ആശ്വാസറാലി കാത്തു നിക്ഷേപകര്‍; ജി.ഡി.പി കണക്ക് നിരാശപ്പെടുത്തുമോ? മിഡ്, സ്‌മോള്‍ ക്യാപ്പുകളിലെ ജാഗ്രതാ നിര്‍ദേശം തിരിച്ചടിയായി

വിപണി ഒരു മാസത്തിനിടയിലെ ഏറ്റവും വലിയ ഇടിവിലാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. സാങ്കേതിക സൂചകങ്ങള്‍ താഴോട്ടാണു ചൂണ്ടുന്നതെങ്കിലും വിപണി ഒരു ആശ്വാസ റാലി പ്രതീക്ഷിക്കുന്നുണ്ട്.

ഇന്നു വൈകുന്നേരം ഇന്ത്യയുടെ ജി.ഡി.പി കണക്കുകള്‍ വരും. മൂന്നാം പാദ വളര്‍ച്ച കുറയുമെന്നാണു നിഗമനം. അതിന്റെ അടിസ്ഥാനത്തില്‍ വാര്‍ഷിക വളര്‍ച്ച അനുമാനം കുറയ്ക്കുമോ എന്നതാണ് വിപണി നിരീക്ഷിക്കുന്നത്. യു.എസില്‍ വിലക്കയറ്റ കണക്കും ജി.ഡി.പി എസ്റ്റിമേറ്റും പുറത്തുവിടുന്നതു വിപണികളെ സ്വാധീനി

ബുധനാഴ്ച രാത്രി ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി 21,916ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 22,960ലേക്കു കയറി. ഇന്ത്യന്‍ വിപണി നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നല്‍കുന്ന സൂചന.

വിദേശ വിപണി

യൂറോപ്യന്‍ വിപണികള്‍ ബുധനാഴ്ച ഭിന്ന ദിശകളില്‍ ക്ലോസ് ചെയ്തു. യു.എസ് വിപണി ബുധനാഴ്ച ചെറിയ ചാഞ്ചാട്ടങ്ങള്‍ക്കു ശേഷം താഴ്ന്നു വ്യാപാരം അവസാനിപ്പിച്ചു. ഇന്നു വരുന്ന യു.എസിലെ ജി.ഡി.പി, വിലക്കയറ്റ, തൊഴില്‍ കണക്കുകളിലേക്കാണു വിപണിയുടെ ശ്രദ്ധ.

ഡൗ ജോണ്‍സ് സൂചിക 23.39 പോയിന്റ് (0.06%) താഴ്ന്ന് 38,949.02ല്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി 8.42 പോയിന്റ് (0.17%) കുറഞ്ഞ് 5069.76ല്‍ വ്യാപാരം അവസാനിപ്പിച്ചു. നാസ്ഡാക് 87.50 പോയിന്റ് (0.55%) താഴ്ന്ന് 15,947.74ല്‍ എത്തി.

യു.എസ് ഫ്യൂച്ചേഴ്‌സ് ഇന്നു നേരിയ താഴ്ചയിലാണ്. ഡൗ 0.12ഉം എസ് ആന്‍ഡ് പി 0.03ഉം നാസ്ഡാക് 0.09ഉം ശതമാനം താഴ്ചയിലാണ്. യു.എസ് കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം 4.266 ശതമാനമായി താഴ്ന്നു. ഏഷ്യന്‍ വിപണികള്‍ ഇന്നു താഴ്ന്നാണു വ്യാപാരം തുടങ്ങിയത്. എന്നാല്‍ ചൈനീസ് വിപണി ഉയര്‍ന്നു.

ഇന്ത്യന്‍ വിപണി

ബുധനാഴ്ച ഇന്ത്യന്‍ വിപണി ഉയര്‍ന്നു തുടങ്ങിയ ശേഷം വലിയ തകര്‍ച്ചയിലായി. ഒരു മാസത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണ് ഇന്നലെ ഉണ്ടായത് ബി.എസ്.ഇയുടെ വിപണിമൂല്യത്തില്‍ ആറു ലക്ഷം കോടി രൂപയുടെ നഷ്ടം ഉണ്ടായി.

മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് ഓഹരികളില്‍ നിക്ഷേപിക്കുന്ന മ്യൂച്വല്‍ ഫണ്ട് സ്‌കീമുകള്‍ തങ്ങളുടെ നിക്ഷേപകരെ അപകടസാധ്യത അറിയിക്കുകയും രക്ഷാകവചം തയാറാക്കുകയും ചെയ്യണമെന്ന സെബി നിര്‍ദ്ദേശം ഇന്നലെ വിപണിയുടെ താഴ്ചയില്‍ വലിയ പങ്കു വഹിച്ചു. പല ഫണ്ടുകള്‍ക്കും പോര്‍ട്ട്‌ഫോഫോളിയോ പുനര്‍ക്രമീകരിക്കേണ്ടി വരും.

സെന്‍സെക്‌സ് 790.34 പോയിന്റ് (1.08%) ഇടിഞ്ഞ് 72,304.88ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 247.20 പോയിന്റ് (1.11%) താഴ്ന്ന് 21,951.15ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 642.90 പോയിന്റ് (1.34%) ഇടിഞ്ഞ് 45,963.15ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 1.94 ശതമാനം താഴ്ന്ന് 48,089.10ല്‍ ക്ലോസ് ചെയ്തു. സ്‌മോള്‍ ക്യാപ് സൂചിക 1.87 ശതമാനം ഇടിഞ്ഞ് 15,875.15ല്‍ വ്യാപാരം അവസാനിപ്പിച്ചു.

ബുധനാഴ്ച വിദേശനിക്ഷേപകര്‍ ക്യാഷ് വിപണിയില്‍ 1879.23 കോടി രൂപയുടെ ഓഹരികള്‍ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 1827.45 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.

22,000നു താഴെ ക്ലാേസ് ചെയ്തത് നിഫ്റ്റി ദുര്‍ബലനിലയിലേക്കു നീങ്ങുന്നതിനെ സൂചിപ്പിക്കുന്നു എന്നാണു വിലയിരുത്തല്‍. താഴെ 21,900-21,700 മേഖലയില്‍ പിടിച്ചു നില്‍ക്കാന്‍ പറ്റുമോ എന്നാണു വരും ദിവസങ്ങളില്‍ അറിയേണ്ടത്. നിഫ്റ്റിക്ക് ഇന്ന് 21,910ലും 21,715ലും പിന്തുണ ഉണ്ട്. 22,150ലും 22,345ലും തടസങ്ങള്‍ ഉണ്ടാകാം.

ക്രൂഡ് ഓയില്‍, സ്വര്‍ണം, ഡോളര്‍, ക്രിപ്‌റ്റോ കറന്‍സി

ബുധനാഴ്ച ക്രൂഡ് ഓയില്‍ വില നാമമാത്രമായി താണു. ബ്രെന്റ് ഇനം ക്രൂഡ് 83.26 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെന്റ് 83.58ലേക്കു കയറി. ഡബ്‌ള്യു.ടി.ഐ ഇനം 78.45ഉം യു.എ.ഇയുടെ മര്‍ബന്‍ ക്രൂഡ് 82.21ഉം ഡോളറിലാണ്.

അന്താരാഷ്ട്ര വിപണിയില്‍ ബുധനാഴ്ച സ്വര്‍ണം ഔണ്‍സിന് 2034.90 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 2036.60 ഡോളറിലേക്കു കയറി. കേരളത്തില്‍ ബുധനാഴ്ചയും പവന് വിലമാറ്റമില്ലാതെ 46,080 രൂപയില്‍ തുടര്‍ന്നു.

ഡോളര്‍ സൂചിക ബുധനാഴ്ച 103.98ലേക്കു കയറി ക്ലോസ് ചെയ്തു. ഇന്നു രാവിലെ 103.95ലാണ്. ഡോളര്‍ ഇന്നലെ 82.92 രൂപയിലേക്കു കയറി ക്ലോസ് ചെയ്തു.

ക്രിപ്‌റ്റോ കറന്‍സികള്‍ ഇന്നലെയും ഗണ്യമായി ഉയര്‍ന്നു. ബിറ്റ്‌കോയിന്‍ എട്ടു ശതമാനം വരെ കയറി. ഇന്നു രാവിലെ ബിറ്റ്‌കോയിന്‍ 61,400 ഡോളറിലാണ്. രണ്ടു വര്‍ഷത്തിനു ശേഷമാണ് ബിറ്റ്‌കോയിന്‍ 60,000 കടക്കുന്നത്. ക്രിപ്‌റ്റോ ഇ.ടി.എഫുകളിലേക്കു നിക്ഷേപങ്ങള്‍ പ്രവഹിക്കുന്ന സാഹചര്യത്തിലാണ് ഇപ്പോഴത്തെ കുതിപ്പ്.

കമ്പനികള്‍, ഓഹരികള്‍

വോഡഫോണ്‍ ഐഡിയയുടെ ധനസമാഹരണ പദ്ധതിയോടു വിപണി ഇന്നലെ അനുകൂലമായല്ല പ്രതികരിച്ചത്. രണ്ടര ലക്ഷം കോടി രൂപയുടെ ബാധ്യത ഉള്ള കമ്പനി ഇത്രയും തുക കണ്ടെത്തിയാല്‍ പോരെന്നതാണു പ്രധാന വിമര്‍ശനം. ഓഹരി 14 ശതമാനം ഇടിഞ്ഞു.

സീ എന്റര്‍ടെയ്ന്‍മെന്റ് മാനേജ്‌മെന്റിന് എതിരേ സെബി കണ്ടെത്തിയ ക്രമക്കേടുകളും വെട്ടിപ്പും അന്വേഷിക്കാന്‍ മാനേജ്‌മെന്റ് ഒരു മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചു. ഒരു റിട്ടയേഡ് ജഡ്ജിയും കമ്പനിയിലെ രണ്ടു സ്വതന്ത്ര ഡയറക്ടര്‍മാരും ആണു കമ്മിറ്റിയിലുളളത്. ആരോപണ വിധേയര്‍ തന്നെ അന്വേഷകരെ നിയോഗിച്ചതിനെ പ്രഹസനമായാണു വിപണി കാണുന്നത്. സീ സ്ഥാപകന്‍ സുഭാഷ് ചന്ദ്രയുടെയും മകനും എം.ഡിയുമായ പവന്‍ ഗോയങ്കയുടെയും വിശ്വാസ്യത തീരെ ഇല്ലാതായി. കമ്പനി ഓഹരി ഇന്നലെ ഏഴു ശതമാനം ഇടിഞ്ഞു.

ഹിന്ദുജ ഗ്രൂപ്പ് വാങ്ങിയ റിലയന്‍സ് കാപ്പിറ്റലിനെ ഓഹരി വിപണിയില്‍ നിന്നു ഡീലിസ്റ്റ് ചെയ്യും. ഓഹരികള്‍ ഇല്ലാതാക്കുകയാണു ചെയ്യുക. ഓഹരി ഉടമകള്‍ക്ക് ഒന്നും ലഭിക്കുകയില്ല.

റിലയന്‍സ്-ഡിസ്‌നി സംയുക്ത കമ്പനിക്കു കരാര്‍ ആയി

റിലയന്‍സ് ഇന്‍ഡസ്ട്രീസും വാള്‍ട്ട് ഡിസ്‌നി ഗ്രൂപ്പും തങ്ങളുടെ ഇന്ത്യയിലെ മീഡിയ ബിസിനസ് സംയാേജിപ്പിക്കാനുളള കരാറില്‍ ഒപ്പിട്ടു. ഡിസ്‌നിയുടെ സ്റ്റാര്‍ ഇന്ത്യയിലേക്ക് റിലയന്‍സിന്റെ വയാകോം ലയിപ്പിക്കും. സംയുക്ത കമ്പനിയില്‍ റിലയന്‍സിന് 63.1 ശതമാനവും ഡിസ്‌നിക്ക് 36.8 ശതമാനവും ഓഹരി ഉണ്ടാകും.

റിലയന്‍സ് മേധാവി മുകേഷ് അംബാനിയുടെ ഭാര്യ നിത സംയുക്ത കമ്പനിയുടെ ചെയര്‍ പേഴ്‌സണും ഉദയ ശങ്കര്‍ വൈസ് ചെയര്‍ പേഴ്‌സണും ആകും. സംയുക്ത കമ്പനിക്ക് 70,350 കോടി രൂപ (850 കോടി ഡോളര്‍) വിലയിട്ടാണ് ലയനം. റിലയന്‍സ് 11,500 കോടി രൂപ ഇതില്‍ നിക്ഷേപിക്കും.

75 കോടി പ്രേക്ഷകര്‍ ഉള്ള 120 ടിവി ചാനലുകളും രണ്ടു ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകളും (ഹോട്സ്റ്റാര്‍, ജിയോ സിനിമ) സംയുക്ത കമ്പനിക്കുണ്ട്. സമീപകാലത്ത് ഇന്ത്യന്‍ വിപണിയില്‍ റിലയന്‍സില്‍ നിന്നു തിരിച്ചടികള്‍ നേരിട്ട ഡിസ്‌നിക്ക് ഈ ലയനം ഒരു രക്ഷാമാര്‍ഗമാണ്.

ഡിസ്‌നി ഇന്ത്യ മേധാവിയായിരുന്ന ശേഷം ജയിംസ് മര്‍ഡക്കിന്റെ കൂടെ ചേര്‍ന്ന് ബോധി ട്രീ തുടങ്ങിയ ഉദയശങ്കറിന് ഇതു തിരിച്ചു കയറാനുള്ള അവസരമായി. ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അഥോറിറ്റി, എന്‍ബിസി യൂണിവേഴ്‌സല്‍, സ്‌കൈ ഗ്രൂപ്പ് ഉടമകളായ കോം കാസ്റ്റ് എന്നിവ ബോധി ട്രീയില്‍ നിക്ഷേപകരാണ്. വയാകോമില്‍ 13 ശതമാനം ഓഹരി ബോധി ട്രീക്കുണ്ട്.

വിപണിസൂചനകള്‍

(2024 ഫെബ്രുവരി 28, ബുധന്‍)

സെന്‍സെക്‌സ്30 72,304.88 -1.08%

നിഫ്റ്റി50 21,951.15 -1.11%

ബാങ്ക് നിഫ്റ്റി 45,963.15 -1.34%

മിഡ് ക്യാപ് 100 48,089.10 -1.94%

സ്‌മോള്‍ ക്യാപ് 100 15,875.15 -1.87%

ഡൗ ജോണ്‍സ് 30 38,949.02 -0.06%

എസ് ആന്‍ഡ് പി 500 5069.76 -0.17%

നാസ്ഡാക് 15,947.74 -0.55%

ഡോളര്‍ ($) 82.9 2 +0.02

ഡോളര്‍ സൂചിക 103.98 +0.15

സ്വര്‍ണം (ഔണ്‍സ്) $ 2034.90 +$04.40

സ്വര്‍ണം (പവന്‍) 46,080 00.00

ക്രൂഡ് (ബ്രെന്റ്) ഓയില്‍ $83.26 -$0.32

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it