അനിശ്ചിതത്വം മുന്നിൽ; എങ്കിലും നിക്ഷേപകർ പ്രത്യാശയിൽ; ഏഷ്യൻ വിപണികൾ ഉയരുന്നു; ഫെഡ് നിരക്കു മാറ്റുകയില്ലെന്നു നിഗമനം

വിദേശ സൂചനകൾ പോസിറ്റീവ്. എന്നാൽ വിപണിയുടെ കാഴ്ചപ്പാട് നെഗറ്റീവാണ്. ഈ അനിശ്ചിതത്വം ഇന്നു വിപണിയിൽ പ്രതിഫലിക്കും. ക്രൂഡ് ഓയിൽ വില കുറയുന്നതും പശ്ചിമേഷ്യയിൽ സംഘർഷ നില അയയുന്നതും വിപണിക്ക് അനുകൂല ഘടകങ്ങളാണ്. യു.എസ് ഫെഡ് യോഗം ഇന്നാരംഭിക്കുമെങ്കിലും നിരക്കുകളിൽ മാറ്റം പ്രതീക്ഷിക്കുന്നില്ല.

ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 22,638ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 22,656 ആയി. ഇന്ത്യൻ വിപണി ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നൽകുന്ന സൂചന.

വിദേശ വിപണി

യൂറോപ്യൻ വിപണികൾ വെള്ളിയാഴ്ച നല്ല നേട്ടത്തിലാണ് അവസാനിച്ചത്. മുഖ്യ സൂചികകൾ ഒരു ശതമാനത്തിലേറെ കയറി. ജർമൻ ഫുഡ് ഡെലിവറി കമ്പനി ഡെലിവറി ഹീറോ 18 ശതമാനം ഇടിഞ്ഞു. മുഖ്യ വിപണിയായ സൗദി അറേബ്യയിൽ ചെെനയുടെ മെയ്തുവാൻ കടന്നുവരുന്നതാണു കാരണം.

വെള്ളിയാഴ്ച യു.എസ് വിപണി ആവേശത്തിലായി. എല്ലാ സൂചികകളും കയറി. ആഴ്ചയിൽ നാസ്ഡാക് 4.2 ശതമാനവും എസ് ആൻഡ് പി 2.7 ശതമാനവും ഡൗ 0.7 ശതമാനവും ഉയർന്നു.

ഫെഡ് പണനയം ബുധനാഴ്ച പ്രഖ്യാപിക്കും. ആപ്പിൾ, ആമസോൺ, കൊക്ക കോള, മക്ഡോണൾഡ്സ് തുടങ്ങിയവയുടെ റിസൽട്ട് ഈയാഴ്ച വരാനുണ്ട്. കഴിഞ്ഞയാഴ്ച ടെക് മേഖല മികച്ച നേട്ടം ഉണ്ടാക്കി.

വെള്ളിയാഴ്ച ഡൗ ജോൺസ് സൂചിക 153.86 പോയിൻ്റ് (0.40%) കയറി 38,239.66ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 51.54 പോയിൻ്റ് (1.02%) ഉയർന്ന് 5099.96ൽ വ്യാപാരം അവസാനിപ്പിച്ചു. നാസ്ഡാക് 316.14 പോയിൻ്റ് (2.03%) കുതിച്ച് 15,927.90ൽ ക്ലോസ് ചെയ്തു.

യു.എസ് ഫ്യൂച്ചേഴ്സ് ഇന്നും കയറ്റത്തിലാണ്. ഡൗ 0.32 ശതമാനവും എസ് ആൻഡ് പി 0.23 ശതമാനവും നാസ്ഡാക് 0.24 ശതമാനവും ഉയർന്നു നിൽക്കുന്നു. യു.എസ് സർക്കാർ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.66 ശതമാനത്തിലേക്കു താഴ്ന്നു.

ഏഷ്യൻ വിപണികൾ ഇന്നു കയറ്റത്തിലാണ്. ഓസ്ട്രേലിയൻ, ജാപ്പനീസ്, കൊറിയൻ സൂചികകൾ 0.5 മുതൽ 0.8 വരെ ശതമാനം കയറി.

ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണി വെള്ളിയാഴ്ച ഉയർന്നു വ്യാപാരം തുടങ്ങിയ ശേഷം വലിയ ഇടിവിലേക്കു വീണു. ലോക്സഭാ തെരഞ്ഞെടുപ്പ് അടക്കം പല അനിശ്ചിതത്വങ്ങൾ മുന്നിൽ കണ്ടു കൊണ്ടാണ് മേയ് സീരീസിലെ ഇടപാടുകൾ ആരംഭിച്ചത്. ഏപ്രിൽ സീരീസിൽ നിന്ന് കോൺട്രാക്ടുകൾ മേയിലേക്കു നീട്ടാൻ ഇടപാടുകാർ മടിച്ചു. പൊതുവേ വിപണിയിൽ ആത്മവിശ്വാസം കുറവായി എന്നാണു കാണുന്നത്. ഹ്രസ്വകാല ട്രെൻഡ് താഴോട്ടാണെന്നു വിദഗ്ധർ വിലയിരുത്തുന്നു.

വെള്ളിയാഴ്ച സെൻസെക്സ് 609.28 പോയിന്റ് (0.82%) ഇടിഞ്ഞ് 7 3,730.16ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 150.40 പോയിന്റ് (0.67%) താഴ്ന്ന് 22,419.95ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 293.90 പോയിന്റ് (0.61%) കുറഞ്ഞ് 48,201.05ൽ ക്ലോസ് ചെയ്തു.

മിഡ്ക്യാപ് സൂചിക 0.79 ശതമാനം ഉയർന്ന് 50,624.10ൽ ക്ലോസ് ചെയ്തു. സ്മോൾക്യാപ് സൂചിക 0.56 ശതമാനം കയറി 16,981.30ൽ വ്യാപാരം അവസാനിപ്പിച്ചു.

വെള്ളിയാഴ്ച വിദേശ നിക്ഷേപകർ ക്യാഷ് വിപണിയിൽ 3408.88 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 4356.83 കോടി രൂപയുടെ ഓഹരികൾ വാങ്ങി. കഴിഞ്ഞയാഴ്ച ഓഹരികളിൽ നിന്നു വിദേശികൾ 7890 കോടി രൂപ പിൻവലിച്ചു. ഏപ്രിലിലെ പിൻവലിക്കൽ 13,000 കോടി രൂപയ്ക്കു മുകളിലാണ്. ഈ ആഴ്ചയും അവർ വിൽപന തുടർന്നാൽ വിപണി കൂടുതൽ താഴും.

വിപണിയിലെ ബുള്ളുകൾ ഒട്ടും ആവേശത്തിലല്ല. ഏപ്രിൽ സീരീസിൽ നിന്നു കോൺട്രാക്റ്റുകൾ റോൾ ഓവർ ചെയ്യാൻ മിക്കവരും മടിച്ചു. നിഫ്റ്റിക്ക് ഇന്ന് 22,385ലും 22,240ലും പിന്തുണ ഉണ്ട്. 22,440ലും 22,700ലും തടസങ്ങൾ പ്രതീക്ഷിക്കുന്നു.

മാരുതി സുസുകി നാലാം പാദത്തിൽ അറ്റാദായം 47 ശതമാനം വർധിപ്പിച്ചു. വരുമാനത്തിൽ 20 ശതമാനമാണു വർധന. എങ്കിലും അനാലിസ്റ്റുകൾ കണക്കു കൂട്ടിയതിലും മോശമാണു റിസൽട്ട്. കമ്പനി 125 രൂപ ലാഭവീതം പ്രഖ്യാപിച്ചു.

കഴിഞ്ഞ ദിവസം വോഡഫോൺ ഐഡിയയിൽ നിന്ന് ഒരു പ്രമുഖ കമ്പനി നിക്ഷേപം പിൻവലിച്ചെങ്കിലും വേറേ പ്രമുഖ ഗ്രൂപ്പുകൾ നിക്ഷേപകരായി വന്നത് ഓഹരിവില താഴാതെ കാത്തു. എച്ച്.സി.എൽ ടെക് റിസൽട്ട് ലാഭം 8.4 ശതമാനം കുറഞ്ഞതായി കാണിച്ചു. റിസൽട്ട് അനാലിസ്റ്റ് നിഗമനത്തിലും താഴെയായി.

17.4 ശതമാനം ലാഭവർധന കാണിച്ച ഐ.സി.ഐ.സി.ഐ ബാങ്ക് റിസൽട്ട് അനാലിസ്റ്റ് പ്രതീക്ഷയേക്കാൾ മികച്ചതായി. എൻ.പി.എ കുറഞ്ഞു. എന്നാൽ വരും മാസങ്ങളിൽ അറ്റ വരുമാന വളർച്ച കുറയുമെന്നു ബാങ്ക് സൂചിപ്പിച്ചു.

വെള്ളിയാഴ്ച സി.എസ്.ബി ബാങ്ക് ഓഹരി എട്ടു ശതമാനം ഇടിഞ്ഞു. ക്ലോസിംഗ് നാലു ശതമാനം താഴ്ചയിലാണ്. ബാങ്കിൻ്റെ നാലാം പാദ ലാഭം മൂന്നു ശതമാനം കുറഞ്ഞു മറ്റു വരുമാനം 52 ശതമാനം വർധിച്ചിട്ടും അറ്റാദായം കുറഞ്ഞതു ശ്രദ്ധേയമാണ്. എൻ.പി.എ അൽപം കൂടി.

സ്വർണം താഴുന്നു

കഴിഞ്ഞയാഴ്ച സ്വർണം വലിയ താഴ്ചയിൽ നിന്നു കയറിയാണു ക്ലോസ് ചെയ്തത്. എന്നാൽ ഇന്നു രാവിലെ സ്വർണം വീണ്ടും താഴ്ന്നു. വെള്ളിയാഴ്ച ഔൺസിന് 2338.40 ഡോളറിൽ ക്ലോസ് ചെയ്ത സ്വർണം ഇന്നു രാവിലെ 2329 ഡോളറിലേക്കു താഴ്ന്നു. കേരളത്തിൽ വെള്ളിയാഴ്ച പവന് 320 രൂപ കൂടി 53,320 രൂപയിലായി. ശനിയാഴ്ച 120 രൂപ വർധിച്ച് 53,480 രൂപയിലെത്തി.

സിങ്ക് ഒഴികെയുള്ള വ്യാവസായിക ലോഹങ്ങൾ വെള്ളിയാഴ്ച നേട്ടത്തിലായി. ചെമ്പ് 0.63 ശതമാനം ഉയർന്ന് ടണ്ണിന് 9852.69 ഡോളറായി. ടിൻ 2.12 ശതമാനവും നിക്കൽ 1.72 ശതമാനവും കയറി.

ഡോളർ സൂചിക വെള്ളിയാഴ്ച ഉയർന്ന് 105.94ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 106.09 വരെ കയറിയിട്ടു താഴ്ന്നു. രൂപ വെള്ളിയാഴ്ച അൽപം താഴ്ന്നു. ഡോളർ മൂന്നു പെെസ കയറി 83.35 രൂപയിൽ ക്ലോസ് ചെയ്തു.

ക്രൂഡ് ഓയിൽ താഴുന്നു

ക്രൂഡ് ഓയിൽ വില താഴ്ചയിലായി. വെള്ളിയാഴ്ച 89.50 ഡോളറിൽ അവസാനിച്ച ബ്രെൻ്റ് ഇനം ക്രൂഡ് ഇന്നു രാവിലെ ഒരു ശതമാനം താഴ്ന്നു 88.55 ഡോളറിലായി. ഡബ്ള്യു.ടി.ഐ ഇനം 83.00ലും യു.എ.ഇയുടെ മർബൻ ക്രൂഡ് 88.75 ഡോളറിലും ആണ്. ക്രിപ്റ്റോ കറൻസികൾ ചെറിയ കയറ്റിറക്കങ്ങളിലാണ്. ബിറ്റ് കോയിൻ 63,200 ഡോളറിലേക്കു താഴ്ന്നു. ഈഥർ 3280 ഡോളറിലേക്കു കയറി.

ഫെഡ് നയം ബുധനാഴ്ച

യു.എസ് ഫെഡ് പണ നയ അവലോകനം ബുധനാഴ്ച രാത്രി പ്രഖ്യാപിക്കും. ഇത്തവണ നിരക്കുമാറ്റം പ്രതീക്ഷിക്കുന്നില്ല. എന്നത്തേക്കു പ്രതീക്ഷിക്കാം എന്ന സൂചന ഫെഡ് ചെയർമാൻ ജെറോം പവൽ നൽകുമോ എന്നാണ് എല്ലാവരും ശ്രദ്ധിക്കുന്നത്. പലിശ കുറയ്ക്കലിന് ഏറ്റവും അടുത്ത പ്രതീക്ഷ സെപ്റ്റംബർ ആണ്. കൂടുതൽ പേരും 2025ലേക്കു പ്രതീക്ഷ നീട്ടി. വെള്ളിയാഴ്ച പുറത്തുവന്ന മാർച്ചിലെ യു.എസ് പേഴ്സണൽ കൺസംഷൻ എക്സ്പെൻഡിച്ചർ (പി.സി.ഇ) സൂചിക 2.8 ശതമാനം ഉയർന്നു. ഇതു പ്രതീക്ഷയിലും കൂടുതലായി. ഫെഡ് തീരുമാനങ്ങൾക്ക് ആധാരമാക്കുന്നതാണു പി.സി.ഇ എന്ന ചില്ലറ വിലക്കയറ്റ സൂചിക.

ആംഗ്ലോ അമേരിക്കനെ വിഴുങ്ങാൻ ബി.എച്ച്.പി

ഖനന കമ്പനി ആംഗ്ലോ അമേരിക്കനെ ഏറ്റെടുക്കാൻ ഓസ്ട്രലിയൻ ഖനനകമ്പനി ബി.എച്ച്.പി നടത്തിയ ശ്രമം ഒന്നാം ഘട്ടത്തിൽ പരാജയപ്പെട്ടു. 3900 കോടി ഡോളറിന് ഏറ്റെടുക്കാം എന്നായിരുന്നു ഓഫർ. തീരെ കുറഞ്ഞ വില എന്നതായിരുന്നു പ്രതികരണം. ചിലിയിലും പെറുവിലും ആംഗ്ലാേ അമേരിക്കന് ഉള്ള ചെമ്പു ഖനികളിൽ കണ്ണുവച്ചാണു ബി.എച്ച്.പി നീക്കം. അവ കിട്ടിയാൽ ചെമ്പ് ഉൽപാദനത്തിലെ ഏറ്റവും വലിയ കമ്പനിയാകും ബി.എച്ച്.പി. കമ്പനി ഇനിയും ഏറ്റെടുക്കൽ ശ്രമം തുടരും. ബി.എച്ച്.പിയുടെ നീക്കം ചെമ്പുവില ടണ്ണിനു 10,000 ഡോളറിനു മുകളിൽ എത്താൻ സഹായിച്ചു.

എല്ലാ ഭൂഖണ്ഡങ്ങളിലും സാന്നിധ്യമുള്ള ആംഗ്ലാേ അമേരിക്കൻ്റെ കീഴിലാണ് ജ്വല്ലറി-ഡയമണ്ട് ബ്രാൻഡ് ഡ ബിയേഴ്സ്. ഇരുമ്പയിര് മുതൽ പ്ലാറ്റിനം വരെ നീളുന്നു ആംഗ്ലാേ അമേരിക്കൻ്റെ ബിസിനസ്. ഇരുമ്പയിര് മുതൽ സ്വർണം വരെ വ്യാപിച്ചു കിടക്കുന്നു ബി.എച്ച്.പിയുടെ ബിസിനസ്. ഈ ഭീമന്മാർ ഒന്നിക്കുന്നതു വ്യാവസായിക ലോഹങ്ങളുടെയും സ്വർണം, പ്ലാറ്റിനം, ഡയമണ്ട് എന്നിവയുടെയും ബിസിനസിൽ കുത്തകവൽക്കരണം കൂട്ടും.

വിപണിസൂചനകൾ (2024 ഏപ്രിൽ 26, വെള്ളി)

സെൻസെക്സ്30 73,730.16 -0.82%

നിഫ്റ്റി50 22,419.95 -0.67%

ബാങ്ക് നിഫ്റ്റി 48,201.05 -0.61%

മിഡ് ക്യാപ് 100 50,624.10 +0.79%

സ്മോൾ ക്യാപ് 100 16,981.30 +0.56%

ഡൗ ജോൺസ് 30 38,239.70 +0.40%

എസ് ആൻഡ് പി 500 5099.96 +1.02%

നാസ്ഡാക് 15,927.90 +2.03%

ഡോളർ ($) ₹83.35 +₹0.03

ഡോളർ സൂചിക 106.09 -0.53

സ്വർണം (ഔൺസ്) $2338.40 +$05.70

സ്വർണം (പവൻ) (വെള്ളി) ₹53,320 +₹320.00

സ്വർണം (പവൻ) (ശനി) ₹53,480 +₹160.00

ക്രൂഡ് (ബ്രെന്റ്) ഓയിൽ $89.50 +$00.40

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it