ആവേശവിഷയങ്ങൾ കാണാതെ വിപണി; ഏഷ്യൻ സൂചികകൾ നേട്ടത്തിൽ; പഞ്ചസാര ഓഹരികൾ കുതിപ്പിൽ

വിപണികൾ കുതിപ്പിനു തക്ക വിഷയങ്ങൾ ലഭിക്കാതെ പാർശ്വനീക്കങ്ങളിലാണ്. യൂറോപ്യൻ വിപണികൾ ഇന്നലെ ചെറിയ കയറ്റം കൊണ്ടു തൃപ്തിപ്പെട്ടു. ഏഷ്യൻ വിപണികൾ ഇന്നു പൊതുവേ കയറ്റത്തിലാണ്. ഇന്ത്യൻ വിപണി പ്രതികൂല വാർത്തകൾ ഇല്ലാത്ത സാഹചര്യത്തിൽ കയറും എന്ന പ്രതീക്ഷയിലാണു നിക്ഷേപകർ. വിദേശ നിക്ഷേപകർ വ്യാഴാഴ്ച വാങ്ങുകാരായതും വിപണിക്കു പ്രതീക്ഷ നൽകുന്നു.

ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി വ്യാഴം രാത്രി 19,878-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 19,860 ലേക്കു താണു. ഇന്ത്യൻ വിപണിക്ക് ഇന്നും ദുർബല തുടക്കമാണ് ഡെറിവേറ്റീവ് വിപണി സൂചിപ്പിക്കുന്നത്.

യൂറോപ്യൻ വിപണികൾ ഇന്നലെ ചെറിയ നേട്ടത്തിൽ ക്ലോസ് ചെയ്തു. യൂറോ മേഖലയിൽ മൂന്നു വർഷത്തിനു ശേഷം കഴിഞ്ഞ മാസം തൊഴിൽ സംഖ്യ കുറഞ്ഞതായി പിഎംഐ സർവേയിൽ കണ്ടെത്തി.

താങ്ക്സ് ഗിവിംഗ് പ്രമാണിച്ച് യു.എസ് വിപണി ഇന്നലെ അവധിയിലായിരുന്നു.

യു.എസ് കടപ്പത്ര വിലകൾ വീണ്ടും താഴ്ന്നു. അവയിലെ നിക്ഷേപനേട്ടം 4.458 ശതമാനമായി കൂടി.

യു.എസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ നേട്ടത്തിലാണ്. സൂചികകൾ 0.10 ശതമാനം ഉയർന്നു നിൽക്കുന്നു.

ഏഷ്യൻ വിപണികൾ പൊതുവേ ഇന്നു കയറ്റത്തിലാണ്. ജാപ്പനീസ് സൂചിക നിക്കെെ ഒരു ശതമാനത്തിലധികം കയറി. ജപ്പാനിൽ ഒക്ടോബറിലെ ചില്ലറ വിലക്കയറ്റം മൂന്നിൽ നിന്നു 3.3 ശതമാനത്തിലേക്കു കയറി. ദക്ഷിണ കൊറിയയിലും ചെെനയിലും വിപണികൾ താഴ്ന്നു.

ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണി വ്യാഴാഴ്ച അനിശ്ചിതത്വത്തിന്റെ പിടിയിലായിരുന്നു. ചെറിയ നേട്ടത്തിൽ ആരംഭിച്ച് ചാഞ്ചാട്ടങ്ങൾക്കു ശേഷം നേരിയ നഷ്ടത്തിൽ അവസാനിച്ചു. സെൻസെക്സ് 66,235 ഉം നിഫ്റ്റി 19,875 ഉം വരെ കയറിയെങ്കിലും ഉയർന്ന നിലയിൽ തുടരാനായില്ല.

സെൻസെക്സ് 5.43 പോയിന്റ് (0.007%) താഴ്ന്ന് 66,017.81 ലും നിഫ്റ്റി 9.85 പോയിന്റ് (0.05%) താഴ്ന്ന് 19,802 ലും എത്തി. ബാങ്ക് നിഫ്റ്റി 127.9 പോയിന്റ് കയറി 43,577.5 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക മാറ്റമില്ലാതെ 42,027.3 ലും സ്മോൾ ക്യാപ് സൂചിക 0.70 ശതമാനം കയറി 13,785.5 ലും അവസാനിച്ചു.

ഫാർമസ്യൂട്ടിക്കൽസും ഹെൽത്ത് കെയറും ഐടിയും കൺസ്യൂമർ ഡ്യുറബിൾസും താഴ്ചയിലായിരുന്നു. റിയൽറ്റി, ഓയിൽ, മെറ്റൽ, ഓട്ടാേ ഓഹരികൾ നേട്ടം ഉണ്ടാക്കി.

ഇന്നു നിഫ്റ്റിക്ക് 19,785 ലും 19,730 ലും പിന്തുണ ഉണ്ട്. 19,855 ഉം 19,910 ഉം തടസങ്ങളാകും.

തുടർച്ചയായ നാലു ദിവസത്തെ വിൽപനയ്ക്കു ശേഷം വിദേശ നിക്ഷേപകർ ഇന്നലെ അറ്റവാങ്ങലുകാരായി. ക്യാഷ് വിപണിയിൽ അവർ 255.53 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകൾ 457.39 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

അൾട്രാ ടെക് സിമന്റ് പുതിയ ഏറ്റെടുക്കലിൽ

കേസോറാം ഇൻഡസ്ട്രീസിന്റെ സിമന്റ് വിഭാഗം വാങ്ങാൻ അൾട്രാ ടെക് സിമന്റ് നടപടി തുടങ്ങി. കുമാർ മംഗളം ബിർല നയിക്കുന്ന അൾട്രാ ടെക് ഇന്ത്യയിലെ ഏറ്റവും വലിയ സിമന്റ് കമ്പനിയാണ്. ശേഷി പ്രതിവർഷം 13.25 കോടി ടൺ. കെ.എം. ബിർലയുടെ പിതൃസഹാേദരി മഞ്ജുശ്രീ ഖേതാനാണു കേസാേറാമിന്റെ ചെയർപേഴ്സൺ. റയോൺ, ടയർ ഡിവിഷനുകൾ കൂടി ഉള്ള കേസാേറാമിന്റെ സിമന്റ് ശേഷി വർഷം ഒരു കോടി ടൺ ആണ്. കേസാേറാം ഓഹരി അഞ്ചു ശതമാനം ഉയർന്നു. അൾട്രാ ടെക് ഓഹരി 2 ശതമാനം താഴ്ന്നു.

പഞ്ചസാര ഉൽപാദനം കുറയുന്ന സാഹചര്യത്തിൽ പഞ്ചസാര മില്ലുകളുടെ ഓഹരി നല്ല നേട്ടത്തിലായി. രാജ്യത്തു 2023 -24 സീസണിലെ കരിമ്പ് ആട്ടൽ കഴിഞ്ഞ മാസം തുടങ്ങി. നേരത്തേ പ്രതീക്ഷിച്ചതിലും കൂടുതലാണ് ഉൽപാദനക്കുറവ് എന്ന് ഇതിനകം വ്യക്തമായി. ലോക വിപണിയിൽ പഞ്ചസാര ലഭ്യത കുറഞ്ഞതു മൂലം വില റെക്കോർഡ് നിലവാരത്തിലായി. ഇന്ത്യയിൽ വില അധികം വർധിക്കാതിരിക്കാൻ കയറ്റുമതി നിർത്തി വച്ചിരിക്കുകയാണ്. കയറ്റുമതി അനുവദിക്കാൻ കമ്പനികൾ കേന്ദ്രത്തിൽ സമ്മർദം ചെലുത്തുന്നുണ്ട്.

ഫെസ്റ്റിവൽ സീസണിലെ മികച്ച ടൂവീലർ വിൽപനയുടെ പേരിൽ ഹീറാേ മോട്ടോ കോർപിന്റെയും ബജാജ് ഓട്ടോയുടെയും ഓഹരികൾ ഇന്നലെ കുതിച്ചു. ബജാജ് ഓട്ടോ ഓഹരി റെക്കോർഡ് ഉയരത്തിലായി.

മാമഎർത്ത് ബ്രാൻഡ് ഉൽപന്നങ്ങൾ വിൽക്കുന്ന ഹൊനാസ കൺസ്യൂമർ മികച്ച ലാഭവും ലാഭമാർജിനും ഉള്ള റിസൽട്ട് പ്രസിദ്ധീകരിച്ചു. ഓഹരി 20 ശതമാനം കുതിച്ചു.

സിപ്ലയുടെ പീഥംപുർ ഔഷധനിർമാണ പ്ലാന്റിനെപ്പറ്റി യുഎസ് എഫ്ഡിഎ വിമർശനം ഉന്നയിച്ചു. അവിടെ നിന്നുള്ള ഉൽപന്നങ്ങളിൽ തകരാർ കണ്ടതിനെ തുടർന്നാണിത്. സിപ്ല ഓഹരി എട്ടു ശതമാനത്തോളം ഇടിഞ്ഞു.

തുടർച്ചയായ മൂന്നു ദിവസം അഞ്ചു ശതമാനം വീതം താണ സുസ്ലോൺ എനർജി ഇന്നലെ അഞ്ചു ശതമാനം ഉയർന്നു. കഴിഞ്ഞ ദിവസം ഒരു വർഷത്തിനുള്ളിലെ ഏറ്റവും ഉയർന്ന നിലയായ 44 രൂപയിൽ എത്തിയ ശേഷമാണു താഴ്ച തുടങ്ങിയത്. ഒരു വർഷം കൊണ്ട് ഓഹരി 360 ശതമാനം ഉയർന്നിരുന്നു.

വ്യാവസായിക ലോഹങ്ങൾ ഇന്നലെ ഭിന്നദിശകളിലായിരുന്നു. അലൂമിനിയം 0.05 ശതമാനം കയറി ടണ്ണിന് 2224.35 ഡോളറിലായി. ചെമ്പ് 0.65 ശതമാനം ഉയർന്നു ടണ്ണിന് 8306.35 ഡോളറിലെത്തി. ലെഡ് 1.57-ഉം നിക്കൽ 0.91 ഉം ടിൻ 1.63 ഉം ശതമാനം ഇടിഞ്ഞു. സിങ്ക് 0.87 ശതമാനം കയറി.

ക്രൂഡ് ഒയോളും സ്വർണവും

ക്രൂഡ് ഓയിൽ വില ഇന്നലെ കാര്യമായി മാറിയില്ല. ബ്രെന്റ് ഇനം ക്രൂഡ് ഓയിൽ 81.42 ഡോളറിലും ഡബ്ള്യുടിഐ ഇനം 76.35 ഡോളറിലും ക്ലോസ് ചെയ്തു. ഇന്നു രാവിലെ ഇവ യഥാക്രമം 80.78 ഉം 76.08 ഉം ആയി. യുഎഇയുടെ മർബൻ ക്രൂഡ് 82.78 ഡോളറിൽ വ്യാപാരം നടക്കുന്നു.

സ്വർണ വില ഇന്നലെ ചെറിയ മേഖലയിൽ കയറിയിറങ്ങി. ഔൺസിന് 1999.30 ഡോളർ വരെ ഉയർന്നിട്ടു 1993.10 ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 1994.40ലേക്കു സ്വർണം കയറി.

കേരളത്തിൽ പവൻവില മാറ്റമില്ലാതെ 45,480-ൽ തുടർന്നു.

ഡോളർ രണ്ടു പൈസ ഉയർന്ന് 83.34 രൂപയിൽ ക്ലോസ് ചെയ്തു.

ഡോളർ സൂചിക ഇന്നലെ താണ് 103.75 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 103.71 ലേക്കു താണു.

ക്രിപ്‌റ്റോ കറൻസികൾ ഉയരത്തിൽ തുടരുന്നു. ബിറ്റ്കോയിൻ 37,500 ഡോളറിനു താഴെയായി.


വിപണി സൂചനകൾ

(2023 നവംബർ 23, വ്യാഴം)

സെൻസെക്സ്30 66,017.81 -0.01%

നിഫ്റ്റി50 19,802 -0.05%

ബാങ്ക് നിഫ്റ്റി 43,577.50 +0.29%

മിഡ് ക്യാപ് 100 42,027.30 +0.00%

സ്മോൾ ക്യാപ് 100 13,785.50 +0.70%

ഡൗ ജോൺസ് 30 35,273.0000.00%

എസ് ആൻഡ് പി 500 4556.62 00.00%

നാസ്ഡാക് 14,265.90 00.00%

ഡോളർ ($) ₹83.34 +₹0.02

ഡോളർ സൂചിക 103.75 -0.17

സ്വർണം (ഔൺസ്) $1993.10 +$02.80

സ്വർണം (പവൻ) ₹45,480 ₹ 00.00

ക്രൂഡ് (ബ്രെന്റ്) ഓയിൽ $81.42 -$0.34

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it