അദാനി ഗ്രൂപ്പിന്റെ വിപണിമൂല്യം 52,000 കോടി രൂപ ഇടിഞ്ഞ് 10 ലക്ഷം കോടി രൂപയ്ക്കു താഴെയായി

അമേരിക്കയിലും യൂറോപ്പിലും വീണ്ടും സാമ്പത്തിക മാന്ദ്യ ഭീതി. ഒപ്പം ഇനിയും പലിശ ഉയരുന്നതിനെപ്പറ്റിയുള്ള ആശങ്ക. ചെെനയിലും വളർച്ചയെപ്പറ്റി ആശങ്ക. റഷ്യയിലെ പരാജയപ്പെട്ട അട്ടിമറി നീക്കത്തെ തുടർന്ന് ക്രൂഡ് ഓയിൽ വില കുതിച്ചു കയറി. സ്വർണവും ഉയർന്നു. വിപണിയിലെ അനിശ്ചിതത്വം കൂട്ടുന്ന ഘടകങ്ങളാണ് മാസത്തിലെ അവസാന ആഴ്ചയുടെ തുടക്കത്തിൽ ഉള്ളത്.

റഷ്യൻ ഭരണകൂടത്തിലും പ്രതിരോധ സേനകളിലും വരുന്ന മാറ്റങ്ങളിലാകും വിപണി ഇനി ശ്രദ്ധിക്കുക. പ്രസിഡന്റ് വ്ലാദിമിർ പുടിൻ കൂടുതൽ ദുർബലനാകുന്നു എന്നു കണ്ടാൽ വിപണികൾ ഇടിയും. ആണവ ശക്തിയായ റഷ്യയിൽ അരാജകത്വമോ അനിശ്ചിതത്വമാേ വരുന്നതു വലിയ ഭീഷണിയാണ്.

ഇന്ത്യൻ വിപണിയിൽ കരടികൾ പിടിമുറുക്കുമെന്നും വിപണി തിരുത്തലിലേക്കു നീങ്ങുമെന്നും പലരും കരുതുന്നു. എന്നാൽ യുഎസ് ഫ്യൂച്ചേഴ്സിലെ ഉയർച്ച വിപണിയെ സഹായിക്കാം.

സിംഗപ്പുരിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി വെള്ളി രാത്രി ഒന്നാം സെഷനിൽ 18,715 ൽ ക്ലോസ് ചെയ്തു. രണ്ടാം സെഷനിൽ 18,699 ലേക്കു താണു. ഇന്നു രാവിലെ 18,725 ലേക്കു കയറി. ഇന്ത്യൻ വിപണി ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങുമെന്നാണു ഡെറിവേറ്റീവ് വിപണി സൂചിപ്പിക്കുന്നത്.

യൂറോപ്യൻ സൂചികകൾ വെള്ളിയാഴ്ചയും ഇടിഞ്ഞു. ഫ്രഞ്ച്, ജർമൻ സൂചികകൾ ഒരു ശതമാനം വരെ താഴ്ന്നു. ക്രൂഡ് ഓയിൽ വില ഇടിയുന്നത് ഓയിൽ കമ്പനി ഓഹരികളെ താഴ്ത്തി.

കാറ്റിൽ നിന്നു വൈദ്യുതി ഉണ്ടാക്കുന്ന ടർബൈനുകളുടെ തകരാർ ഗുരുതര വിഷയമായതോടെ സീമൻസ് എനർജി ഓഹരികൾ 37 ശതമാനം ഇടിഞ്ഞു. ജർമൻ ബഹുരാഷ്ട ഭീമനായ സീമൻസിൽ നിന്നു വേർപെടുത്തി ലിസ്റ്റ് ചെയ്ത കമ്പനിയാണിത്.

യുഎസ് വിപണി വെള്ളിയാഴ്ച താഴ്ചയിലായി. സാമ്പത്തിക മാന്ദ്യത്തെപ്പറ്റിയുള്ള ഭീതി വിപണിയെ ഗ്രസിച്ചു. ഡൗ ജോൺസ് 219.28 പോയിന്റ് (0.65%) നഷ്ടത്തിൽ 33,727.43 ൽ അവസാനിച്ചു. എസ് ആൻഡ് പി 33.56 പോയിന്റ് (0.77%) താണ് 4348.33 ൽ എത്തി. നാസ്ഡാക് 138.09 പോയിന്റ് (1.01% ) ഇടിഞ്ഞ് 13,492.52 ൽ ക്ലോസ് ചെയ്തു. എല്ലാ സൂചികകൾക്കും നഷ്ടത്തിന്റെ ആഴ്ചയായിരുന്നു. നാസ്ഡാക് തുടർച്ചയായ എട്ട് ആഴ്ച ഉയർന്ന ശേഷമാണു നഷ്ടവാരത്തിലായത്. എസ് ആൻഡ് പി അഞ്ചും ഡൗ മൂന്നും ആഴ്ച കയറിയിട്ടാണു താണത്.

യുഎസ് ഫ്യൂച്ചേഴ്സ് കയറ്റത്തിലാണ്. ഡൗ 0.21 ശതമാനം ഉയർന്നു. നാസ്ഡാക് 0.33 ശതമാനവും എസ് ആൻഡ് പി 0.25 ശതമാനവും കയറി നിൽക്കുന്നു.

ഏഷ്യൻ സൂചികകൾ ഭിന്ന ദിശകളിലാണ്. ജപ്പാനിലെ നിക്കൈ സൂചിക തുടക്കത്തിൽ താഴ്ന്നിട്ടു പിന്നീടു കയറി. ഓസ്ട്രേലിയൻ വിപണി ഇടിഞ്ഞു. കൊറിയൻ വിപണി നേട്ടത്തിലാണ്. ചെെനീസ് വിപണിയും താഴ്ന്നു തുടങ്ങി.

ഇന്ത്യൻ വിപണി

വെള്ളിയാഴ്ച ഇന്ത്യൻ വിപണി തുടക്കം മുതലേ താഴ്ന്നു. സെൻസെക്സ് 259.52 പോയിന്റ് (0.41%) ഇടിഞ്ഞ് 62,979.37 ലും നിഫ്റ്റി 105.75 പോയിന്റ് (0.56%) താഴ്ന്ന് 18,665.50 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 1.24 ശതമാനം താഴ്ന്ന് 34,799.90 ലും സ്മോൾ ക്യാപ് സൂചിക 1.17% കുറഞ്ഞ് 10,624.10 ലും ക്ലോസ് ചെയ്തു.

വിദേശ ഫണ്ടുകളും സ്വദേശി ഫണ്ടുകളും വെള്ളിയാഴ്ച ക്യാഷ് വിപണിയിൽ വിൽപനക്കാരായി. വിദേശനിക്ഷേപകർ ക്യാഷ് വിപണിയിൽ 344.81 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 684.01 കോടിയുടെയും.

കഴിഞ്ഞ ആഴ്ച മൊത്തമെടുത്താൽ വിദേശ നിക്ഷേപകർ 174 കോടി ഡോളർ ഇന്ത്യൻ ഓഹരികളിൽ നിക്ഷേപിച്ചു. ജൂണിലെ നിക്ഷേപം 372 കോടി ഡോളർ (30,600 കോടി രൂപ) വരും.

ഫാർമയും ഹെൽത്ത് കെയറും ഒഴികെ എല്ലാ വ്യവസായ മേഖലകളും വെള്ളിയാഴ്ച താഴ്ന്നു. മെറ്റൽ, മീഡിയ, ഓട്ടാേ, കൺസ്യൂമർ ഡ്യുറബിൾസ്, ഓയിൽ - ഗ്യാസ്, ഐടി തുടങ്ങിയവയാണു കൂടുതൽ നഷ്ടം നേരിട്ടത്.

അദാനി ഗ്രൂപ്പിന്റെ ഇടപാടുകളെപ്പറ്റി യുഎസ് റെഗുലേറ്ററി ഏജൻസികൾ അന്വേഷിക്കുന്നതായ റിപ്പോർട്ടുകളെ തുടർന്ന് അദാനി ഓഹരികൾ വലിയ ഇടിവിലാണ്. രണ്ടു മുതൽ ഏഴു വരെ ശതമാനം നഷ്ടത്തിലാണ് അവ ക്ലോസ് ചെയ്തത്. ഗ്രൂപ്പിന്റെ വിപണിമൂല്യം 52,000 കോടി രൂപ ഇടിഞ്ഞ് 10 ലക്ഷം കോടി രൂപയ്ക്കു താഴെയായി. തങ്ങൾക്ക് അന്വേഷണ ഏജൻസികളിൽ നിന്ന് യാതൊരു സന്ദേശവും ലഭിച്ചിട്ടില്ലെന്ന് ഗ്രൂപ്പ് വക്താക്കൾ പറഞ്ഞു.

വിപണി ബെയറിഷ് പ്രവണതയാണു കാണിക്കുന്നത്. 18,600 നു താഴേക്കു നീങ്ങിയാൽ നിഫ്റ്റി 18,200 വരെ വീഴാമെന്നു ചിലർ ആശങ്കപ്പെടുന്നു. ഇന്നു നിഫ്റ്റിക്ക് 18,645 -ലും 18,580 ലും പിന്തുണ ഉണ്ട്. 18,760 ലും 18,800 ലും തടസം ഉണ്ടാകാം.

മാന്ദ്യഭീതിയിൽ വ്യാവസായിക ലോഹങ്ങൾ ഇടിഞ്ഞു. അലൂമിനിയം 1.69 ശതമാനം താഴ്ന്നു ടണ്ണിന് 2169.09 ഡോളറിലായി. അതേ സമയം ചെമ്പ് 2.09 ശതമാനം കുറഞ്ഞ് ടണ്ണിന് 8488.85 ഡോളറിൽ എത്തി. നിക്കൽ 1.51 ശതമാനം താണപ്പാേൾ സിങ്ക് 3.27 ശതമാനം ഇടിഞ്ഞു. ടിൻ 1.50 ശതമാനവും ലെഡ് 1.45 ശതമാനവും താഴ്ന്നു.

ക്രൂഡ് ഓയിലും സ്വർണവും

ക്രൂഡ് ഓയിൽ വില വാരാന്ത്യത്തിൽ താണു നിന്നു. ബ്രെന്റ് ഇനം ക്രൂഡ് 73.85 ഡോളറിൽ ക്ലോസ് ചെയ്തു. ഡബ്ള്യുടിഐ ഇനം 69.50 ഡോളർ ആയി. എന്നാൽ റഷ്യൻ അടിമറി നീക്കത്തെ തുടർന്ന് ഇന്നു രാവിലെ ക്രൂഡ് വില ഒരു ശതമാനം ഉയർന്നു. പക്ഷേ ഇതു പെട്ടെന്നുള്ള പ്രതികരണമാണെന്നും ഇന്നു തന്നെ വില താഴുമെന്നും വിലയിരുത്തൽ ഉണ്ട്.

സ്വർണം വാരാന്ത്യത്തിലേക്കു കടന്നത് അൽപം ഉയർന്നാണ്. ഔൺസിന് 1921 ഡോളറിൽ എത്തി ക്ലോസ് ചെയ്തു. ഇന്നുരാവിലെ റഷ്യൻ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വീണ്ടും കയറി. 1928-1930 ഡോളറിലാണു വ്യാപാരം.

കേരളത്തിൽ പവൻവില വെള്ളിയാഴ്ച 320 രൂപ കുറഞ്ഞ് 43,280 രൂപ ആയി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. ശനിയാഴ്ച 120 രൂപ വർധിച്ച് 43,400 രൂപയിലെത്തി.

ഡോളർ വെള്ളിയാഴ്ച 82.01 രൂപയിലാണു ക്ലോസ് ചെയ്തത്. ലോക വിപണിയിൽ ഡോളർ സൂചിക ഉയർന്ന് 102.90 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക താഴ്ന്ന് 102.74 ആയി.

ക്രിപ്റ്റോ കറൻസികൾ ഇന്നു നേരിയ താഴ്ചയിലാണ്. ബിറ്റ് കോയിൻ 30,000 ഡോളറിലേക്ക് താണു.


വിപണി സൂചനകൾ

(2023 ജൂൺ 23, വെള്ളി)

സെൻസെക്സ് 30 62,979.37 -0.41%

നിഫ്റ്റി 50 18,665.50 -0.56%

ബാങ്ക് നിഫ്റ്റി 43,622.90 -0.23%

മിഡ് ക്യാപ് 100 34,799.90 -1.24%

സ്മോൾക്യാപ് 100 10,624.10 - 1.17%

ഡൗ ജോൺസ് 30 33,727.40 -0.65%

എസ് ആൻഡ് പി 500 4348.33 -0.77%

നാസ്ഡാക് 13,492.50 -1.01%

ഡോളർ ($) ₹82.01 +03 പൈസ

ഡോളർ സൂചിക 102.90 +0.51

സ്വർണം(ഔൺസ്) $1921.20 +$06.40

സ്വർണം(പവൻ ) ₹43,400 +₹120.00

ക്രൂഡ് (ബ്രെന്റ്)ഓയിൽ $73.85 -$0.24

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it