പുതിയ ഉയരങ്ങളുടെ ആവേശത്തിൽ നിക്ഷേപകർ; ലാഭമെടുക്കലും പ്രതിമാസ സെറ്റിൽമെന്റും വിപണിയെ ബാധിക്കുമോ? ക്രൂഡ് വില താഴുന്നു; സ്വർണം കുതിക്കുന്നു
പലിശ കുറയ്ക്കൽ നേരത്തേ തുടങ്ങും എന്ന പ്രതീക്ഷയിൽ എങ്ങും വിപണികൾ കുതിപ്പിലാണ്. അതിന്റെ ഭാഗമായി ഇന്ത്യൻ വിപണി ഇന്നലെ ഒരു ശതമാനം ഉയർന്നു പുതിയ റെക്കോഡ് നിലവാരത്തിലായി. സെൻസെക്സ് 72,000 പോയിന്റ് കടന്നും നിഫ്റ്റി 21,650നു മുകളിലും ക്ലോസ് ചെയ്തു. ഉയരത്തിൽ വിറ്റു ലാഭമെടുക്കുന്നവരുടെ വിൽപന സമ്മർദം ഇന്നും ഉണ്ടാകാം. പ്രതിമാസ ഡെറിവേറ്റീവ് സെറ്റിൽമെന്റും വിപണിയുടെ കയറ്റത്തിനു തടസമാകാം. എങ്കിലും നിക്ഷേപകർ ആവേശത്തിലാണ്. സാന്താ റാലി പുതുവർഷത്തിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് അവർ. ഏഷ്യൻ വിപണികൾ പാെതുവേ കയറ്റത്തിലായത് പ്രതീക്ഷകൾക്കു കരുത്താണ്.
ബുധൻ രാത്രി ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി 21,690ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 21,758 ലേക്കു കയറി. ഇന്ത്യൻ വിപണി ഇന്നും ഉയർന്ന നിലയിൽ വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നൽകുന്ന സൂചന.
യൂറോപ്യൻ വിപണികൾ ഇന്നലെ ചെറിയ നേട്ടത്തിൽ ക്ലോസ് ചെയ്തു. കാറ്റിൽ നിന്നു വൈദ്യുതി ഉണ്ടാക്കുന്ന വെസ്റ്റാസ് ആറും സീമൻസ് എനർജി 4.8 ഉം ശതമാനം ഉയർന്നു. ഷിപ്പിംഗ് കമ്പനി മെർസ്ക് നാലു ശതമാനം താഴ്ന്നു.
യു.എസ് വിപണി ഇന്നലെ അനിശ്ചിതത്വമാണു കാണിച്ചത്. ഒടുവിൽ ഡൗ ജോൺസ് നൂറിലേറെ പോയിന്റ് നേട്ടത്തിലും മറ്റു സൂചികകൾ നാമമാത്ര കയറ്റത്തിലും ക്ലോസ് ചെയ്തു. എസ് ആൻഡ് പി റെക്കോർഡ് നിലവാരത്തിലേക്കു കുറേക്കൂടി അടുത്തു. ഡോളർ സൂചിക 101 നു താഴെ എത്തി. മാർച്ചിൽ യു.എസ് ഫെഡ് പലിശ കുറച്ചു തുടങ്ങും എന്ന നിഗമനമാണു സാന്താ റാലിയെ ഈയാഴ്ചയിലേക്കു നീട്ടിയത് എന്നു നിക്ഷേപ വിദഗ്ധർ പറയുന്നു.
ബുധനാഴ്ച ഡൗ ജോൺസ് 111.19 പോയിന്റ് (0.30%) ഉയർന്ന് 37,656.52 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 6.83 പോയിന്റ് (0.14%) കയറി 4781.58 ൽ അവസാനിച്ചു. നാസ്ഡാക് 24.60 പോയിന്റ് (0.16%) കുതിച്ച് 15,099.18 ൽ ക്ലോസ് ചെയ്തു.
10 വർഷ യു.എസ് കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം ഇന്നലെ 3.79 ശതമാനത്തിലേക്കു താണു. ഇന്നു രാവിലെ 3.807 ശതമാനത്തിലേക്കു കയറി.
യു.എസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ ചെറിയ നേട്ടത്തിലാണ്. ഡൗ 0.02 ഉം എസ് ആൻഡ് പി 0.05 ഉം നാസ്ഡാക് 0.09 ഉം ശതമാനം ഉയർന്നു നിൽക്കുന്നു.
ഏഷ്യൻ വിപണികൾ ഇന്ന് ഭിന്നദിശകളിലാണ്. ഓസ്ട്രേലിയൻ വിപണി നേട്ടത്തിൽ തുടങ്ങി. ഓസ്ട്രേലിയൻ വിപണി രണ്ടു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലാണ്. ജപ്പാനിൽ അരശതമാനത്തിലധികം താഴ്ന്നാണു വ്യാപാരം തുടങ്ങിയത്.
ചെെനീസ് വിപണികളും നേട്ടം കാണിച്ചു.
ഇന്ത്യൻ വിപണി
ബുധനാഴ്ച ഇന്ത്യൻ വിപണി തുടക്കം മുതൽ ക്രമമായി ഉയർന്നു നീങ്ങി. ഇടയ്ക്കു ഗണ്യമായി താഴ്ന്നെങ്കിലും അവസാന മണിക്കൂറിൽ വലിയ കുതിപ്പോടെ പുതിയ റെക്കോർഡ് കുറിച്ചു. ഡിസംബർ 20 ലെ റെക്കാേർഡിൽ നിന്ന് 200 പോയിന്റ് വരെ ഉയർന്നാണു സെൻസെക്സ് ചരിത്രം തിരുത്തിയത്. തുടർച്ചയായ നാലാം ദിവസവും ഉയർന്ന സെൻസെക്സ് 72,119.85ലും നിഫ്റ്റി 21,675.75 ലും എത്തി. ബാങ്ക് നിഫ്റ്റിയും നേട്ടത്തിലായിരുന്നെങ്കിലും റെക്കോർഡ് മറികടന്നില്ല.
ബി.എസ്.ഇ യിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം 2.21 ലക്ഷം കോടി രൂപ കയറി 361.32 ലക്ഷം കോടി രൂപയായി. ഒരാഴ്ച കൊണ്ടു വിപണിമൂല്യം 11 ലക്ഷം കോടിയിലധികം രൂപ വർധിച്ചു.
സെൻസെക്സ് 701.63 പോയിന്റ് (0.98%) കുതിച്ച് 72,038.43 ലും നിഫ്റ്റി 213.40 പോയിന്റ് (1.00%) ഉയർന്ന് 21,654.75 ലും വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 557.35 പോയിന്റ് (1.17%) കയറി 48,282.20 ൽ ക്ലോസ് ചെയ്തു.
മിഡ് ക്യാപ് സൂചിക 0.38 ശതമാനം കയറി 45,558.95 ലും സ്മോൾ ക്യാപ് സൂചിക 0.45 ശതമാനം ഉയർന്ന് 14,933.35 ലും വ്യാപാരം അവസാനിപ്പിച്ചു.
ഓയിൽ - ഗ്യാസ് ഒഴികെ എല്ലാ വ്യവസായ മേഖലകളും ബുധനാഴ്ച നല്ല നേട്ടത്തിലായി. പി.എസ്.യു ബാങ്ക്, മെറ്റൽ, ഓട്ടോ, റിയൽറ്റി, ഐ.ടി തുടങ്ങിയവ നേട്ടത്തിനു മുന്നിൽ നിന്നു. ബാങ്കുകളും ധനകാര്യ കമ്പനികളും നല്ല തിരിച്ചു വരവ് നടത്തി.
വിദേശനിക്ഷേപ ഫണ്ടുകൾ ബുധനാഴ്ച ക്യാഷ് വിപണിയിൽ 2926.05 കോടിയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും കൂടി 192.01 കോടിയുടെ ഓഹരികൾ വിറ്റു. വിദേശനിക്ഷേപകർ ഈ മാസം ഇതുവരെ 47,531 കോടി രൂപ ഇന്ത്യൻ ഓഹരികളിൽ നിക്ഷേപിച്ചിട്ടുണ്ട്.
വിപണി ബുള്ളിഷ് ആവേശം തുടരും എന്നാണു നിഗമനം. നിഫ്റ്റിക്ക് തടസമായിരുന്ന 21,500 ഇനി പിന്തുണയാകും. 21,800 - 22,000 പുതിയ തടസമേഖലയായി മാറാം.
നിഫ്റ്റിക്ക് ഇന്ന് 21,540 ലും 21,430 ലും പിന്തുണ ഉണ്ട്. 21,725 ഉം 21,970 ഉം തടസങ്ങളാകാം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിക്ഷേപപലിശ കൂട്ടി
എസ്.ബി.ഐ നിക്ഷേപപലിശ നിരക്ക് വർധിപ്പിച്ചു. ഒരു വർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് ഇനി ആറു ശതമാനം (മുതിർന്ന പൗരർക്ക് 6.5%) പലിശ കിട്ടും. 400 ദിവസ അമൃത് കലശ നിക്ഷേപത്തിന് 7.1% (മുതിർന്നവർക്ക് 7.6%) കിട്ടും. വായ്പാ വിതരണം കൂടുന്നതിനനുസരിച്ച് നിക്ഷേപങ്ങൾ വർധിക്കാത്ത സാഹചര്യമാണ് നിരക്കു കൂട്ടാൻ എസ്.ബി.ഐയെ പ്രേരിപ്പിച്ചത്. മറ്റു ബാങ്കുകളും ഈ വഴി സ്വീകരിച്ചു എന്നു വരാം.
റിസർവ് ബാങ്ക് കണക്കനുസരിച്ച് ഈ വർഷം ഡിസംബർ ഒന്നു വരെ ബാങ്ക് വായ്പകൾ 16.4 ശതമാനവും ബാങ്കിലെ നിക്ഷേപങ്ങൾ 12.7 ശതമാനവും വർധിച്ചു. ബാങ്കുകൾക്കു പണലഭ്യത കുറഞ്ഞു നിൽക്കുന്നതു മൂലം റിസർവ് ബാങ്ക് നടത്തിയ വേരിയബിൾ റേറ്റ് റീപോ ലേലത്തിനു മൂന്നിരട്ടി അപേക്ഷകൾ ഉണ്ടായി. പണലഭ്യത കൂട്ടാൻ ബാങ്കുകൾ നിക്ഷേപ പലിശ കൂട്ടുന്നത് അറ്റപലിശ വരുമാനവും അതു വഴി ലാഭവും കുറയ്ക്കും. ബാങ്ക് ഓഹരികൾക്കു ക്ഷീണം വരുത്തുന്ന കാര്യമാണത്.
ഐ.ടിയിൽ ചൂണ്ടൽ വിവാദം
ഇന്ത്യൻ ഐ.ടി കമ്പനികളിൽ നിന്ന് ആൾക്കാരെ ചൂണ്ടുന്നുവെന്ന ആരോപണം വീണ്ടും. വിദേശകമ്പനിയായ കോഗ്നിസന്റിനെതിരേ ആരാേപണവും കേസുമായി വിപ്രാേയും ഇൻഫോസിസും രംഗത്തു വന്നു. വിപ്രാേയിൽ നിന്നു കോഗ്നിസന്റിലേക്കു പോയ ചീഫ് ഫിനാൻസ് ഓഫീസർ ജതിൻ ദലാലിന് എതിരേ വിപ്രോ കേസ് കൊടുത്തു. കമ്പനിയിൽ നിന്നു പിരിഞ്ഞാൽ നിശ്ചിത കാലത്തേക്ക് എതിർകമ്പനികളിൽ ചേരരുത് എന്ന കരാർ വ്യവസ്ഥ ലംഘിച്ചതിനാണു കേസ്. കമ്പനികൾ മത്സരിച്ചു വേതനം വർധിപ്പിക്കുന്നതു നിർത്തിയതാേടെയാണു ചൂണ്ടൽ വർധിച്ചത്.
ക്രൂഡ് ഓയിൽ താഴുന്നു, സ്വർണം കയറുന്നു
ചെങ്കടലിലെ ഹൂതീ ആക്രമണഭീഷണി തുടരുന്നുണ്ടെങ്കിലും ക്രൂഡ് ഓയിൽ വില രണ്ടു ശതമാനം താണു. ഇന്ന് ബ്രെന്റ് ഇനം ക്രൂഡ് ഓയിൽ 79.65 ഡോളറിലും ഡബ്ള്യുടിഐ ഇനം 74.14 ഡോളറിലും ആണ്. യുഎഇയുടെ മർബൻ ക്രൂഡ് 79.10 ഡോളറിൽ വ്യാപാരം നടക്കുന്നു.
ലാേകവിപണിയിൽ സ്വർണവില കയറ്റം തുടരുകയാണ്. ഡിസംബർ തുടക്കത്തിലെ ഔൺസിന് 2072.04 ഡോളർ റെക്കാേർഡ് മറികടന്നു കുതിക്കുകയാണു സ്വർണം. ഇന്നലെ ഔൺസിന് 2077.25 ഡോളറിൽ ക്ലോസ് ചെയ്ത സ്വർണം ഇന്നു രാവിലെ 2087 ഡോളറിലാണ്. വില 2150 - 2170 ഡോളർ മേഖലയിലേക്കു കയറുമെന്നാണു പലരുടെയും പ്രവചനം.
കേരളത്തിൽ പവൻവില ഇന്നലെ 80 രൂപ വർധിച്ച് 46,800 രൂപയിൽ എത്തി. ഇന്നും വില കൂടും എന്നാണു സൂചന. ഡിസംബർ നാലിനു കുറിച്ച 47,080 രൂപയാണു പവന്റെ റെക്കാേർഡ്. അതു മറികടക്കാനുള്ള സാധ്യത ഉണ്ട്.
ഡോളർ സൂചിക ബുധനാഴ്ച താണ് 100.99- ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 100.82 ലേക്കു താണു.
ഡോളർ ചൊവ്വാഴ്ച16 പൈസ കയറി 83.35 രൂപയിൽ ക്ലോസ് ചെയ്തു.
ക്രിപ്‌റ്റോ കറൻസികൾക്കു വില കൂടി. ബിറ്റ്കോയിൻ ഇന്നു രാവിലെ 43,660 ഡോളറിനു സമീപമാണ്.
വിപണിസൂചനകൾ (2023 ഡിസംബർ 27, ബുധൻ)
സെൻസെക്സ്30 72,038.43 +0.98%
നിഫ്റ്റി50 21,654.75 +1.00%
ബാങ്ക് നിഫ്റ്റി 48,282.20 +1.17%
മിഡ് ക്യാപ് 100 45,558.95 +0.38%
സ്മോൾ ക്യാപ് 100 14,933.35 +0.45%
ഡൗ ജോൺസ് 30 37,656.52 +0.30%
എസ് ആൻഡ് പി 500 4781.58 +0.14%
നാസ്ഡാക് 15,099.18 +0.16%
ഡോളർ ($) ₹83.35 +₹0.16
ഡോളർ സൂചിക 100.99 -0.48
സ്വർണം (ഔൺസ്) $2077.25 +$08.85
സ്വർണം (പവൻ) ₹46,800 +₹ 80.00
ക്രൂഡ് (ബ്രെന്റ്) ഓയിൽ $79.34 -$1.67