പലിശ ഭീതി, ആഗോള വിപണി വീണ്ടും താഴുമെന്ന് ആശങ്ക

കമ്പനികൾക്കു ലാഭം വർധിക്കുന്നുണ്ടെങ്കിലും കാര്യങ്ങൾ സുഗമമായല്ല പോകുന്നതെന്ന പുതിയ വിലയിരുത്തൽ വിപണികളിൽ കടന്നുവരുകയാണ്. വിലക്കയറ്റം ഭീഷണിയായി തുടരുന്നു എന്നും പലിശവർധന അനിവാര്യമാണെന്നും അവർ പറയുന്നു. പുതിയ തലമുറ കമ്പനികൾ വളർച്ച കാണിക്കുമ്പോൾ പഴയ തലമുറ കമ്പനികൾ പിന്നാക്കം പോകുന്നതും അവർ എടുത്തു കാണിക്കുന്നു. വ്യവസായ മേഖലയിലും ഓഹരി വിപണിയിലും പൊളിച്ചെഴുത്തിനു സമയമായി എന്നാണു വിലയിരുത്തൽ. ഈ ചിന്താഗതി ഇന്നലെ ആഗാേള വിപണികളിൽ ചോരപ്പുഴയ്ക്കു വഴി തെളിച്ചു. ഇന്നു യുഎസ് ഫെഡ് ചെയർമാൻ ജെറോം പവൽ പലിശ കാര്യത്തിൽ വ്യക്തത വരുത്തുന്നതോടെ വിപണികൾ വീണ്ടും താഴുമെന്നു പലരും ഭയപ്പെടുന്നു. ആ ഭീതി ഇന്ത്യൻ വിപണിയെയും ഉലയ്ക്കാം.

ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി വ്യാഴം രാത്രി താഴ്ന്ന് 19,292 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 19,324 ലേക്കു കയറിയിട്ടു വീണ്ടും 19,300 നു താഴെയായി. ഇന്ത്യൻ വിപണി ഇന്ന് താഴ്ന്നു വ്യാപാരം തുടങ്ങും എന്ന സൂചനയാണു ഡെറിവേറ്റീവ് വിപണി നൽകുന്നത്.

യൂറോപ്യൻ സൂചികകൾ വ്യാഴാഴ്ച നേട്ടത്തിൽ തുടങ്ങി നഷ്ടത്തിൽ അവസാനിച്ചു. യൂറോപ്പിലെ സാമ്പത്തിക സൂചകങ്ങൾ മോശമായതും പലിശ സംബന്ധിച്ച ആശങ്കയും ആണു കാരണം. എൻവിഡിയ നൽകിയ ആവേശവും കടപ്പത്രവില കൂടിയതിലെ ആശ്വാസവും നിലനിന്നില്ല.

ഇന്നലെ നല്ല നേട്ടം പ്രതീക്ഷിച്ച യുഎസ് വിപണികൾ ഒടുവിൽ കനത്ത നഷ്ടത്തിലാണ് അവസാനിച്ചത്. നിർമിത ബുദ്ധി ചിപ്പുകൾ നിർമിക്കുന്ന എൻവിഡിയയുടെ പ്രതീക്ഷകളെ കവച്ചു വച്ച റിസൽട്ട് വിപണിയെ ആവേശം കൊളളിച്ചില്ല. പലിശ വിഷയത്തിലെ ആശങ്ക എല്ലാറ്റിനെയും പിന്തള്ളി.

ഡൗ ജോൺസ് 373.56 പോയിന്റ് (1.08%) ഇടിഞ്ഞ് 34,099. 42 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 5970 പോയിന്റ് (1.35%) താഴ്ന്ന് 4376.31 ൽ അവസാനിച്ചു. നാസ്ഡാക് 257.06 പോയിന്റ് (1.87%) ഇടിഞ്ഞ് 13,463.97 ൽ ക്ലോസ് ചെയ്തു. മൂന്നു സൂചികകൾക്കും

ഏപ്രിൽ രണ്ടിനു ശേഷമുള്ള ഏറ്റവും മോശം ദിവസമായി ഇന്നലെ. എൻവിഡിയയുടെ നക്ഷത്രത്തിളക്കമുള്ള റിസൽട്ട് മറ്റ് ചിപ്പ് നിർമാതാക്കൾക്ക് ആഘാതമായി. ഇന്റലിനേക്കാൾ കൂടുതൽ വിറ്റുവരവ് എൻവിഡിയ രേഖപ്പെടുത്തി.

എൻവിഡിയ ഓഹരി തുടക്കത്തിൽ നിന്ന് ഗണ്യമായി താഴ്ന്നാണു ക്ലോസ് ചെയ്തത്. ഇന്റലും എഎംഡിയും ഇടിഞ്ഞു. ആപ്പിൾ, ആമസാേൺ, നെറ്റ്ഫ്ലിക്സ് തുടങ്ങിയവ 2.6 മുതൽ 4.7 വരെ ശതമാനം താണു.

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു കയറ്റത്തിലാണ്. ഡൗ 0.18 ഉം എസ് ആൻഡ് പി 0.12 ഉം നാസ്ഡാക് 0.01 ഉം ശതമാനം ഉയർന്നു നിൽക്കുന്നു.

ഇന്നു രാവിലെ ചെെന അടക്കം ഏഷ്യൻ രാജ്യങ്ങളിലും ഓസ്ട്രേലിയയിലും വിപണികൾ കനത്ത ഇടിവിലാണു വ്യാപാരം ആരംഭിച്ചത്. ജപ്പാനിലെ നിക്കെെ രണ്ടു ശതമാനം താണു.

ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണി ഇന്നലെ ആവേശകരമായ തുടക്കം കാഴ്ചവച്ചതാണ്. നിഫ്റ്റി 19,600 കടന്നു പോകും എന്ന് ഒരവസരത്തിൽ തോന്നിച്ചു. പക്ഷേ, വിൽപനസമ്മർദം ആ നേട്ടങ്ങളെല്ലാം നഷ്ടമാക്കി. മുഖ്യ സൂചികകൾ ഗണ്യമായ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

സെൻസെക്സ് 65,181- 65,914 മേഖലയിലും നിഫ്റ്റി 19,369- 19,584 മേഖലയിലുമാണ് ഇന്നലെ കയറിയിറങ്ങിയത്. സെൻസെക്സ് 180.96 പോയിന്റ് (0.28%) താഴ്ന്ന് 65,252.34ലും നിഫ്റ്റി 57.3 പോയിന്റ് (0.29%) കുറഞ്ഞ് 19,386.70 ലും ക്ലോസ് ചെയ്തു.

വിശാല വിപണിയിലും കരടികൾ പിടിമുറുക്കി. സ്മാേൾ ക്യാപ് സൂചിക നഷ്ടത്തിലായി. മിഡ് ക്യാപ് സൂചിക 0.24 ശതമാനം ഉയർന്ന് 38,789 -ൽ ക്ലോസ് ചെയ്തപ്പാേൾ സ്മോൾ ക്യാപ് സൂചിക 0.35 ശതമാനം താഴ്ന്ന് 11,918.2ൽ ക്ലോസ് ചെയ്തു.

വിദേശ ഫണ്ടുകൾ ഇന്നലെയും ക്യാഷ് വിപണിയിൽ വാങ്ങലുകാരായി. അവർ 1524.87 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 5796.61 കോടിയുടെ ഓഹരികൾ വാങ്ങി.

നിഫ്റ്റിക്ക് 19,360 ലും 19,230 ലും പിന്തുണ ഉണ്ട്.19,530 ഉം 19,660 ഉം തടസങ്ങളാകാം.

വ്യാവസായിക ലോഹങ്ങൾ ഇന്നലെയും ഭിന്ന ദിശകളിലായിരുന്നു. അലൂമിനിയം 0.93 ശതമാനം താണ് ടണ്ണിന് 2157.35 ഡോളറിലായി. ചെമ്പ് 0.78 ശതമാനം താഴ്ന്നു ടണ്ണിന് 8358.50 ഡോളറിൽ എത്തി. ടിൻ 0.30 ശതമാനം, ലെഡ് 0.22 ശതമാനം, സിങ്ക് 1.48 ശതമാനം എന്ന തോതിൽ ഉയർന്നു. നിക്കൽ 0.51 ശതമാനം താഴ്ന്നു.

ക്രൂഡ് ഓയിലും സ്വർണവും

ക്രൂഡ് ഓയിൽ കാര്യമായ ചലനമില്ലാതെ തുടർന്നു. ബ്രെന്റ് ഇനം ക്രൂഡ് 83.36 ഡോളറിലും ഡബ്ള്യുടിഐ ഇനം 78.88 ഡോളറിലും ഇന്നലെ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെന്റ് ഇനം ക്രൂഡ് 82.98 ഡോളറിലേക്കും ഡബ്ള്യുടിഐ ഇനം 78.61 ഡോളറിലേക്കും താഴ്ന്നു.

സ്വർണം ഇന്നലെ കാര്യമായി മാറിയില്ല. ഔൺസിന് ഒരു ഡോളർ കൂടി1917.40 ഡോളറിൽ ഇന്നലെ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1916 ഡോളറിലേക്കു താഴ്ന്നു. കേന്ദ്രബാങ്ക് മേധാവികളുടെ ജാക്സൺ ഹോൾ സമ്മേളനത്തിൽ യുഎസ് ഫെഡ് ചെയർമാൻ ജെറോം പവൽ ഇന്ന് എന്തു പറയും എന്നാണു വിപണി ഉറ്റു നോക്കുന്നത്.

കേരളത്തിൽ ഇന്നലെ പവൻവില 160 രൂപ കയറി 43,600 രൂപയിൽ എത്തി.

വ്യാഴാഴ്ച രൂപ രാവിലത്തെ നേട്ടം നഷ്ടപ്പെടുത്തി. ഡോളർ 82.37 രൂപ വരെ താഴ്ന്നിട്ട് 82.58 രൂപയിൽ ക്ലോസ് ചെയ്തു. തലേ ദിവസത്തേക്കാൾ 11 പൈസ കുറവ്.

ഡോളർ സൂചിക കയറ്റത്തിലാണ്. ഇന്നലെ 0.56 പോയിന്റ് കയറി 103.98-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 104.17 വരെ ഉയർന്നു. ക്രിപ്റ്റോ കറൻസികൾ താഴ്ന്ന നിലയിൽ തുടരുന്നു. ബിറ്റ്കോയിൻ 26,100 ഡോളറിനു സമീപമാണ്.


കമ്പനികൾ, വാർത്തകൾ

ചന്ദ്രയാൻ ദൗത്യവുമായി ബന്ധപ്പെട്ട എം ടാർ, പരസ് ഡിഫൻസ്, സെന്റം ഇലക്ട്രോണിക്സ് തുടങ്ങിയ ഓഹരികൾ ഇന്നലെയും ഇരട്ടയക്ക കുതിപ്പ് നടത്തി.

ജിയോ ഫിൻ ഓഹരി നാലാം ദിവസമായ ഇന്നലെയും അഞ്ചു ശതമാനം ഇടിഞ്ഞു. ഇതുവരെ കമ്പനിയുടെ വിപണിമൂല്യം 31,000 കോടി രൂപ കുറഞ്ഞു. വില ഇന്നും താഴാം.

എഴുത്തു കടലാസിനു വില കൂടാനാരംഭിച്ചത് പേപ്പർ കമ്പനികളുടെ ഓഹരികളെ കയറ്റി. ജൂലൈ വരെ വിലയിടിവായിരുന്നു. ഓഗസ്റ്റ് 10 നു ശേഷം കമ്പനികൾ വില കൂട്ടി. വെസ്റ്റ് കോസ്റ്റ് പേപ്പർ, ആന്ധ്രാ പേപ്പർ, രാമാ പേപ്പർ, ജെകെ പേപ്പർ തുടങ്ങിയവ ഇന്നലെ നല്ല ഉയർച്ച കാണിച്ചു.

അടുത്ത സീസണിലെ പഞ്ചസാര കയറ്റുമതി ക്വോട്ട ഉടൻ പ്രഖ്യപിക്കും എന്ന കിംവദന്തി പഞ്ചസാരമിൽ ഓഹരികളെ ഉയർത്തി. ബജാജ് ഹിന്ദുസ്ഥാൻ ഓഹരി 13.67 ശതമാനം ഉയർന്നു. സാമ്പത്തിക ഞെരുക്കത്തിലായിരുന്ന കമ്പനിയുടെ ഓഹരി ഒരു വർഷം കൊണ്ട് ഇരട്ടിച്ച് 25 രൂപയ്ക്കടുത്തായി. ലോക വിപണിയിൽ ദൗർലഭ്യം മൂലം പഞ്ചസാര റെക്കോഡ് വിലയിലാണ്. ഇന്ത്യയിൽ ഒക്ടോബറിലാരംഭിക്കുന്ന സീസണിൽ ഉൽപാദനം കുറയും എന്നാണു വിലയിരുത്തൽ. അതു മൂലം കയറ്റുമതി അനുവദിക്കാൻ ഇടയില്ലെന്നു കരുതപ്പെട്ടിരുന്നു. ക്വോട്ടാ പ്രഖ്യാപന റിപ്പോർട്ട് വെറും ഊഹമാണെന്ന് അധികൃതർ വെെകുന്നേരം പറഞ്ഞു.

കോഫോർജ് കമ്പനിയുടെ 27.7 ശതമാനം ഓഹരി പ്രാെമോട്ടറായ ബേറിംഗ് പ്രെെവറ്റ് ഇക്വിറ്റി ബ്ലോക്ക് ഇടപാടുകളിൽ വിറ്റു. ഓഹരി വാങ്ങാൻ നല്ല ഡിമാൻഡായിരുന്നു. കോഫോർജ് ഓഹരി 9.7 ശതമാനം ഉയർന്നു.

മണപ്പുറം ജനറൽ ഫിനാൻസിന്റെ 11 ശതമാനം ഓഹരികൾ ബ്ലോക്ക് ഇടപാടിൽ വിറ്റു. മണപ്പുറം ഓഹരി 3.5 ശതമാനം താണു.

വിപണി സൂചനകൾ

(2023 ഓഗസ്റ്റ് 24, വ്യാഴം)

സെൻസെക്സ് 30 65,252.34 -0.28%

നിഫ്റ്റി 50 19,386.70 -0.29%

ബാങ്ക് നിഫ്റ്റി 44,496.20 +0.04%

മിഡ് ക്യാപ് 100 38,789.00 +0.24%

സ്മോൾക്യാപ് 100 11,918.20 -0.35%

ഡൗ ജോൺസ് 30 34,099.42 -1.08%

എസ് ആൻഡ് പി 500 4376.31 -1.35%

നാസ്ഡാക് 13,463.97 -1.87%

ഡോളർ ($) ₹82.58 -0.11

ഡോളർ സൂചിക 103.98 +0.56

സ്വർണം(ഔൺസ്) $1917.40 +$01.00

സ്വർണം(പവൻ) ₹43,600 ₹160.00

ക്രൂഡ് (ബ്രെന്റ്)ഓയിൽ $83.36 +$0.16

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it