ബജറ്റിൽ വിപണിക്കു വലിയ പ്രതീക്ഷ; നികുതിയിൽ ഇളവും ക്ഷേമത്തിൽ വർധനയും കാത്തു രാജ്യം; ഏഷ്യൻ വിപണികൾ താഴ്ചയിൽ

നാളെ നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ പ്രത്യക്ഷനികുതി ആനുകൂല്യങ്ങള്‍ പലതും വിപണി പ്രതീക്ഷിക്കുന്നുണ്ട്. ഒപ്പം ബിജെപിക്കു വോട്ട് കിട്ടാന്‍ വേണ്ടി സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കും മറ്റും പല ക്ഷേമ പദ്ധതികളും പ്രതീക്ഷിക്കുന്നു. ഇലക്ഷന്‍ ബജറ്റ് ആകുമെങ്കിലും കമ്മി കുറയ്ക്കുന്നതടക്കമുള്ള നടപടികള്‍ തുടരുമെന്നാണു വിലയിരുത്തല്‍. ജനപ്രിയവും ഒപ്പം ധനകാര്യ സുസ്ഥിരത ഉറപ്പാക്കുന്നതുമാകും ബജറ്റ് എന്നു ചുരുക്കം.

അങ്ങനെയൊക്കെ വരികയും യുഎസ് പലിശ കുറയ്ക്കല്‍ വൈകില്ല എന്ന് യു.എസ് ഫെഡ് ഇന്നു രാത്രി സൂചിപ്പിക്കുകയും ചെയ്താല്‍ നാളെ ഇന്ത്യന്‍ വിപണി വലിയ ആഘോഷത്തിലാകും. അതുവരെ ചാഞ്ചാട്ടം തുടരും. യു.എസ് ടെക് ഭീമന്മാരുടെ റിസല്‍ട്ടിനെ തുടര്‍ന്നുള്ള ഇടിവും ഇവിടെ ആവര്‍ത്തിക്കാം.

ചൊവ്വാഴ്ച രാത്രി ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി 21,672.50-ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 21,620 ലേക്കു താണു. ഇന്ത്യന്‍ വിപണി ഇന്നു നഷ്ടത്തില്‍ വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നല്‍കുന്ന സൂചന.

യൂറോപ്യന്‍ വിപണികള്‍ ചൊവ്വാഴ്ചയും ചെറിയ നേട്ടത്തില്‍ അവസാനിച്ചു. ജര്‍മനി മാന്ദ്യത്തിലായി. മൂന്നാം പാദത്തില്‍ ജര്‍മന്‍ സമ്പദ്ഘടന 0.3 ശതമാനം ചുരുങ്ങി തലേ രണ്ടു പാദങ്ങളില്‍ ജി.ഡി.പി വളര്‍ന്നിരുന്നില്ല. യൂറോ മേഖല മൊത്തത്തില്‍ എടുത്താല്‍ നാമമാത്ര വളര്‍ച്ചയിലാണ്. യുകെയില്‍ ചില്ലറവിലക്കയറ്റം 4.3 ല്‍ നിന്ന് 2.9 ശതമാനമായി കുറഞ്ഞു.

യു.എസ് വിപണി ചൊവ്വാഴ്ച ഭിന്ന ദിശകളിലായിരുന്നു. ഡൗ ജോണ്‍സ് മോശമല്ലാത്ത കയറ്റം കാഴ്ചവച്ചു. എസ് ആന്‍ഡ് പി നാമമാത്രമായി താണു. നാസ്ഡാക് ഇടിഞ്ഞു. ഫെഡറല്‍ റിസര്‍വ് (ഫെഡ്) ഇന്ന് പലിശയെപ്പറ്റി എന്താകും പറയുക എന്ന ആശങ്ക വിപണിയില്‍ ഉണ്ട്. ഇന്നു നിരക്കുകളില്‍ മാറ്റം ഉണ്ടാകില്ലെന്ന് വിപണി ഉറച്ചു വിശ്വസിക്കുന്നു.

ഇന്നലെ ഡൗ ജോണ്‍സ് 133.86 പോയിന്റ് (0.35%) കയറി 38,467.30ല്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി 2.96 പോയിന്റ് (0.06%) താഴ്ന്ന് 4924.97 ല്‍ അവസാനിച്ചു. നാസ്ഡാക് 118.15 പോയിന്റ് (0.76%) ഇടിഞ്ഞ് 15,509.90 ല്‍ ക്ലോസ് ചെയ്തു.

യു.എസ് ഫ്യൂച്ചേഴ്‌സ് ഇന്നു താഴ്ചയിലാണ്. ടെക് ഭീമന്മാരുടെ റിസള്‍ട്ട് വിപണിക്ക് തൃപ്തികരമാകാത്തതാണു കാരണം. ഡൗ 0.04 ഉം എസ് ആന്‍ഡ് പി 0.42 ഉം നാസ്ഡാക് 0.88 ഉം ശതമാനം താണു നീങ്ങുന്നു.

യു.എസ് കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം 4.022 ശതമാനമായി താഴ്ന്നു. ബുധനാഴ്ച യു.എസ് ഫെഡ് പലിശഗതിയെപ്പറ്റി എന്തു പറയുന്നു എന്നതിനെ ആശ്രയിച്ചിരിക്കും കടപ്പത്ര വിലകളുടെ മാറ്റം.

ഏഷ്യന്‍ വിപണികള്‍ ഇന്നു നഷ്ടത്തിലാണു വ്യാപാരം തുടങ്ങിയത്. ജപ്പാനിലും ദക്ഷിണ കൊറിയയിലും സൂചികകള്‍ ഗണ്യമായി താണു. ഹോങ് കോങ്, ഷാങ്ഹായ് വിപണികള്‍ മുക്കാല്‍ ശതമാനം താഴ്ന്നു. ഇന്നലെ ഇവ രണ്ടു ശതമാനത്തിലധികം ഇടിഞ്ഞതാണ്. റിയല്‍ എസ്റ്റേറ്റ് പ്രതിസന്ധിയാണു കാരണം.

ഇന്ത്യന്‍ വിപണി

ചൊവ്വാഴ്ച ഇന്ത്യന്‍ വിപണി വലിയ താഴ്ചയിലായി. വിദേശ നിക്ഷേപകരുടെ വില്‍പന തുടര്‍ന്നതും സ്വദേശി ഫണ്ടുകള്‍ ലാഭമെടുക്കലിനു തുനിഞ്ഞതും കാരണമായി. തലേന്നു വിപണിയെ ഉയര്‍ത്തിയ റിലയന്‍സ് 2.6 ശതമാനം താഴ്ന്നു. ഐ.ടി.സിയും എന്‍ടിപിസിയും ബജാജ് ഫിനാന്‍സും ബജാജ് ഫിന്‍സെര്‍വും താഴ്ചയിലായി.

സെന്‍സെക്‌സ് 801.67 പോയിന്റ് (1.11%) ഇടിഞ്ഞ് 71,139. 90 ലും നിഫ്റ്റി 215.5 പോയിന്റ് (0.99%) താഴ്ന്ന് 21,522.10 ലും വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 74.60 പോയിന്റ് (0.16%) താഴ്ന്നു 45,367.75ല്‍ ക്ലോസ് ചെയ്തു.

മിഡ് ക്യാപ് സൂചിക 0.39 ശതമാനം താണ് 47,791.95 ല്‍ ക്ലോസ് ചെയ്തു. സ്‌മോള്‍ ക്യാപ് സൂചിക 0.23 ശതമാനം ഉയര്‍ന്ന് 15,673.80 ല്‍ വ്യാപാരം അവസാനിപ്പിച്ചു.

ചൊവ്വാഴ്ച വിദേശനിക്ഷേപകര്‍ ക്യാഷ് വിപണിയില്‍ 1970.52 കോടി രൂപയുടെ ഓഹരികള്‍ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 1002.70 കോടി രൂപ ഓഹരികളില്‍ നിക്ഷേപിച്ചു.

വിപണിയില്‍ ലാഭമെടുത്തു പിന്മാറുന്ന പ്രവണത തുടരുമെന്നാണു വിലയിരുത്തല്‍. നിഫ്റ്റിക്ക് ഇന്ന് 21,490 ലും 21,300ലും പിന്തുണ ഉണ്ട്. 21,730ലും 21,925 ലും തടസങ്ങള്‍ ഉണ്ടാകും.

ക്രൂഡ് ഓയിലും സ്വര്‍ണവും

ക്രൂഡ് ഓയില്‍ വില ദിശാബോധം കിട്ടാതെ ചാഞ്ചാടുകയാണ്. ബ്രെന്റ് ഇനം ക്രൂഡ് ഇന്നലെ 82.75 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 82.60 ലേക്കു താണു. ഡബ്‌ള്യുടിഐ ഇനം 77.59 ല്‍ എത്തി. യുഎഇയുടെ മര്‍ബന്‍ ക്രൂഡ് 82.50 ഡോളറിലായി.

സ്വര്‍ണം വീണ്ടും കയറി ഔണ്‍സിന് 2037.60 ഡോളറില്‍ ക്ലോസ് ചെയ്തു. എന്നാല്‍ ഇന്നു രാവിലെ 2034.20 ഡോളറിലേക്കു വില താഴ്ന്നു. പലിശ നിരക്കുകളില്‍ മാറ്റം വൈകും എന്ന നിഗമനമാണു വീണ്ടും താഴാന്‍ കാരണം.

കേരളത്തില്‍ ഇന്നലെ പവന്‍വില 160 രൂപ വര്‍ധിച്ച് 46,400 രൂപയിലെത്തി. ഡോളര്‍ സൂചിക നേരിയ തോതില്‍ താഴ്ന്നു 103.40 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 103.42 ലാണ്. ക്രിപ്‌റ്റോ കറന്‍സികള്‍ ഉയര്‍ന്ന നിലയില്‍ തുടരുന്നു. ബിറ്റ് കാേയിന്‍ ഇന്നു രാവിലെ 42,800 ഡോളറിനടുത്താണ്.

കമ്പനികള്‍, വാര്‍ത്തകള്‍


ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസും ബ്രിട്ടനിലെ അവീവ ഇന്‍ഷ്വറന്‍സ് ഗ്രൂപ്പുമായുള്ള സഖ്യം വിപുലപ്പെടുത്തി. അവിവയുടെ ബിസിനസ് സിസ്റ്റങ്ങളും കസ്റ്റമര്‍ സര്‍വീസും പരിഷ്‌കരിക്കാനുള്ള കരാര്‍ 15 വര്‍ഷത്തേക്കാണ്. തുക എത്രയെന്ന് ടിസിഎസ് അറിയിച്ചില്ല.

ടാറ്റാ മോട്ടോഴ്‌സ് വിപണിമൂല്യം ഇന്നലെ 3.14 ലക്ഷം കോടി രൂപയിലെത്തി. ഇതോടെ മാരുതി സുസുകി (3.13 ലക്ഷം കോടി) യേക്കാള്‍ വിലപ്പെട്ട കമ്പനിയായി ടാറ്റാ മോട്ടോഴ്‌സ്. 2017 നു ശേഷം ഇതാദ്യമാണ് മാരുതിയെ പിന്തള്ളുന്നത്. മാരുതി സുസുകിയുടെ മൂന്നാം പാദ റിസല്‍ട്ട് ഇന്നറിയാം. വരുമാനത്തില്‍ 15 ശതമാനവും അറ്റാദായത്തില്‍ 21 ശതമാനവും വളര്‍ച്ചയാണു വിപണി പ്രതീക്ഷിക്കുന്നത്.

ലാര്‍സന്‍ ആന്‍ഡ് ടൂബ്രോയുടെ വരുമാനം 19 ശതമാനം കൂടിയപ്പോള്‍ അറ്റാദായം 15 ശതമാനം വര്‍ധിച്ചു. കമ്പനിക്ക് ഇപ്പോള്‍ 4.7 ലക്ഷം കോടി രൂപയുടെ ഓര്‍ഡറുകള്‍ കൈവശം ഉണ്ട്.


ടെക് ഭീമന്മാരില്‍ നിരാശ


വിപണി അടച്ചശേഷം മൈക്രോസോഫ്റ്റും ആല്‍ഫബെറ്റും തരക്കേടില്ലാത്ത റിസല്‍ട്ട് പ്രസിദ്ധീകരിച്ചു. പക്ഷേ വിപണിക്കു പ്രഥമദൃഷ്ട്യാ തൃപ്തികരമായില്ല. ഫ്യൂച്ചേഴ്‌സില്‍ ഇവ ഇടിഞ്ഞു എന്നാല്‍ ഇടിവ് താല്‍ക്കാലികം ആകാം എന്നു വിലയിരുത്തല്‍ ഉണ്ട്.

മൈക്രോസോഫ്റ്റ് വരുമാനത്തിലും അറ്റാദായത്തിലും പ്രതീക്ഷകളെ മറികടന്നു. പ്രതി ഓഹരി വരുമാനം (ഇപിഎസ് ) 2.78 ഡോളര്‍ പ്രതീക്ഷിച്ചത് 2.93 ആയി. എന്നാല്‍ ഓഹരി ഒരു ശതമാനം താഴ്ന്നു.

ഗൂഗിളിന്റെ മാതൃകമ്പനി ആല്‍ഫബെറ്റ് വരുമാനത്തിലും ഇപിഎസിലും പ്രതീക്ഷ മറി കടന്നു. എന്നാല്‍ പരസ്യ വരുമാനം പ്രതീക്ഷയോളം വന്നില്ല എന്നതിനാല്‍ ഫ്യൂച്ചേഴ്‌സില്‍ ഓഹരി അഞ്ചു ശതമാനം ഇടിഞ്ഞു.

പ്രതീക്ഷിച്ചതിലും കുറവാകും അടുത്ത പാദത്തിലെ വരുമാനം എന്നു ചിപ് നിര്‍മാണ കമ്പനി എഎംഡി അറിയിച്ചത് ഓഹരിവിലയെ ആറു ശതമാനം താഴ്ത്തി. കഴിഞ്ഞ പാദത്തില്‍ മികച്ച വളര്‍ച്ച കമ്പനിക്കുണ്ടായിരുന്നു.


വളര്‍ച്ച നിഗമനം ഉയര്‍ത്തി ഐ.എം.എഫ്

ഇന്ത്യയടക്കം ലോകരാജ്യങ്ങളുടെ വളര്‍ച്ച സംബന്ധിച്ച ഐ.എം.എഫിന്റെ ഏറ്റവും പുതിയ വളര്‍ച്ച നിഗമനം പൊതുവേ ആശ്വാസവും പ്രതീക്ഷയും പകരുന്നതായി. ഇന്ത്യയുടെ ഈ ധനകാര്യ വര്‍ഷത്തെ വളര്‍ച്ച നിഗമനം 6.3ല്‍ നിന്ന് 6.7 ശതമാനമാക്കി. കേന്ദ്രത്തിന്റെ 7.3 ശതമാനം നിഗമനത്തില്‍ നിന്നു ഗണ്യമായി കുറവാണിത്. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ജിഡിപി 7.2 ശതമാനം വളര്‍ന്നതാണ്. 2024-25 ലും 2025-26 ലും ഇന്ത്യ 6.5 ശതമാനം വീതം വളരുമെന്ന് ഐഎംഎഫ് കണക്കാക്കുന്നു. നേരത്തേ 6.3 ശതമാനമാണു പ്രതീക്ഷിച്ചിരുന്നത്.

യു.എസിന്റെ 2023 ലെ വളര്‍ച്ച പ്രതീക്ഷയിലും മെച്ചമായതു കൊണ്ട് 2024 ലെയും '25 ലെയും ആഗോള വളര്‍ച്ച പ്രതീക്ഷ ഐ.എം.എഫ് ഉയര്‍ത്തി.1.9 ശതമാനം പ്രതീക്ഷിച്ച യുഎസ് വളര്‍ച്ച 2023 -ല്‍ 2.5 ശതമാനമായി. ആഗോള വളര്‍ച്ച 3.1 ശതമാനവും. ആഗോള വളര്‍ച്ച 2024-ല്‍ 3.1ഉം '25 ല്‍ 3.2 ഉം ശതമാനമാകും എന്നാണു പുതിയ നിഗമനം. യുഎസ് വളര്‍ച്ച യഥാക്രമം 2.1 ഉം 17 ഉംശതമാനമാകും.

2023- ല്‍ 5.2 ശതമാനം വളര്‍ന്ന ചൈന ഈ വര്‍ഷം 4.6 ഉം 2025-ല്‍ 4.1ഉം ശതമാനം വളരും എന്നാണ് ഐ.എം.എഫ് നിഗമനം.


വിപണിസൂചനകൾ (2024 ജനുവരി 30, ചൊവ്വ)

സെൻസെക്സ്30 71,139.90 -1.11%

നിഫ്റ്റി50 21,522.10 -0.99%

ബാങ്ക് നിഫ്റ്റി 45,367.75 -0.16%

മിഡ് ക്യാപ് 100 47,791.95 -0.39%

സ്മോൾ ക്യാപ് 100 15,673.80 +0.23%

ഡൗ ജോൺസ് 30 38,467.30 +0.35%

എസ് ആൻഡ് പി 500 4924.97 -0.06%

നാസ്ഡാക് 15,509.90 -0.76%

ഡോളർ ($) ₹83.11 -₹0.01

ഡോളർ സൂചിക 103.40 -0.21

സ്വർണം (ഔൺസ്) $2037.60 +$06.60

സ്വർണം (പവൻ) ₹46,400 +₹160.00

ക്രൂഡ് (ബ്രെന്റ്) ഓയിൽ $82.40 -$2.08

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it