
കേരളത്തിൽ ഇന്നലെ പവന് 480 രൂപ വർധിച്ച് 43,840 രൂപയായി. ഡോളർ നിരക്ക് അധികം ഇടിയുന്നില്ലെങ്കിൽ ഇന്നും കേരളത്തിൽ വില കൂടാം.
ക്രിപ്റ്റോ കറൻസികൾ വീണ്ടും കയറി. ബിറ്റ് കോയിൻ 28,500 ഡോളറിനു സമീപത്തായി. ഫെഡ് തീരുമാനത്തെ തുടർന്ന് ഡോളർ സൂചിക ഇന്നലെ കയറ്റിറക്കങ്ങൾക്കു ശേഷം 102.59ൽ അവസാനിച്ചു.
വേദാന്തയുടെ ഓഹരി വിൽപന
വേദാന്ത ഗ്രൂപ്പ് കട ബാധ്യത കുറയ്ക്കാൻ വേദാന്ത ലിമിറ്റഡിന്റെ ഓഹരികൾ വിൽക്കാൻ ശ്രമം നടത്തുന്നതായി ഇന്നലെ റിപ്പാേർട്ടുകൾ വന്നു. ഇതോടെ ഓഹരിവില ഏഴു ശതമാനം വരെ ഇടിഞ്ഞു. റിപ്പോർട്ട് നിഷേധിച്ച് കമ്പനി പത്രക്കുറിപ്പ് ഇറക്കിയപ്പോൾ നഷ്ടം
അൽപം കുറഞ്ഞു. എങ്കിലും അഞ്ചു ശതമാനം താഴ്ന്നാണ് ഓഹരി ക്ലോസ് ചെയ്തത്. ചില പശ്ചിമേഷ്യൻ രാജ്യങ്ങളുടെ നിക്ഷേപ നിധികളുമായാണു വേദാന്തയുടെ ചർച്ച എന്നാണ് റിപ്പോർട്ട്. 10 ശതമാനം ഓഹരി വിറ്റ് 120 കോടി ഡോളർ സമ്പാദിക്കുകയാണു ലക്ഷ്യം. 410 കോടി ഡോളറിന്റെ കടബാധ്യതയാണു വേദാന്തയ്ക്ക് ഇക്കൊല്ലം വീട്ടാനുള്ളത്. ഇതിൽ 300 കോടിയോളം ഹിന്ദുസ്ഥാൻ സിങ്കിന്റെ റിസർവ് എടുക്കുന്നതു വഴി കിട്ടും. ബാക്കി തുകയ്ക്കാണ് ഓഹരി വിൽപന.
യുഎസ് ബാങ്കിംഗ് പ്രശ്നങ്ങൾ വലിയ വെല്ലുവിളി
അമേരിക്കൻ ബാങ്കിംഗിന്റെ പ്രശ്നങ്ങൾ രൂക്ഷമായി തുടരുകയാണ്. യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് എലന്റെ വ്യാഴാഴ്ചത്തെ പ്രസ്താവന അതാണു കാണിക്കുന്നത്. ബാങ്കുകളുടെ
രക്ഷയ്ക്ക് എന്തും ചെയ്യാൻ ട്രഷറി തയാറാണെന്നാണ് എലൻ പറഞ്ഞത്. അതിനു തലേന്ന് ബാങ്ക് രക്ഷാപദ്ധതി ഒന്നും പരിഗണനയിൽ ഇല്ലെന്നു പറഞ്ഞ സ്ഥാനത്താണിത്.
ഇടത്തരം യുഎസ് ബാങ്കുകൾ ഗുരുതര പ്രശനത്തിലാണെന്നതു വസ്തുതയാണ്. ഫെഡറൽ റിസർവിൽ നിന്ന് ലഭിക്കാവുന്ന അടിയന്തര വായ്പകൾ പരമാവധി ഉപയോഗിച്ചാണ് അവ മുന്നോട്ടു പോകുന്നത്. ബാങ്കു തകർച്ച ഉണ്ടാകാത്ത ഓരോ ദിവസവും വിജയം എന്ന് കരുതുന്ന നിലയിലാണു കാര്യങ്ങൾ.
പരക്കംപാച്ചിൽ ഒഴിവാക്കാൻ
ഫസ്റ്റ് റിപ്പബ്ലിക്, പാക് വെസ്റ്റ്, സയൺസ് തുടങ്ങി അര ഡസനോളം ഇടത്തരം ബാങ്കുകൾ വലിയ തകർച്ച മുന്നിൽ കാണുന്നു. ഫെഡ് വായ്പ കൊണ്ടാണു കാര്യങ്ങൾ ഇപ്പാേൾ നടക്കുന്നത്. ഇടത്തരം ബാങ്കുകളുടെ ഇടപാടുകാരെ സ്വീകരിക്കാൻ വലിയ ആവേശം വേണ്ടെന്ന് വലിയ ബാങ്കുകൾ സ്റ്റാഫിനു നിർദേശം നൽകിയിട്ടുണ്ട്. ഇടത്തരം ബാങ്കുകളിൽ പണം പിൻവലിക്കാൻ പരക്കംപാച്ചിൽ (ബാങ്ക് റൺ) ഉണ്ടാകാതിരിക്കാനാണിത്.
ബാങ്കുകൾ സുരക്ഷിതമെന്നു കണക്കാക്കി സർക്കാർ കടപ്പത്രങ്ങളിൽ നടത്തിയ വലിയ നിക്ഷേപമാണ് ഇപ്പാേൾ വിനയായിരിക്കുന്നത്. കടപ്പത്രങ്ങൾ വാങ്ങിയപ്പോൾ പലിശ കുറവായിരുന്നു. പലിശ കുറവെങ്കിൽ കടപ്പത്ര വില ഉയർന്നു നിൽക്കും. പലിശ കൂടുമ്പോൾ വില കുറയും. കഴിഞ്ഞ വർഷം മാർച്ച് മുതൽ പലിശ വർധിക്കുകയാണ്, ഒപ്പം കടപ്പത്രവില ഇടിയുകയും ചെയ്യുന്നു. പല കടപ്പത്രങ്ങളുടെയും വിലയിൽ 10 ശതമാനത്തിലധികം ഇടിവുണ്ട്.
ഭീഷണിയാകുന്നത് 1.7 ലക്ഷം കോടി ഡോളർ നഷ്ടസാധ്യത
യുഎസ് ബാങ്കിംഗ് മേഖല കടപ്പത്ര വിലയിലെ ഇടിവു മൂലം 1.7 ലക്ഷം കോടി ഡോളർ നഷ്ടത്തിലാണു നിൽക്കുന്നതെന്ന് ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ ഒരു പഠനത്തിൽ കണ്ടു. യുഎസ് ബാങ്കുകളുടെ മൊത്തം മൂലധനം 2.1 ലക്ഷം കോടി ഡോളർ മാത്രമാണ്. ഇതത്രയും ആത്യന്തികമായി ബാങ്കിനു നഷ്ടമായി വരേണ്ടതില്ല. കുറച്ചു വർഷം കഴിഞ്ഞു പലിശ താഴ്ന്നാൽ കടപ്പത്ര വില ഉയരും. നഷ്ടം മറയും. അത്രയ്ക്കു സാവകാശം കിട്ടിയില്ലെങ്കിൽ പ്രശ്നമാകും.
സാവകാശം കിട്ടാതിരുന്നതാണ് സിലിക്കൺ വാലി ബാങ്കിനെ വീഴ്ത്തിയത്. നിക്ഷേപകർക്കു പണം മടക്കി നൽകേണ്ടി വന്നപ്പാേൾ 2100 കോടി ഡോളറിന്റെ കടപ്പത്രങ്ങൾ വിൽക്കേണ്ടി വന്നു. ആ വിൽപനയിലെ നഷ്ടം 180 കോടി ഡോളർ. നഷ്ടം നികത്താൻ ഓഹരി വിൽക്കാൻ ശ്രമിച്ചു. ബാങ്ക് തകർച്ചയിലാണേ എന്ന പ്രചാരണത്തിനാണ് അതു വഴിതെളിച്ചത്. പിന്നെ താമസിച്ചില്ല. രണ്ടാം ദിവസം ബാങ്ക് തകർന്നു.
ഇതേ അവസ്ഥയിലാണു മിക്ക ഇടത്തരം ബാങ്കുകളും. പലിശനിരക്കു കുറഞ്ഞു തുടങ്ങും വരെ പിടിച്ചു നിന്നാൽ ഒരു കുഴപ്പവുമില്ലാതെ കടന്നുപോകാം. പക്ഷേ സമയം കിട്ടണമെങ്കിൽ ഇപ്പോൾ വലിയ തോതിൽ പണം കിട്ടണം. അതുവരെ സാദാ നിക്ഷേപകർ കാത്തു നിൽക്കണം. അവർ ഭയപ്പെടേണ്ട എന്നാണ് ട്രഷറി സെക്രട്ടറി പറഞ്ഞത്. പക്ഷേ അവർ വിശ്വസിക്കുമാേ? അതാണു യുഎസ് ബാങ്കിംഗ് നേരിടുന്ന വെല്ലുവിളി. അത് എങ്ങനെ കൈകാര്യം ചെയ്യും എന്നാണു ലോകം ഉറ്റുനോക്കുന്നത്.