ജി.ഡി.പി കണക്ക് ഇന്ന്; വിപണിക്ക് ആകാംക്ഷ

അമേരിക്കൻ സർക്കാരിന്റെ കടമെടുപ്പു പരിധി സംബന്ധിച്ച ധാരണയ്ക്ക് കൂടുതൽ എതിർപ്പ് ഉയർന്നത് വിപണികൾക്കു തിരിച്ചടിയായി. അതിന്റെ ആഘാതം ഏഷ്യൻ വിപണികളെ താഴ്ത്തി. ഇന്ന്

വെെകുന്നേരം വരുന്ന ജിഡിപി വളർച്ചയുടെ കണക്കിലാണ് ഇന്ത്യൻ വിപണിയുടെ ശ്രദ്ധ. വളർച്ച ഏഴു ശതമാനത്തിനു മുകളിൽ കടക്കുമോ എന്നാണ് ഉറ്റുനോക്കുന്നത്. ആകെക്കൂടി ബുള്ളുകളെ സമ്മർദത്തിലാക്കുന്ന സാഹചര്യമാണു വിപണിയിൽ. ഈ അവസരത്തിൽ താഴ്ചയിൽ വാങ്ങുന്നതു മികച്ച തന്ത്രമായി നിക്ഷേപ വിദഗ്ധർ പറയുന്നു.

സിംഗപ്പുരിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ചൊവ്വ രാത്രി ഒന്നാം സെഷനിൽ 18,730-ൽ ക്ലോസ് ചെയ്തു. രണ്ടാം സെഷനിൽ 18,675.5 ലേക്കു താണു. ഇന്നു രാവിലെ 18,685 വരെ എത്തി. ഇന്ത്യൻ വിപണി കാര്യമായ നേട്ടമില്ലാതെ വ്യാപാരം തുടങ്ങുമെന്നാണു ഡെറിവേറ്റീവ് വിപണി നൽകുന്ന സൂചന.

യൂറോപ്യൻ വിപണികൾ ചൊവ്വാഴ്ചയും നഷ്ടത്തിലാണു ക്ലാേസ് ചെയ്തത്. യുഎസ് കട പരിധി ധാരണയ്ക്കു ശക്തമായ എതിർപ്പ് ഉയർന്നതാണ് ഓഹരികളെ താഴ്ത്തിയത്.

അവധിക്കു ശേഷം തുറന്ന യുഎസ് വിപണിയും കടപരിധി സംബന്ധിച്ച വോട്ടെടുപ്പിൽ ആശങ്ക പുലർത്തി. ഡൗ ജോൺസ് 50.56 പോയിന്റ് (0.15%) താഴ്ന്നപ്പോൾ എസ് ആൻഡ് പി നാമമാത്രമായ 0.07 പോയിന്റ് കയറി. നാസ്ഡാക് 41.74 പോയിന്റ് (0.32%) ഉയർന്നു.

യുഎസ് ഫ്യൂച്ചേഴ്സ് അനിശ്ചിതത്വമാണു കാണിക്കുന്നത്. കടപരിധി ധാരണയ്ക്കു റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നു കൂടുതൽ എതിർപ്പ് കോൺഗ്രസിലെ ചർച്ചയ്ക്കിടയിൽ തുടർന്നതാണു കാരണം. ഡൗ 0.13 ശതമാനം താഴ്ന്നപ്പോൾ നാസ്ഡാക് 0.15 ശതമാനം ഉയർന്നു. എസ് ആൻഡ് പി 0.03 ശതമാനം കയറി.

കംപ്യൂട്ടർ ചിപ് വിപണിയിൽ പുതിയ താരമായി മാറിയ എൻവിഡിയ ഇന്നലെ വിപണിമൂല്യം ഒരു ലക്ഷം കോടി ഡോളറിനു മുകളിൽ എത്തിച്ചു. ക്ലോസിംഗിൽ അൽപം താഴെയായി. ആപ്പിൾ, മെെക്രോസാേഫ്റ്റ്, ഗൂഗിൾ, ആമസാേൺ എന്നിവയാണു ഒരു ലക്ഷം കോടി (ട്രില്യൺ) ഡോളർ വിപണിമൂല്യം നേടിയിട്ടുള്ള മറ്റു കമ്പനികൾ.

ഏഷ്യൻ സൂചികകൾ വലിയ താഴ്ചയിലാണ് ഇന്നു വ്യാപാരം തുടങ്ങിയത്. ഓസ്ട്രേലിയൻ വിപണി മുക്കാൽ ശതമാനം ഇടിഞ്ഞു. ജപ്പാനിൽ നിക്കൈ സൂചിക 1.2 ശതമാനം താഴ്ന്നു. കൊറിയൻ ഓഹരികൾ നേരിയ നേട്ടം കാണിച്ചു. ചെെനീസ്, ഹോങ്കോങ് വിപണികളും തുടക്കത്തിൽ താഴ്ന്നു.

ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണി ഇന്നലെ ചാഞ്ചാട്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. പിന്നീടു കയറ്റത്തിലായെങ്കിലും ഒരു ചെറിയ പരിധിയിലെ നീക്കങ്ങളാണു കണ്ടത്.

സെൻസെക്സ് 63,036 വരെയും നിഫ്റ്റി 18,662 വരെയും എത്തിയ ശേഷം താഴ്ന്നു. സെൻസെക്സ് 122.75 പോയിന്റ് (0.20%) കയറി 62,969.13 ലും നിഫ്റ്റി 35.20 പോയിന്റ് (0.19%) ഉയർന്ന് 18,633.85 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.28 ശതമാനവും സ്മോൾ ക്യാപ് സൂചിക 0.25 ശതമാനവും കയറി.

മെറ്റൽ, ഓട്ടോ, ഫാർമ, റിയൽറ്റി, ഹെൽത്ത് കെയർ, ഓയിൽ - ഗ്യാസ്, കൺസ്യൂമർ ഡ്യുറബിൾസ് എന്നീ 6 മേഖലകൾ താഴ്ചയിലായി. എഫ്എംസിജി, ധനകാര്യ, ബാങ്ക്, മീഡിയ ഐടി മേഖലകൾ നേട്ടമുണ്ടാക്കി.

ബുള്ളുകളുടെ കരുത്തു ദുർബലമാകുന്നതാണ് ഇന്നലെ വിപണിയിൽ കണ്ടത്. നിഫ്റ്റിക്കു 18,590 ലും 18,535 ലും സപ്പോർട്ട് ഉണ്ട്. 18,660 ലും 18,710 ലും തടസങ്ങൾ നേരിടാം.

വിദേശനിക്ഷേപകർ ഓഹരിവാങ്ങൽ ഊർജിതമായി തുടർന്നു. എന്നാൽ സ്വദേശി ഫണ്ടുകൾ ഇന്നലെ വിൽപനക്കാരായി. വിദേശികൾ ഇന്നലെ 2085.62 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകൾ 438.93 കോടിയുടെ ഓഹരികൾ വിറ്റു.

അദാനി പോർട്സ് നാലാം പാദ വിറ്റുവരവ് 40 ശതമാനം വർധിപ്പിച്ചെങ്കിലും ലാഭം 5.1 ശതമാനമേ കൂടിയുള്ളു. പല ഇനങ്ങളും ഒഴിവാക്കിയാണു ലാഭം കാണിച്ചത്. ഓഹരി ഇന്നലെ 0.43 ശതമാനം താണിരുന്നു. അദാനി ഗ്രൂപ്പിലെ മിക്ക കമ്പനികളും ഇന്നലെ താഴ്ചയിലായിരുന്നു.

ഒരു ദിവസത്തെ അവധിക്കുശേഷം തുറന്ന ലോഹവിപണിയിൽ അലൂമിനിയം ഒഴികെ എല്ലാ ലോഹങ്ങളും ഉയർന്നു. അലൂമിനിയം 0.83 ശതമാനം താണു ടണ്ണിന് 2218.86 ഡോളറിൽ എത്തി. ചെമ്പ് 0.49 ശതമാനം കയറി 8121.15 ഡോളർ ആയി. ലെഡ്, നിക്കൽ, സിങ്ക് എന്നിവ ഒരു ശതമാനത്തിൽ താഴെ ഉയർന്നപ്പോൾ ടിൻ 2.92 ശതമാനം കുതിച്ചു.

ക്രൂഡ് ഒഴിക്കും സ്വർണവും

കട പ്രതിസന്ധി നീങ്ങും എന്നായതോടെ ക്രൂഡ് ഓയിൽ വില ഇടിഞ്ഞു. ബ്രെന്റ് ഇനം ക്രൂഡ് ഇന്നലെ 4.6 ശതമാനം താണ് 73.54 ഡോളറിൽ ക്ലോസ് ചെയ്തു. ഡബ്ള്യുടിഐ ഇനം 69.46 ഡോളർ ആയി.

യുഎസ് കടപരിധി ധാരണ കോൺഗ്രസിൽ അംഗീകാരം നേടുമെന്ന സൂചനയിൽ സ്വർണം കുതിച്ചു. 1931 ഡോളറിലേക്കു വീണ സ്വർണം 1965 വരെ ഉയർന്നു. ഇന്നു രാവിലെ 1959-1961 ഡോളറിലാണു വ്യാപാരം. കേരളത്തിൽ പവൻവില 80 രൂപ കുറഞ്ഞ് 44,360 രൂപയിൽ എത്തി.

ക്രിപ്റ്റോ കറൻസികൾ കയറിയിറങ്ങി. ബിറ്റ്കോയിൻ 27,800 ലേക്കു കയറി. ഡോളർ നാലു പൈസ കയറി 82.67 രൂപ ആയി.

ഡോളർ സൂചിക അൽപം താഴ്ന്ന് 104.17 ൽ എത്തി. ഇന്നു രാവിലെ 104.08 ലാണ്.


വിപണി സൂചനകൾ

(2023 മേയ് 30, ചൊവ്വ)

സെൻസെക്സ് 30 62,969.13 +0.20%

നിഫ്റ്റി 50 18,633.85 +0.19%

ബാങ്ക് നിഫ്റ്റി 44,436.30 +0.28%

മിഡ് ക്യാപ് 100 33,635.30 +0.25%

സ്മോൾക്യാപ് 100 10,062.30 +0.22%

ഡൗ ജോൺസ് 30 33,042.78 -0.15%

എസ് ആൻഡ് പി 500 4205. 52 +0.00%

നാസ്ഡാക് 13,017.43 + 0.32%

ഡോളർ ($) ₹82.67 +04 പൈസ

ഡോളർ സൂചിക 104.17 -0.04

സ്വർണം(ഔൺസ്) $1960.30 +$16.30

സ്വർണം(പവൻ ) ₹44,360 -₹80.00

ക്രൂഡ് (ബ്രെന്റ്)ഓയിൽ $73.54 -$3.53

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it