ആശ്വാസം കാണാതെ വിപണി; വിദേശികൾ വിൽപന കൂട്ടുന്നു; യു.എസ് കടപ്പത്ര വിപണിയും പശ്ചിമേഷ്യയും ആശങ്ക ഉണ്ടാക്കുന്നു

വിപണിക്ക് ആശ്വാസ സൂചന ഇല്ല. യുഎസിൽ കടപ്പത്രവില ഇടിയുന്നത് വിദേശനിക്ഷേപകരുടെ വിൽപന കൂടാൻ കാരണമാകുന്നു. ക്രൂഡ് ഓയിൽ വീണ്ടും കയറ്റത്തിലാണ്. സ്വർണം ഔൺസി (31.1 ഗ്രാം) നു 2000 ഡോളർ ലക്ഷ്യമിട്ടു നീങ്ങുകയാണ്. പശ്ചിമേഷ്യൻ സംഘർഷനിലയിൽ അയവില്ല. യുഎസ് വിപണി താഴ്ന്ന് അവസാനിച്ച ശേഷം ഫ്യൂച്ചേഴ്സും താഴ്ചയിലാണ്. ഏഷ്യൻ വിപണികൾ വലിയ ഇടിവിലായി.

ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ബുധൻ രാത്രി 19,075.5 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 19,044വരെ താഴ്ന്നു. ഇന്ത്യൻ വിപണി ഇന്നു താഴ്ന്നു വ്യാപാരം തുടങ്ങും എന്ന സൂചനയാണു ഡെറിവേറ്റീവ് വിപണി നൽകുന്നത്.

യൂറോപ്യൻ സൂചികകൾ ഇന്നലെ ഭിന്നദിശകളിൽ നീങ്ങി. ഡോയിച്ച് ബാങ്ക് പ്രതീക്ഷയിലും മികച്ച ലാഭം കാണിച്ചതോടെ ആ ഓഹരി എട്ടു ശതമാനം കയറി. തലേ ദിവസം ബാർക്ലേയ്സ് ബാങ്കിന്റെ വരുമാന പ്രതീക്ഷ കുറഞ്ഞതു ബാങ്ക് ഓഹരികളെ മൊത്തം താഴ്ത്തിയിരുന്നു.

സെപ്റ്റംബറിൽ യൂറാേപ്പിലെ വിലക്കയറ്റം 4.3 ശതമാനമായി കുറഞ്ഞിരുന്നു. തലേ മാസം 5.2 ശതമാനമായിരുന്നു. പ്രതീക്ഷയിലും മികച്ച കുറവ് പലിശനിരക്ക് കൂട്ടാതിരിക്കാൻ യൂറോപ്യൻ കേന്ദ്ര ബാങ്കിനെ പ്രേരിപ്പിക്കും എന്നാണു കരുതുന്നത്. ബാങ്ക് യോഗം ഇന്നാണ്.

യു.എസിലെ കടപ്പത്ര വിപണി ഇന്നലെ ദിശ മാറ്റി. കടപ്പത്രവില കുറഞ്ഞു. അവയിലെ നിക്ഷേപനേട്ടം 4.94 ശതമാനം വരെ ഉയർന്നു. ഇന്നു രാവിലെ വീണ്ടും കയറി നിക്ഷേപനേട്ടം 4.965 ശതമാനം വരെയായി. യുഎസിലെ നിക്ഷേപ നേട്ടം കയറുമ്പോൾ മൂലധനം തിരികെ അമേരിക്കയിലേക്ക് ഒഴുകും.

ബുധനാഴ്ച ഡൗ ജോൺസ് 105.45 പോയിന്റ് (0.32%) താഴ്ന്ന് 33,035.93 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 60.91 പോയിന്റ് (1.43%) ഇടിഞ്ഞ് 4186.77 ൽ അവസാനിച്ചു. അവസാന മണിക്കൂറിൽ ടെക് ഓഹരികളിലുണ്ടായ വിൽപന പ്രളയം നാസ്ഡാക് കോംപസിറ്റിനെ കുത്തനേ താഴ്ത്തി. നാസ്ഡാക് 318.65 പോയിന്റ് (2.43%) തകർന്ന് 12,821.22 ൽ ക്ലോസ് ചെയ്തു.

യു.എസ് ഫ്യൂച്ചേഴ്സ് വീണ്ടും താഴ്ചയിലായി. ഫ്യൂച്ചേഴ്സിൽ എസ് ആൻഡ് പി 0.4 ഉം നാസ്ഡാക് 0.7 ഉം ശതമാനം താഴ്ന്നു നിൽക്കുന്നു.

ഇന്നു യു.എസ് ജി.ഡി.പി എസ്റ്റിമേറ്റ് വരും. യു.എസ് ഫെഡിന്റെ പലിശ തീരുമാനത്തെ അതു സ്വാധീനിക്കും.

ഫേസ്ബുക്കിന്റെ മാതൃകമ്പനി മെറ്റ പ്രതീക്ഷയിലും മികച്ച വരുമാനവും ലാഭവും കാണിച്ചെങ്കിലും കമ്പനിയുടെ വർച്വൽ റിയാലിറ്റി വിഭാഗം 370 കോടി ഡോളർ നഷ്ടം വരുത്തിയതു വിപണിയെ നിരാശപ്പെടുത്തി. മെറ്റ ഓഹരി മൂന്നു ശതമാനം താണു.

ഗൂഗിളിന്റെ മാതൃകമ്പനി ആൽഫബെറ്റ് 9.5 ശതമാനം ഇടിഞ്ഞു. ഗൂഗിൾ ക്ലൗഡ് ബിസിനസിൽ വരുമാനം കുറഞ്ഞതാണു കാരണം. ക്ലൗഡ് ബിസിനസിൽ മെെക്രാേസോഫ്റ്റ് ബഹുദൂരം മുന്നിലായി.

ഏഷ്യൻ വിപണികൾ ഇന്നു വലിയ താഴ്ചയിലാണ്. ജപ്പാനിലും ദക്ഷിണ കൊറിയയിലും ഒരു ശതമാനത്തിലധികം ഇടിവോടെയാണു വ്യാപാരം തുടങ്ങിയത്. ദക്ഷിണ കൊറിയൻ ജിഡിപി കഴിഞ്ഞ ത്രെെമാസത്തിൽ 1.4 ശതമാനം വളർച്ച കാണിച്ചു. ഇതു പ്രതീക്ഷയിലും കൂടുതലാണ്.

ഇന്ത്യൻ വിപണി

വിദേശനിക്ഷേപകരുടെ വിൽപന സമ്മർദം ബുധനാഴ്ച ഇന്ത്യൻ വിപണിയെ കൂടുതൽ താഴ്ചയിലാക്കി. തുടർച്ചയായ അഞ്ചു ദിവസം താഴ്ന്ന വിപണി നവരാത്രി തുടങ്ങിയ ശേഷം മുഖ്യ സൂചികകളിൽ മൂന്നു ശതമാനത്തിലധികം നഷ്ടം ഉണ്ടാക്കി. യുഎസ് കടപ്പത്ര വിപണിയും പശ്ചിമേഷ്യൻ സംഘർഷവുമാണു വിപണിയെ വല്ലാതെ വിഷമിപ്പിക്കുന്നത്.

സെൻസെക്സ് 522.82 പോയിന്റ് (0.81%) താഴ്ന്ന് 64,049.06 ൽ അവസാനിച്ചു. നിഫ്റ്റി 159.6 പോയിന്റ് (0.83%) ഇടിഞ്ഞ് 19,122.15ൽ ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 319.2 പോയിന്റ് (0.74%) കുറഞ്ഞ് 42,832 ൽ വ്യാപാരം അവസാനിപ്പിച്ചു.

മിഡ് ക്യാപ് സൂചിക 0.65 ശതമാനം ഇടിവിൽ 38,564.25 ൽ ക്ലോസ് ചെയ്തപ്പാേൾ സ്മോൾ ക്യാപ് സൂചിക 0.24 ശതമാനം കുറഞ്ഞ് 12,433.5-ൽ അവസാനിച്ചു.

നിഫ്റ്റി 19,200 ലെ പിന്തുണ നഷ്ടപ്പെടുത്തിയാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. ഇനിയൊരു താഴ്ച 19,000നു താഴേക്കു സൂചികയെ എത്തിക്കുമെന്നു പലരും ഭയപ്പെടുന്നു.

നിഫ്റ്റിക്ക് ഇന്ന് 19,075 ലും 18,905 ലുമാണു പിന്തുണ. 19,150 ലും 19,450 ലും തടസങ്ങൾ പ്രതീക്ഷിക്കാം.

ബുധനാഴ്ച വിദേശ നിക്ഷേപകർ കനത്ത വിൽപന നടത്തി. ക്യാഷ് വിപണിയിൽ അവർ 4236.6 കോടിയുടെ ഓഹരികൾ വിറ്റഴിച്ചു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 3569.36 കോടിയുടെ ഓഹരികൾ വാങ്ങി. ഒക്ടോബറിൽ വിദേശികൾ പവർ, കൺസ്ട്രക്ഷൻ, ഐടി, ഓയിൽ - ഗ്യാസ്, ധനകാര്യ സേവന മേഖലകളിൽ നിന്നാണു പ്രധാനമായും പണം പിൻവലിച്ചത്. ഇന്നലെ യുഎസ് കടപ്പത്രവില വീണ്ടും താഴ്ന്നത് വിദേശികളുടെ വിൽപനയ്ക്ക് ആക്കം കൂട്ടി.

ഇന്നലെ നിരാശാജനകമായ റിസൽട്ട് പുറത്തുവിട്ട ടെക് മഹീന്ദ്ര കമ്പനിയിൽ വലിയ അഴിച്ചു പണി പ്രഖ്യാപിച്ചു. ലാഭത്തിൽ 61 ശതമാനം ഇടിവാണുണ്ടായത്. കമ്പനി ഓഹരി ഒന്നിന് 12 രൂപ ഇടക്കാല ലാഭവീതം പ്രഖ്യാപിച്ചു.

മിക്ക വ്യാവസായിക ലോഹങ്ങളും ബുധനാഴ്ച ഉയർന്നു. അലൂമിനിയം 1.2 ശതമാനം കയറി ടണ്ണിന് 2214.35 ഡോളറിലായി. ചെമ്പ് 0.57 ശതമാനം ഉയർന്ന് ടണ്ണിന് 7945.65 ഡോളറിലെത്തി. ലെഡ് 0.36 ശതമാനം താണു. നിക്കൽ 0.24 ഉം സിങ്ക് 1.51 ഉം ടിൻ 0.35 ഉം ശതമാനം ഉയർന്നു.

ക്രൂഡ് ഓയിലും സ്വർണവും

ക്രൂഡ് ഓയിൽ വില വീണ്ടും കയറ്റത്തിലായി. ബ്രെന്റ് ഇനം ക്രൂഡ് രണ്ടര ശതമാനം ഉയർന്ന് 90.13 ഡോളറിലും ഡബ്ള്യുടിഐ ഇനം 85.39 ഡോളറിലും ക്ലോസ് ചെയ്തു. യുഎഇയുടെ മർബൻ ക്രൂഡ് 91.57 ഡോളറിൽ വ്യാപാരം നടക്കുന്നു. ഇന്നു രാവിലെ ബ്രെന്റ് വില 89.93 ഡോളറിലേക്കു താണു.

സ്വർണം ഉയരുകയാണ്. ബുധനാഴ്ച 1980.10 ഡോളറിൽ രാജ്യാന്തരവില ക്ലോസ് ചെയ്തു. ഇന്നു രാവിലെ

ഉയർന്ന് 1987 ഡോളറിൽ എത്തി. കേരളത്തിൽ പവൻ വില ബുധനാഴ്ച 240 രൂപ കൂടി 45,320 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്. ഇന്നു വീണ്ടും വില ഗണ്യമായി വർധിച്ചേക്കും.

ഡോളർ ഇന്നലെ ഒരു പൈസ കുറഞ്ഞ് 83.18 രൂപയിൽ ക്ലോസ് ചെയ്തു.

ഡോളർ സൂചിക ബുധനാഴ്ച ഉയർന്ന് 106.53ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 106.64-ലേക്കു കയറി.

ക്രിപ്‌റ്റോ കറൻസികൾ ഉയർന്ന നിലയിൽ തുടരുന്നു. ബിറ്റ്കോയിൻ 34,500നു താഴെയാണ്.

വിലക്കയറ്റത്തിൽ ആശ്വാസം അകലെ

ചില്ലറ വിലക്കയറ്റത്തിൽ കാര്യമായ ആശ്വാസത്തിനു വകയില്ലെന്ന് ഖാരിഫ് വിളവെടുപ്പ് സംബന്ധിച്ച പുതിയ നിഗമനങ്ങൾ സൂചിപ്പിക്കുന്നു. പയറുവർഗങ്ങളുടെയും പരുക്കൻ ധാന്യങ്ങളുടെയും ഉൽപാദനത്തിൽ കാര്യമായ കുറവുണ്ടാകും എന്നാണു പുതിയ വിലയിരുത്തൽ.

പയറുവർഗങ്ങളുടെ കൃഷിസ്ഥലത്തിൽ 4.2 ശതമാനം കുറവുണ്ട്. ഉൽപാദനം 69 ലക്ഷം ടണ്ണിനും 73 ലക്ഷം ടണ്ണിനും ഇടയിലാകുമെന്ന് ബാങ്ക് ഓഫ് ബറോഡയുടെ പഠനറിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷം 76.2ലക്ഷവും അതിനു തലേ വർഷം 82.4 ലക്ഷവും ടൺ ഉൽപാദനം ഉണ്ടായിരുന്നു. കഴിഞ്ഞ വർഷം 25.2 ലക്ഷം ടൺ ഇറക്കുമതി വേണ്ടി വന്നു. എന്നിട്ടും ഈ ഏപ്രിൽ - സെപ്റ്റംബറിൽ വിലക്കയറ്റം ഉയർന്നു നിന്നു. പരിപ്പും തുവരപരിപ്പും അടിയന്തരമായി ഇറക്കുമതി ചെയ്യേണ്ടി വന്നു.

ഈ വർഷം പരിപ്പ് ഉൽപാദനം കഴിഞ്ഞ വർഷത്തെ 33.1 ലക്ഷം ടണ്ണിൽ നിന്ന് 32.2 - 32.7 ലക്ഷം ടൺ ആയി കുറയുമെന്നു കരുതുന്നു. ഉഴുന്നു പരിപ്പിന്റെയും ചെറുപയറിന്റെയും ഉൽപാദനത്തിൽ കൂടുതൽ കുറവാണ് കണക്കാക്കുന്നത്.

ഖാരിഫ് ഭക്ഷ്യധാന്യ ഉൽപാദനം ഒന്നര മുതൽ നാലു വരെ ശതമാനം കുറയാം എന്നാണ് ബാങ്കിന്റെ നിഗമനം.

ധാന്യങ്ങളുടെയും പയറുവർഗങ്ങളുടെയും വിലക്കയറ്റത്തിൽ കാര്യമായ ആശ്വാസത്തിനു വകയില്ല എന്ന് ബാങ്ക് വിലയിരുത്തുന്നു. കഴിഞ്ഞ മാസം ധാന്യങ്ങൾക്കു 11 ഉം പയറുവർഗങ്ങൾക്ക് 16.4 ഉം ശതമാനം വിലവർധന ഉണ്ടായിരുന്നു.

വിപണി സൂചനകൾ

(2023 ഒക്ടോബർ 25, ബുധൻ)

സെൻസെക്സ്30 64,049.06 -0.81%

നിഫ്റ്റി50 19,122.15 -0.83%

ബാങ്ക് നിഫ്റ്റി 42,832.00 -0.74%

മിഡ് ക്യാപ് 100 38,564.25 -0.65%

സ്മോൾ ക്യാപ് 100 12,433.50 -0.24%

ഡൗ ജോൺസ് 30 33,035.90 -0.32%

എസ് ആൻഡ് പി 500 4186.77 -1.43%

നാസ്ഡാക് 12,821.20 -2.43%

ഡോളർ ($) ₹83.18 -₹0.01

ഡോളർ സൂചിക 106.53 +0.26

സ്വർണം (ഔൺസ്) $1980.60 +$09.10

സ്വർണം (പവൻ) ₹45,320 +₹240.00

ക്രൂഡ് ബ്രെന്റ് ഓയിൽ $90.13 +$2.06

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it