ഓഹരി വിപണി ബുള്ളിഷ് ആയി തുടരുന്നു
പാശ്ചാത്യ വിപണികളിലെ കുതിപ്പ് ഏഷ്യൻ വിപണികളിലും ആവർത്തിക്കുന്നു. യുഎസ് ജിഡിപി- വിലക്കയറ്റ കണക്കുകൾ പ്രതീക്ഷ പോലെ വന്നതും ബാങ്കിംഗ് ആശങ്ക കുറഞ്ഞതും ടെക് ഭീമന്മാരുടെ നല്ല റിസൽട്ടുകളും ഇന്നലെ യുഎസ് വിപണിയെ വലിയ നേട്ടത്തിലാക്കി.
ഇന്ത്യൻ വിപണിയും ഇന്ന് ആവശകരമായ തുടക്കമാണു പ്രതീക്ഷിക്കുന്നത്. വിദേശ നിക്ഷേപകർ തുടർച്ചയായ രണ്ടാം ദിവസവും വാങ്ങലുകാരായതും വിപണിയെ സന്തോഷിപ്പിക്കുന്നു. ഫ്യൂച്ചേഴ്സ് സെറ്റിൽമെന്റ് ദിവസമായിരുന്ന ഇന്നലെ തുടർച്ചയായ നാലാം ദിവസത്തെ മുന്നേറ്റമാണു വിപണി കണ്ടത്. ഇപ്പോഴത്തെ കുതിപ്പ് കൂടുതൽ കരുത്താർജിച്ചിട്ടുണ്ട്. വിപണിയിലേക്കു ഗണ്യമായ പണവും എത്തുന്നുണ്ട്.
സിംഗപ്പുരിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി വ്യാഴാഴ്ച രാത്രി ഒന്നാം സെഷനിൽ 17,993 ൽ ക്ലോസ് ചെയ്തു. രണ്ടാം സെഷനിൽ 18,061 ലേക്കു കയറി. ഇന്നു രാവിലെ സൂചിക 18,058 ലാണ് കയറി. ഇന്ത്യൻ വിപണി ഇന്നു നല്ല നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്നാണു സൂചന.
യുഎസ് വിപണി സമീപകാലത്തെ ഏറ്റവും വലിയ കുതിപ്പിൽ
എഫ്ടിഎസ്ഇ ഒഴികെ യൂറോപ്യൻ വിപണികൾ ഇന്നലെ ഉയർന്നു ക്ലോസ് ചെയ്തു. ബാങ്കുകളുടെ മികച്ച റിസൽട്ടാണു കാരണം. ബാങ്കുകളും ടെക് കമ്പനികളും മികച്ച നേട്ടത്തിലായപ്പോൾ യുഎസ് വിപണി ഇന്നലെ സമീപകാലത്തെ ഏറ്റവും വലിയ കുതിപ്പ് നടത്തി.
ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിലെ പ്രശ്നത്തിൽ വേണ്ടി വന്നാൽ അതിവേഗം ഇടപെടുമെന്നു യുഎസ് ഭരണകൂടം വ്യക്തമാക്കി. ബാങ്കിൽ പണമിട്ടവർക്കു നഷ്ടം വരാത്ത വിധം ഇടപെടുമെന്നാണു സൂചന. സർക്കാരിന്റെ ഏറ്റെടുക്കൽ ഒഴിവാക്കാൻ ഫസ്റ്റ് റിപ്പബ്ളിക് തീവ്ര ശ്രമം നടത്തുകയാണെന്നാണ് റിപ്പോർട്ട്.
ഡൗ ജോൺസ് ഇന്നലെ 524.29 പോയിന്റ് (1.57 ശതമാനം) കുതിച്ചു. എസ് ആൻഡ് പി 79.36 പോയിന്റ് (1.96%) ഉയർന്നു. നാസ്ഡാക് 287.89 പോയിന്റ് ( 2.43%) കയറിയാണു വ്യാപാരം അവസാനിപ്പിച്ചത്.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു താഴ്ചയിലാണ്. ഡൗ 0.08 ഉം എസ് ആൻഡ് പി 0.13ഉം ശതമാനം താഴ്ന്നപ്പോൾ നാസ്ഡാക് 0.21 ശതമാനം താണു. ആമസാേൺ പ്രതീക്ഷകളെ കവച്ചുവച്ച റിസൽട്ട് പ്രസിദ്ധീകരിച്ചെങ്കിലും ഓഹരി ഫ്യൂച്ചേഴ്സിൽ താണു. ആദ്യം 10 ശതമാനം കയറിയിട്ട് പിന്നീടു 2.5 ശതമാനം താഴ്ന്നു. ഇന്റൽ ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടം വരുത്തിയെങ്കിലും ഫ്യൂച്ചേഴ്സിൽ നാലു ശതമാനം കയറി. സ്നാപ് ചാറ്റ് 18 ശതമാനവും പിന്ററസ്റ്റ് 13 ശതമാനവും ഇടിഞ്ഞു. പ്രതീക്ഷിച്ചതിലും മോശമായിരുന്നു വരുമാനം.
സൂചികകൾ കയറ്റത്തിൽ
ജപ്പാനിലെ നിക്കെെ അടക്കം എല്ലാ ഏഷ്യൻ സൂചികകളും ഇന്നു കയറ്റത്തിലാണ്. ചെെനീസ് വിപണിയും നേട്ടത്തിൽ വ്യാപാരം ആരംഭിച്ചു. ഇന്ത്യൻ വിപണി വ്യാഴാഴ്ച ചെറിയ നേട്ടത്തിൽ തുടങ്ങി ക്രമമായി കയറി മികച്ച നേട്ടത്തിൽ അവസാനിച്ചു. സെൻസെക്സ് 348.80 പോയിന്റ് (0.58%) കയറി 60,649.38 ലും നിഫ്റ്റി 101.45 പോയിന്റ് (0.57%) ഉയർന്ന് 17,915.05 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.56 ശതമാനവും സ്മോൾ ക്യാപ് സൂചിക 0.80 ശതമാനവും ഉയർന്നാണു ക്ലോസ് ചെയ്തത്. എഫ്എംസിജി ഒഴികെ എല്ലാ മേഖലകളും നേട്ടത്തിലായിരുന്നു.
വിപണി ബുള്ളിഷ് പ്രവണത തുടരുന്നു. ബുള്ളിഷ് റിവേഴ്സൽ പാറ്റേൺ വ്യക്തമാണെന്നും ഇനി 18,000 - 18,100 ലക്ഷ്യമിട്ടു കുതിപ്പ് തുടരുമെന്നും വിശകലന വിദഗ്ധർ പറയുന്നു. നിഫ്റ്റിക്കു 17,830 ലും 17,750 ലും സപ്പോർട്ട് ഉണ്ട്. 17,935 ലും 18,015 ലും തടസങ്ങൾ നേരിടാം.
വിദേശനിക്ഷേപകർ വ്യാഴാഴ്ചയും വാങ്ങലുകാരായി. അവർ 1652.95 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകൾ 97.07 കോടിയുടെ ഓഹരികളും വാങ്ങി.
ക്രൂഡ് ഓയിലും സ്വർണവും
ക്രൂഡ് ഓയിൽ വില നേരിയ തോതിൽ ഉയർന്നു. . ബ്രെന്റ് ഇനം ക്രൂഡ് ഇന്നലെ 78.37 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 78.46 ലേക്കു കയറി. സ്വർണവില വീണ്ടും കയറിയിറങ്ങി. 2000 ഡോളറിനു മുകളിൽ കയറിയിട്ട് 1975 ലേക്കു താണു. ഇന്നു രാവിലെ സ്വർണം 1989-1991 ഡോളറിലാണ്.
കേരളത്തിൽ പവൻവില മാറ്റമില്ലാതെ 44,760 രൂപയിൽ തുടർന്നു. വ്യാവസായിക ലോഹങ്ങൾ ഇന്നലെയും താണു. ചെമ്പ് 0.82 ശതമാനം താഴ്ന്ന് ടണ്ണിന് 8465 ഡോളറിലായി. അലൂമിനിയം 0.08 ശതമാനം കുറഞ്ഞ് 2324 ഡോളറിൽ ക്ലാേസ് ചെയ്തു. മറ്റു ലോഹങ്ങൾ കയറിയിറങ്ങി.
ക്രിപ്റ്റോ കറൻസികൾ കാര്യമായ മാറ്റമില്ലാതെ തുടരുന്നു. ബിറ്റ്കോയിൻ 29,500 ഡോളറിനടുത്താണ്. ഡോളർ വെള്ളിയാഴ്ച 15 പെെസ താഴ്ന്ന് 81.76 രൂപയിൽ ക്ലോസ് ചെയ്തു. ഡോളർ സൂചിക താഴ്ന്ന് 101.49ൽ അവസാനിച്ചു. ഇന്നു രാവിലെ 101.52 ലേക്കു കയറി.
പാർക്ക് അവന്യുവും കാമസൂത്രയും ഗോദ്റെജിലേക്ക്
റെയ്മണ്ടിന്റെ എഫ്‌എംസിജി ബിസിനസ് 2825 കോടി രൂപയ്ക്ക് ഗോദ്റെജ് കൺസ്യൂമർ പ്രൊഡക്ട്സ് (ജിസിപിഎൽ) വാങ്ങി. പാർക്ക് അവന്യു, കെഎസ്, കാമസൂത്ര ബ്രാൻഡുകൾ ഉൾപ്പെടെയാണു കൈമാറ്റം. വലിയ വളർച്ച സാധ്യത കണ്ടാണു വാങ്ങൽ എന്ന് ജിസിപിഎൽ സിഇഒ സുധീർ സീതാപതി പറയുന്നു.
റെയ്മണ്ടിന്റെ ലൈഫ് സ്റ്റൈൽ ബിസിനസുകൾ റെയ്മണ്ട് കൺസ്യൂമർ കെയർ ലിമിറ്റഡിലേക്കു മാറ്റും. ഈ കൈമാറ്റം കഴിയുമ്പോൾ എൻജിനിയറിംഗിലും ഡെനിം നിർമാണത്തിലും നിക്ഷേപമുള്ള ഒരു റിയൽ എസ്റ്റേറ്റ് കമ്പനി മാത്രമായിരിക്കും റെയ്മണ്ട്.
കമ്പനികൾ
ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ നാലാം പാദ റിസൽട്ട് വിപണിയുടെ പ്രതീക്ഷയാേളം വന്നില്ല. വരുമാനം 11 ശതമാനവും അറ്റാദായം 10 ശതമാനവും കൂടി. പ്രവർത്തന ലാഭ മാർജിൻ 0.9 ശതമാനം കുറഞ്ഞു.
വിപ്രോയുടെ നാലാം പാദ റിസൽട്ടും പ്രതീക്ഷയോളം വന്നില്ല. എന്നാൽ കമ്പനി ഓഹരി തിരിച്ചു വാങ്ങൽ പ്രഖ്യാപിച്ചതു വിപണിക്ക് ഇഷ്ടപ്പെടും. വിപണി വിലയേക്കാൾ 20 ശതമാനം കൂട്ടി 445 രൂപയ്ക്കാണ് ഓഹരി വാങ്ങുക. അഞ്ചു ശതമാനത്താേളം ഓഹരി വാങ്ങാൻ 12,000 കോടി രൂപ മുടക്കും.
ടെക് മഹീന്ദ്രയുടെ നാലാം പാദ അറ്റാദായം 26 ശതമാനം കുറഞ്ഞു. പ്രതീക്ഷയിലും മോശമാണു റിസൽട്ട്. സിറ്റി ബാങ്കിന്റെ ബിസിനസ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട ചെലവുകൾ മൂലം ആക്സിസ് ബാങ്കിനു നാലാം പാദത്തിൽ 5728 കോടി രൂപ നഷ്ടം വന്നു. ഏറ്റെടുക്കൽ ചെലവ് 12,490 കോടിയാണ്. ഇതു കൂട്ടാതെ ലാഭം 61 ശതമാനം വർധിച്ച് 6625 കോടി രൂപ ഉണ്ട്.
യുഎസ് വളർച്ച തുടരുന്നു; പലിശവർധന തുടരും
ജനുവരി-മാർച്ചിലെ യുഎസ് ജിഡിപി വളർച്ച 1.1 ശതമാനമായി കുറഞ്ഞത് അപ്രതീക്ഷിതമായിരുന്നില്ല. ഇൻവെന്ററിയിലെ വർധനയാണു പ്രധാന കാരണം. ജനങ്ങളുടെ ഉപഭോഗം 3.7 ശതമാനം വർധിച്ചത് പലിശ നിരക്കിലെ വർധന മൂലം ഡിമാൻഡ് കുറഞ്ഞിട്ടില്ലെന്നു കാണിച്ചു.
ഒന്നാം പാദത്തിലെ പേഴ്സണൽ കൺസംഷൻ എക്സ്പെൻഡിച്ചർ (പിസിഇ) 4.2 ശതമാനവും കാതൽ വിലക്കയറ്റം 4.9 ശതമാനവും വർധിച്ചു. അടുത്തയാഴ്ചയും ജൂണിലും യുഎസ് ഫെഡ് പലിശനിരക്ക് വർധിപ്പിക്കാൻ തക്കതാണ് ഈ കണക്കുകൾ.
ഇക്കൊല്ലം യുഎസിൽ മാന്ദ്യം വരുമെന്ന് പല സാമ്പത്തിക നിരീക്ഷകരും പറയുന്നുണ്ടെങ്കിലും വളർച്ച നാമമാത്രമായി കുറയുന്ന സാഹചര്യമേ ഫെഡ് കണക്കാക്കുന്നുള്ളു. തൊഴിലില്ലായ്മാ ആനുകൂല്യ അപേക്ഷകൾ കുറഞ്ഞിട്ടുള്ളതും പലിശ കൂട്ടുന്നതിനു പ്രേരിപ്പിക്കും.
വിപണി സൂചനകൾ
(2023 ഏപ്രിൽ 25, ചൊവ്വ)
സെൻസെക്സ് 30 60,649.38 +0.58%
നിഫ്റ്റി 50 17,915.05 +0.57%
ബാങ്ക് നിഫ്റ്റി 43,000.80 +0.40%
മിഡ് ക്യാപ് 100 31,404.20 +0.56%
സ്മോൾക്യാപ് 100 9252.50 +0.80%
ഡൗ ജോൺസ്30 33,826.16 +1.57%
എസ് ആൻഡ് പി500 4135.35 +1.96%
നാസ്ഡാക് 12,142.24 +2.43%
ഡോളർ ($) ₹81.83 +06 പൈസ
ഡോളർ സൂചിക 101.49 +0.02
സ്വർണം(ഔൺസ്) $ 1987.70 -$03.70
സ്വർണം(പവൻ ) ₹44,760 +₹00.00
ക്രൂഡ്(ബ്രെന്റ്)ഓയിൽ $78.37 +$0.68