കയറ്റം തുടരാൻ വിപണി; മഴക്കുറവ് ആശങ്ക കൂട്ടും; ഒന്നാം പാദ ജിഡിപി കണക്ക് ഇന്ന്; സ്വർണവും ക്രൂഡും കയറ്റം തുടരുന്നു

ഒന്നാം പാദ ജിഡിപി കണക്കുകൾ ഇന്നു പുറത്തു വരാനിരിക്കെ വിപണി ചെറുതല്ലാത്ത അനിശ്ചിതത്വം കാണിക്കുന്നു. എൽപിജി സബ്സിഡി കൂട്ടിയതിനു പിന്നാലെ പെട്രാേൾ, ഡീസൽ വിലകൾ കുറയ്ക്കുമോ, ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരത്തേ ആക്കുമോ തുടങ്ങിയ ചോദ്യങ്ങളും ഉയരുന്നുണ്ട്. ഇവ അനിശ്ചിതത്വം വളർത്തുന്നവയാണ്.

മഴക്കുറവ് വിലക്കയറ്റം കൂട്ടും എന്ന ആശങ്ക പ്രബലമായി വരികയാണ്. രാജ്യ വിസ്തൃതിയുടെ 48 ശതമാനത്താേളം ഭാഗത്തു വരൾച്ചയ്ക്കു സമാനമായ നിലയാണ്. യുഎസ് പലിശ വർധന ഉടനില്ല എന്ന നിഗമനം ഡോളറിനെ താഴ്ത്തുകയും സ്വർണത്തെ ഉയർത്തുകയും ചെയ്യുന്നു. ഇന്നും ഈ പ്രവണത തുടരാം. ക്രൂഡ് ഓയിലും കയറ്റത്തിലാണ്. എങ്കിലും ആഗാേള സൂചനകൾ വിപണിയുടെ കയറ്റത്തിന് അനുകൂലമാണ്.

ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ചാെവ്വ രാത്രി 19,355 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 19,375 ലേക്കു കയറി. ഇന്ത്യൻ വിപണി ഇന്ന് ഉയർന്ന നിലയിൽ വ്യാപാരം തുടങ്ങും എന്ന സൂചനയാണു ഡെറിവേറ്റീവ് വിപണി നൽകുന്നത്.

യൂറോപ്യൻ സൂചികകൾ ബുധനാഴ്ച നഷ്ടത്തിൽ അവസാനിച്ചു; യുഎസ് വിപണി ചെറിയ നേട്ടത്തിലും. ജർമനിയിലും സ്പെയിനിലും വിലക്കയറ്റം ഉയർന്നു നിൽക്കുന്നതാണ് യൂറോപ്യൻ വിപണികളെ താഴ്ത്തിയത്.

യുഎസിൽ ഡൗ ജോൺസ് ഇന്നലെ 37.57 പോയിന്റ് (0.11%) കയറി 34,890.24ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 17.24 പോയിന്റ് (0.38%) ഉയർന്ന് 4514.87 ൽ അവസാനിച്ചു. നാസ്ഡാക് 75.55 പോയിന്റ് (0.54%) കയറി 14,019.31 ൽ ക്ലോസ് ചെയ്തു. തുടർച്ചയായ നാലാം ദിവസവും മുഖ്യ സൂചികകൾ നേട്ടത്തിലായി. യുഎസ് സാമ്പത്തിക വളർച്ച മന്ദീഭവിക്കുന്നു എന്ന വ്യാഖ്യാനമാണു വിപണിയെ സഹായിച്ചത്.

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു ചെറിയ കയറ്റത്തിലാണ്. ഡൗ 0.16 ഉം എസ് ആൻഡ് പി 0.03 ഉം നാസ്ഡാക് 0.05 ഉം ശതമാനം ഉയർന്നു നിൽക്കുന്നു.

ഇന്നു രാവിലെ ഏഷ്യൻ വിപണികൾ ഭിന്നദിശകളിലായി. ഓസ്ട്രേലിയൻ വിപണി നാമമാത്രമായി ഉയർന്നു. ജപ്പാനിൽ നിക്കെെ 0.50 ശതമാനം കയറിയപ്പോൾ കൊറിയൻ വിപണി 0.25 ശതമാനം താഴ്ന്നു.

ചൈനീസ് ബാങ്കുകൾ ഭവനവായ്പയുടെ പലിശ കുറയ്ക്കും എന്നു സംസാരമുണ്ട്. എങ്കിലും ഷാങ്ഹായ് വിപണി നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്.

ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണി ഇന്നലെ ആവേശത്തോടെ തുടങ്ങി, കൂടുതൽ കയറി. പക്ഷേ അവസാന മണിക്കൂറിൽ കുത്തനേ ഇടിഞ്ഞു. ഒരവസരത്തിൽ നേട്ടങ്ങളെല്ലാം നഷ്ടപ്പെടുത്തിയെങ്കിലും ഒടുവിൽ നാമമാത്ര നേട്ടത്തോടെ അവസാനിച്ചു. ബാങ്കിംഗ്, ധനകാര്യ ഓഹരികളിലെ തകർച്ചയാണ് മുഖ്യ സൂചികകളെ വലിച്ചു താഴ്ത്തിയത്. സെൻസെക്സ് 11.43 പോയിന്റ് (0.02%) കയറി 65,087.25ലും നിഫ്റ്റി 4.8 പോയിന്റ് (0.02%) ഉയർന്ന് 19,347.45 ലും ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി ഇന്നലെ 262.65 പോയിന്റ് (0.59% ) നഷ്ടത്തിൽ അവസാനിച്ചു.

അതേ സമയം വിശാല വിപണി നേട്ടത്തിലായിരുന്നു. മിഡ് ക്യാപ് സൂചിക 0.73 ശതമാനം കയറി 39,077.55-ൽ ക്ലോസ് ചെയ്തപ്പാേൾ സ്മോൾ ക്യാപ് സൂചിക 1.03 ശതമാനം ഉയർന്ന് 12,145.4 ൽ ക്ലോസ് ചെയ്തു.

വിദേശ ഫണ്ടുകൾ ഇന്നലെ ക്യാഷ് വിപണിയിൽ 494.68 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 1323.24 കോടിയുടെ ഓഹരികൾ വാങ്ങി.

നിഫ്റ്റിക്കു 19,350-19,500 ലെ പ്രതിരോധം മറികടക്കാൻ കഴിയുന്നില്ലെന്ന് വീണ്ടും തെളിയിച്ചു. ഇന്നു നിഫ്റ്റിക്ക് 19,330 ലും 19,260 ലും പിന്തുണ ഉണ്ട്. 19,420 ഉം 19,495 ഉം തടസങ്ങളാകാം.

വ്യാവസായിക ലോഹങ്ങൾ ഇന്നലെ കയറ്റത്തിലായി. ഇന്നലെ അലൂമിനിയം 1.68 ശതമാനം ഉയർന്നു ടണ്ണിന് 2204.78 ഡോളറിലായി. ചെമ്പ് 0.85 ശതമാനം കയറി ടണ്ണിന് 8445.40 ഡോളറിൽ എത്തി. ടിൻ 0.66 ശതമാനവും ലെഡ് 2.12 ശതമാനവും സിങ്ക് 0.26 ശതമാനവും കയറി. നിക്കൽ 0.58 ശതമാനം താഴ്ന്നു.

ക്രൂഡ് ഓയിലും സ്വർണവും

ക്രൂഡ് ഓയിൽ നേരിയ കയറ്റത്തിലാണ്. ബ്രെന്റ് ഇനം ക്രൂഡ് അര ശതമാനം ഉയർന്ന് 85.86 ഡോളറിലും ഡബ്ള്യുടിഐ ഇനം 81.65 ഡോളറിലും ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെന്റ് ഇനം 86 ഡോളറിലേക്കു കയറി. ഡബ്ള്യുടിഐ ഇനം 81.74. ഡോളറിലേക്കു താഴ്ന്നു. എണ്ണസമ്പന്നമായ ഗബോണിൽ അട്ടിമറിയിലൂടെ പട്ടാളം ഭരണം പിടിച്ചതു വിപണിയിൽ ചെറിയ ചലനം ഉണ്ടാക്കാം. മധ്യ ആഫ്രിക്കൻ രാജ്യമായ ഗബോണിൽ ഈയിടെ നടന്ന തെരഞ്ഞെടുപ്പ് റദ്ദാക്കിയതായി പട്ടാളം പ്രഖ്യാപിച്ചു. മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് അലി ബോംഗാേയെ പട്ടാളം തടവിലാക്കി. ഒന്നരമാസം മുൻപാണ് സമീപ രാജ്യമായ നെെജറിൽ പട്ടാളം ഭരണം പിടിച്ചത്.

സ്വർണം കയറ്റം തുടരുകയാണ്. സെപ്റ്റംബറിൽ പലിശ കൂട്ടുകയില്ല എന്ന നിഗമനത്തിലാണു വിപണി. കടപ്പത്രങ്ങളുടെ വില കൂടുകയും നിക്ഷേപനേട്ടം കുറയുകയും ചെയ്യുന്നതു സ്വർണത്തെ ഉയർത്തി. ബുധനാഴ്ച സ്വർണം ഔൺസിന് 4.80 ഡോളർ കയറി 1943 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1948 ഡോളറിലേക്കു കയറി.

കേരളത്തിൽ ഇന്നലെ പവൻവില 240 രൂപ കയറി 44,000 രൂപയിൽ എത്തി. ഇന്നു വില വീണ്ടും കയറും.

രൂപ ഇന്നലെ തുടക്കത്തിൽ നേട്ടം ഉണ്ടാക്കിയിട്ട് പിന്നീടു ദുർബലമായി. ഡോളർ രണ്ടു പൈസ കയറി 82.73 രൂപയിൽ ക്ലോസ് ചെയ്തു.

ഡോളർ സൂചിക താഴുകയാണ്. ബുധനാഴ്ച 103.16ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 103.03 ലേക്കു വീണു.

ക്രിപ്‌റ്റോ കറൻസികൾ ഇന്നലെ രണ്ടര ശതമാനം ഇടിഞ്ഞു. ബിറ്റ്കോയിൻ ഇന്നു രാവിലെ 27,200 ഡോളറിനടുത്താണ്. ക്രിപ്റ്റോ കറൻസി ഇടിഎഫ് തുടങ്ങുന്നതിനു കോടതി വിധി അനുകൂലമായെങ്കിലും നിരവധി കടമ്പകൾ കടക്കേണ്ടതുണ്ടെന്ന വിലയിരുത്തലാണ് തലേന്നത്തെ ആവേശം കെടുത്തിയത്.

ജിഡിപി കണക്ക് ഇന്നറിയാം

ഇന്ത്യയുടെ 2023-24 ധനകാര്യ വർഷത്തെ ഒന്നാം പാദ ജിഡിപി വളർച്ച എത്രയായിരുന്നു എന്ന് ഇന്നു വെെകുന്നേരം അറിവാകും. ഈ ധനകാര്യവർഷം 6.5 ശതമാനം ജിഡിപി വളർച്ച പ്രതീക്ഷിക്കുന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എട്ടു ശതമാനമാണ് ഒന്നാം പാദത്തിൽ കണക്കാക്കുന്ന വളർച്ച. വിവിധ ഏജൻസികളും അതിനടുത്തു വരുന്ന നിഗമനമാണു നടത്തിയിട്ടുള്ളത്.

ജാപ്പനീസ് ബ്രോക്കറേജ് നൊമുറ ഏഴു ശതമാനം പ്രതീക്ഷിക്കുന്നു. എന്നാൽ അവരുടെ മറ്റൊരു വിശകലനത്തിൽ എട്ടു ശതമാനം വളർച്ച പറയുന്നുണ്ട്. റേറ്റിംഗ് ഏജൻസി ഇക്ര 8.5 ശതമാനം കണക്കാക്കുന്നു.

മറ്റ് ഏജൻസികളുടെ വിലയിരുത്തൽ ഇങ്ങനെ:

എസ്ബിഐ 8.3%,

ക്രിസിൽ 8.2%,

ബാങ്ക് ഓഫ് ബറാേഡ 8.0 - 8.2%,

ബാർക്ലേയ്സ് 7.5%,

യുബിഎസ് 7.5 - 8.0%.

ഇക്കണോമിക് ടൈംസ് വിവിധ ധനശാസ്ത്രജ്ഞർക്കിടയിൽ നടത്തിയ സർവേയിലെ മധ്യ നിഗമനം 7.8 ശതമാനം വളർച്ചയാണ്. റോയിട്ടേഴ്സിന്റെ സർവേയിലെ നിഗമനം 7.7 ശതമാനം. 5.6 മുതൽ 9.1 വരെ ശതമാനമാണ് വിവിധ ധനശാസ്ത്രജ്ഞർ കണക്കാക്കുന്നത്.

എൽപിജി സബ്സിഡി കേന്ദ്രം വഹിക്കും

ഗാർഹിക പാചകവാതക സിലിൻഡർ വില 200 രൂപ കുറച്ചത് ഇന്നലെ ഇന്ധനവിതരണ കമ്പനികളുടെ ഓഹരികളെ മൂന്നു ശതമാനം വരെ താഴ്ത്തി. എന്നാൽ കമ്പനികൾക്കു നഷ്ടം വരാതെ ഗവണ്മെന്റ് സബ്സിഡി വഹിക്കും എന്നു വൈകുന്നേരം വകുപ്പുമന്ത്രി വിശദീകരിച്ചു. ഇത് ഓഹരികളെ സഹായിക്കാം. പെട്രോൾ, ഡീസൽ വിലകളും താമസിയാതെ കുറയ്ക്കുമെന്ന കിംവദന്തി വിപണിയിൽ ഉണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് നേരത്തേ നടത്തും എന്നു പ്രതീക്ഷിക്കുന്നവരും ഉണ്ട്. വിപണിയിൽ ഈ നീക്കങ്ങൾ അത്ര നല്ല പ്രതികരണമല്ല ഉണ്ടാക്കുന്നത്.

പാചകവാതകവില കുറയ്ക്കൽ സെപ്റ്റംബറിലെ ചില്ലറവിലക്കയറ്റത്തിൽ 0.3 ശതമാനം കുറവ് വരുത്താം എന്നാണു നിഗമനം. ഏഴുമാസം കൊണ്ട് 18,500 കോടി രൂപയാണ് ഈയിനത്തിൽ കേന്ദ്ര സർക്കാരിനു വരാവുന്ന സബ്സിഡി ചെലവ്.

യുഎസ് വളർച്ച എസ്റ്റിമേറ്റ് താഴ്ത്തി

രണ്ടാം പാദത്തിലെ യുഎസ് ജിഡിപി വളർച്ച 2.4 ശതമാനം എന്നത് 2.1 ശതമാനമായി രണ്ടാമത്തെ എസ്റ്റിമേറ്റിൽ താഴ്ത്തി. ഇതും ഓഗസ്റ്റിൽ സ്വകാര്യ മേഖലയിലെ തൊഴിൽ വർധന പ്രതീക്ഷയേക്കാൾ കുറവായതും യുഎസ് ഫെഡ് സെപ്റ്റംബറിൽ നിരക്കുകൂട്ടില്ല എന്ന നിഗമനത്തെ ബലപ്പെടുത്തി. ജനുവരി - മാർച്ചിൽ യുഎസ് ജിഡിപി രണ്ടു ശതമാനം വളർന്നിരുന്നു.

യുഎസ് സമ്പദ്ഘടനയുടെ വളർച്ചയ്ക്കു വേഗം കുറയുന്നു എന്നാണു ചിലർ പുതിയ കണക്കുകളിൽ നിന്നു സ്വീകരിക്കുന്ന നിഗമനം. ബാർബീ, ഓപ്പൺ ഹൈമർ സിനിമകളുടെ ആരവമടങ്ങിയതും ടെയ്ലർ സ്വിഫ്റ്റിന്റെയും ബീയാേൺസെയുടെയും ടൂറുകൾ അവസാനിച്ചതും ജനങ്ങളുടെ പണം ചെലവഴിക്കൽ വീണ്ടും കുറയാൻ കാരണമായെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

ഇതൊക്കെയാണെങ്കിലും യുഎസ് ഈ വർഷം മികച്ച വളർച്ചയിലേക്കു നീങ്ങുന്നു എന്നാണു വിലയിരുത്തൽ. 2023 - ൽ 1.8 ശതമാനം വളർച്ചയാണു ലോകബാങ്കും ഐഎംഎഫും പ്രവചിച്ചത്. പക്ഷേ അർധ വർഷം കഴിഞ്ഞപ്പോൾ രണ്ടു ശതമാനത്തിലധികം വളർച്ച ഉണ്ട്.

വിപണി സൂചനകൾ

(2023 ഓഗസ്റ്റ് 30, ബുധൻ)

സെൻസെക്സ് 30 65,087.25 +0.02%

നിഫ്റ്റി 50 19,347.45 +0.02%

ബാങ്ക് നിഫ്റ്റി 44,232.60 -0.59%

മിഡ് ക്യാപ് 100 39,077.55 +0.73%

സ്മോൾ ക്യാപ് 100 12,145.40 +1.03%

ഡൗ ജോൺസ് 30 34,890.24 +0.11%

എസ് ആൻഡ് പി 500 4514.87 +0.38%

നാസ്ഡാക് 14,019.31 +0.54%

ഡോളർ ($) ₹82.73 +0.02

ഡോളർ സൂചിക 103.16 -0.31

സ്വർണം(ഔൺസ്) $1943.00 +$ 04.80

സ്വർണം(പവൻ) ₹44,000 ₹240.00

ക്രൂഡ് (ബ്രെന്റ്)ഓയിൽ $85.86 +$0.33

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it