അന്തരീക്ഷം വിപണിയുടെ കയറ്റത്തിന് അനുകൂലം; റിലയൻസ് ശ്രദ്ധാകേന്ദ്രം; ഏഷ്യൻ വിപണികളിൽ ഇടിവ്; ക്രൂഡ് അൽപം താഴ്ന്നു
മാരുതിക്കു പിന്നാലെ റിലയൻസിന്റെ മികച്ച റിസൽട്ട്, യു.എസ് ഫ്യൂച്ചേഴ്സിൽ ചെറിയ കയറ്റം, ബുധനാഴ്ച യുഎസ് ഫെഡ് പലിശ നിരക്ക് കൂട്ടുകയില്ലെന്ന പ്രതീക്ഷ, ക്രൂഡ് ഓയിൽ വില 90 ഡോളറിനു താഴെയായത്, പശ്ചിമേഷ്യൻ യുദ്ധം കൂടുതൽ വ്യാപിക്കാതെ തുടരുന്നത്. ഇങ്ങനെ നിരവധി കാര്യങ്ങൾ ഇന്ന് ഇന്ത്യൻ വിപണിയെ ഉയർത്താൻ പര്യാപ്തമായി ഉണ്ട്. എന്നാൽ രാവിലെ ഏഷ്യൻ വിപണികൾ വലിയ താഴ്ചയിലായതു പ്രതീക്ഷകളുടെ നിറം കെടുത്തുന്നു.
ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളി രാത്രി 19,028 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 19,105 വരെ കയറി. ഇന്ത്യൻ വിപണി ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്ന സൂചനയാണു ഡെറിവേറ്റീവ് വിപണി നൽകുന്നത്.
യൂറോപ്യൻ സൂചികകൾ വെള്ളിയാഴ്ചയും താഴ്ന്നു. ബ്രിട്ടനിലെ നാറ്റ് വെസ്റ്റ് ബാങ്കിന്റെ റിസൽട്ട് മാേശമായതും ബാങ്ക് ചട്ടങ്ങൾ ലംഘിച്ചെന്ന് യുകെ ഫിനാൻഷ്യൽ കണ്ടക്ട് അഥാേറിറ്റി പറഞ്ഞതും ബാങ്ക് ഓഹരി 17 ശതമാനം വരെ താഴാനിടയാക്കി. പിന്നീടു നഷ്ടം കുറച്ചു.
സീമെൻസ് എനർജിയെ രക്ഷിക്കാൻ സഹായിക്കുമെന്നു ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് പറഞ്ഞത് ഓഹരിയെ ഒൻപതു ശതമാനം ഉയർത്തി. തലേ ദിവസം 35 ശതമാനം ഇടിഞ്ഞിരുന്നു.
ഫ്രഞ്ച് ഔഷധ കമ്പനി സനോഫി 2025 ലെ വരുമാന-ലാഭ പ്രതീക്ഷകൾ താഴ്ത്തിയതിന്റെ പേരിൽ ഓഹരി 19 ശതമാനം ഇടിഞ്ഞു.
യു.എസിലെ കടപ്പത്ര വിപണിയിൽ ചാഞ്ചാട്ടം തുടർന്നു. വെള്ളിയാഴ്ച കടപ്പത്ര വിലകൾ കയറി. അവയിലെ നിക്ഷേപനേട്ടം 4.83 ശതമാനത്തിലേക്കു താണു. ഇന്നു രാവിലെ 4.875 ലേക്കു നിക്ഷേപനേട്ടം തിരിച്ചു കയറി.
സെപ്റ്റംബറിൽ യു.എസിലെ പേഴ്സണൽ കൺസംഷൻ എക്സ്പെൻഡിച്ചർ പ്രതീക്ഷിച്ചതു പോലെ 3.9 ശതമാനം വർധിച്ചു. യു.എസ് ഫെഡ് പ്രധാനമായി കണക്കാക്കുന്ന വിലക്കയറ്റ സൂചിക ഇതാണ്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഫെഡിന്റെ കമ്മിറ്റി യോഗമുണ്ട്. പലിശ കൂട്ടാൻ യോഗം തീരുമാനിക്കുകയില്ലെന്നാണു വിപണിയുടെ നിഗമനം.
കഴിഞ്ഞയാഴ്ച യു.എസ് സൂചികകൾ രണ്ടു ശതമാനത്തിലധികം താണു. ഇതോടെ ഓഗസ്റ്റിനു ശേഷം ഡൗവിൽ ഒൻപതും എസ് ആൻഡ് പിയിൽ പത്തും നാസ്ഡാക്കിൽ 11.5 ഉം ശതമാനം നഷ്ടമായി.
വെള്ളിയാഴ്ച ഡൗ ജോൺസ് 366.71 പോയിന്റ് (1.12%) താഴ്ന്ന് 32,417.59 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 19.68 പോയിന്റ് (0.48%) താണ് 4117.37 ൽ അവസാനിച്ചു. ഈ വർഷം 10 ശതമാനം ഇടിഞ്ഞ എസ് ആൻഡ് പി തിരുത്തൽ മേഖലയിലായി.
ആമസാേണും ഇന്റലും മികച്ച റിസൽട്ട് പ്രസിദ്ധീകരിച്ചത് ടെക് ഓഹരികളെ സഹായിച്ചു. നാസ്ഡാക് കോംപസിറ്റ് അൽപം നേട്ടത്തിലായി. നാസ്ഡാക് 47.41 പോയിന്റ് (0.38%) ഉയർന്ന് 12,643.01 ൽ ക്ലോസ് ചെയ്തു. എങ്കിലും ഈ വർഷം ഇതുവരെ 23 ശതമാനം താഴ്ചയിലാണു സൂചിക. പൊതുവേ ടെക് കമ്പനികൾ ദുർബല നേട്ടമാണ് ഈ വർഷം കാണിച്ചത്. ഈയാഴ്ച ആപ്പിളിന്റെ റിസൽട്ട് വരുന്നുണ്ട്. ഉൽപന്നങ്ങളുടെ വിൽപന കുറയുന്ന സാഹചര്യത്തിൽ ലാഭവർധാ കുറവാകും എന്നു വിപണി കരുതുന്നു.
യു.എസ് ഫ്യൂച്ചേഴ്സ് ഇന്നു കയറ്റത്തിലാണ്. ഫ്യൂച്ചേഴ്സിൽ ഡൗ 0.27 ഉം എസ് ആൻഡ് പി 0.36 ഉം നാസ്ഡാക് 0.51ഉം ശതമാനം ഉയർന്നു നിൽക്കുന്നു.
ഏതാനും ദിവസത്തെ ഇടിവിനു ശേഷം വെള്ളിയാഴ്ച ഒരു ശതമാനത്തിലധികം ഉയർന്ന ഏഷ്യൻ വിപണികൾ ഇന്നു വീണ്ടും നഷ്ടത്തിലായി.. ജപ്പാനിൽ നിക്കെെ 1.25 ശതമാനത്തോളം ഇടിഞ്ഞു. പിന്നീടു നഷ്ടം കുറച്ചു. ചൈനയിലും താഴ്ന്നാണു തുടക്കം.
ഇന്ത്യൻ വിപണിയിൽ വിദേശ നിക്ഷേപകരുടെ വിൽപന സമ്മർദം ഇപ്പോഴും തുടരുന്നു. വെള്ളിയാഴ്ച വിദേശികൾ ക്യാഷ് വിപണിയിൽ 1500.13 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശികൾ 313.69 കോടി രൂപയുടെ ഓഹരികൾ വാങ്ങി. വിദേശികൾ ഈ മാസം ഇതുവരെ 21,000 കോടി രൂപ ക്യാഷ് വിപണിയിൽ നിന്നു പിൻവലിച്ചു. അവർ വിൽപന തുടരുമെന്നാണു സൂചന.
സെൻസെക്സ് വെള്ളിയാഴ്ച 634.65 പോയിന്റ് (1.01%) കുതിച്ച് 63,782.80ൽ അവസാനിച്ചു. നിഫ്റ്റി 190 പോയിന്റ് (1.01%) ഉയർന്ന് 19,047.25ൽ ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 501.85 പോയിന്റ് (1.19%) കയറി 42,782ൽ വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞയാഴ്ച സെൻസെക്സ് 2.47ഉം നിഫ്റ്റി 2.53 ഉം ശതമാനം ഇടിഞ്ഞു. എല്ലാ മേഖലകളും നഷ്ടത്തിലായ ആഴ്ചയിൽ റിയൽറ്റി സൂചിക 3.2 ശതമാനം ഇടിവിലായി. മെറ്റൽ, ഓയിൽ -ഗ്യാസ് സൂചികകളും 2.9 ശതമാനം വീതം താണു.
മിഡ് ക്യാപ് സൂചിക 1.54 ശതമാനം കയറി 38,701.85ൽ ക്ലോസ് ചെയ്തപ്പാേൾ സ്മോൾ ക്യാപ് സൂചിക 2.01 ശതമാനം കുതിച്ച് 12,639.3ൽ അവസാനിച്ചു.
വെള്ളിയാഴ്ചത്തെ കയറ്റം നിക്ഷേപകർക്ക് ആശ്വാസമായി. എന്നാൽ മുന്നേറ്റം തുടരുമോ എന്ന് ഉറപ്പു പറയാൻ വിദഗ്ധർ തയാറല്ല. 18,800 നു താഴോട്ടു നിഫ്റ്റി നീങ്ങിയാൽ വീണ്ടും വലിയ വീഴ്ച ഉണ്ടാകാം എന്നാണ് അവർ പറയുന്നത്.
നിഫ്റ്റിക്ക് ഇന്ന് 18,960 ലും 18,870 ലുമാണു പിന്തുണ. 19,075 ലും 19,165 ലും തടസങ്ങൾ പ്രതീക്ഷിക്കാം.
റിലയൻസിൽ വാങ്ങൽ ശിപാർശ
വെള്ളിയാഴ്ച റിലയൻസ് പ്രതീക്ഷകളേക്കാൾ മികച്ച റിസൽട്ട് പുറത്തുവിട്ടു. റീട്ടെയിലും ജിയോയും നല്ല പുരാേഗതി കാഴ്ചവച്ചു. എങ്കിലും ലാഭവർധന പ്രധാനമായും പെട്രാേ കെമിക്കൽ മേഖലയിൽ നിന്നായിരുന്നു. 27.8 ശതമാനം വർധനയോടെ അറ്റാദായം 17,394 കോടി രൂപയായി. വിറ്റുവരവിലെ വളർച്ച നാമമാത്രമാണ്. 2.56 ലക്ഷം കോടി രൂപയാണു വിറ്റുവരവ്.
റിസൽട്ടിനെ തുടർന്നു ബ്രാേക്കറേജുകൾ റിലയൻസ് ഓഹരി വാങ്ങാൻ ശിപാർശ ചെയ്തിട്ടുണ്ട്. ഈ വർഷം ഇതു വരെ റിലയൻസ് ഓഹരി 12 ശതമാനം നഷ്ടത്തിലാണ്. ജൂലൈ 19 - ന് എത്തിയ 2856 രൂപയിൽ നിന്ന് 20.6 ശതമാനം താഴെയാണ് ഇപ്പോഴത്തെ വിലയായ 2266 രൂപ.
ലോഹങ്ങൾ കയറി,ക്രൂഡ് കയറിയിറങ്ങി
വ്യാവസായിക ലോഹങ്ങൾ വെള്ളിയാഴ്ച ഉയർന്നു. അലൂമിനിയം 1.03 ശതമാനം കൂടി ടണ്ണിന് 2220 ഡോളറിലായി. ചെമ്പ് 0.31 ശതമാനം കയറി ടണ്ണിന് 7963.50 ഡോളറിലെത്തി. ലെഡ് 0.45 ഉം നിക്കൽ 0.55 ഉം സിങ്ക് 0.59 ഉം ടിൻ 0.56 ഉം ശതമാനം ഉയർന്നു.
പശ്ചിമേഷ്യൻ സാഹചര്യം മോശമാകുന്നതായ സൂചനയെ തുടർന്നു വെള്ളിയാഴ്ച ക്രൂഡ് ഓയിൽ വില മൂന്നു ശതമാനത്തോളം കയറി 90 ഡോളറിനു മുകളിൽ എത്തി. ബ്രെന്റ് ഇനം ക്രൂഡ് 90.48 ഡോളറിലും ഡബ്ള്യു.ടി.ഐ ഇനം 85.54 ഡോളറിലും ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില യഥാക്രമം 89.54 ഉം 84.56 ഉം ഡോളർ ആയി. യു.എ.ഇയുടെ മർബൻ ക്രൂഡ് 90.46 ഡോളറിൽ വ്യാപാരം നടക്കുന്നു.
2,000 ഡോളർ കടന്നു സ്വർണം
സ്വർണം കഴിഞ്ഞ വെള്ളിയാഴ്ച ഔൺസി(31.1 ഗ്രാം) ന് 2000 ഡോളർ കടന്നു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം വഷളാകുന്നതായ സൂചനയെ തുടർന്നു സുരക്ഷിത നിക്ഷേപമായി കണക്കാക്കി അതിസമ്പന്നരും ഫണ്ടുകളും സ്വർണത്തിലേക്കു തിരിഞ്ഞു. വെള്ളിയാഴ്ച 2010 വരെ ഉയർന്ന ശേഷം അൽപം താഴ്ന്ന് 2006.60 ഡോളറിൽ സ്വർണം ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2003.80 ഡോളറിലേക്കു താണു. വില ഇനിയും ഉയരുമെന്നാണ് വിലയിരുത്തൽ.
തുടർച്ചയായ മൂന്നാമത്തെ ആഴ്ചയാണു സ്വർണം ഉയർന്നു ക്ലോസ് ചെയ്തത്. നവംബർ ഒന്നിനു യുഎസ് ഫെഡിന്റെ പലിശ തീരുമാനം വരും വരെ സ്വർണവിലയിൽ സ്ഥിരത പ്രതീക്ഷിക്കുന്നില്ല
കഴിഞ്ഞ മേയ് പകുതിക്കു ശേഷം ആദ്യമാണ് സ്വർണം 2000 ഡോളറിനു മുകളിൽ കയറിയത്. മേയ് അഞ്ചിന് 2050.3 ഡോളർ വരെ സ്വർണം എത്തിയിരുന്നു. 2020 ഓഗസ്റ്റിൽ ഔൺസിന് 2074.88 ഡോളറിൽ എത്തിയതാണ് സ്വർണത്തിന്റെ സർവകാല റെക്കോഡ് വില.
ഇന്ത്യയിൽ രൂപയുടെ വിനിമയ നിരക്കിലെ മാറ്റം കൂടി ചേർന്നാണു സ്വർണവില നിശ്ചയിക്കുന്നത്. ലോക വിപണിയിൽ റെക്കോഡിനു താഴെയാണെങ്കിലും ഇന്ത്യയിൽ വില സർവകാല റെക്കോഡിൽ ആണ് ഇപ്പോൾ.
കേരളത്തിൽ പവൻവില ശനിയാഴ്ച 520 രൂപ കൂടി 45,960 രൂപയിലെത്തി. സർവകാല റെക്കോഡ് വിലയാണിത്. മേയ് അഞ്ചിന് എത്തിയ 45,760 രൂപയെയാണ് മറികടന്നത്.
ഡോളർ വെള്ളിയാഴ്ച ഒരു പൈസ കുറഞ്ഞ് 83.24 രൂപയിൽ ക്ലോസ് ചെയ്തു.
ഡോളർ സൂചിക വെള്ളിയാഴ്ച 106.55 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 106.64-ലേക്കു കയറി.
ക്രിപ്‌റ്റോ കറൻസികൾ ഉയർന്ന നിലയിൽ തുടരുന്നു. ബിറ്റ്കോയിൻ 34,600നു സമീപമായി.
എൽ നിനോ ആഘാതം ചെറുതല്ല, കാർഷിക വിളവ് കുറയും
എൽ നിനോ കാലാവസ്ഥാ പ്രതിഭാസം വലിയ ആഘാതം ഉണ്ടാക്കില്ല എന്ന ഔദ്യോഗിക പ്രചാരണത്തിന് അവസാനം. ഖാരിഫ് സീസണിലെ കാർഷിക ഉൽപാദനത്തിൽ ഗണ്യമായ കുറവുണ്ടാകും എന്ന് ഇപ്പോൾ ഗവണ്മെന്റ് പറയുന്നു. കൃഷി, കർഷകക്ഷേമ മന്ത്രാലയം ഇപ്പോൾ പുറഞ്ഞുവിട്ട ഉൽപാദന പ്രതീക്ഷ (ലക്ഷം ടൺ) യും മുൻവർഷത്തേതിൽ നിന്നുള്ള കുറവും (ശതമാനം) ചുവടെ:
അരി 1063 3.2
പയറുവർഗങ്ങൾ 71.2 6.6
പരുക്കൻ ധാന്യങ്ങൾ 351.4 6.5
ആകെ ഭക്ഷ്യവിളകൾ 1486 4.6
എണ്ണക്കുരുക്കൾ 215.3 17.7
കരിമ്പ് 4348 11.4
പരുത്തി ഉൽപാദനത്തിൽ 5.9 ശതമാനം കുറവു പ്രതീക്ഷിക്കുന്നു.മൊത്തം കാർഷിക ഉൽപാദനത്തിൽ മൂന്നു ശതമാനത്തിലധികം കുറവുണ്ടാകുമെന്നാണ് സൂചന.
കൃഷിയിറക്കിയ സ്ഥലത്തിന്റെ അളവും കഴിഞ്ഞ വർഷത്തെ ഉൽപാദനത്തോതും കണക്കാക്കിയുള്ള പ്രതീക്ഷയാണ് മന്ത്രാലയത്തിന്റെ ഈ പ്രഥമ നിഗമനത്തിൽ ഉള്ളത്. പലേടത്തും മഴ വൈകിയതും കുറവായതും ഉൽപാദനത്താേത് ഗണ്യമായി കുറച്ചിട്ടുണ്ട്. വിളവെടുപ്പിന്റെ കണക്കു കിട്ടുമ്പോഴേ കുറവ് എത്രയാകുമെന്ന ശരിയായ വിലയിരുത്തൽ കിട്ടൂ. പ്രഥമനിഗമനത്തേക്കാൾ വളരെ കൂടുതലാകും യഥാർഥ കുറവ് എന്നു തീർച്ചയാണ്.
ഇതിന്റെ പ്രത്യാഘാതം രണ്ടാണ്. ഒന്ന്: കാർഷിക മേഖലയിലെ ജിഡിപി വളർച്ച കുറയും. സ്വാഭാവികമായി ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ ക്രയശേഷി കുറയും. അവിടെ ഉൽപന്ന-സേവന വിൽപന കുറയും. രണ്ട്: കാർഷികാേൽപന്നങ്ങളുടെ വില കൂടും. ചില്ലറ വിലക്കയറ്റം കുറയ്ക്കുന്നതു പ്രയാസകരമാകും.
ഖാരിഫ് കാലത്തെ തെക്കു പടിഞ്ഞാറൻ കാലവർഷം ആറു ശതമാനം കുറവായിരുന്നു. എന്നാൽ രാജ്യത്ത് എല്ലായിടത്തും കുറവ് ഒരേ പോലെയല്ല. രാജ്യവിസ്തൃതിയുടെ 20 ശതമാനത്തിലധികം പ്രദേശം വരൾച്ചയ്ക്കു സമാനമായ അവസ്ഥയിലാണ്. അവിടങ്ങളിലെ ജലസംഭരണികളിൽ ശേഷിയുടെ 50 ശതമാനത്തിൽ താഴെയേ വെള്ളം ഉള്ളൂ. ഇതു റാബി സീസണിൽ ജലസേചനം കുറയാൻ കാരണമാകും. എൽ നിനോ ആഘാതം ചെറുതല്ലെന്നു വ്യക്തം.
വിപണി സൂചനകൾ
(2023 ഒക്ടോബർ 27, വെള്ളി)
സെൻസെക്സ്30 63,782.80 +1.01%
നിഫ്റ്റി50 19,047.25 +1.01%
ബാങ്ക് നിഫ്റ്റി 42,782.00 +1.19%
മിഡ് ക്യാപ് 100 38,701.85 +1.54%
സ്മോൾ ക്യാപ് 100 12,639.30 +2.01%
ഡൗ ജോൺസ് 30 32,417.59 -1.12%
എസ് ആൻഡ് പി 500 4117.37 -0.48%
നാസ്ഡാക് 12,643.01 +0.38%
ഡോളർ ($) ₹83.24 -₹0.0 1
ഡോളർ സൂചിക 106.58 -0.02
സ്വർണം (ഔൺസ്) $2006.60 +$21.00
സ്വർണം (പവൻ) ₹45,960 +₹520.൦൦
ക്രൂഡ് ബ്രെന്റ് ഓയിൽ $90.48 +$2.55