വിപണി ഉത്സാഹത്തിൽ; പലിശ വിഷയത്തിൽ പുതിയ പ്രതീക്ഷ; വിദേശ സൂചികകൾ കയറ്റത്തിൽ; സ്വർണം ഉയരുന്നു; ഡോളർ താഴുന്നു
ഏതു കച്ചിത്തുരുമ്പിലും പ്രത്യാശ അർപ്പിക്കുന്ന ശീലം വിപണിക്കുണ്ട്. ഏറ്റവും പുതിയ കച്ചിത്തുരുമ്പ് യുഎസ് തൊഴിലവസരങ്ങളിലെ വർധന രണ്ടര വർഷത്തിനിടെ ആദ്യമായി കുറഞ്ഞു എന്നതാണ്. ഇതിനർഥം പലിശവർധന നീട്ടി വയ്ക്കും എന്നാണെന്ന വ്യാഖ്യാനം യുഎസ് വിപണി സ്വീകരിച്ചു. അവിടെയും മറ്റിടങ്ങളിലും ഓഹരിവിപണി ഉയർന്നു. കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം കുറഞ്ഞു. സ്വർണവില കൂടി. ഡോളർ നിരക്ക് താഴ്ന്നു. ഇന്ന് ഇന്ത്യൻ വിപണിയിലും ഇതെല്ലാം ആവർത്തിക്കാം.
ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ചാെവ്വ രാത്രി 19,418 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 19,434 ലേക്കു കയറി. ഇന്ത്യൻ വിപണി ഇന്ന് ഉയർന്ന നിലയിൽ വ്യാപാരം തുടങ്ങും എന്ന സൂചനയാണു ഡെറിവേറ്റീവ് വിപണി നൽകുന്നത്.
യൂറോപ്യൻ സൂചികകൾ ചാെവ്വാഴ്ച നല്ല നേട്ടത്തിൽ അവസാനിച്ചു. പലിശവർധനയെപ്പറ്റി യൂറോപ്യൻ കേന്ദ്ര ബാങ്ക് ഇതുവരെയും നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും വിപണി ചെറിയ ആശ്വാസത്തിലാണ്. ഏഷ്യൻ, യുഎസ് വിപണികളും യൂറോപ്പിനെ സഹായിച്ചു.
ഡൗ ജോൺസ് ഇന്നലെ 292.69 പോയിന്റ് (0.85%) കയറി 34,852.67ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 64.32 പോയിന്റ് (1.45%) ഉയർന്ന് 4497.63 ൽ അവസാനിച്ചു. നാസ്ഡാക് 238.63 പോയിന്റ് (1.74%) കയറി 13,943.76 ൽ ക്ലോസ് ചെയ്തു.
യുഎസ് തൊഴിലവസര വർധനയും ഉപഭോക്താക്കൾക്ക് സമ്പദ്ഘടനയിലുള്ള വിശ്വാസവും കുറഞ്ഞെന്നു കാണിക്കുന്ന കണക്കുകൾ ആണു വിപണിയെ സഹായിച്ചത്. യുഎസ് തൊഴിലവസര പരസ്യങ്ങൾ 2021 മാർച്ചിനു ശേഷം ആദ്യമായി 90 ലക്ഷത്തിനു താഴെയായി. കൺസ്യൂമർ കോൺഫിഡൻസ് സർവേഫലം തലേ മാസത്തിലേതിലും താഴെയായി. പലിശവർധനയടക്കമുള്ള നടപടികൾ തൊഴിൽ വിപണിയെ ബാധിക്കുന്നു എന്നാണ് ഇവ കാണിച്ചത്. തൊഴിൽ കുറഞ്ഞാൽ വേതനവർധനയും വിലക്കയറ്റവും കുറയും എന്നാണു നിഗമനം. അപ്പോൾ ഇനി പലിശവർധന വേണ്ടെന്നു വയ്ക്കാൻ ഫെഡ് തയാറായേക്കും. ഇതാണു വിപണിയുടെ പ്രതീക്ഷ.
തൊഴിലും വരുമാനവും സംബന്ധിച്ച് ഈ ദിവസങ്ങളിൽ കൂടുതൽ കണക്കുകൾ വരുന്നുണ്ട്. അവ ഓരോന്നും വിപണിയുടെ ഗതിയെ സ്വാധീനിക്കും.
എൻവിഡിയയുടെ നിർമിതബുദ്ധി സാങ്കേതിക വിദ്യ ഗൂഗിൾ ക്ലൗഡ് വഴി വിൽക്കാൻ കരാർ ഉണ്ടാക്കിയത് എൻവിഡിയ ഓഹരിയെ നാലു ശതമാനത്തിലധികം ഉയർത്തി റെക്കോഡ് ക്ലോസിംഗിലാക്കി. ഈ വർഷം ഇതുവരെ 243 ശതമാനം കയറ്റമാണ് എൻവിഡിയ ഓഹരിക്കുള്ളത്.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു നേരിയ കയറ്റത്തിലാണ്. ഡൗ 0.12 ഉം എസ് ആൻഡ് പി 0.11 ഉം നാസ്ഡാക് 0.18 ഉം ശതമാനം ഉയർന്നു നിൽക്കുന്നു.
ഇന്നു രാവിലെ ചെെന അടക്കം ഏഷ്യൻ രാജ്യങ്ങളിലും ഓസ്ട്രേലിയയിലും വിപണികൾ മികച്ച നേട്ടത്തിലാണു വ്യാപാരം ആരംഭിച്ചത്. ജപ്പാനിലെ നിക്കെെ അര ശതമാനം കയറി. ചെെന ഓഹരി വ്യാപാരത്തിനുള്ള സ്റ്റാമ്പ് ഡ്യൂട്ടി പകുതിയായി കുറച്ചതു കഴിഞ്ഞ ദിവസങ്ങളിൽ ചൈനീസ് സൂചികകളെ ഗണ്യമായി ഉയർത്തി.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണി തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഉയർന്നു. ഇന്നലെ സെൻസെക്സ് 79.22 പോയിന്റ് (0.12%) കയറി 65,075.82ലും നിഫ്റ്റി 36.6 പോയിന്റ് (0.19%) ഉയർന്ന് 19,342.65 ലും ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി ഇന്നലെ നാമമാത്ര (0.60 പോയിന്റ്) നേട്ടത്തിൽ അവസാനിച്ചു.
വിശാല വിപണിയും ഉയർന്നു. മിഡ് ക്യാപ് സൂചിക 0.34 ശതമാനം കയറി 38,794.8-ൽ ക്ലോസ് ചെയ്തപ്പാേൾ സ്മോൾ ക്യാപ് സൂചിക 0.54 ശതമാനം ഉയർന്ന് 12,021.65 ൽ ക്ലോസ് ചെയ്തു.
വിദേശ ഫണ്ടുകൾ ക്യാഷ് വിപണിയിൽ തിങ്കളാഴ്ച വലിയ വിൽപനക്കാരായി. അവർ 1393.25 കോടി രൂപയുടെ ഓഹരികൾ വിറ്റു. എന്നാൽ ചൊവ്വാഴ്ച അവർ 61.51 കോടി രൂപയുടെ വാങ്ങൽ നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും രണ്ടു ദിവസവും വാങ്ങലുകാരായി. തിങ്കളാഴ്ച 1264.01 കോടിയുടെയും ചൊവ്വാഴ്ച 305.09 കോടിയുടെയും ഓഹരികൾ വാങ്ങി.
വിപണി ഉണർവിൽ ആണെന്ന വിലയിരുത്തലാണ് ഇപ്പോൾ ഉള്ളത്. നിഫ്റ്റി 19,350-19,400 ലെ പ്രതിരോധം ഭേദിച്ചാൽ 19,500 -നു മുകളിലേക്കു നീങ്ങാനാവും എന്നാണ് വിശകലന വിദഗ്ധർ പറയുന്നത്. നിഫ്റ്റിക്ക് 19,320 ലും 19,275 ലും പിന്തുണ ഉണ്ട്. 19,370 ഉം 19,415 ഉം തടസങ്ങളാകാം.
ഗാർഹിക പാചകവാതക സിലിൻഡർ വില 200 രൂപ കുറച്ചത് ഇന്ധനവിതരണ കമ്പനികളെ ഇന്നു ബാധിച്ചേക്കാം. സിലിൻഡർ ഒന്നിനു 18 ശതമാനം വിലക്കുറവാണു വരുത്തിയത്. തെരഞ്ഞെടുപ്പുകൾ അടുത്തു വരുന്ന പശ്ചാത്തലത്തിലാണ് വില കുറച്ചത് എന്നു വിലയിരുത്തപ്പെടുന്നു.
വ്യാവസായിക ലോഹങ്ങൾ ഈ ആഴ്ചയുടെ ആദ്യ ദിവസങ്ങളിൽ ഭിന്നദിശകളിൽ നീങ്ങി. ഇന്നലെ അലൂമിനിയം 0.58 ശതമാനം ഉയർന്നു ടണ്ണിന് 2168.35 ഡോളറിലായി. ചെമ്പ് 0.09 ശതമാനം താഴ്ന്ന് ടണ്ണിന് 8374 ഡോളറിൽ എത്തി. ടിൻ 1.93 ശതമാനവും ലെഡ് 0.14 ശതമാനവും നിക്കൽ 2.56 ശതമാനവും താഴ്ന്നു. സിങ്ക് 1.84 ശതമാനം കയറി.
ക്രൂഡ് ഓയിലും സ്വർണവും
ക്രൂഡ് ഓയിൽ കയറ്റത്തിലാണ്. ബ്രെന്റ് ഇനം ക്രൂഡ് ഒന്നര ശതമാനം ഉയർന്ന് 85.53 ഡോളറിലും ഡബ്ള്യുടിഐ ഇനം 81.63 ഡോളറിലും ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെന്റ് ഇനം 85.68 ഡോളറിലേക്കു കയറി. ഡബ്ള്യുടിഐ ഇനം 81.42 ഡോളറിലേക്കു താഴ്ന്നു.
സ്വർണം രണ്ടു ദിവസം കൊണ്ട് ഒരു ശതമാനത്തിലധികം ഉയർന്നു. ചാെവ്വാഴ്ച പുറത്തുവന്ന യുഎസ് സമ്പത്തിക കണക്കുകൾ സമ്പദ്ഘടന അൽപം മന്ദഗതിയിലാകുമെന്നു കാണിച്ചതാണു സ്വർണത്തെ സഹായിച്ചത്. വളർച്ചയുടെ വേഗം കുറയുന്നത് പലിശവർധന മാറ്റിവയ്ക്കാൻ സഹായിക്കും. അതു സ്വർണത്തിലേക്കു നിക്ഷേപം കൂട്ടും. ഈ നിഗമനത്തിൽ സ്വർണം കയറി. ചാെവ്വാഴ്ച സ്വർണം ഔൺസിന് 17.60 ഡോളർ കയറി 1938.20 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1937 ഡോളറിലേക്കു താണു.
കേരളത്തിൽ നാലു ദിവസം മാറ്റമില്ലാതിരുന്ന പവൻവില തിരുവോണ ദിവസം 160 രൂപ കയറി 43,760 രൂപയിൽ എത്തി. ഇന്നു വില വീണ്ടും കയറും എന്നാണു സൂചന.
രൂപ ഈ ദിവസങ്ങളിൽ വലിയ കയറ്റിറക്കങ്ങൾ ഇല്ലാതെ നീങ്ങി. ഇന്നലെ ഡോളർ ഒരു പൈസ കയറി 82.64 രൂപയിൽ ക്ലോസ് ചെയ്തു.
ഡോളർ സൂചിക ഇടിഞ്ഞു.. ചാെവ്വാഴ്ച 0.53 പോയിന്റ് താഴ്ന്ന് 103.53-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 103.44 വരെ താഴ്ന്നിട്ട് 103.55 ലേക്കു കയറി.
ക്രിപ്‌റ്റോ കറൻസികൾ ഇന്നലെ വലിയ നേട്ടമുണ്ടാക്കി. ഗ്രേസ്കെയിൽ ബിറ്റ്കോയിൻ ട്രസ്റ്റിനെ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് (ഇടിഎഫ്) ആക്കി മാറ്റുന്നതിനു യുഎസ് കോടതി അനുവാദം നൽകിയതാണു കാരണം. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ (എസ്ഇസി) ഇത് അനുവദിച്ചിരുന്നില്ല. ഇടിഎഫ് തുടങ്ങുന്നതു ക്രിപ്റ്റോ കറൻസികളിലേക്കു കൂടുതൽ നിക്ഷേപം വരുത്തും. ഇന്നലെ ക്രിപ്റ്റോകൾ എട്ടു ശതമാനം വരെ കയറി. ബിറ്റ്കോയിൻ 28,000 ഡോളർ വരെ എത്തി. ഇന്നു രാവിലെ 27,500 നടുത്താണ്.
പുതിയ പ്രഖ്യാപനങ്ങളില്ല; റിലയൻസ് താഴോട്ടായി
തിങ്കളാഴ്ച റിലയൻസ് വാർഷിക പൊതുയോഗത്തിനു ശേഷം അന്നും ചാെവ്വാഴ്ചയും റിലയൻസ് ഓഹരി താഴ്ന്നു. റീട്ടെയിൽ, ജിയോ ടെക് സബ്സിഡിയറികൾ എന്നു ലിസ്റ്റ് ചെയ്യുമെന്ന പ്രഖ്യാപനം ഉണ്ടാക്കാത്തതാണു പ്രധാന കാരണം. കമ്പനിയുടെ വികസന പരിപാടികൾ സംബന്ധിച്ച പ്രഖ്യാപനങ്ങളിൽ കാര്യമായ പുതുമ ഇല്ലായിരുന്നു.
ഡയറക്ടർ ബോർഡിൽ നിന്നു നിതാ അംബാനി മാറിയതും മക്കളായ ഇഷ, അനന്ത്, ആകാശ് എന്നിവർ ഡയറക്ടർമാരായതും അപ്രതീക്ഷതമായിരുന്നില്ല.
ജിയോ ഫിനാൻഷ്യൽ ഓഹരി ചാെവ്വാഴ്ച അഞ്ചു ശതമാനം ഉയർന്ന് 221.7 രൂപയായി. നാളത്തെ വ്യാപാരം കഴിയുമ്പോൾ സെൻസെക്സ് അടക്കമുള്ള സൂചികകളിൽ നിന്ന് ജിയോ ഫിൻ മാറ്റും. എൻഎസ്ഇയുടെ സൂചികകളിൽ നിന്നും ഇതു മാറ്റപ്പെടും. ഇൻഡെക്സ് ഫണ്ടുകൾ വിറ്റിരുന്നതു മൂലമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഓഹരി കനത്ത ഇടിവ് കാണിച്ചത്. 12 കോടിയിൽ പരം ഓഹരികളാണ് ഫണ്ടുകൾ വിൽക്കേണ്ടിയിരുന്നത്.
കാലവർഷപ്പിഴവ്: വിലക്കയറ്റം കുതിക്കും
ഓഗസ്റ്റിൽ കാലവർഷം തീരെക്കുറവായത് ഖാരിഫ് വിളവിനെയും റാബി വിളവിറക്കലിനെയും പറ്റി ആശങ്ക ജനിപ്പിക്കുന്നു. നെല്ല് അടക്കമുള്ള ഖാരിഫ് വിളകളുടെ ഉൽപാദനം ഗണ്യമായി കുറയും എന്ന് ഉറപ്പായി.
അരികയറ്റുമതി ഭാഗികമായി നിരോധിച്ചത് ഈ പശ്ചാത്തലത്തിലാണ്. നുറുക്കരിയും വെള്ളയരിയും കയറ്റുമതി പാടില്ല. പുഴുക്കലരിക്ക് 20 ശതമാനം തീരുവ നൽകണം. ബസ്മതി അരി കയറ്റുമതി ടണ്ണിന് 1200 ഡോളറിൽ താഴെ പാടില്ല. ഈ നടപടികൾ രാജ്യത്ത് വില പിടിച്ചു നിർത്താനായാണ്. ഗോതമ്പ് കയറ്റുമതിയും വിലക്കിലാണ്.
തുവരപ്പരിപ്പ്, ഉഴുന്നുപരിപ്പ് തുടങ്ങിയവയുടെ ഇറക്കുമതി നികുതിരഹിതമാക്കി. സവാള -ഉള്ളി കയറ്റുമതി വിലക്കി.
വിളവ് കുറവായാൽ കാർഷികോൽപന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രണാതീതമാകും. അതു തടയാനാണ് കയറ്റുമതി നിയന്ത്രണങ്ങളും ഇറക്കുമതി ഇളവുകളും മറ്റും പ്രഖ്യാപിച്ചത്. പക്ഷേ വിലക്കയറ്റം വരുതിയിലാകുന്ന സൂചന ഇല്ല.
കാലവർഷപ്പിഴവ് റാബി കൃഷിയുടെ കാലത്തെ ജലസേചന ലഭ്യതയെയും ബാധിക്കും. ഡാമുകളിലെ സംഭരണനില ഒട്ടും തൃപ്തികരമല്ല. രാജ്യത്തെ 36 കാലാവസ്ഥാ സബ് ഡിവിഷനുകളിൽ പത്ത് എണ്ണത്തിൽ മഴ 20 ശതമാനത്തിലധികം കുറവായി. വേറൊരു 11 സബ് ഡിവിഷനുകളിൽ പത്തു ശതമാനത്തിലധികമാണു കുറവ്. രാജ്യത്തെ ഭൂവിസ്തൃതിയുടെ 50 ശതമാനത്തോളം മഴക്കുറവിന്റെ കെടുതിയിലാണെന്നു കണക്കാക്കപ്പെടുന്നു.
വിപണി സൂചനകൾ
(2023 ഓഗസ്റ്റ് 28, തിങ്കൾ)
സെൻസെക്സ് 30 64,996. 60 +0.17%
നിഫ്റ്റി 50 19,306.05 +0.21%
ബാങ്ക് നിഫ്റ്റി 44,494.65 +0.60%
മിഡ് ക്യാപ് 100 38,662.15 +0.50%
സ്മോൾക്യാപ് 100 11,957.10 +0.74%
ഡൗ ജോൺസ് 30 34,559.98 +0.62%
എസ് ആൻഡ് പി 500 4433.31 +0.63%
നാസ്ഡാക് 13,705.13 +0.84%
ഡോളർ ($) ₹82.63 -0.02
ഡോളർ സൂചിക 104.06 -0.13
സ്വർണം(ഔൺസ്) $1920.60 +$04.80
സ്വർണം(പവൻ) ₹43,600 ₹ 00.00
ക്രൂഡ് (ബ്രെന്റ്)ഓയിൽ $84.42 -$0.06
വിപണി സൂചനകൾ
(2023 ഓഗസ്റ്റ് 29, ചൊവ്വ)
സെൻസെക്സ് 30 65,075.82 +0.12%
നിഫ്റ്റി 50 19,342.65 +0.19%
ബാങ്ക് നിഫ്റ്റി 44,495.25 +0.0%
മിഡ് ക്യാപ് 100 38,794.80 +0.34%
സ്മോൾ ക്യാപ് 100 12,021.65 +0.54%
ഡൗ ജോൺസ് 30 34,872.67 +0.85%
എസ് ആൻഡ് പി 500 4497.63 +1.45%
നാസ്ഡാക് 13,943.76 +1.74%
ഡോളർ ($) ₹82.64 +0.01
ഡോളർ സൂചിക 103.45 -0.61
സ്വർണം(ഔൺസ്) $1938.20 +$17.60
സ്വർണം(പവൻ) ₹43,760 ₹160.00
ക്രൂഡ് (ബ്രെന്റ്)ഓയിൽ $85.53 +$1.11