വിപണിഗതി നിർണയിക്കാൻ എക്സിറ്റ് പോളും ജി.ഡി.പിയും; ഐ.പി.ഒ ലിസ്റ്റിംഗിൽ പ്രതീക്ഷ; ഏഷ്യൻ വിപണികൾ ഭിന്ന ദിശകളിൽ; ഡോളറും ക്രൂഡും താഴുന്നു
വ്യാഴാഴ്ച വൈകുന്നേരം സംസ്ഥാന തെരഞ്ഞെടുപ്പുകളുടെ എക്സിറ്റ് പോൾ ഫലങ്ങൾ അറിയാം. അതേസമയം തന്നെ ജൂലൈ - സെപ്റ്റംബർ പാദത്തിലെ ജിഡിപി കണക്കും അറിയും. വ്യാഴാഴ്ച നവംബറിലെ ഫ്യൂച്ചേഴ്സ് - ഓപ്ഷൻസ് സെറ്റിൽമെന്റും ഉണ്ട്. ഈയാഴ്ചയിലെയും വരും ആഴ്ചകളിലെയും വ്യാപാരഗതിയെ നിർണയിക്കുന്ന ഈ കാര്യങ്ങളെപ്പറ്റിയുള്ള ആശങ്കകളും പ്രതീക്ഷകളുമാണ് ഇന്നു മുതൽ വ്യാഴം വരെയുള്ള വ്യാപാരത്തെ നയിക്കുക.
കഴിഞ്ഞയാഴ്ച ആവേശകരമായ സ്വീകരണം ലഭിച്ച ഐ.പി.ഒകളുടെ ലിസ്റ്റിംഗ് ഈയാഴ്ച ഉണ്ടാകും. വിപണിയുടെ മൂഡ് ഉയർത്താൻ അവയ്ക്കു കഴിയുമാേ എന്നാണ് നിക്ഷേപകർ ശ്രദ്ധിക്കുന്നത്. മിക്ക ഓഹരികൾക്കും അനൗപചാരിക വിപണിയിൽ നല്ല പ്രീമിയം ഉണ്ട്.
വിദേശ വിപണികളിൽ നിന്നുള്ള സൂചനകൾ അത്ര മെച്ചമല്ല. തിങ്കളാഴ്ച ഏഷ്യയും യൂറോപ്പും അമേരിക്കയും നഷ്ടത്തിലാണ് അവസാനിച്ചത്. എന്നാൽ യു.എസ് വിപണി നവംബറിൽ നല്ല കുതിപ്പ് നടത്തി നേട്ടത്തിൽ അവസാനിപ്പിക്കാവുന്ന നിലയിലാണ്. ഈ മാസം ഇതുവരെ ഡൗ 6.9 ഉം എസ് ആൻഡ് പി 8.5 ഉം നാസ്ഡാക് 10.8 ഉം ശതമാനം ഉയരത്തിലാണ്.
ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി തിങ്കൾ രാത്രി 19,852-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 19,865 ലേക്കു കയറി. ഇന്ത്യൻ വിപണി ഇന്ന് ഉയർന്നു വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നൽകുന്ന സൂചന.
യൂറോപ്യൻ വിപണികൾ തിങ്കളാഴ്ച ചെറിയ നഷ്ടത്തിൽ ക്ലോസ് ചെയ്തു. ക്രൂഡ് ഓയിൽ ഉൽപാദനം കുറയ്ക്കുന്ന കാര്യത്തിൽ വ്യാഴാഴ്ച ഒപെക് എന്തു തീരുമാനമെടുക്കും എന്നതിലാണു വിപണിയുടെ ശ്രദ്ധ.
യു.എസ് വിപണി തിങ്കളാഴ്ച ചെറിയ മേഖലയിൽ ചാഞ്ചാടിയിട്ട് നഷ്ടത്തിൽ ക്ലോസ് ചെയ്തു. ഡൗ ജോൺസ് 56.68 പോയിന്റ് (0.16%) താഴ്ന്ന് 35,333.47 ലും എസ് ആൻഡ് പി 8.91 പോയിന്റ് (0.20%) കുറഞ്ഞ് 4550.43 ലും നാസ്ഡാക് 9.83 പോയിന്റ് (0.07%) താണ് 14,241,02 ലും അവസാനിച്ചു.
യു.എസ് കടപ്പത്ര വിലകൾ തിരിച്ചു കയറി. അവയിലെ നിക്ഷേപനേട്ടം നിക്ഷേപനേട്ടം 4.4 ശതമാനത്തിലേക്കു താഴ്ന്നു.
യു.എസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ ചെറിയ ഉയരത്തിലാണ്. ഡൗ 0.06 ഉം എസ് ആൻഡ് പി 0.04 ഉം ശതമാനം ഉയർന്നു നിൽക്കുന്നു. നാസ്ഡാക് 0.02 ശതമാനം താഴ്ന്നു.
ഏഷ്യൻ വിപണികൾ പൊതുവേ ഇന്നു കയറ്റത്തിൽ തുടങ്ങിയിട്ട് താഴ്ന്നു. ജാപ്പനീസ് സൂചിക നിക്കെെ തുടക്കത്തിൽ കയറിയിട്ടു നഷ്ടത്തിലേക്കു മാറി. സൂചിക 33 വർഷത്തെ ഉയർന്ന നിലയിലാണ്. ഓസ്ട്രേലിയൻ, കൊറിയൻ വിപണികൾ ഉയർന്നു നീങ്ങുന്നു.
ചെെനയിൽ ഒരു വലിയ ബാങ്കിതര ധനകാര്യ കമ്പനി (ചോംഗ്ചി എന്റർപ്രൈസസ് ) തകരുന്നത് വിദേശികളും സ്വദേശികളുമായ നിക്ഷേപകർക്കു വലിയ നഷ്ടം വരുത്തും. ചൈനീസ് റിയൽ എസ്റ്റേറ്റ് മേഖലയിലെ തകർച്ച തുടരുകയാണ്. ചൈനയുടെ വളർച്ച കുറയുമെന്ന പ്രവചനങ്ങൾ അയൽ രാജ്യങ്ങളുടെ കയറ്റുമതി കുറയ്ക്കും. ഇതെല്ലാം വിപണിയെ താഴോട്ടു വലിക്കുന്നു.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണി തിങ്കളാഴ്ച അവധിയിലായിരുന്നു. വെള്ളിയാഴ്ച വിപണി അനിശ്ചിതത്വത്തിന്റെ പിടിയിലായി. തുടക്കം മുതൽ ചാഞ്ചാട്ടമായിരുന്നു. ഒടുവിൽ നേരിയ നഷ്ടത്തിൽ അവസാനിച്ചു. വിദേശ നിക്ഷേപകർ വലിയതോതിൽ ഓഹരികൾ വാങ്ങിയിട്ടും മുഖ്യ സൂചികകൾക്കു തലേ ദിവസത്തെ ഉയർന്ന നില സ്പർശിക്കാൻ സാധിച്ചില്ല. 19,800 -19,900 മേഖലയിലെ തടസം മറികടക്കാൻ നിഫ്റ്റിക്കു കഴിയുന്നില്ല. 19,900 കടന്നാൽ പുതിയ റെക്കാേർഡ് ലക്ഷ്യമിടാൻ സൂചികകൾക്കു കഴിയും.
തിങ്കളാഴ്ച സെൻസെക്സ് 47.77 പോയിന്റ് (0.07%) താഴ്ന്ന് 65,970.04 ലും നിഫ്റ്റി 7.3 പോയിന്റ് (0.04%) താഴ്ന്ന് 19,794.7 ലും എത്തി. ബാങ്ക് നിഫ്റ്റി 191.6 പോയിന്റ് കയറി 43,769.1 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.06 ശതമാനം കുറഞ്ഞ് 42,050.45 ലും സ്മോൾ ക്യാപ് സൂചിക 0.30 ശതമാനം കയറി 13,827.5 ലും അവസാനിച്ചു.
നിഫ്റ്റിക്ക് ഇന്ന് 19,775 ലും 19,735 ലും പിന്തുണ ഉണ്ട്. 19,825 ഉം 19,865 ഉം തടസങ്ങളാകാം.
മിക്ക വ്യാവസായിക ലോഹങ്ങളും തിങ്കളാഴ്ച താഴ്ന്നു. അലൂമിനിയം 0.35 ശതമാനം കുറഞ്ഞ് ടണ്ണിന് 2211.65 ഡോളറിലായി. ചെമ്പ് 0.60 ശതമാനം താഴ്ന്നു ടണ്ണിന് 8280.35 ഡോളറിലെത്തി. ലെഡ് 1.58-ഉം നിക്കൽ 0.35 ഉം ടിൻ 2.19 ഉം ശതമാനം ഇടിഞ്ഞു. സിങ്ക് 0.16 ശതമാനം കയറി.
ക്രൂഡ് ഓയിലും സ്വർണവും
ക്രൂഡ് ഓയിൽ വില വീണ്ടും താഴ്ന്നു. ബ്രെന്റ് ഇനം ക്രൂഡ് ഓയിൽ 79.98 ഡോളറിലും ഡബ്ള്യു.ടി.ഐ ഇനം 75.23 ഡോളറിലും ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെന്റ് വില 80.19 ഡോളർ ആയി. യു.എ.ഇയുടെ മർബൻ ക്രൂഡ് 81.37 ഡോളറിൽ വ്യാപാരം നടക്കുന്നു. ഉൽപാദനം സംബന്ധിച്ചു തീരുമാനിക്കാൻ ഒപെക് യോഗം വ്യാഴാഴ്ച നടക്കും. ഉൽപാദനം കുറയ്ക്കണമെന്ന സൗദി നിർദേശത്തെ പല അംഗരാജ്യങ്ങളും അനുകൂലിക്കുന്നില്ല.
സ്വർണവില വീണ്ടും ഉയർന്നു. തിങ്കളാഴ്ച ഔൺസിന് 2014.6 ഡോളറിൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ വീണ്ടും കുതിച്ച് 2017.8 ഡോളറിൽ എത്തി. പിന്നീടു താഴ്ന്നു. ഡോളർ ദുർബലമാകുന്നതാണ് സ്വർണത്തെ ഉയർത്തുന്ന പ്രധാന ഘടകം.
കേരളത്തിൽ പവൻവില സർവകാല റെക്കാേർഡായ 45,920 രൂപയുടെ തൊട്ടടുത്താണ്. തിങ്കളാഴ്ച പവന് 200 രൂപ വർധിച്ച് 45,880 രൂപയായി. ഒക്ടോബർ 28, 29 തീയതികളിൽ ആയിരുന്നു റെക്കാേർഡ് വില..
ഡോളർ രാജ്യാന്തര വിപണിയിൽ താഴ്ന്നു വരികയാണ്. യു.എസിലെ കടപ്പതവിലകൾ ഉയരുകയും അവയിലെ നിക്ഷേപനേട്ടം കുറയുകയും ചെയ്യുന്നതു ഡോളറിനെ താഴ്ത്തുന്നു. ഡോളർ സൂചിക തിങ്കളാഴ്ച103.20 ൽ ക്ലോസ് ചെയ്തു. ചൊവ്വ രാവിലെ 103.14 ലേക്കു താണു.
ക്രിപ്‌റ്റോ കറൻസികൾ ഉയരത്തിൽ ചാഞ്ചാട്ടം തുടരുന്നു. ബിറ്റ്കോയിൻ തിങ്കളാഴ്ച 38,000 ഡോളറിലെത്തിയിട്ടു താണ് 37,300 ഡോളറിനടുത്തായി.
ജി.ഡി.പി വളർച്ചപ്രതീക്ഷ ഉയർത്തി എസ് ആൻഡ് പി
2023-24 ധനകാര്യ വർഷം ഇന്ത്യയുടെ വളർച്ച പ്രതീക്ഷ ഉയർത്തി സ്റ്റാൻഡാർഡ് ആൻഡ് പുവേഴ്സ് (എസ് ആൻഡ് പി). നേരത്തേ ആറു ശതമാനം വളർച്ച കണക്കാക്കിയിരുന്ന ഏജൻസി ഇപ്പോൾ 6.4 ശതമാനം വളർച്ചയാണു പ്രതീക്ഷിക്കുന്നത്. എന്നാൽ 2024-25 വർഷത്തെ വളർച്ച പ്രതീക്ഷ അര ശതമാനം കുറച്ച് 6.4 ശതമാനമാക്കി.
വ്യാഴാഴ്ച ജൂലൈ - സെപ്റ്റംബർ പാദത്തിലെ ജിഡിപി വളർച്ചക്കണക്ക് പുറത്തു വരും. 6.5 ശതമാനം വളർച്ച റിസർവ് ബാങ്ക് പ്രവചിച്ചിരുന്നു. എന്നാൽ പിന്നീടു റിസർവ് ബാങ്ക് തന്നെ വളർച്ച അതിലും കൂടുതലാകുമെന്ന് പറഞ്ഞു. വിവിധ ഏജൻസികളുടെ വിലയിരുത്തൽ ഏഴു ശതമാനം വളർച്ചയാണ്.
ഏപ്രിൽ - ജൂൺ പാദത്തിൽ 7.8 ശതമാനം വളർച്ച ഉണ്ടായിരുന്നു.
വിപണി സൂചനകൾ
(2023 നവംബർ 27, തിങ്കൾ)
സെൻസെക്സ്30 65,970.04 0.00%
നിഫ്റ്റി50 19,794.70 0.00%
ബാങ്ക് നിഫ്റ്റി 43,769.10 0.00%
മിഡ് ക്യാപ് 100 42,050.45 0.00%
സ്മോൾ ക്യാപ് 100 13,827.50 +0.00%
ഡൗ ജോൺസ് 30 35,333.47 -0.16%
എസ് ആൻഡ് പി 500 4550.43 -0.20%
നാസ്ഡാക് 14,241.02 -0.67%
ഡോളർ ($) ₹83.37 ₹0.00
ഡോളർ സൂചിക 103.20 -0.20
സ്വർണം (ഔൺസ്) $2014.60 +$10.90
സ്വർണം (പവൻ) ₹45,880 +₹200.00
ക്രൂഡ് (ബ്രെന്റ്) ഓയിൽ $79.98 -$0.60