ടെക് കമ്പനി റിസല്‍ട്ടുകള്‍ കാത്ത് വിപണി
ഏഷ്യൻ വിപണികൾ താഴ്ന്നു വ്യാപാരം നടത്തുന്ന പശ്ചാത്തലത്തിലാണ് ഇന്ന് ഇന്ത്യൻ വിപണി വ്യാപാരം തുടങ്ങുന്നത്. ടെക്നോളജി മേഖലയിലെ വലിയ കമ്പനികളുടെ റിസൽട്ടുകളെപ്പറ്റിയുള്ള ആശങ്ക നാസ്ഡാക് സൂചികയെ താഴ്ത്തി നിർത്തിയത് എല്ലാ വിപണികളിലും ചലനങ്ങൾ ഉണ്ടാക്കുന്നുണ്ട്. ബാങ്ക് മേഖല കുതിപ്പ് തുടരുമെന്ന പ്രതീക്ഷയിലാണു വിപണി.
സിംഗപ്പുരിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി തിങ്കളാഴ്ച രാത്രി ഒന്നാം സെഷനിൽ 17,759 ൽ ക്ലോസ് ചെയ്തു. രണ്ടാം സെഷനിൽ 17,798-ലെത്തി. ഇന്നു രാവിലെ സൂചിക 17,805ലേക്കു കയറിയിട്ട് 17,788 ലേക്കു താണു. ഇന്ത്യൻ വിപണി ഇന്നു ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങുമെന്നാണു സൂചന.
യൂറോപ്യൻ വിപണികൾ തിങ്കളാഴ്ച ചെറിയ നഷ്ടത്തിൽ അവസാനിച്ചു. യുഎസ് വിപണി ഭിന്ന ദിശകളിൽ ക്ലോസ് ചെയ്തു. ഡൗ ജോൺസ് 0.20 ശതമാനവും എസ് ആൻഡ് പി 0.09 ശതമാനവും ഉയർന്നു. എന്നാൽ ടെക് കമ്പനികളുടെ റിസൽട്ടിനെപ്പറ്റിയുളള ആശങ്കയിൽ നാസ്ഡാക് 0.29% താഴ്ന്നാണു വ്യാപാരം അവസാനിപ്പിച്ചത്.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു ചെറിയ താഴ്ചയിലാണ്. ഡൗ 0.04 ഉം എസ് ആൻഡ് പി 0.09 ഉം നാസ്ഡാക് 0.14 ഉം ശതമാനം താഴ്ചയിലായി.
ജപ്പാനിൽ നിക്കെെ നേട്ടത്തിൽ വ്യാപാരം തുടങ്ങി. കൊറിയയിലും ഓസ്ട്രേലിയയിലും ഓഹരികൾ ഇടിവിലാണ്. ചെെനീസ് വിപണി ഇന്ന് ചെറിയ നേട്ടത്താേടെ വ്യാപാരം ആരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ചെെനീസ് വിപണികൾ വലിയ ഇടിവിലായിരുന്നു.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണി തിങ്കളാഴ്ച കയറ്റിറക്കങ്ങൾക്കു ശേഷം മികച്ച നേട്ടത്തിൽ അവസാനിച്ചു. സെൻസെക്സ് 401.04 പോയിന്റ് (0.67%) കയറി 60,056.10 ലും നിഫ്റ്റി 119.35 പോയിന്റ് (0.68%) ഉയർന്ന് 17,743.40 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.39 ശതമാനവും സ്മോൾ ക്യാപ് സൂചിക 0.59 ശതമാനവും ഉയർന്നാണു വ്യാപാരം അവസാനിപ്പിച്ചത്.
ബാങ്ക്, ധനകാര്യ സേവന, റിയൽറ്റി കമ്പനികളുടെ കുതിപ്പാണ് ഇന്നലെ വിപണിക്കു കരുത്തായത്. ഐസിഐസിഐ ബാങ്കിന്റെ മികച്ച റിസൽട്ട് ഓഹരിയെ രണ്ടു ശതമാനത്താളം കയറ്റി. എസ്ബിഐയുടെ നേതൃത്വത്തിൽ പൊതുമേഖലാ ബാങ്കുകളും നല്ല നേട്ടമുണ്ടാക്കി.
ഐടി കമ്പനികളും അൽപം ഉയർന്നു. ഓഹരി തിരിച്ചു വാങ്ങുമെന്ന വാർത്ത വിപ്രോ ഓഹരിയെ നല്ല നേട്ടത്തിലാക്കി. ഓഹരി മൂന്നു ശതമാനം കയറി.
വിപണി ബുള്ളിഷ് ആണ്. നിഫ്റ്റിക്കു 17,650 ലും 17,560 ലും സപ്പോർട്ട് ഉണ്ട്. 17,760 ലും 17,845 ലും തടസങ്ങൾ നേരിടാം. ബാങ്ക് നിഫ്റ്റി 43,000 - 43,300 ലേക്കു കുതിക്കാവുന്ന നിലയിലാണ്.
വിദേശനിക്ഷേപകർ തിങ്കളാഴ്ച 412.27 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 1177.18 കോടിയുടെ ഓഹരികൾ വാങ്ങി.
ക്രൂഡ് ഓയിലും സ്വർണവും
ക്രൂഡ് ഓയിൽ വില അൽപം കയറി. ബ്രെന്റ് ഇനം ക്രൂഡ് ഇന്നലെ 82.73 ഡോളറിൽ ക്ലോസ് ചെയ്തു. 1.3 ശതമാനം ഉയർച്ച. ഇന്നു രാവിലെ 82.92 ലേക്കു കയറി.
സ്വർണവില ചാഞ്ചാടി. ഡോളറിനു കരുത്തു കുറഞ്ഞതു സ്വർണത്തെ 1993.6 ഡോളറിൽ ക്ലോസ് ചെയ്യിച്ചു. ഇന്നു രാവിലെ സ്വർണം 1997-1999 ഡോളറിലേക്കു കയറി. കേരളത്തിൽ പവൻവില 80 രൂപ കുറഞ്ഞ് 44,520 രൂപയിലെത്തി.
പ്രധാന വ്യാവസായിക ലോഹങ്ങൾ തിങ്കളാഴ്ചയും ഇടിഞ്ഞു. ചെമ്പ് 1.2 ശതമാനം താണ് ടണ്ണിന് 8710 ഡോളറിലായി. അലൂമിനിയം ഒരു ശതമാനം കുറഞ്ഞ് 2373 ഡോളറിൽ ക്ലാേസ് ചെയ്തു. നിക്കൽ അൽപം ഉയർന്നപ്പോൾ ടിൻ, സിങ്ക്, ലെഡ് തുടങ്ങിയവ ഒന്നു മുതൽ മൂന്നു വരെ ശതമാനം താഴ്ന്നു.
ക്രിപ്റ്റോ കറൻസികൾ കാര്യമായ മാറ്റമില്ലാതെ തുടരുന്നു. ബിറ്റ്കോയിൻ 27,500 ഡോളറിനു താഴെയായി. ഡോളർ വെള്ളിയാഴ്ച 19 പെെസ താണ് 81.91 രൂപയിൽ ക്ലോസ് ചെയ്തു. ഡോളർ സൂചിക താഴ്ന്ന് 101.30ൽ അവസാനിച്ചു. ഇന്നു രാവിലെ 101.69 ലേക്കു താണു.
ഐടി കമ്പനികളിൽ റിക്രൂട്ട്മെന്റ് കുറയുന്നു
ഐടി സേവന മേഖലയിലെ ബിസിനസ് അനിശ്ചിതത്വം ഈ രംഗത്തെ കമ്പനികളുടെ റിക്രൂട്ട്മെന്റ് കുത്തനേ കുറയാൻ വഴി തെളിച്ചു. കഴിഞ്ഞ ധനകാര്യ വർഷം വലിയ കമ്പനികളുടെ കാംപസ്
റിക്രൂട്ട്മെന്റ് 78 ശതമാനത്തോളം കുറഞ്ഞു. ഈ വർഷം റിക്രൂട്ട്മെന്റ് 25 ശതമാനം കൂടി കുറഞ്ഞേക്കും എന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്ന എൻഎൽബി സാെലൂഷൻസ് കരുതുന്നു.
തലേ ധനകാര്യ വർഷം 1.03 ലക്ഷം പേരെ റിക്രൂട്ട് ചെയ്ത ടിസിഎസ് ആകെ 22,600 പേരെയാണു കഴിഞ്ഞ വർഷം എടുത്തത്. കുറവ് 78 ശതമാനം. 2021 -22-ൽ 54,398 പേരെ റിക്രൂട്ട് ചെയ്ത ഇൻഫാേസിസ് 2022 - 23 ൽ 29,219 പേരെയേ എടുത്തുള്ളു. കുറവ് 46 ശതമാനം. തലേക്കാെല്ലം 39,900 പേരെ എടുത്ത എച്ച്സിഎൽ 57 ശതമാനം കുറച്ച് 17,067 പേരെക്കൊണ്ടു തൃപ്തരായി. ബിസിനസ് കുറയുന്ന സാഹചര്യമാണു റിക്രൂട്ട്മെന്റ് കുറയ്ക്കാൻ പ്രേരിപ്പിക്കുന്നത്.
ഈ വർഷം ഐടി കമ്പനികളുടെ കാംപസ് റിക്രൂട്ട്മെന്റ് 2018-19 ലേതിന്റെ 70 ശതമാനമായി കുറയുമെന്ന് പലരും കരുതുന്നു. ഇൻഫോസിസ് ഇക്കൊല്ലത്തെ റിക്രൂട്ട്മെന്റ് ലക്ഷ്യം പ്രഖ്യാപിച്ചിട്ടില്ല. ടിസിഎസ് 40,000 പേരെ എടുക്കണം എന്നാണു ലക്ഷ്യമിട്ടിരിക്കുന്നത്. 30,000 പേരെ എടുക്കും എന്നു ഡിസംബറിൽ പറഞ്ഞ എച്ച്സിഎൽ ഇപ്പോൾ ലക്ഷ്യമിടുന്നതു 15,000-ൽ താഴെ.
ഒരു വർഷം 12 ലക്ഷം പേർ എൻജിനിയറിംഗ് ബിരുദം എടുക്കുന്നുണ്ട്. അതിൽ 30 ശതമാനം പേർ മാത്രമേ ജോലികൾക്കു യോഗ്യരായി ഉള്ളൂ എന്നാണം എച്ച്ആർ വിദഗ്‌ധർ പറയുന്നത്.
റെയിൽവേ ഓഹരികൾ കുതിച്ചു പായുന്നു
റെയിൽവേയുമായി ബന്ധപ്പെട്ട ഓഹരികൾ ഈ ദിവസങ്ങളിൽ പ്രത്യേക ശ്രദ്ധ നേടുന്നു. റെയിൽ വികാസ് നിഗം (ആർവിഎൻഎൽ), ഇർകോൺ ഇന്റർനാഷണൽ, ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപറേഷൻ തുടങ്ങിയവയുടെ ഓഹരികൾ ഇന്നലെ കുതിച്ചു കയറി. ആർവിഎൻഎൽ 14.6 ശതമാനവും ഇർകോൺ 10.3 ശതമാനവും ഐആർഎഫ്സി ഏഴു ശതമാനവും ഉയർന്നു. താരതമ്യേന വില കുറഞ്ഞ ഓഹരികളാണിവ. 88.84 രൂപയുള്ള ആർവിഎൻഎൽ ഓഹരി 52 ആഴ്ചയിലെ ഉയർന്ന നിലയിലാണ്. ഇർകോണിന് 69.65 രൂപയാണു ക്ലോസിംഗ് നിരക്ക്. ഐആർഎഫ്സി 30 രൂപയിൽ എത്തി.
ഉയർന്ന ലാഭവീതം, കൂടുതൽ കരാറുകൾ, കമ്പനികളുടെ ഉയർന്ന മിച്ചം തുടങ്ങിയ പല കാര്യങ്ങളും നിക്ഷേപകർ ചൂണ്ടിക്കാട്ടുന്നു. 6000 കോടി രൂപ വിപണി മൂല്യമുള്ള ഇർകോണിന് 4000 കോടി രൂപയുടെ പണമിച്ചമുണ്ട്. ആർവിഎൻഎൽ കടത്തിനു തുല്യമായ തുക മിച്ചപണമായി ഉള്ള കമ്പനിയാണ്.
പുതിയ 120 വന്ദേ ഭാരത് ട്രെയിനുകൾ ഇക്കൊല്ലം തുടങ്ങുമെന്നെ റെയിൽവേയുടെ പ്രഖ്യാപനം ഊ ഓഹരികളുടെ കുതിപ്പിനു കാരണമായി. സ്വകാര്യ മേഖലയിലെ ടിറ്റാഗഡ് വാഗൺസ് വന്ദേ ഭാരത് കരാറുകളുടെ പേരിൽ ഉയരുന്ന ഒരു കമ്പനിയാണ്.
വിപണി സൂചനകൾ
(2023 ഏപ്രിൽ 24, തിങ്കൾ)
സെൻസെക്സ് 30 60,056.10 +0.67%
നിഫ്റ്റി 50 17,743.40 +0.68%
ബാങ്ക് നിഫ്റ്റി 42,635 .75 +1.20%
മിഡ് ക്യാപ് 100 31,210.00 +0.39%
സ്മോൾക്യാപ് 100 9424.95 +0.59%
ഡൗ ജോൺസ് 30 33,875.40 +0.20%
എസ് ആൻഡ് പി500 4137.04 +0.09%
നാസ്ഡാക് 12,037.20 -0.29%
ഡോളർ ($) ₹81.91 -19 പൈസ
ഡോളർ സൂചിക 101.30 -0.52
സ്വർണം(ഔൺസ്) $1993.60 +$08.70
സ്വർണം(പവൻ ) ₹44,520 -₹80.00
ക്രൂഡ്(ബ്രെന്റ്)ഓയിൽ $82.73 +$01.07