ഓഹരി വിപണി ആവേശത്തിൽ; വിദേശ നിക്ഷേപം റെക്കോഡിലേക്ക്
യുഎസിൽ പലിശവർധനയ്ക്കു വിരാമമാകും എന്നു സൂചിപ്പിക്കുന്ന വിലക്കയറ്റ കണക്കുകൾ ഈയാഴ്ച ഓഹരി വിപണികൾക്കു നേട്ടമാകും. വാഹന വിൽപനയിൽ പ്രതീക്ഷിക്കുന്ന വളർച്ച ഇന്ത്യൻ വിപണിയിൽ കുതിപ്പിനു സഹായിച്ചേക്കും. വിദേശനിക്ഷേപം ജൂലൈയിൽ റെക്കോർഡ് നിലവാരത്തിൽ എത്തുമെന്ന പ്രതീക്ഷയും ഉണ്ട്. ഇതെല്ലാം ഒരുക്കുന്ന അനുകൂല അന്തരീക്ഷത്തിലാണ് ഇന്ന് പുതിയ ആഴ്ചയുടെ തുടക്കം.
ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളി രാത്രി 19,790ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 19,781 വരെ താണിട്ട് 19,820 വരെ കയറി. ഇന്ത്യൻ വിപണി ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്നാണു ഡെറിവേറ്റീവ് വിപണി സൂചിപ്പിക്കുന്നത്.
യൂറോപ്യൻ സൂചികകൾ
യൂറോപ്യൻ സൂചികകൾ വെള്ളിയാഴ്ച ഭിന്ന ദിശകളിൽ നീങ്ങി. ജർമൻ ജിഡിപി രണ്ടാം പാദത്തിൽ 0.2 ശതമാനം ചുരുങ്ങിയതാണു വിപണിയെ ഉലച്ചത്. ഫ്രാൻസും സ്പെയിനും വളർച്ച കാണിച്ചു. ജർമൻ വിപണി സൂചിക 0.39 ശതമാനം ഉയർന്നു. സ്റ്റാേക്സ് 600 സൂചിക 0.2 ശതമാനം താണു.
പേഴ്സണൽ കൺസംഷൻ എക്സ്പെൻഡിച്ചർ (PCE) എന്ന വിലക്കയറ്റ സൂചിക ജൂണിൽ കുറഞ്ഞത് യുഎസ് വിപണികളെ ഉയർത്തി. പലിശ തീരുമാനത്തിനു യുഎസ് ഫെഡ് പ്രധാനമായും പരിഗണിക്കുന്നത് ഈ സൂചികയാണ്. സൂചിക തുടർച്ചയായ രണ്ടാം മാസവും താണു. മേയിലെ 3.8 ശതമാനം വളർച്ചയിൽ നിന്നു ജൂണിൽ മൂന്നു ശതമാനത്തിലേക്കു കുറഞ്ഞു.
ഇന്ധന - ഭക്ഷ്യ വിലകൾ ഒഴിവാക്കിയുള്ള കാതൽ പിസിഇ 4.6 - ൽ നിന്ന് 4.1 ശതമാനമായി. ഇതെല്ലാം സെപ്റ്റംബറിലും തുടർന്നും പലിശവർധന ഒഴിവാക്കാൻ ഫെഡിനെ സഹായിക്കും എന്നാണ് പ്രതീക്ഷ. മാന്ദ്യത്തിലേക്കു വീഴാതെ വിലക്കയറ്റം പിടിച്ചുകെട്ടി ഭദ്രമായി ലാൻഡ് ചെയ്തു എന്നു ഫെഡിന് അവകാശപ്പെടാവുന്ന അവസ്ഥ ആയി എന്നു പലരും അഭിപ്രായപ്പെടുന്നു. ഏഷ്യയിലടക്കം വിപണികൾ ഇന്നു നല്ല കയറ്റത്തിലാകാൻ ഈ പ്രതീക്ഷ സഹായിക്കും.
ജൂണിൽ വ്യക്തികൾക്ക് ചെലവഴിക്കാവുന്ന വരുമാനത്തിൽ 0.4 ശതമാനം വർധന ഉണ്ട്. സമ്പാദ്യത്തോത് അൽപം കുറഞ്ഞു. ജനങ്ങൾ പണം ചെലവഴിക്കുന്നതിനു മടിക്കുന്നില്ല എന്നാണ് ഇതു കാണിക്കുന്നത്. അതും വിപണിയെ സഹായിക്കുന്നു.
വെള്ളിയാഴ്ച ഡൗ ജോൺസ് 176.57 പോയിന്റ് (0.50%) ഉയർന്ന് 35,459.29 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 44.82 പോയിന്റ് (0.99%) കുതിച്ച് 4582.23ൽ എത്തി. നാസ്ഡാക് 266.55 പോയിന്റ് (1.90%) കയറി 14,316.66 ൽ ക്ലോസ് ചെയ്തു. ജൂലൈയിൽ ഡൗ 3.1 ഉം എസ് ആൻഡ് പി മൂന്നും നാസ്ഡാക് 3.8 ഉം ശതമാനം ഉയർന്നാണു നിൽക്കുന്നത്.
ഡൗ ജോൺസ് കയറ്റത്തിൽ
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു കയറ്റത്തിലാണ്. ഡൗ ജോൺസ് 34 പേ പോയിന്റ് ഉയർന്നു. നാസ്ഡാക് 0.2 ശതമാനം ഉയർന്നു. എസ് ആൻഡ് പി 0.04 ശതമാനം കയറി നിൽക്കുന്നു. ആപ്പിൾ, ആമസാേൺ തുടങ്ങിയ കമ്പനികളുടെ റിസൽട്ട് ഈയാഴ്ച വരും.
ജപ്പാൻ അടക്കം ഏഷ്യൻ വിപണികൾ ഇന്നു നല്ല കയറ്റത്തിലാണു വ്യാപാരം തുടങ്ങിയത്. ജപ്പാനിൽ നിക്കെെ സൂചിക 1.8 ശതമാനം ഉയർന്നു. കൊറിയൻ വിപണി 0.95 ശതമാനവും ഓസ്ട്രേലിയൻ വിപണി 0.35 ശതമാനവും കയറി. ഹാേങ്കോംഗ് വിപണി 1.7 ശതമാനം കയറി. ചെെനീസ് വിപണികൾ ഇന്നു നേരിയ നേട്ടത്തിലാണ്. ചെെനയിലെ ഫാക്ടറി പ്രവർത്തന സൂചിക തുടർച്ചയായ നാലാം മാസവും താഴ്ച കാണിച്ചു.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണി വെള്ളിയാഴ്ച കാര്യമായ മാറ്റമില്ലാതെ തുടങ്ങിയിട്ട് നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 65,878.65 വരെ താണിട്ട് 66,351.22 വരെ കയറി. നിഫ്റ്റി 19,563.10 വരെ താണിട്ട് 19,695.90 വരെ ഉയർന്നു. ഒടുവിൽ സെൻസെക്സ് 106.20 പോയിന്റ് (0.16%) താഴ്ന് 66,160.20-ലും നിഫ്റ്റി 13.85 പോയിന്റ് (0.07%) താഴ്ന്ന് 19,646.05 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.55 ശതമാനം ഉയർന്ന് 37,357.15 ൽ ക്ലോസ് ചെയ്തപ്പാേൾ സ്മോൾ ക്യാപ് സൂചിക 0.19 ശതമാനം കയറി 11,600.30 ൽ ക്ലോസ് ചെയ്തു.
കഴിഞ്ഞയാഴ്ച സെൻസെക്സ് 0.79 ഉം നിഫ്റ്റി 0.5 ഉം ശതമാനം താഴ്ന്നു. റിയൽറ്റിയും പവറും മെറ്റലും ആണു കഴിഞ്ഞ ആഴ്ച കൂടുതൽ നേട്ടമുണ്ടാക്കിയ മേഖലകൾ.
വിദേശനിക്ഷേപകർ വെള്ളിയാഴ്ചയും വിൽപനക്കാരായി. അവർ 1023.91 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശിഫണ്ടുകളും സ്ഥാപനങ്ങളും കൂടി 1634.37 കോടിയുടെ ഓഹരികൾ വാങ്ങി. കഴിഞ്ഞ ആഴ്ച വിദേശികളുടെ മൊത്തം നിക്ഷേപം 19.13 കോടി ഡോളർ (1570 കോടി രൂപ) മാത്രമാണ്. എന്നാൽ ജൂലൈയിൽ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ വിദേശികളുടെ നിക്ഷേപം 45,365 കോടി രൂപ ആയി. ജൂണിലെ 47,148 കോടി നിക്ഷേപത്തെ മറികടക്കുമോ എന്ന് ഇന്നറിയാം.
വിപണി ബെയറിഷ് ആകുന്നു എന്ന നിഗമനത്തിൽ നിന്നു കൂടുതൽ ബ്രോക്കറേജുകൾ മാറി. കുതിപ്പ് തുടരും എന്ന വിശ്വാസം പ്രബലമായി വരുന്നുണ്ട്. എഫ് ആൻഡ് ഒയിൽ ബുള്ളിഷ് കോൺട്രാക്ടുകൾക്കാണു മുൻതൂക്കം.
മാരുതി സുസുകി അടക്കം പല പ്രമുഖ കമ്പനികളുടെയും ഒന്നാം പാദ റിസൽട്ടും ജൂലൈയിലെ വാഹനവിൽപന കണക്കും വരുന്നത് വിപണിഗതിയെ സ്വാധീനിക്കും. ചിപ് ക്ഷാമം തീർന്നത് കാർ വിൽപന ഗണ്യമായി വർധിപ്പിച്ചിട്ടുണ്ടെന്നാണ് നിഗമനം.
വെള്ളിയാഴ്ച യുഎസ് വിലക്കയറ്റ കണക്ക് അനുകൂലമായി വന്നതു വിപണിയെ കുതിപ്പിനു സഹായിക്കും. ജൂലൈയിലെ യുഎസ് തൊഴിൽ കണക്ക് ഈയാഴ്ച വരുന്നതും വിപണിക്ക് അനുകൂലമാകും എന്നാണു പ്രതീക്ഷ. രണ്ടു ലക്ഷത്തിലധികം തൊഴിൽ വർധിച്ചിട്ടുണ്ടാകും എന്നാണു പ്രതീക്ഷ.
ഇന്നു നിഫ്റ്റിക്ക് 19,575 ലും 19,500 ലും പിന്തുണ ഉണ്ട്. 19,690 ഉം 19,770 ഉം തടസങ്ങളാകാം. വ്യാവസായിക ലോഹങ്ങൾ ഭിന്നദിശകളിലായി. അലൂമിനിയം 0.32 ശതമാനം കയറി ടണ്ണിന് 2211.92 ഡോളറിലായി. ചെമ്പ് 0.16 ശതമാനം ഉയർന്നു ടണ്ണിന് 8591.50 ഡോളറിൽ എത്തി. ടിൻ 2.29 ശതമാനവും ലെഡ് 0.61 ശതമാനവും താണു. സിങ്ക് 0.04 ശതമാനവും നിക്കൽ 1.15 ശതമാനവും കയറി.
ക്രൂഡ് ഓയിലും സ്വർണവും
ക്രൂഡ് ഓയിൽ വില ഉയർന്ന നിലയിൽ തുടരുന്നു. കഴിഞ്ഞയാഴ്ച ബ്രെന്റ് ഇനം ക്രൂഡ് 84.99 ഡോളറിലും ഡബ്ള്യുടിഐ ഇനം 80.58 ഡോളറിലും എത്തി ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെന്റ് വില 84.53 ലേക്കും ഡബ്ള്യുടിഐ വില 80.29 ലേക്കും കുറഞ്ഞു.
സ്വർണത്തിനു വീണ്ടും കുതിപ്പു നൽകി യുഎസ് വിലക്കയറ്റ കണക്ക്. പേഴ്സണൽ കൺസംഷൻ എക്സ്പെൻഡിച്ചർ (പിസിഇ) എന്ന വിലക്കയറ്റ സൂചിക ജൂണിൽ കാര്യമായ കുറവ് കാണിച്ചു. യുഎസ് ഫെഡറൽ റിസർവ് പ്രധാനമായി കണക്കാക്കുന്ന വിലക്കയറ്റ സൂചിക ഇതാണ്. ഇതിലെ കുറവ് സെപ്റ്റംബറിൽ നിരക്ക് കൂട്ടാതിരിക്കാൻ ഫെഡിനെ പ്രേരിപ്പിക്കും എന്നു പലരും കരുതുന്നു. ആ ധാരണയാണു സ്വർണവില കയറാൻ കാരണം. ഔൺസിന് 1960.40 ഡോളറിൽ സ്വർണം കഴിഞ്ഞ ആഴ്ച ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 1958 ഡോളർ ആയി കുറഞ്ഞു.
കേരളത്തിൽ പവൻവില കയറ്റിറക്കങ്ങൾക്കു ശേഷം വാരാന്ത്യത്തിൽ 44,280 രൂപയിൽ എത്തി. ഡോളർ വെള്ളിയാഴ്ച 31 പൈസ കയറി 82.25 രൂപയിൽ വ്യാപാരം ക്ലോസ് ചെയ്തു. ഡോളർ സൂചിക വെള്ളിയാഴ്ച അൽപം താഴ്ന്ന് 101.70 ൽ ക്ലാേസ് ചെയ്തു. സൂചിക ഇന്നു രാവിലെ 101.67 ലേക്കു താണു.
ക്രിപ്റ്റോ കറൻസികൾ കാര്യമായ മാറ്റമില്ലാതെ തുടർന്നു. ബിറ്റ്കോയിൻ 29,300 ഡോളറിനടുത്താണ്.
വിപണി സൂചനകൾ
(2023 ജൂലൈ 28, വെള്ളി)
സെൻസെക്സ് 30 66,160.20 -0.16%
നിഫ്റ്റി 50 19,646.05 -0.07%
ബാങ്ക് നിഫ്റ്റി 45,468.10 - 0.46%
മിഡ് ക്യാപ് 100 37,357.15 +0.55%
സ്മോൾക്യാപ് 100 11,600.30 +0.19%
ഡൗ ജോൺസ് 30 35,459.29 -0.50%
എസ് ആൻഡ് പി 500 4582.23 +0.99%
നാസ്ഡാക് 14,316.66 +1.90 -%
ഡോളർ ($) ₹82.25 +31 പൈസ
ഡോളർ സൂചിക 101.70 -0.07
സ്വർണം(ഔൺസ്) $1960.40 +$14.70
സ്വർണം(പവൻ ) ₹44,080 -₹280.00
( 29, ശനി ₹44,280 +₹200.00)
ക്രൂഡ് (ബ്രെന്റ്)ഓയിൽ $84.99 +$0.75