വിപണിയിൽ വീണ്ടും അനിശ്ചിതത്വം

വിദേശ വിപണികളിലെ കയറ്റം ഇന്ത്യയിലും വിപണിയെ ഉയർത്തുമെന്നു ബുള്ളുകൾ പ്രതീക്ഷിക്കുന്നു. അതേസമയം വിപണി പ്രധാന പിന്തുണ ലെവലുകൾ നഷ്ടപ്പെടുത്തി തിരുത്തലിലേക്കു നീങ്ങുകയാണെന്ന് ധാരാളം പേർ കരുതുന്നു. നാളെ യുഎസ് ഫെഡിന്റെ പലിശ തീരുമാനം വരുന്നതിനെ ചൊല്ലിയുള്ള ആശങ്കയും വിപണിയിൽ ശക്തമാണ്. പലിശവർധനകൾക്ക് അവസാനമാകും എന്ന പ്രതീക്ഷ പോലെ കാര്യങ്ങൾ നീങ്ങിയില്ലെങ്കിൽ വിപണികൾ തകർച്ചയിലേക്കു നീങ്ങുകയും ചെയ്യും. ഈ അനിശ്ചിതത്വമാകും ഇന്നു വിപണിയെ നയിക്കുക.

ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി തിങ്കൾ രാത്രി 19,738 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 19,710 ലേക്ക് താണു. ഇന്ത്യൻ വിപണി ഇന്നു നേരിയ നേട്ടത്തിൽ വ്യാപാരം തുടങ്ങുമെന്നാണു ഡെറിവേറ്റീവ് വിപണി സൂചിപ്പിക്കുന്നത്.

യൂറോപ്യൻ സൂചികകൾ തിങ്കളാഴ്ച ഉയർന്നു ക്ലോസ് ചെയ്തു. ഫ്രഞ്ച് സൂചിക മാത്രം അൽപം താഴ്ന്നു. ഫ്രാൻസിലും ജർമനിയിലും ബ്രിട്ടനിലും ബിസിനസ് പ്രവർത്തനങ്ങൾ മന്ദീഭവിക്കുന്നതായാണു പുതിയ പിഎംഐ സർവേ കാണിക്കുന്നത്. മാന്ദ്യസാധ്യത കൂടുന്നതായ വ്യാഖ്യാനം ഇതേതുടർന്ന് ഉണ്ടായി. എങ്കിലും വ്യാഴാഴ്ച ചേരുന്ന യൂറോപ്യൻ കേന്ദ്ര ബാങ്കിന്റെ (ഇസിബി) പണനയ കമ്മിറ്റി കുറഞ്ഞ പലിശയിൽ 25 ബേസിസ് പോയിന്റ് (കാൽ ശതമാനം) വർധന പ്രഖ്യാപിക്കും എന്നാണു സൂചന. പലിശകൂട്ടൽ അവസാനിപ്പിക്കുന്നതു സംബന്ധിച്ച സൂചന ഇസിബി പ്രസിഡന്റ് ക്രിസ്റ്റീൻ ലഗാർദ് നൽകുമോ എന്നാണു വിപണി ശ്രദ്ധിക്കുന്നത്.


തുടർച്ചയായ ഉയർച്ചയിൽ ഡൗ ജോൺസ് സൂചിക

ഡൗ ജോൺസ് സൂചിക തുടർച്ചയായ പതിനൊന്നാം ദിവസമാണ് ഇന്നലെ ഉയർന്നത്. ഡൗ ജോൺസ് 183.55 പോയിന്റ് (0.52%) ഉയർന്ന് 35,411.24 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 18.30 പോയിന്റ് (0.40%) കയറി 4554.64 ൽ എത്തി. നാസ്ഡാക് 26.06 പോയിന്റ് (0.19%) ഉയർന്ന് 14,058.87 ൽ ക്ലോസ് ചെയ്തു.

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു നേരിയ താഴ്ചയിലാണ്. മുഖ്യ സൂചികകൾ 0.04 ശതമാനം വീതം താണു.

യുഎസ് ഫെഡ് ബുധനാഴ്ച ഇന്ത്യൻ സമയം രാത്രി പലിശ കാര്യത്തിൽ തീരുമാനം പ്രഖ്യാപിക്കും. ഫെഡറൽ ഫണ്ട്സ് റേറ്റ് 22 വർഷത്തെ ഉയർന്ന നിരക്കായ 5.25 - 5.50 ശതമാനമായി ഉയർത്തുമെന്ന നിഗമനത്തിലാണു വിപണി. തുടർന്നു വർധന ഉണ്ടാകുമോ എന്ന കാര്യത്തിൽ ചെയർമാൻ ജെറോം പവൽ എന്തു പറയും എന്നതിലാകും വിപണിയുടെ ശ്രദ്ധ.

മൈക്രോസോഫ്റ്റ്, ആൽഫബെറ്റ്, മെറ്റ എന്നീ ടെക് ഭീമന്മാരുടെ റിസൽട്ട് ഈയാഴ്ച വരും. കഴിഞ്ഞയാഴ്ച ടെസ്ലയും നെറ്റ് ഫ്ലിക്സും വിപണിയെ നിരാശപ്പെടുത്തിയിരുന്നു. നിർമിതബുദ്ധിയുടെ ആവേശത്തിൽ ടെക് മേഖല കഴിഞ്ഞ ആറു മാസമായി വലിയ കുതിപ്പിലാണ്. കുതിപ്പ് കിതപ്പായി മാറുന്ന സാഹചര്യം ഉണ്ടായാൽ അതു വിപണിയെ മൊത്തം ഉലയ്ക്കും. നിർമിത ബുദ്ധിയിലെ നിക്ഷേപം ലാഭകരമായി മാറുന്നുണ്ടോ എന്നാണു വിപണിക്ക് അറിയണ്ടേത്. റിസൽട്ട് പ്രഖ്യാപനത്തോടൊപ്പം നടത്തുന്ന പ്രസ്താവനയിൽ ഈ മേഖലയിലെ തുടർചലനങ്ങൾ വിശദീകരിക്കാൻ കമ്പനികൾ ശ്രമിക്കാതിരിക്കില്ല.

ഏഷ്യൻ വിപണികൾ ഇന്നു പൊതുവേ നേട്ടത്തിലാണ്. ജപ്പാനിൽ നിക്കെെ സൂചിക കാൽ ശതമാനം താണു. ഓസ്ട്രേലിയൻ വിപണി അര ശതമാനം ഉയർന്നു. കൊറിയൻ വിപണി നാമമാത്രമായി കയറി. റിയൽ എസ്റ്റേറ്റ് മേഖലയെ പുനരുജ്‌ജീവിപ്പിക്കും എന്ന ഔദ്യോഗിക പ്രഖ്യാപനത്തെ തുടർന്ന് ഹാേങ്കോംഗ്, ചെെനീസ് വിപണികൾ കുതിച്ചു. ഹോങ്കോംഗിൽ സൂചിക മൂന്നു ശതമാനം കയറി. ഷാങ്ഹായ് സൂചിക ഒന്നര ശതമാനം നേട്ടത്തിലായി.


ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണി തിങ്കളാഴ്ച ചാഞ്ചാട്ടങ്ങൾക്കു ശേഷം നഷ്ടത്തിൽ അവസാനിച്ചു. വിശാലവിപണി താഴ്ചയിലായിരുന്നെങ്കിലും ഉയർന്നവയും താഴ്ന്നവയും തമ്മിൽ എണ്ണത്തിൽ കാര്യമായ വ്യത്യാസം ഇല്ലായിരുന്നു.

തിങ്കളാഴ്ച സെൻസെക്സ് 299.48 പോയിന്റ് (0.45%) ഇടിഞ്ഞ് 66,384.78 -ലും നിഫ്റ്റി 72.65 പോയിന്റ് (0.37%) താഴ്ന്ന് 19,672.35 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.15 ശതമാനം താണ് 36,742.60 ൽ ക്ലോസ് ചെയ്തപ്പാേൾ സ്മോൾ ക്യാപ് സൂചിക 0.37 ശതമാനം ഉയർന്ന് 11,571.90 ൽ ക്ലോസ് ചെയ്തു.

വിദേശനിക്ഷേപകർ തിങ്കളാഴ്ച 82.96 കോടി യുടെ ഓഹരികൾ വിറ്റു. സ്വദേശിഫണ്ടുകളും സ്ഥാപനങ്ങളും കൂടി 934.87 കോടിയുടെ ഓഹരികൾ വാങ്ങി.

നിഫ്റ്റി 19,700 ന്റെ പിന്തുണ നഷ്ടമാക്കിയതോടെ ഹ്രസ്വകാല ഗതി താഴോട്ടാണെന്ന വിലയിരുത്തലിലാണു സാങ്കേതിക വിശകലനക്കാർ. 19,400-19,500 മേഖലയിൽ എത്തിയിട്ടേ തിരിച്ചു കയറ്റം ഉണ്ടാകൂ എന്നു കണക്കാക്കുന്നവരും ഉണ്ട്. പക്ഷേ, വിപണിക്കു തിരിച്ചു കയറാൻ ആഗോള വിപണികളിലെ ചലനം പ്രേരണയാകും എന്നു കണക്കാക്കുന്നവർ കുറവല്ല.

ഇന്നു നിഫ്റ്റിക്ക് 19,655 ലും 19,580 ലും പിന്തുണ ഉണ്ട്. 19,750 ഉം 19,825 ഉം തടസങ്ങളാകാം.

പ്രധാന വ്യാവസായിക ലോഹങ്ങൾ അൽപം ഉയർന്നു. പാർപ്പിട മേഖലയെ പുനരുജ്ജീവിപ്പിക്കാൻ നടപടി എടുക്കുമെന്ന ചെെനീസ് പ്രഖ്യാപനം ആണു കാരണം. എന്നാൽ യൂറോപ്പിൽ വ്യവസായ ഉൽപാദനം കുറയുന്നതായ റിപ്പോർട്ട് ഈ ഉണർവിനെ ദുർബലമാക്കി. അലൂമിനിയം 0.49 ശതമാനം കയറി ടണ്ണിന് 2208.85 ഡോളറിലായി. ചെമ്പ് 0.09 ശതമാനം കൂടി ടണ്ണിന് 8429.30 ഡോളറിൽ എത്തി. ടിൻ 2.25 ശതമാനവും നിക്കൽ ഒരു ശതമാനവും താഴ്ന്നു. സിങ്ക് 0.36 ശതമാനവും ലെഡ് 0.33 ശതമാനവും ഉയർന്നു.

ക്രൂഡ് ഓയിലും സ്വർണവും

ക്രൂഡ് ഓയിൽ വില വീണ്ടും ഉയർന്നു. ബ്രെന്റ് ഇനം ക്രൂഡ് 1.88 ശതമാനം കയറി 82.74 ഡോളറിലും ഡബ്ള്യുടിഐ ഇനം 78.87 ഡോളറിലും ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെന്റ് ഇനം 82.8 ഡോളറിലേക്കു കയറി.

സ്വർണം താഴ്ന്നു. ഔൺസിന് 1962 ഡോളറിൽ നിന്ന് 1955.10 ലേക്കു താണു ക്ലോസ് ചെയ്തു. ഇന്നു രാവിലെ പക്ഷേ 1961 ലേക്കു തിരിച്ചു കയറി.

കേരളത്തിൽ പവൻവില വ്യത്യാസമില്ലാതെ 44,120 രൂപയിൽ തുടർന്നു.

ഡോളർ വെള്ളിയാഴ്ച 13 പൈസ താഴ്ന്ന് 81.82 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.

ഡോളർ സൂചിക 101 നു മുകളിൽ തുടരുന്നു. സൂചിക 101.35 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 101.30 ലേക്കു താണു.

ക്രിപ്റ്റോ കറൻസികൾ കാര്യമായ മാറ്റമില്ലാതെ തുടർന്നു. ബിറ്റ്കോയിൻ 29,200 ഡോളറിനടുത്താണ്.

റിലയൻസ്, ഇൻഫോസിസ്, ടാറ്റാ സ്റ്റീൽ

റിലയൻസ് ഓഹരി ഇന്നലെ രണ്ടു ശതമാനം താണു. വിദേശ ബ്രോക്കറേജുകൾ പലതും ഓഹരിയുടെ ലക്ഷ്യവില താഴ്ത്തിയതാണു കാരണം. ടെലികോമിലും റീട്ടെയിലിലും മികച്ച റവന്യു വളർച്ചയും മെച്ചപ്പെട്ട ലാഭമാർജിനും ഉണ്ടെങ്കിലും ഓയിൽ ടു കെമിക്കൽസിലെ ക്ഷീണം വലിയ വിഷയമായാണു ബ്രോക്കറേജുകൾ കണക്കാക്കുന്നത്. എങ്കിലും ഓഹരിയുടെ താഴ്ച അധികം തുടരുകയില്ലെന്നാണു നിഗമനം.

വെള്ളിയാഴ്ച ഇടിഞ്ഞ ഇൻഫോസിസ് ടെക്‌നോളജീസ ഇന്നലെ നേട്ടത്തിലായി. പ്രധാന ഐടി ഓഹരികളും ഉയർന്നു. ടിസിഎസിനു യൂറോപ്പിൽ നിന്നു ചില വലിയ കരാറുകൾ ലഭിച്ചത് ഇന്നു വിപണിയിൽ നല്ല ചലനം ഉണ്ടാക്കാം.

ടാറ്റാ സ്റ്റീൽ ലാഭം 92 ശതമാനം ഇടിഞ്ഞു. വരുമാനം ആറു ശതമാനം കുറവായി. വിലത്തകർച്ചയും യൂറോപ്യൻ ബിസിനസിലെ ഇടിവുമാണു പ്രധാന കാരണം. ഇന്ത്യയിൽ വിൽപനയും സ്റ്റീൽ ഡിമാൻഡും വർധിച്ചു. ഓഹരി ഇന്നലെ രണ്ടു ശതമാനം ഇടിഞ്ഞിരുന്നു


ഐടിസി ഹോട്ടൽസ് വേർപെടുത്തൽ പ്രതീക്ഷ പോലെ ആയില്ല

ഐടിസി ഹോട്ടൽ ബിസിനസ് വേർപെടുത്തുന്നതായ പ്രഖ്യാപനം വിപണിയെ രസിപ്പിച്ചതായി കണ്ടില്ല. ഓഹരി നാലു ശതമാനത്തിലധികം താണു. ഇന്നലെ ഓഹരി 500 രൂപയിൽ തൊടും എന്നായ ശേഷം (499.60 രൂപ) താഴോട്ടു വീഴുകയായിരുന്നു.

നിർദിഷ്ട ഐടിസി ഹോട്ടൽസ് കമ്പനിയിൽ 40 ശതമാനം ഓഹരി ഐടിസി വഹിക്കും. 60 ശതമാനം ഓഹരി ഐടിസി ഓഹരി ഉടമകൾക്ക് നിലവിലെ ഓഹരികളുടെ അനുപാതത്തിൽ നൽകും. വിപണി പ്രതീക്ഷിച്ചിരുന്നത് ഐടിസി ഓഹരി ഉടമകൾക്ക് ഒന്നിനൊന്ന് പ്രകാരം ഹോട്ടൽസിന്റെ ഓഹരി കിട്ടും എന്നാണ്. അതില്ലെന്നും ഹോട്ടൽസ് മാനേജ്‌മെന്റ് ഐടിസിയിൽ തുടരുമെന്നുമാണ് ഡയറക്ടർ ബോർഡ് യോഗം വ്യക്തമാക്കിയത്.

ഇന്നലെ രാവിലെ വിപണിമൂല്യത്തിൽ ഐടിസി, ഹിന്ദുസ്ഥാൻ യൂണി ലീവറിനെ പിന്നിലാക്കിയിരുന്നു. പക്ഷേ വൈകുന്നേരത്തോടെ ഐടിസി വീണ്ടും പിന്നിലായി.

70 നഗരങ്ങളിലായി 120 ഹോട്ടലുകൾ ഐടിസി നടത്തുന്നുണ്ട്. മൊത്തം മുറികൾ 11,600. ഹോട്ടലുകളിൽ പകുതിയോളമേ സ്വന്തമായുള്ളൂ. കഴിഞ്ഞ ധനകാര്യ വർഷം ഹോട്ടൽ ബിസിനസിലെ വരുമാനം 2585 കോടി രൂപയും ലാഭം 542 കോടി രൂപയും ആയിരുന്നു. ഐടിസിയുടെ മൊത്തം വരുമാനം 69,480 കോടിയും അറ്റാദായം 18,753 കോടിയും ആണ്.

കൊട്ടക് മഹീന്ദ്ര റിസൽട്ട് മെച്ചം, ഓഹരി ഇടിഞ്ഞു

കൊട്ടക് മഹീന്ദ്ര ബാങ്ക് മികച്ച റിസൽട്ട് പുറത്തു വിട്ടെങ്കിലും ഓഹരി 3.8 ശതമാനം താഴ്ന്നു. ബാങ്കിന്റെ സിഇഒയും എംഡിയുമായ ഉദയ് കൊട്ടക് ഡിസംബറിൽ വിരമിക്കുമ്പോൾ ആരാകും സാരഥി എന്ന വിഷയം ഉന്നയിച്ച പല ബ്രാേക്കറേജുകളും ബാങ്കിന്റെ ലക്ഷ്യവില താഴ്ത്തി. ബാങ്കിന്റെ പ്രതി ഓഹരി വരുമാനം (ഇപിഎസ്) ഉയർന്നെങ്കിലും എച്ച്ഡിഎഫ്സി ബാങ്കിന്റെയും ഐസിഐസിഐ ബാങ്കിന്റെയും തോതിൽ വളർന്നിട്ടില്ലെന്നു ചില ബ്രാേക്കറേജുകൾ ചൂണ്ടിക്കാട്ടി. ബാങ്ക് നിഫ്റ്റിയുടെ ഉയർച്ചയ്ക്ക് ആനുപാതികമായി കൊട്ടക് ബാങ്കിന്റെ ഓഹരിവില ഉയർന്നിട്ടുമില്ല.

വിപണി സൂചനകൾ

(2023 ജൂലൈ 24, തിങ്കൾ)

സെൻസെക്സ് 30 66,384.78 -0.45%

നിഫ്റ്റി 50 19,672.35 -0.37%

ബാങ്ക് നിഫ്റ്റി 45,923.05 -0.33%

മിഡ് ക്യാപ് 100 36,742.60 - 0.15%

സ്മോൾക്യാപ് 100 11,571.90 +0.37%

ഡൗ ജോൺസ് 30 35,411.24 +0.52%

എസ് ആൻഡ് പി 500 4554.64 +0.40%

നാസ്ഡാക് 14,058.87 +0.19%

ഡോളർ ($) ₹81.82 -13 പൈസ

ഡോളർ സൂചിക 101.35 +0.26

സ്വർണം(ഔൺസ്) $1955.10 -$06.80

സ്വർണം(പവൻ ) ₹44,120 0.00

ക്രൂഡ് (ബ്രെന്റ്)ഓയിൽ $82.74 +$1.67

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it