ആവേശം തുടരാൻ വിപണി; പുൾ ബായ്ക്ക് റാലിയിൽ പ്രതീക്ഷ; ഇനി ശ്രദ്ധ പണനയത്തിൽ; ക്രൂഡ് വിലയിൽ അപ്രതീക്ഷിത കയറ്റം

കഴിഞ്ഞ ധനകാര്യ വർഷം കാര്യമായ നേട്ടമില്ലാതെയാണു വിപണി അവസാനിച്ചതെങ്കിലും വിപണി ആവേശം പകർന്നു കൊണ്ടാണു വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. തുടർച്ചയായ നാലു മാസം താഴ്ചയിൽ അവസാനിക്കുക എന്ന ദുശ്ശകുനം ഒഴിവാക്കി. കൂടുതൽ ഉയരത്തിലേക്കു നീങ്ങാൻ പറ്റുന്ന പുൾ ബായ്ക്ക് റാലി തുടങ്ങിയെന്ന വിശ്വാസത്തിലാണു നിക്ഷേപകർ. ഇന്ന് ആ വിശ്വാസത്തോടെ വീണ്ടും മുന്നേറാം എന്നു നിക്ഷേപകരും ബ്രാേക്കറേജുകളും കണക്കാക്കുന്നു. ഏഷ്യൻ വിപണികൾ ഇന്നു നേട്ടത്തിലാണു വ്യാപാരം തുടങ്ങിയത്.

ഒപെക് ഉൽപാദനം കുറയ്ക്കുമെന്നു പ്രഖ്യാപിച്ചതോടെ ക്രൂഡ് ഓയിൽ വില കുതിച്ചു. ഇതും യുഎസ് ഫ്യൂച്ചേഴ്സിലെ താഴ്ചയും വിപണിയുടെ ആവേശം കുറയ്ക്കും.

ഈയാഴ്ച രണ്ടു ദിവസം വിപണി അവധി

ഈയാഴ്ച റിസർവ് ബാങ്കിന്റെ പണനയമാണ് എല്ലാവരും ശ്രദ്ധിക്കുക. വ്യാഴാഴ്ചയാണു പണനയ കമ്മിറ്റിയുടെ തീരുമാനം ഗവർണർ ശക്തികാന്ത ദാസ് പ്രഖ്യാപിക്കുന്നത്. റീപോ നിരക്ക് 6.5 ശതമാനത്തിൽ നിന്ന് 6.75 ശതമാനമാക്കും എന്നു വിപണി കണക്കാക്കിയിട്ടുണ്ട്. ഇതിൽ നിന്നു വ്യത്യസ്തമായി എന്തെങ്കിലും സംഭവിച്ചാലേ വിപണിയിൽ ചലനം ഉണ്ടാകൂ.

ഈയാഴ്ച രണ്ടു ദിവസം വിപണി പ്രവർത്തിക്കില്ല. മഹാവീര ജയന്തിയായ നാളെയും ദു:ഖവെള്ളിയാഴ്ചയും അവധിയാണ്. വെള്ളിയാഴ്ച പാശ്ചാത്യ വിപണികൾ നല്ല നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ബാങ്കിംഗ് മേഖലയിലെ ആശങ്കകൾ അകന്നു എന്നതു തന്നെയാണു കാരണം. ഡൗ ജോൺസ് 1.26 ഉം എസ് ആൻഡ് പി 1.44 ഉം നാസ്ഡാക് 1.68-ഉം ശതമാനം ഉയർന്നു.

ഇന്നു യുഎസ് ഫ്യൂച്ചേഴ്സ് ഭിന്ന ദിശകളിലാണ്. ഡൗ 0.08 ശതമാനം ഉയർന്നപ്പോൾ എസ് ആൻഡ് പി 0.27 ഉം നാസ്ഡാക് 0.60 ഉം ശതമാനം താഴ്ന്നു നിൽക്കുന്നു.

വിപണികൾ

ഓസ്ട്രേലിയൻ വിപണി ഇന്ന് തുടക്കത്തിൽ 0.8 ശതമാനം കയറി. ജപ്പാനിൽ നിക്കെെ അര ശതമാനം കയറി വ്യാപാരം തുടങ്ങി. മിക്ക ഏഷ്യൻ രാജ്യങ്ങളിലും വിപണികൾ ഉയർന്നു വ്യാപാരമാരംഭിച്ചു. ഹോങ് കോങ്ങിലെ ഹാങ് സെങ് സൂചിക കാൽ ശതമാനം താഴ്ന്നും ഷാങ്ഹായ് സൂചിക കാൽ ശതമാനം ഉയർന്നുമാണു വ്യാപാരം ആരംഭിച്ചത്.

സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് , വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി വെള്ളിയാഴ്ച ആദ്യ സെഷനിൽ 17,417-ൽ ക്ലോസ് ചെയ്തു. രണ്ടാം സെഷനിൽ 17,480 ലേക്ക് കയറി. ഇന്നു രാവിലെ അൽപം താണിട്ടു 17,465 ലാണു വ്യാപാരം. ഇന്ത്യൻ വിപണി ഇന്ന് നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്നാണു സൂചന.

ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണി വെളളിയാഴ്ച നല്ല നേട്ടത്താേടെ വ്യാപാരം തുടങ്ങി. ഒടുക്കം വരെ മുന്നേറ്റം തുടർന്നു നല്ല ഉയർച്ചയിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 1031.43 പോയിന്റ് (1.78%) നേട്ടത്തിൽ 58,991.52ലും നിഫ്റ്റി 279.05 പോയിന്റ് (1.63%) കയറി 17,359.75 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.87 ഉം സ്മോൾ ക്യാപ് സൂചിക 1.6 ഉം ശതമാനം കയറിയാണ് വ്യാപാരം അവസാനിച്ചത്. ഐടി, വാഹന, മീഡിയ, മെറ്റൽ, റിയൽറ്റി, ബാങ്ക്, ഫിനാൻസ് മേഖലകൾ നല്ല നേട്ടമുണ്ടാക്കി.

17,200 ലെ പ്രതിരോധം മറികടന്ന നിഫ്റ്റിക്കു 17,800 വരെ കുതിക്കാൻ ഊർജം ഉണ്ടാകുമെന്നാണ് സാങ്കേതിക വിശകലന വിദഗ്ധർ കരുതുന്നത്. നിഫ്റ്റിക്ക് 17,250 ലും 17,140 ലും ആണു സപ്പോർട്ട്. 17,380 ലും 17,495 ലും തടസങ്ങൾ ഉണ്ടാകാം എന്നാണു വിശകലന വിദഗ്ധർ പറയുന്നത്.

വിദേശനിക്ഷേപകരും സ്വദേശി ഫണ്ടുകളും വെള്ളിയാഴ്ച വാങ്ങലുകാരായി. വിദേശികൾ 357.86 കോടിയുടെ ഓഹരികൾ വാങ്ങിയപ്പോൾ സ്വദേശി ഫണ്ടുകൾ 2479.96 കോടിയുടെ ഓഹരികൾ വാങ്ങി.

ക്രൂഡ് കയറി

ക്രൂഡ് ഓയിൽ വില വാരാന്ത്യത്തിൽ കുതിച്ചു കയറി. ബ്രെന്റ് ഇനം ക്രൂഡ് 6.7 ശതമാനം വർധിച്ച് 85.54 ഡോളറിൽ എത്തി. ഇന്നു രാവിലെ അൽപം താണ് 83.91 ഡോളറിലായി. ഡബ്ള്യു ടി ഐ ഇനം 80.89-ൽ എത്തിയിട്ട് 79.71 ഡോളറിലേക്കു താണു. സൗദി അറേബ്യയും മറ്റ് ഒപെക് രാജ്യങ്ങളും അപ്രതീക്ഷിതമായി ഉൽപാദനം കുറയ്ക്കൽ പ്രഖ്യാപിച്ചതാണു കാരണം. ഇന്നാണ് ഒപെക് രാജ്യങ്ങളും റഷ്യ അടക്കമുളള മിത്ര രാജ്യങ്ങളും ചേർന്ന ഒപെക് പ്ലസ് യോഗം ചേരുന്നത്. അതിനു മുൻപായിരുന്നു ഒപെക് പ്രഖ്യാപനം. ഇതു ബ്രെന്റ് ഇനത്തിന്റെ വില 90 ഡോളറിനു മുകളിൽ എത്തിക്കുമെന്ന് വിപണി നിരീക്ഷകർ കരുതുന്നു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ കണക്കു കൂട്ടലുകൾ തെറ്റിക്കുന്നതാണ് ഈ സംഭവ വികാസം.

സ്വർണം

വ്യാവസായിക ലോഹങ്ങൾ ഭിന്നദിശകളിൽ നീങ്ങി. ചെമ്പ് 1.16 ശതമാനം താഴ്ന്ന് 8935 ഡോളറിലായി. അതേസമയം അലൂമിനിയം 0.56 ശതമാനം കയറി 2400 ഡോളറിലെത്തി. നിക്കലും സിങ്കും ലെഡും താഴ്ന്നപ്പോൾ ടിൻ 26,000 ഡോളറിലേക്കു കയറി.

സ്വർണവില താഴ്ന്നു. വെള്ളിയാഴ്ച 1985 ഡോളറിൽ നിന്ന് 1970- ലേക്കു താഴ്ന്നു. ഇന്നു രാവിലെ 1956 ഡോളറിൽ എത്തിയ ശേഷം അൽപം കയറി 1961-1963 മേഖലയിലാണ്. വെള്ളി 23.85 ഡോളറിലേക്കു താഴ്ന്നു.

കേരളത്തിൽ വെള്ളിയാഴ്ച പവന് 240 രൂപ വർധിച്ച് 44,000 രൂപയായി. ശനിയാഴ്ചയും ആ വില തുടർന്നു. ക്രിപ്റ്റോ കറൻസികൾ കയറിയിറങ്ങി. ബിറ്റ് കോയിൻ വീണ്ടും 28,000 ഡോളറിനു മുകളിലായി.

ഡോളർ വെള്ളിയാഴ്ച 16 പെെസ കുറഞ്ഞ് 82.18 രൂപയിൽ ക്ലോസ് ചെയ്തു. ഡോളർ സൂചിക കയറ്റിറക്കങ്ങൾക്കു ശേഷം വെള്ളിയാഴ്ച 102.51 ൽ അവസാനിച്ചു. ഇന്ന് 102.83 ലാണ് സൂചിക.


കടന്നുപോയതു നേട്ടമില്ലാത്ത ഒരു ധനകാര്യ വർഷം

വലിയ ചാഞ്ചാട്ടങ്ങൾക്കു ശേഷം കാര്യമായ നേട്ടമാേ കോട്ടമാേ ഇല്ലാത്ത നിലയിലാണു വിപണി കഴിഞ്ഞ ധനകാര്യ വർഷം അവസാനിപ്പിച്ചത്. സെൻസെക്സ് 0.7 ശതമാനം ഉയർന്നപ്പോൾ നിഫ്റ്റി 0.6 ശതമാനം താഴ്ന്ന് വർഷം ക്ലോസ് ചെയ്തു. 2021 - 22 ൽ സെൻസെക്സ് 18.3 ഉം നിഫ്റ്റി 18.9 ഉം ശതമാനം നേട്ടം ഉണ്ടാക്കിയതാണ്. 2020-21 ൽ യഥാക്രമം 68 ഉം 70.9 ഉം ശതമാനം വീതം കുതിച്ചു കയറിയതാണു സൂചികകൾ.

മിഡ് ക്യാപ് സൂചിക 1.2 ശതമാനം വാർഷിക നേട്ടം ഉണ്ടാക്കിയപ്പോൾ സ്മോൾ ക്യാപ് സൂചിക 13.8 ശതമാനം നഷ്ടത്തിലായി. വിദേശ വിപണികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യൻ വിപണി മെച്ചപ്പെട്ട നിലയിലാണെന്നു കാണാം. എംഎസ് സിഐ എമേർജിംഗ് മാർക്കറ്റ്സ് സൂചിക 13.7 ശതമാനം നഷ്ടത്തിലാണ്. വേൾഡ് ഇൻഡക്സ് 9.6 ശതമാനം ഇടിവിലാണ്.

കേന്ദ്ര ബാങ്കുകൾ നിരന്തരം പലിശ ഉയർത്തിയതും യുക്രെയ്ൻ യുദ്ധവും കമ്പനികളുടെ ലാഭക്ഷമതയ്ക്കു വലിയ തിരിച്ചടിയായി. രണ്ടു വർഷത്തെ തിളക്കമാർന്ന നേട്ടത്തിനു ശേഷം വിപണി എടുത്തു പറയാനില്ലാത്ത കഥയുമായി ഒരു വർഷം അവസാനിപ്പിച്ചു.


വിദേശികൾ നെഗറ്റീവ് മോഡിൽ

ഇന്ത്യൻ വിപണി 2022-23 ൽ മോശം പ്രകടനം കാഴ്ചവച്ചതിൽ വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ പങ്ക് ചെറുതല്ല. 37,632 കോടി രൂപയാണ് അവർ ഈ വർഷം ഇന്ത്യൻ വിപണിയിൽ നിന്നു പിൻവലിച്ചത്. തലേ വർഷം അവർ 1.4 ലക്ഷം കോടി രൂപ ഇവിടെ നിന്നു പിൻവലിച്ചിരുന്നു.

ഡോളറിന്റെ കയറ്റം, ഇന്ത്യൻ ഓഹരികളുടെ ഉയർന്ന വിലനിലവാരം, ചൈനീസ് വിപണി ആകർഷക നിലവാരത്തിലേക്കു താണത് തുടങ്ങി പല ഘടകങ്ങൾ വിദേശികളെ ഇവിടെ നിന്നു പണം പിൻവലിക്കാൻ പ്രേരിപ്പിച്ചു.

2020-21 ൽ വിദേശികൾ ഇന്ത്യയിൽ 2.74 ലക്ഷം കോടി രൂപ നിക്ഷേപിച്ചതാണ്. പിന്നീട് 2021 ഒക്ടോബർ അവസാനം അവർ വിൽപന തുടങ്ങി. അത് 2022 ജൂൺ വരെ തുടർന്നു. ഈ ധനകാര്യ വർഷം ഏഴു മാസം അവർ വിൽപനക്കാരായിരുന്നു.



ജിഎസ്ടി പിരിവിൽ വലിയ കുതിപ്പ്


മാർച്ചിലെ ജിഎസ്ടി പിരിവ് 1.6 ലക്ഷം കോടി രൂപ. ഇതുവരെയുള്ള നികുതി പിരിവിൽ രണ്ടാമത്തെ വലിയ തുക. കഴിഞ്ഞ ഏപ്രിലിലെ 1.67 ലക്ഷം കോടിയാണു റിക്കാർഡ്. മാർച്ചിലെ പിരിവ് 13 ശതമാനം വർധന കാണിക്കുന്നു.

ഇതോടെ 2022-23ലെ പിരിവ് 18.1 ലക്ഷം കോടി രൂപയായി. മാസ ശരാശരി 1.508 ലക്ഷം കോടി രൂപ. തലേ വർഷത്തേക്കാൾ 22 ശതമാനം അധികമാണു വാർഷിക പിരിവ്.

ധനകാര്യ വർഷത്തിന്റെ ആദ്യ പാദത്തിൽ പ്രതിമാസം 1.51 ലക്ഷം കോടിയായിരുന്ന പിരിവ് രണ്ടാം പാദത്തിൽ 1.46 ലക്ഷം കോടിയായി കുറഞ്ഞു. മൂന്നാം പാദത്തിൽ 1.49 ലക്ഷം കോടി രൂപ പ്രതിമാസം ലഭിച്ചു. നാലാം പാദത്തിൽ പിരിവ് 1.55 ലക്ഷം കോടിയായി ഉയർന്നു.

ഏഴു ശതമാനം ജിഡിപി വളർച്ച ഉണ്ടായ വർഷം ജിഎസ്ടി പിരിവിൽ 22 ശതമാനം വളർച്ച ഉണ്ടായതിൽ വിലക്കയറ്റത്തിനും വലിയ പങ്ക് ഉണ്ട്.


സമ്പാദ്യ പദ്ധതി നിക്ഷേപങ്ങൾക്ക് ഇനി കൂടുതൽ പലിശ

ദേശീയ സമ്പാദ്യ പദ്ധതിയിലെ നിക്ഷേപങ്ങൾക്കു പലിശ കൂട്ടി. ഏപ്രിൽ - ജൂൺ പാദത്തിലെ പലിശയിലാണു വർധന. ബാങ്കുകളിലെ നിക്ഷേപ പലിശ സമീപ ആഴ്ചകളിൽ ഉയർന്ന പശ്ചാത്തലത്തിലാണിത്. ഗവണ്മെന്റ് ദേശീയ സമ്പാദ്യ പദ്ധതിയിൽ നിന്നു കൂടുതൽ തുക എടുക്കാൻ ഉദ്ദേശിക്കുന്ന സാഹചര്യത്തിൽ ഇവയെ ബാങ്കു നിക്ഷേപങ്ങൾക്കു തുല്യമാക്കാൻ ഉദ്ദേശിച്ചതും നിരക്കു വർധനയ്ക്കു പിന്നിൽ ഉണ്ട്.

7.1 ശതമാനം പലിശ ഉള്ള പബ്ലിക് പ്രൊവിഡന്റ് ഫണ്ടും (പിപിഎഫ്) നാലു ശതമാനം പലിശ ഉള്ള സേവിംഗ്സ് നിക്ഷേപങ്ങളും ഒഴികെ എല്ലാ ഇനങ്ങൾക്കും നിരക്കു കൂട്ടി. സുകന്യ സമൃദ്ധി യോജന ഇനി എട്ടു ശതമാനം പലിശ നേടും. 120 മാസം കൊണ്ട് (7.1 ശതമാനം പലിശ) ഇരട്ടിച്ചിരുന്ന കിസാൻ വികാസ് പത്ര ഇനി 115 മാസം കൊണ്ട് (7.5 ശതമാനം പലിശ) ഇരട്ടിക്കും. നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റിന്റെ പലിശ ഏഴിൽ നിന്ന് 7.7 ശതമാനമാക്കി. സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിലെ പലിശ എട്ടിൽ നിന്ന് 8.2 ശതമാനമാക്കി. ഇതിലെ പരമാവധി നിക്ഷേപം 15 ൽ നിന്ന് 30 ലക്ഷമാക്കി.

ഒരു വർഷ ടൈം ഡിപ്പോസിറ്റിന് പലിശ 6.6-ൽ നിന്ന് 6.8 ശതമാനമായി. രണ്ടു വർഷത്തേതിന് 6.8-ൽ നിന്ന് 6.9 ശതമാനമായപ്പോൾ മൂന്നു വർഷത്തേതിന് 6.9 ൽ നിന്ന് ഏഴു ശതമാനമായി. അഞ്ചു വർഷത്തേതിന് ഏഴിൽ നിന്ന് 7.5 ശതമാനമായി പലിശ. അഞ്ചു വർഷ റെക്കറിംഗ് നിക്ഷേപത്തിന് 6.2 ശതമാനം പലിശ കിട്ടും.


യാത്രാവാഹന വിൽപനയിൽ റിക്കാർഡിട്ട് 2022 - 23


കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യത്തു വാഹനവിൽപന മികച്ച വളർച്ച കാണിച്ചതായി കമ്പനികൾ നൽകിയ കണക്കുകൾ കാണിക്കുന്നു. യാത്രാ വാഹനങ്ങളുടെ വിൽപന 38,89,545 എന്ന റിക്കാർഡിലേക്ക് ഉയർന്നു. ഇതു തലേവർഷത്തെ 30,69,499 നേക്കാൾ 26.72 ശതമാനം അധികമാണ്. 2018 -19 ലെ 33.77 ലക്ഷമായിരുന്നു മുൻ റിക്കാർഡ്. അതിനേക്കാൾ 15.16 ശതമാനം അധികമാണ് 2022 - 23ലേത്.

മാരുതി സുസുകി 21 ശതമാനം വർധനയോടെ 16.07 ലക്ഷം യാത്രാവാഹനങ്ങൾ വിറ്റ് ഒന്നാം സ്ഥാനത്താണ്. ഹ്യുണ്ടായി 5.68 ലക്ഷം വിറ്റു. വർധന 18 ശതമാനം. 45 ശതമാനം വർധനയോടെ 5.39 ലക്ഷം യാത്രാ വാഹനങ്ങൾ വിറ്റ് ടാറ്റാ മോട്ടോഴ്സ് മൂന്നാം സ്ഥാനത്തുണ്ട്. കിയാ വിറ്റത് 2.69 ലക്ഷം. വർധന 44 ശതമാനം. ടൊയോട്ട കിർലോസ്കർ 1.74 ലക്ഷം വിറ്റു. വർധന 41 ശതമാനം.

ടൂ വീലറിൽ ഹീറോ മോട്ടോ കോർപ് 11 ശതമാനം വർധനയോടെ 51.56 ലക്ഷം എണ്ണം വിറ്റു. ടിവിഎസ് മോട്ടോർ വിൽപന 25.98 ലക്ഷം. വർധന 27 ശതമാനം. 8.35 ലക്ഷം വിറ്റ റോയൽ എൻഫീൽഡിനു വളർച്ച 39 ശതമാനം.

വാണിജ്യ വാഹന വിൽപനയിൽ 3.93 ലക്ഷവുമായി ടാറ്റാ മോട്ടോഴ്സ് ഒന്നാമത്. വർധന 22 ശതമാനം. വോൾവോ ഐഷർ 55 ശതമാനം വർധനയോടെ 72,827 എണ്ണം വിറ്റു.

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it