വിപണികളിൽ അനിശ്ചിതത്വം; ഐ.ടിയിലും ബാങ്കിംഗിലും ആശങ്ക തുടരുന്നു; കറൻ്റ് അക്കൗണ്ട് കമ്മി കുറഞ്ഞു; ക്രൂഡ് വില തിരിച്ചിറങ്ങി
വിപണികൾ ഈയിടെ എത്തിയ റെക്കോർഡ് നിലവാരവും ഓഹരികളുടെ ഉയർന്ന പി.ഇ അനുപാതവും ന്യായമാണോ എന്ന സന്ദേഹത്തിലാണ്. യു.എസ് വിപണി നാലു ദിവസമായി താഴുന്നത് ഈ പശ്ചാത്തലത്തിലാണ്. ഇന്ത്യൻ വിപണിയും ഈ സന്ദേഹം പുലർത്തുന്നു. രാഷ്ട്രീയ ആശങ്കകൾ ഇല്ലെന്നു പറയുമ്പോഴും വിപണിയുടെ വിശ്വാസം അത്ര ശക്തമല്ല എന്നു കാണാം. ഇത്തരം അനിശ്ചിതത്വങ്ങളാണ് വിപണിയെ താഴ്ത്തുന്നത്.
ഐ.ടി മേഖലയിൽ ബിസിനസ് വളർച്ചയെപ്പറ്റിയുള്ള ആശങ്ക തുടരുകയാണ്. ബാങ്ക്, ധനകാര്യ മേഖലകളിൽ റിസർവ് ബാങ്കിൻ്റെ കടുത്ത നിബന്ധനകൾ ബിസിനസിനെ പിന്നോട്ടടിക്കുമെന്ന ഭീതിയും പ്രകടമാണ്. ഇന്നും ഇവയെല്ലാം വിപണിയെ ഉലയ്ക്കാം.
ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ചാെവ്വാഴ്ച രാത്രി 22,081ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 22,045ലെത്തി. ഇന്ത്യൻ വിപണി ഇന്നും നഷ്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നൽകുന്ന സൂചന.
വിദേശ വിപണി
യൂറോപ്യൻ വിപണികൾ ഇന്നലെ നേട്ടത്തിൽ അവസാനിച്ചു. യു.എസിലെ ബാൾട്ടിമൂറിൽ പാലം തകർത്ത കപ്പലപകടത്തിൻ്റെ പേരിൽ ഷിപ്പിംഗ് കമ്പനി മെർസ്കിൻ്റെ ഓഹരികൾ മൂന്നു ശതമാനം ഇടിഞ്ഞു.
യു.എസ് വിപണി ചാെവ്വാഴ്ചയും നഷ്ടത്തിലായി. ഡൗ ജോൺസ് സൂചിക 31.31 പോയിൻ്റ് (0.08%) താഴ്ന്ന് 39,282.33ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 14.61 പോയിൻ്റ് (0.28%) കുറഞ്ഞ് 5203.58ൽ വ്യാപാരം അവസാനിപ്പിച്ചു. നാസ്ഡാക് 68.77 പോയിൻ്റ് (0.42%) ഇടിഞ്ഞ് 16,315.70ൽ എത്തി. യു.എസ് ഫ്യൂച്ചേഴ്സ് ഇന്നും കയറ്റത്തിലാണ്. ഡൗ 0.21 ശതമാനവും എസ് ആൻഡ് പി 0.19 ശതമാനവും നാസ്ഡാക് 0.22 ശതമാനവും കയറി നിൽക്കുന്നു.
ഏഷ്യൻ വിപണികൾ ഇന്നു കയറ്റത്തിലാണ്. ദക്ഷിണ കൊറിയൻ വിപണി താഴ്ന്നു തുടങ്ങിയിട്ട് നേട്ടത്തിലേക്കു മാറി. ചെെനീസ് വിപണിയുടെ തുടക്കം താഴ്ന്നാണ്.
ഇന്ത്യൻ വിപണി
ചാെവ്വാഴ്ച ഇന്ത്യൻ വിപണി താഴ്ന്നു വ്യാപാരം തുടങ്ങിയിട്ടു കുറച്ചു നഷ്ടത്തോടെ അവസാനിപ്പിച്ചു. 72,396.67ൽ വ്യാപാരം തുടങ്ങിയ സെൻസെക്സ് 72,705 വരെ കയറിയിട്ട് അര ശതമാനം താഴ്ന്നാണു ക്ലോസ് ചെയ്തത്. 21,947.90 വരെ താഴ്ന്നു വ്യാപാരം തുടങ്ങിയ നിഫ്റ്റി 22,073ൽ എത്തിയിട്ടാണ് 0.42 ശതമാനം നഷ്ടത്തിൽ അവസാനിച്ചത്.
സെൻസെക്സ് 361.64 പോയിന്റ് (0.50%) താഴ്ന്ന് 72,470.30ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 92.05 പോയിന്റ് (0.42%) കുറഞ്ഞ് 22,004.70ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 263.55 പോയിന്റ് (0.56%) താഴ്ന്നു 46,600.20ൽ ക്ലോസ് ചെയ്തു.
മിഡ്ക്യാപ് സൂചിക 1.05 ശതമാനം കയറി 47,807.65ൽ ക്ലോസ് ചെയ്തു. സ്മോൾക്യാപ് സൂചിക 0.41 ശതമാനം ഉയർന്ന് 15,118.35ൽ വ്യാപാരം അവസാനിപ്പിച്ചു. ചാെവ്വാഴ്ച വിദേശ നിക്ഷേപകർ ക്യാഷ് വിപണിയിൽ 10.13 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 5024.36 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
21,700- 22,300 പരിധിയിൽ നിന്നു കടക്കാൻ നിഫ്റ്റിക്കു കഴിയുമോ എന്നതാണു വിപണിഗതിയെ സ്വാധീനിക്കുന്ന വിഷയം. നിഫ്റ്റിക്ക് ഇന്ന് 21,960ലും 21,885ലും പിന്തുണ ഉണ്ട്. 22,060ലും 22,140ലും തടസങ്ങൾ ഉണ്ടാകാം.
കല്യാണി ഗ്രൂപ്പിൽ പോര് രൂക്ഷം
ഭാരത് ഫോർജ്, കല്യാണി സ്റ്റീൽ, ഹെെകാൽ തുടങ്ങിയ കമ്പനികളുടെ ഉടമകളായ കല്യാണി കുടുംബത്തിലെ തർക്കങ്ങൾ വീണ്ടും കോടതിയിൽ എത്തി. ചെയർമാൻ ബാബാ കല്യാണിയുടെ നിയന്ത്രണത്തിലുള്ള സ്വത്തുക്കളിലും കമ്പനികളിലും വീതം ആവശ്യപ്പെട്ട് വിശാലകുടുംബത്തിലെ മറ്റ് അംഗങ്ങളാണു കോടതിയിൽ എത്തിയത്. വർഷങ്ങളായി തുടരുന്ന തർക്കം സൗഹൃദപരിഹാരമില്ലാത്ത നിലയിലായി എന്നതാണ് പുതിയ കാര്യം. കമ്പനികളുടെ വളർച്ചയെ ഇതു ബാധിക്കും.
കറൻ്റ് അക്കൗണ്ട് കമ്മി കുറഞ്ഞു
ഒക്ടോബർ - ഡിസംബർ പാദത്തിൽ ഇന്ത്യയുടെ കറൻ്റ് അക്കൗണ്ട് കമ്മി ജി.ഡി.പിയുടെ രണ്ടു ശതമാനത്തിൽ നിന്ന് 1.2 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 1680 കോടി ഡോളറിൽ നിന്നു 1050 കോടി ഡോളർ ആയി. ജൂലൈ സെപ്റ്റംബറിൽ 1140 കോടി ഡോളർ (1.3%) ആയിരുന്നു കമ്മി. പെട്രോളിയം വ്യാപാര കമ്മി അടക്കം വ്യാപാരകമ്മി കൂടിയെങ്കിലും സേവന മേഖലയിലെ കയറ്റുമതി വർധിച്ചതു കമ്മി കുറയാൻ സഹായിച്ചു. പ്രവാസികളിൽ നിന്നു രാജ്യത്തേക്കുള്ള വരവ് 2.1 ശതമാനം വർധിച്ച് 3140 കോടി ഡോളർ ആയി.
സ്വർണം വീണ്ടും കുതിപ്പിൽ
സ്വർണവിപണി കയറ്റം തുടരുകയാണ്. ഇന്നലെ ഏപ്രിൽ അവധി വ്യാപാരം 2210 ഡോളറിനു മുകളിലായി. സ്പാേട്ട് വില ഔൺസിന് 2200 ഡോളർ എത്തിയിട്ടു തിരിച്ചിറങ്ങി 2179.50ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 2180.80 വരെ കയറിയിട്ടു താണു. ജൂണിൽ യു.എസ് ഫെഡ് നിരക്കു കുറയ്ക്കുമെന്ന വിശ്വാസം ബലപ്പെട്ടതാണ് സ്വർണത്തെ കയറ്റുന്നത്. ഇന്നു രാത്രി ഫെഡ് ഗവർണർ ക്രിസ്റ്റഫർ വോളർ നടത്തുന്ന പ്രസംഗത്തിൽ എന്തെങ്കിലും സൂചന കിട്ടുമോ എന്നു വിപണി ശ്രദ്ധിക്കും. കേരളത്തിൽ സ്വർണം പവന് ചൊവ്വാഴ്ച 80 രൂപ കുറഞ്ഞ് 48,920 രൂപയായി.
ഡോളർ സൂചിക ഉയർന്നു തുടരുന്നു. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും 104.23ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 104.37 ലേക്കു കയറി. യുവാൻ പ്രകമ്പനത്തെ തുടർന്നു വാരാന്ത്യത്തിൽ ഇടിഞ്ഞ രൂപ ഇന്നലെ ഭാഗികമായി തിരിച്ചു കയറി. ഡോളർ 83.43 രൂപയിൽ നിന്ന് 83.28 രൂപയിലേക്കു താണു. 17 പൈസ ഇടിവ്. മൂന്നാം പാദത്തിലെ ഇന്ത്യയുടെ കറൻ്റ് അക്കൗണ്ട് കമ്മി ജിഡിപിയുടെ 1.2 ശതമാനമായി കുറഞ്ഞത് ഇന്നു രൂപയ്ക്കു കരുത്താകും.
ക്രൂഡ് ഓയിൽ വീണ്ടും താഴുന്നു
ക്രൂഡ് ഓയിൽ വില ഒരു ദിവസത്തെ കുതിപ്പിനു ശേഷം താഴ്ന്നു. യുക്രെയ്നിൽ യുദ്ധം വ്യാപിക്കുമെന്ന ഭീതി മാറി. ബ്രെൻ്റ് ഇനം ക്രൂഡ് 86.25 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെന്റ് ഇനം ക്രൂഡ് 0.64 ശതമാനം താഴ്ന്നു 85.70 ഡോളറിൽ എത്തി. ഡബ്ള്യു.ടി.ഐ ഇനം 81.15 ഡോളറിലും യു.എ.ഇയുടെ മർബൻ ക്രൂഡ് 86.08 ഡോളറിലും ആണ്.
ക്രിപ്റ്റോകൾ വീണ്ടും ചാഞ്ചാടുന്നു
ക്രിപ്റ്റോകറൻസികൾ ചാഞ്ചാടുകയാണ്. ചാെവ്വാഴ്ച ബിറ്റ്കോയിൻ 71,500 ഡോളർവരെ ഉയർന്നിട്ട് 70,000 ഡോളറിലേക്കു താഴ്ന്നു. ഈഥർ അടക്കം മറ്റു ക്രിപ്റ്റോകളും ചാഞ്ചാടി. ബിറ്റ്കോയിൻ്റെ വിപണിമൂല്യം ലോകത്തിലെ 159 രാജ്യങ്ങളുടെ 2023 ലെ ജി.ഡി.പിയേക്കാൾ കൂടുതലാണെന്ന് എച്ച്.എസ്.ബി.സി ഒരു റിപ്പാേർട്ടിൽ വെളിപ്പെടുത്തി.
കൊക്കോവില കുതിച്ചു പായുന്നു
ആഗാേള വിപണിയിൽ കൊക്കോ വില കുതിച്ചു പായുകയാണ്. മേയ് അവധി വില ടണ്ണിനു 10,000 ഡോളർ കടന്നു. ഇനിയും കയറും എന്നാണു വിപണിയിലെ നിഗമനം. പ്രധാന ഉൽപാദന മേഖലയായ പശ്ചിമാഫ്രിക്കയിൽ കാലാവസ്ഥാ പ്രാതികൂല്യം നിമിത്തം ഉൽപാദനം കുറഞ്ഞതാണു കാരണം. ചോക്കലേറ്റ് നിർമാണ കമ്പനികളുടെ കണക്കുകൂട്ടലുകൾ മുഴുവൻ തെറ്റിച്ചാണ് വില കുതിക്കുന്നത്. ഒരു വർഷം കൊണ്ട് കൊക്കാേ വില മൂന്നിരട്ടിയായി. 2024 ൽ മാത്രം വില 129 ശതമാനം കൂടി.
60 വർഷത്തിനിടയിലെ ഏറ്റവും വലിയ കൊക്കോ ദൗർലഭ്യമാണു ലോകം നേരിടുന്നത്. 2022-23 സീസണിൽ 74,000 ടൺ ആയിരുന്നു കമ്മി. 23-24 ൽ കമ്മി 3.74 ലക്ഷം ടൺ ആകും. ഐവറി കോസ്റ്റ്, ഘാന എന്നീ രാജ്യങ്ങളിലാണ് കൊക്കോ ഉൽപാദനത്തിൻ്റെ 60 ശതമാനം.
വിപണിസൂചനകൾ (2024 മാർച്ച് 26, ചൊവ്വ)
സെൻസെക്സ്30 72,470.30 -0.50%
നിഫ്റ്റി50 22,004.70 -0.42%
ബാങ്ക് നിഫ്റ്റി 46,600.20 -0.56%
മിഡ് ക്യാപ് 100 47,807.65 +1.05%
സ്മോൾ ക്യാപ് 100 15,118.35 +0.41%
ഡൗ ജോൺസ് 30 39,282.33 -0.08%
എസ് ആൻഡ് പി 500 5203.58 -0.28%
നാസ്ഡാക് 16,315.70 -0.42%
ഡോളർ ($) ₹83.28 -₹0.15
ഡോളർ സൂചിക 104.23 0.00
സ്വർണം (ഔൺസ്) $2179.50 +$07.90
സ്വർണം (പവൻ) ₹48,920 -₹80.00
ക്രൂഡ് (ബ്രെന്റ്) ഓയിൽ $86.25 -$0.50