വിപണി വീണ്ടും ഉത്സാഹത്തില്‍, യു.എസ് വിപണി കുതിച്ചു; രൂപ താഴുന്നു, പറന്നുയരാന്‍ സ്വര്‍ണം

പാശ്ചാത്യ വിപണികള്‍ അനിശ്ചിതത്വവും ആശങ്കയും മാറ്റി വച്ചു. ടെക്നോളജി മേഖലയിലെ ആശങ്ക തുടരുന്നതായി നാസ്ഡാക് സൂചിക കാണിക്കുന്നു. എങ്കിലും ഒന്നാം പാദം അവസാനിക്കുമ്പോള്‍ ഡൗ സൂചിക 5.5 ശതമാനവും എസ് ആന്‍ഡ് പി 13.1 ശതമാനവും നാസ്ഡാക് 9.3 ശതമാനവും നേട്ടത്തോടെ റെക്കോര്‍ഡുകളില്‍ ക്ലോസ് ചെയ്യുമെന്നാണു സൂചന.

ഇന്ത്യന്‍ വിപണി ഇന്നലെ യു.എസ് ഫ്യൂച്ചേഴ്‌സിനെ പിന്തുടര്‍ന്നു നല്ല തിരിച്ചു കയറ്റം നടത്തി. ഇന്നു മാര്‍ച്ച് സീരീസ് സെറ്റില്‍മെന്റ് ആണെങ്കിലും മുന്നേറ്റം തുടരാനുളള ആവേശത്തിലാണു വിപണി. എന്നാല്‍ ഏഷ്യന്‍ വിപണികള്‍ താഴ്ചയിലാണ്. നാളെ വിപണികള്‍ക്ക് അവധിയാണ്.
ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ച രാത്രി 22,214ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 22,245ലെത്തി. ഇന്ത്യന്‍ വിപണി ഇന്നു നേട്ടത്തില്‍ വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നല്‍കുന്ന സൂചന.
വിദേശ വിപണി
യൂറോപ്യന്‍ വിപണികള്‍ ഇന്നലെയും നേട്ടത്തില്‍ അവസാനിച്ചു. സ്വീഡിഷ് ഫാഷന്‍ റീറ്റെയ്‌ലര്‍ പ്രതീക്ഷയേക്കാള്‍ കൂടിയ വില്‍പനയും ലാഭവും കാണിച്ചതിനെ തുടര്‍ന്ന് 15 ശതമാനം ഉയര്‍ന്നു.
യു.എസ് വിപണി മൂന്നു ദിവസത്തെ നഷ്ടക്കഥ മാറ്റി മികച്ച കുതിപ്പ് നടത്തി. ഡൗ ജോണ്‍സ് സൂചിക 477.75 പോയിന്റ് (1.22%) കുതിച്ച് 39,760.08ല്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി 44.91 പോയിന്റ് (0.86%) ഉയര്‍ന്ന് 5248.49ല്‍ വ്യാപാരം അവസാനിപ്പിച്ചു. നാസ്ഡാക് 83.82 പോയിന്റ് (0.51%) കയറി 16,399.52ല്‍ എത്തി.
യു.എസ് ഫ്യൂച്ചേഴ്‌സ് ഇന്നു നേരിയ താഴ്ചയിലാണ്. ഡൗ 0.06 ശതമാനവും എസ് ആന്‍ഡ് പി 0.07 ശതമാനവും നാസ്ഡാക് 0.09 ശതമാനവും താഴ്ന്നു നില്‍ക്കുന്നു.
ഏഷ്യന്‍ വിപണികള്‍ ഇന്നു തുടക്കത്തില്‍ ഇടിഞ്ഞു. ജാപ്പനീസ് നിക്കൈ ഒരു ശതമാനം താഴ്ന്നു. ഓസ്‌ട്രേലിയന്‍ വിപണി സൂചിക റെക്കോര്‍ഡിലേക്ക് ഉയര്‍ന്നാണ് വ്യാപാരം തുടങ്ങിയത്.
ഇന്ത്യന്‍ വിപണി
ബുധനാഴ്ച ഇന്ത്യന്‍ വിപണി നേട്ടത്തില്‍ വ്യാപാരം തുടങ്ങി കൂടുതല്‍ ഉയര്‍ന്ന് അവസാനിപ്പിച്ചു. സെന്‍സെക്‌സ് 72,600 വരെ താഴ്ന്നിട്ട് 73,139 വരെ ഉയര്‍ന്നു. 22,194 വരെ കയറിയ നിഫ്റ്റി 22,052 വരെ താഴുകയുണ്ടായി. സെന്‍സെക്‌സ് 526.01 പോയിന്റ് (0.73%) കുതിച്ച് 72,996.31ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 118.95 പോയിന്റ് (0.54%) ഉയര്‍ന്ന് 22,123.65ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 18575 പോയിന്റ് (0.40%) കയറി 46,785.95ല്‍ ക്ലോസ് ചെയ്തു.
മിഡ് ക്യാപ് സൂചിക 0.06 ശതമാനം കയറി 47,837.35ല്‍ ക്ലോസ് ചെയ്തു. സ്‌മോള്‍ ക്യാപ് സൂചിക 0.96 ശതമാനം കുതിച്ച് 15,263.90ല്‍ വ്യാപാരം അവസാനിപ്പിച്ചു.
ബുധനാഴ്ച വിദേശ നിക്ഷേപകര്‍ ക്യാഷ് വിപണിയില്‍ 2170.32 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 1197.61 കോടി രൂപയുടെ ഓഹരികളും വാങ്ങി.
21,980-22,300 പരിധിയിലേക്കു നിഫ്റ്റിയുടെ പിന്തുണ പ്രതിരോധ നിലകള്‍ ഉയര്‍ത്താന്‍ ഇന്നലത്തെ കുതിപ്പിനു കഴിഞ്ഞു. മിഡ് ക്യാപ് ഓഹരികള്‍ ദുര്‍ബലമായിരുന്നില്ലെങ്കില്‍ വിശാല വിപണി ഇന്നലെ നേട്ടത്തിലാകുമായിരുന്നു. നിഫ്റ്റിക്ക് ഇന്ന് 22,070ലും 21,985ലും പിന്തുണ ഉണ്ട്. 22,140ലും 22,260ലും തടസങ്ങള്‍ ഉണ്ടാകാം.
ഉത്സാഹത്തില്‍ റിലയന്‍സും മാരുതിയും
റിലയന്‍സ് ഓഹരിക്ക് ഈ വര്‍ഷം 3,400 രൂപയും രണ്ടു വര്‍ഷത്തിനകം 4,495 രൂപയും ലക്ഷ്യവില പ്രഖ്യാപിച്ച് ഗോള്‍ഡ്മാന്‍ സാക്‌സ് റിപ്പോര്‍ട്ട് പുറത്തുവിട്ടു. ഈ ദിവസങ്ങളില്‍ റിലയന്‍സിനു വാങ്ങല്‍ ശിപാര്‍ശ നല്‍കിയ രണ്ടാമത്തെ വിശകലന റിപ്പോര്‍ട്ടാണിത്. ഇന്നലെ റിലയന്‍സ് ഓഹരി 3,000 രൂപവരെ ഉയര്‍ന്നിട്ട് 3.49 ശതമാനം നേട്ടത്തോടെ 2983.75 രൂപയില്‍ ക്ലോസ് ചെയ്തു. എച്ച്,ഡി,എഫ്,സി ബാങ്ക്, എയര്‍ടെല്‍, ബജാജ് ഓട്ടോ തുടങ്ങിയവയും ഇന്നലെ നല്ല കയറ്റത്തിലായി.
മാരുതി സുസുകി ഇന്നലെ 12,722.70 രൂപ എന്ന റെക്കോര്‍ഡ് ഉയരത്തില്‍ എത്തി. ഇതോടെ വിപണി മൂല്യത്തില്‍ നാലു ലക്ഷം കോടി രൂപ കടന്ന 14-ാമത്തെ ഇന്ത്യന്‍ കമ്പനിയായി. യെന്‍ ദുര്‍ബലമായതാണ് മാരുതി സുസുകിക്കു നേട്ടമായത്. 2024ല്‍ യെന്‍ ഏഴു ശതമാനം ഇടിഞ്ഞു. ജപ്പാന്‍ നെഗറ്റീവ് പലിശ നയം മാറ്റിയെങ്കിലും യെന്‍ താഴ്ന്നതു ബാങ്ക് ഓഫ് ജപ്പാന്റെ പ്രതീക്ഷകള്‍ക്കു വിപരീതമായിരുന്നു.
സ്വര്‍ണം വീണ്ടും കുതിപ്പില്‍
സ്വര്‍ണവില കയറ്റം തുടരുകയാണ്. ഏപ്രില്‍ അവധി വ്യാപാരം 2225 ഡോളറിനു മുകളില്‍ എത്തുമെന്നാണു സൂചന. സ്‌പോട്ട് വില ഔണ്‍സിന് 2197.90 ഡോളര്‍ എത്തിയിട്ടു 2191.80ല്‍ ക്ലോസ് ചെയ്തു. യു.എസ് ഫെഡ് നിരക്കു കുറയ്ക്കുമെന്ന വിശ്വാസവും കേന്ദ്ര ബാങ്കുകളുടെ വര്‍ധിച്ച വാങ്ങലുമാണ് സ്വര്‍ണത്തെ കയറ്റുന്നത്.
കേരളത്തില്‍ സ്വര്‍ണം പവന് ഇന്നലെ 160 രൂപ വര്‍ധിച്ച് 49,080 രൂപയായി. ഇന്നു വീണ്ടും വില കയറും.
ഡോളര്‍ സൂചിക ഉയര്‍ന്നു തുടരുന്നു. ബുധനാഴ്ച 104.35ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 104.42 ലേക്കു കയറി.
രൂപ ഇന്നലെ ദുര്‍ബലമായി. ഒരവസരത്തില്‍ ഡോളര്‍ 83.44 രൂപ വരെ എത്തി. ഒടുവില്‍ 83.37 രൂപയില്‍ ഡോളര്‍ ക്ലോസ് ചെയ്തു. ഉച്ചയ്ക്കു ശേഷം ഡോളര്‍ അപ്രതീക്ഷിതമായി കയറുകയായിരുന്നു. റിസര്‍വ് ബാങ്ക് ഇടപെട്ടാണു രൂപയെ കുറഞ്ഞ നഷ്ടത്തില്‍ പിടിച്ചു നിര്‍ത്തിയത്. കറന്റ് അക്കൗണ്ട് കമ്മി കുറഞ്ഞതിന്റെ പരിഗണന വിപണിയില്‍ ഉണ്ടായില്ല. ഇന്നു രൂപ വീണ്ടും ദുര്‍ബലമാകാന്‍ സാധ്യത ഉണ്ട്. ഒരു പക്ഷേ 83.48 രൂപ എന്ന റെക്കോര്‍ഡ് ഡോളര്‍ മറി കടന്നേക്കാം.
ക്രൂഡ് ഓയില്‍ താഴ്ന്നു തുടരുന്നു
ക്രൂഡ് ഓയില്‍ വില ചാഞ്ചാട്ടത്തിനു ശേഷം ഇന്നലെ താഴ്ന്ന് അവസാനിച്ചു. ബ്രെന്റ് ഇനം ക്രൂഡ് 86.09 ഡോളറില്‍ ക്ലോസ് ചെയ്തു. ഡബ്‌ള്യു.ടി.ഐ ഇനം 81.72 ഡോളറിലും യു.എ.ഇയുടെ മര്‍ബന്‍ ക്രൂഡ് 85.92 ഡോളറിലും ആണ്.
ക്രിപ്‌റ്റോകള്‍ ചാഞ്ചാടുന്നു
ക്രിപ്‌റ്റോ കറന്‍സികള്‍ ചാഞ്ചാടുകയാണ്. ബുധനാഴ്ച ബിറ്റ്‌കോയിന്‍ 68,300 മുതല്‍ 71,600 ഡോളര്‍വരെ ഉയര്‍ന്നിട്ട് 70,000 ഡോളറിനു താഴെയായി. ഈഥര്‍ അടക്കം മറ്റു ക്രിപ്‌റ്റോകളും ചാഞ്ചാടി.
വിപണിസൂചനകള്‍
(2024 മാര്‍ച്ച് 27, ബുധന്‍)
സെന്‍സെക്‌സ്30 72,996.31 +0.73%
നിഫ്റ്റി50 22,123.65 +0.54%
ബാങ്ക് നിഫ്റ്റി 46,785.95 +0.40%
മിഡ് ക്യാപ് 100 47,837.35 +0.08%
സ്‌മോള്‍ ക്യാപ് 100 15,263.90 +0.96%
ഡൗ ജോണ്‍സ് 30 39,760.10 +1.22%
എസ് ആന്‍ഡ് പി 500 5248.49 +0.86%
നാസ്ഡാക് 16,399.50 +0.51%
ഡോളര്‍ ($) ₹83.37 +₹0.09
ഡോളര്‍ സൂചിക 104.35 +0.12
സ്വര്‍ണം (ഔണ്‍സ്) $2191.80 +$12.30
സ്വര്‍ണം (പവന്‍) ₹49,080 +₹160.00
ക്രൂഡ് (ബ്രെന്റ്) ഓയില്‍ $86.09 -$0.16
T C Mathew
T C Mathew  

Related Articles

Next Story

Videos

Share it